വെറുപ്പിന്റെ ലഹരി

IMG_2578

നമ്മുടെ വീട്ടിൽ കതകില്ല എന്ന് കരുതുക. ആർക്കും എപ്പോഴും കടന്നു വരാം, എവിടെയും പ്രവേശിക്കാം, എന്തും ചെയ്യാം, എന്ന് വയ്ക്കുക. നമുക്ക് സുരക്ഷിതത്വം തോന്നുമോ?

‘sacred’ അല്ലെങ്കിൽ പരിപാവനമായ എന്തോ ഒന്ന്, എല്ലാവരുടേയും ജീവിതത്തിൽ കാണുമല്ലോ. പെട്ടെന്നൊരു നാൾ, ഒരു ആൾകൂട്ടം വീട്ടിൽ വേട്ടയാടാനായി എത്തുന്നു. പാവനമായി നാം കരുതുന്ന ആ ചുറ്റുവട്ടത്തെ തകർത്തു ഘോഷിക്കുന്നു! എന്തൊരു പൈശാചികമായ സ്ഥിതി വിശേഷം.

പലപ്പോഴും ടെക്നോളോജിക്കൽ താണ്ഡവങ്ങളിൽ മേല്പറഞ്ഞതു സംഭവിക്കുന്നു. അതിരുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ, കടന്നു കയറ്റം പതിവാണല്ലോ. റോബർട്ട് ഫ്രോസ്റ് തന്റെ ‘Mending Wall’ എന്ന കവിതയിൽ കുറിച്ചത് ഓർമ്മിക്കുമല്ലോ.

‘ Something there is that doesn’t love a wall,

That wants it down…’

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നതാണു നാട്ടു വ്യവസ്ഥ എന്നിരിക്കെ, പല സംവാദങ്ങളും, പല അതിരുകളും വിട്ടു, കൊടും വിഷവും, പകയും പുറത്തു വിടുന്ന പാതാള കിണറുകളാകുന്നു. തനിച്ചിരുന്നു പുസ്‌തകം വായിക്കുന്ന വ്യക്ത്തി, ഇഷ്ടപ്പെട്ട ഒരു വരിയെ പ്രകീർത്തിച്ചാൽ, അതിനെ പരിഹസിച്ചു രസിക്കുന്ന ഒരു രോഗഗ്രസിതമായ  മനോഭാവം ചുറ്റിലും. പ്രേരണാദായി എന്ന് ഒരാൾ കരുതുന്ന വ്യക്‌തിയെ പത്തു പേര് കൂടി ചേർന്ന് അപഹസിച്ചു പരുക്കേൽപ്പിക്കുന്നു.

ഭയത്തോടെ മാത്രം ചുറ്റും നോക്കേണ്ട അവസ്ഥ ടെക്നോളജി ആണോ അതോ നമ്മളാണോ ഉണ്ടാക്കിയത് ?

ഒരാൾക്ക് അമൃതായതു മറ്റൊരാൾക്ക് വിഷമാകാം എന്ന് പല മനുഷ്യ സംസ്കാരങ്ങളിലും അറിയുന്ന സത്യമാണ്. എങ്കിലും, കൂട്ടം ചേർന്ന് നശിപ്പിക്കുന്ന ഒരു mob psychology ഇൽ സ്വയം മറന്നു വിളയാടി, anonymous ആയി നിന്ന് എന്തും ചെയ്യാം, പറയാം എന്ന ധാർഷ്ട്യം, പല നിയമങ്ങൾക്കും വിരുദ്ധമാണ്.

വളരെ ശക്‌തമായ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളും, ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ procedure കോഡ് തുടങ്ങിയവയും പിന്നിൽ വരാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അജ്ഞാതരായ കുറ്റവാളികൾ എന്ന് രേഖപ്പെടുത്തിയ FIR, പോലീസ് അന്വേഷണങ്ങളിൽ മാറുകയും, കുറ്റം ചെയ്‌ത വ്യക്തികളായി പരിണമിക്കുകയും ചെയ്യുന്നു. അപ്പോൾ അയ്യോ ഞാൻ ഒരു രസത്തിനു, ഒന്നും അറിയാതെ വെറുതെ കമന്റ് ഇട്ടതാണെന്നു പറഞ്ഞിട്ട് കാര്യമില്ല. ജീവിതകാലം മുഴുവനും ബാക് ഗ്രൗണ്ട് വെരിഫിക്കേഷനിൽ തെളിഞ്ഞു കിടക്കും ആ ചരിത്രം. പിന്നെ ഒരു ജോലിക്കോ, പാസ്സ്പോർട്ടിനോ, character സെർട്ടിഫിക്കറ്റിനോ ശ്രമിക്കുമ്പോൾ, അതിന്റെ ശക്തി മനസ്സിലാകും. ഒരു നിമിഷത്തെ ദുഷ്ടത, ജീവിതാന്ത്യം വരെ യക്ഷി മാതിരി പുറകെ നടക്കുന്ന കാഴ്ച്ച പല കേസുകളിലും കണ്ടിട്ടുണ്ട്.

ഇരട്ട തലയാണ് ആ മൂർച്ചയുള്ള ആയുധത്തിന് : ചീപ്പ് പോപ്പുലാരിറ്റി. പലപ്പോഴും, അറിവില്ലായ്മ കാരണം, കൈ മുറിയുന്നു, കാലക്രമേണ സെപ്റ്റിക് ആവുന്നു.

**

കാണുന്നൂ ചിലർ പലതുമുപായം…

IMG_2577

സർക്കാർ ജോലിയുടെ ചില ഭാഗ്യങ്ങളിൽ ഒന്ന്, തീരുമാനമെടുക്കാനുള്ള  സ്വാതന്ത്ര്യമാണ്.ചില ഫയലുകൾ മുന്നിൽ വരുമ്പോൾ അന്തിച്ചു പോകും! എങ്ങനെയൊക്കെ വേറൊരുത്തനെ ദ്രോഹിക്കാമോ, അതെല്ലാം കാണും.

മൃതക് -ആശ്രിത അപ്പോയ്ന്റ്മെന്റ്സ് എടുക്കാം. ജോലിയിലിരിക്കെ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് പകരം ജോലി നൽകുന്ന വ്യവസ്ഥയാണ്. വർഷങ്ങളായി ഫൈലുകളിൽ QUERIES-ഇന്റെ ബഹളം. എന്തൊക്കെ ചോദിക്കാമോ, അപ്രസക്തമായവ കൂടെ, വാരി കോരി ചോദിച്ചിരിക്കുന്നു. തന്റെ പേന കൊണ്ട് ഒരു തീരുമാനം എന്തായാലും ഉണ്ടാവാൻ പോകുന്നില്ല, എന്നൊരു വാശി പോലെ! തീരുമാനമാകാതെ, ദുഃഖിതരായ പലരും കോടതി കയറിയിറങ്ങി, വർഷങ്ങൾ കടന്നതിനു ശേഷം, ഫയൽ പിന്നെയും അവതരിക്കും. പുതിയ ഓഫീസറുടെ കരുണ കാത്തു കിടക്കും.

ചിലപ്പോൾ പ്രൊമോഷനായാലും, ഇൻക്രെമെന്റ് ആയാലും, ഡിപ്പാർട്മെന്റൽ ഇൻക്വിരി ആയാലും, ഇത് തന്നെ ഗതി. പ്രൊബേഷൻ കൺഫേം ആവാതെ റിട്ടയർ ചെയ്തവരെ പറ്റി കേട്ട് ഞെട്ടേണ്ട! ആർക്കും സമയം ഉണ്ടായില്ല ആ ഫൈലൊന്നു തീർക്കാൻ ! ‘ പോസിറ്റീവ് ആയി ചിന്തിക്കുന്നവർ കുറവാണ്,’ ഒരു ടീം മെമ്പർ വിനയത്തോടെ അഭിപ്രായപ്പെട്ടു. കൂടെയുള്ളവർക്ക്, അഭിപ്രായം തുറന്നു പറയാനുള്ള അന്തരീക്ഷം ഉളവാക്കുന്ന നേതൃത്വഗുണം ആവശ്യമാണ്.

പണ്ട് സിവിൽ സെർവിസ്സ് പരീക്ഷ പാസായപ്പോൾ, ജെ.ലളിതാംബിക മാഡം അവാർഡ് തരാൻ വന്നു. ‘മുള്ളും മലരും’ എന്ന പംക്തി വായിച്ചു വളർന്ന ഞാൻ ആരാധനയോടെ കേട്ട വരികൾ ഇപ്പോഴും ഒരു കൈ വെളിച്ചമായി മുന്നിൽ വഴി കാട്ടുന്നു.
‘ ഓരോ ഫൈലിന്റെ പിന്നിലും ഒരു കുടുംബത്തിന്റെ കണ്ണുനീരുണ്ട് . അത് മറക്കരുത്.’

എന്തായാലും, ഞങ്ങളുടെ ടീം കെട്ടി കിടന്ന അത്തരം കണ്ണീർ ഫയലുകൾ തീർപ്പാക്കാൻ തീരുമാനിച്ചു.

‘ഇതിലൊരു ഫയൽ എന്റെ കുടുംബത്തിന്റെയും ആവാമല്ലോ ! ആ ഒരു ചിന്ത വേണം, പോസിറ്റീവ് നോട്ട് എഴുതിക്കോളൂ’, എന്ന് തുറന്നു പറഞ്ഞു. ‘കാണുന്നൂ ചിലർ പലതുമുപായം, കാണുന്നീല മരിക്കുമിതെന്നും…’. എല്ലാ ദേശങ്ങളിലും, ചില നല്ല മാനേജ്‌മന്റ് രീതികൾ, മനോഹരമായ പ്രാർത്ഥനയായി മനുഷ്യരാശി കൊണ്ടാടുന്നുണ്ടല്ലോ !

അങ്ങനെ ചില ഫയൽ തീരുമാനമാക്കിയപ്പോൾ, പലരുടേയും മുഖങ്ങളിൽ നിറഞ്ഞ ചിരി കണ്ടു.

‘ ബഹുത് ദുവ  മിലേഗി ‘ ആരോ മന്ത്രിച്ചു. ‘ധാരാളം അനുഗ്രഹങ്ങൾ കിട്ടും.’

ഇത്തരം അനുഗ്രഹങ്ങളാണ് ഇത് വരെ കൊണ്ടെത്തിച്ചത്. ഇനിയും ആ വിളക്ക് പ്രകാശം ചൊരിയട്ടെ , നേർവഴി കാട്ടി തരട്ടെ.
**

യമുനയിൽ ഒരു തർപ്പണം

“ഭൂഖേ ഭജൻ ന ഹോയ് ഗോപാല !
ലേ തേരി ഖണ്ഡി, ലേ തേരി മാല! ”
വിശക്കുന്ന വയറിനു പ്രാർത്ഥിക്കാൻ ആവില്ല. അന്നമാണ് ഏറ്റവും വലിയ അനുഗ്രഹം. അത് കൊണ്ട് ആദ്യം വിശന്നു കരയുന്നവരുടെ വിശപ്പകറ്റണം എന്ന് വിവക്ഷ.

സോമാലിയ എന്ന രാജ്യം, ഒരു പക്ഷെ നിങ്ങളും ഞാനും അറിയുന്നത്, അവിടത്തെ മെലിഞ്ഞുണങ്ങിയ കുഞ്ഞുങ്ങളുടെ പടങ്ങൾ കണ്ടിട്ടാവും. അതിരൂക്ഷമായ ഭക്ഷ്യകെടുതിയുടെ ഒരു കാലത്തെ ദൃശ്യങ്ങളിലാവാം. പണ്ട്, ഒരു കൊതിയൻ കഴുകൻ, കുഞ്ഞു മരിക്കാൻ കാത്തിരിക്കുന്ന ആ ഫോട്ടോ ഓർമ്മയില്ലേ? അത് സുഡാനിൽ ! കെവിൻ കാർട്ടർ എന്ന ഫോട്ടോഗ്രാഫറുടെ കഥ ഓർക്കുന്നില്ലേ?

ഇന്ന് ഞാൻ അത് പോലെ ഒരു കുഞ്ഞിനെ കണ്ടു. വയസ്സ് ഒന്നര. കണ്ടാൽ ഞെട്ടി പോകും. എല്ലും തോലും. ഒരു മൂന്ന് മാസത്തെ വളർച്ച കാണും.കുട്ടിയുടെ മാതാവ് അടുത്ത കുഞ്ഞിനെ പ്രസവിച്ചു, വീട്ടിലാണ്. ഈ പെൺകുഞ്ഞിന് ഭക്ഷണം, രാത്രിയിൽ ഒരു നേരം വന്നു അമ്മ കൊടുക്കുന്ന മുലപ്പാൽ.

‘മാഡം, അക്യൂട്ട് malnourishment ! ആറു മാസം കഴിഞ്ഞു കിട്ടേണ്ട ഭക്ഷണം കിട്ടാതെ ഈ അവസ്ഥ ആയതാണ്. അതിനിടയിൽ, അവർ അടുത്ത കുട്ടിയെ പ്രസവിച്ചു. ഞങ്ങൾ ഈ കുഞ്ഞിന് പതുക്കെ ആഹാരം കൊടുത്തു തുടങ്ങി.’ മിടുക്കിയായ ഡോക്ടർ പറഞ്ഞു. ‘ നിരക്ഷരത, പിന്നെ ഗ്രാമത്തിലെ വ്യാജ വൈദ്യന്റെ ഉപദേശവും ! വളരെ കഷ്ടപ്പെട്ടിട്ടാണ് കുഞ്ഞിനെ സർക്കാർ ആശുപത്രിയിലെ സ്പെഷ്യൽ സെന്ററിൽ പ്രവേശിപ്പിച്ചത് !’
കുട്ടിയുടെ അച്ഛനോട് ഞാൻ ചോദിച്ചു: ‘ അതെന്താ ഭക്ഷണം കൊടുക്കാത്തത്?’ ‘അവൾക്കു ദഹനത്തിന് പ്രശ്‌നം .പിന്നെ മുലപ്പാൽ ഒരു നേരം ഭാര്യ വന്നു കൊടുക്കുന്നുണ്ട് !’

ബുന്ദേൽഖണ്ഡിലെ ഒരു ചരിത്ര പ്രസിദ്ധമായ ജില്ലയാണ് ജലൗൺ. ഈ ജില്ലയിൽ, കാല്പി എന്ന താലുക്കിലാണ്,1857ഇൽ , ഝാൻസി റാണിയും, താന്ത്യ തോപ്പിയും കൂട്ടരും  യുദ്ധനീതി മെനയാൻ ഒന്നിച്ചു കൂടിയത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ബാക്കി പത്രങ്ങളായി, കോട്ടയുടെ അവശിഷ്ടങ്ങളും , സെമിത്തേരിയും ഒക്കെയുണ്ട്.
ആക്രമണത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ സ്ത്രീകളേയും കുട്ടികളേയും ‘ബിഹാഡ് ‘ എന്ന് വിശേഷിപ്പിക്കുന്ന, കുടിവെള്ളം പോലും കിട്ടാത്ത മുൾച്ചെടികൾ നിറഞ്ഞ കാട്ടിൽ ഉപേക്ഷിച്ച ചരിത്രം നാട്ടുകാർ എന്നോട് പറഞ്ഞു. അവരൊക്കെ ദാരുണമായി മരിച്ചു. ക്ഷോഭം മൂത്ത വെള്ളക്കാർ തകർത്ത പ്രക്ഷോഭകാരികളുടെ കോട്ടയുടെ ഒരു അംശം ഇപ്പോഴും നിലനിൽക്കുന്നു.

അക്ബറുടെ പ്രിയപ്പെട്ട ബീർബൽ കല്പി നിവാസിയായിരുന്നു എന്ന് രേഖകൾ! നമ്മൾ ഉപേക്ഷിക്കുന്ന തുണി കഷ്ണങ്ങളിൽ നിന്നും ഏറ്റവും സുന്ദരമായ പേപ്പർ ഉണ്ടാക്കുന്ന കല, നൂറ്റാണ്ടുകളായി, ഇവിടത്തെ ചെറുകിട വ്യവസായികൾ ചെയ്തു വരുന്നു.

ജോലി തിരക്കിൽ , വ്യാസന്റെ ജന്മ ഭൂമിയെന്നും അവകാശപ്പെടുന്ന സ്ഥലങ്ങൾ കാണാൻ കഴിഞ്ഞില്ല.

‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന മട്ടിൽ കണ്ട പട്ടിണിക്കോലമാണ് കണ്ണിന്റെ മുൻപിൽ. ദൈവമേ, ഝാൻസി റാണിയുടെ കഥയുറങ്ങുന്ന നാട്ടിൽ, എല്ലും തോലുമായ സ്ത്രീകൾ പ്രസവിച്ചിടുന്ന കുഞ്ഞുങ്ങൾ. കൊടുംദാരിദ്ര്യം എന്ത് എന്ന് നേരനുഭവം കിട്ടുമ്പോൾ, ബീര്ബലിനെയും, വ്യാസനെയും, ബ്രിട്ടീഷുകാരെയും ഓർക്കാൻ എവിടെ സമയം? ഒരു തുള്ളി മഴ പെയ്യാൻ കാത്തിരിക്കുന്ന മനുഷ്യരും, കന്നുകാലികളും.

മഞ്ഞയും നീലയും കലർന്ന നിറത്തോടെ സൂര്യ വെളിച്ചത്തിൽ, യമുന നദി തിളങ്ങുന്നു. സൂര്യ പുത്രിയാണല്ലോ യമുന. പുരാണ കാലത്തെ സൂര്യ മന്ദിരം നദീ തീരത്തുണ്ട്. ഞാൻ ശ്രദ്ധിച്ചത്: മണ്ണിന്റെ നിറമുള്ള ധോത്തി അണിഞ്ഞ ഒരു വയസ്സായ കർഷകൻ, യമുനയിൽ തർപ്പണം ചെയുന്നു.

അഹം എന്ന ഭാവം കുറയാനായിട്ടാവും, ദൈവം എന്നെ കല്പിയിലോട്ടു പറഞ്ഞു വിട്ടത്.

അടുത്ത തവണ ചരിത്രസ്ഥലികൾ സന്ദർശിക്കാം. പാലം കടന്നു. ഉറൈ എന്ന് നാട്ടുകാർ വിളിക്കുന്ന ജലൗൺ, ഇനിയും വരാം.

**

മഴ കാണുമ്പോൾ

ചേമ്പിലക്കീഴിൽ സ്കൂളിൽ പോയ കഥകൾ അമ്മ പറയുമ്പോൾ ചിരിച്ച ഓർമയുണ്ട്. പുതിയ കുട്ടി കുടയുടെ അഹങ്കാരത്തിൽ ഗൗനിക്കാതെ ഇരുന്നപ്പോൾ, അമ്മ ഒരു പുസ്‌തകം വെച്ച് നീട്ടി. അനിയത്തിക്കായി ഒരു നല്ല കുട വാങ്ങാൻ കഷ്ടപ്പെടുന്ന ജ്യേഷ്ഠന്റെ കഥ: ‘ഒരു കുടയും കുഞ്ഞിപ്പെങ്ങളും.’
‘ആൻ എല്യൂസിവ് മെമ്മറി’ എന്നൊക്കെ പറയാറില്ലേ? അതിലൊരു നല്ല ടീച്ചറുണ്ടായിരുന്നു . വളരെ നല്ല സഹോദരനും. കണ്ണ് നനയിപ്പിക്കുന്ന ബാലസാഹിത്യം.

വീടു പടിക്കലിരുന്നാൽ ഇരുണ്ടടച്ചു വരുന്ന ഇടവപ്പാതി കാണാം. ചുറ്റും അന്ധകാരം, കാറ്റിന്റെ ഹുങ്കാരം. കടലിന്റെ ഇരമ്പൽ വരെ കേൾക്കാം. അപ്പോൾ കാളുവിന്റെ ഓർമ്മ വരും. അതൊരു പ്രിയപ്പെട്ട പുസ്‌തകത്തിന്റെ പേര്. കുട്ടികളുടെ പ്രിയ നായക്കുട്ടി. എത്ര മഴയുള്ള സന്ധ്യകളിൽ ഞങ്ങൾക്കതു കൂട്ട് തന്നിരിക്കുന്നു.

ഒരു മഴയത്തു സ്കൂൾ ബസ് കേടായി. ഇരുട്ടി കഴിഞ്ഞാണ് അടുത്ത ബസ്സിൽ വീടെത്തിയത്.  പരിഭ്രാന്തിയിലായ വീട്ടുകാർ കുട്ടികളെ കാത്തു നിൽപ്പുണ്ടായിരുന്നു. അന്ന് ഇടിയിലും മഴയിലും പേടിപ്പെടുത്തിയ ആ സന്ധ്യയിൽ, അമ്മ തന്ന ചക്കയുപ്പേരി. അതിനൊപ്പം ഒരു സ്വാദുള്ള ഓർമ്മ കൂടി. മഹിഷാസുരമർദ്ദിനിയുടെ ചിത്രകഥയുണ്ടായിരുന്ന ഒരു ബാല മാസിക.

മിന്നലുകൾ വന്നു ഞെട്ടിപ്പിക്കുന്ന രാത്രികളിൽ, അതി മനോഹരമായ പടങ്ങളുള്ള റഷ്യൻ ബാലസാഹിത്യമായിരുന്നു പഥ്യം. ഒരു കുറുക്കൻ – നല്ല റഷ്യൻ തൊപ്പിയും, ഫറിന്റെ കോട്ടും ഒക്കെയിട്ടാണ് ചിത്രങ്ങൾ-എന്തോ കടം വാങ്ങിയിരുന്നു. തിരിച്ചു കൊടുക്കാനാവാതെ കരടിയിൽ നിന്ന് രക്ഷ നേടാൻ ഒരു പൈൻ മരത്തിൽ വലിഞ്ഞു കയറി. കരടി പിറകെ കയറി. അവരുടെ സംഭാഷണമാണത്രെ ഇടിയും മിന്നലും! തുലാ മാസമഴയുടെ സഹത സഞ്ചാരികളായ മിന്നലിനെയും ഇടിയേയും നേരിടാൻ ഞാൻ പലപ്പോഴും ആ പൈൻ മരത്തിലെ കൂട്ടുകാരെ മനസ്സിൽ ആവാഹിക്കുമായിരുന്നു.

മഴയെത്താദേശമെന്നുപോലും പരിഭവിക്കാവുന്ന തരത്തിൽ ചുട്ടു നീറുന്ന ഭൂമിയിൽ, ഒടുവിൽ മഴ വീണിരിക്കുന്നു! എന്റെ നാടിൻറെ മഴ തന്നെയോ ഇത്? മഴയ്ക്ക് ദേശവ്യത്യാസങ്ങളുണ്ടോ? ഇനി വെള്ള പൊക്കത്തിന്റെ കാലം. രൗദ്ര ഭാവമായി നദികൾ താണ്ഡവമാടാൻ അധിക നാളില്ല. പുതിയ പെണ്ണിന്റെ ഭാവങ്ങളോടെ സുന്ദരമായ പാവാടയുടെ അലയടി പോലെ , ഗാഗ്ര എന്ന വിളിപ്പേരിൽ ഗംഗയുടെ ഒരു മകൾ കര കേറാൻ വളരെ കുറച്ചു നാളുകൾ മാത്രം.ഇവിടെ മഴയെ കർഷകർ ഒരൽപ്പം ഭയത്തോടെ കാണുന്നു. പ്രിയപ്പെട്ടവളേ, വരുന്നത് തന്നെ വളരെ വിരളമായി, വന്നാലോ,  കാളീശ്വരിയായി!

ജീവിക്കുന്ന ദേശമെന്തായാലും, ബാല്യകാലത്തെ മഴക്കൂട്ടിനെ  ഞാൻ തിരിച്ചു വിളിക്കുന്നു. കുറുക്കനും, കരടിയും, കുഞ്ഞിക്കുടയും കുഞ്ഞനുജത്തിയുമെല്ലാം ഓരോ മഴത്തുള്ളിക്കൊപ്പം എന്റെ ആത്മാവിനെ കുളിർപ്പിക്കാൻ സ്നേഹത്തോടെ പെയ്യുന്നു.

മഴ കാണുമ്പോൾ മനസ്സ് തണുക്കുന്നു.

പരക്കെ നമ്മെ പാലമൃതൂട്ടും പാർവണ ശശി ബിംബം …

മുപ്പതു വർഷങ്ങൾ പിന്നിൽ നിന്നും ഒരു സ്വരം.

സ്കൂളിൽ അന്യോന്യം ചോറ്റു പാത്രങ്ങൾ മാറി ചോറുണ്ട ശീലം…മൂന്ന് ഉറ്റ സുഹൃത്തുക്കൾ. ജീവിത യാത്രയിൽ മനസ്സിൽ എന്നും സ്നേഹത്തോടെ ഓർമിച്ചിട്ടുള്ളവർ. ജീവിത പ്രതിസന്ധികളിൽ ശക്‌തമായി കൂടെ നിന്നവർ. പരീക്ഷകൾക്കു മുൻപ് ‘ മിനി , ധൈര്യമായി എഴുതിക്കോ, ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ,’ എന്ന് ആശംസിച്ചവർ. അവിടെ മറ്റൊന്നിനും പ്രസക്തിയില്ല. അവിടെ അഞ്ചു വയസ്സ് മുതൽ, ഒരേ ബെഞ്ചിൽ പഠിച്ച സ്വാത്രന്ത്യം, കരുണ, ചിരി, ശുദ്ധമായ സ്നേഹം. എന്തൊരു അനുഗ്രഹം ഈശ്വരാ !

ഗ്രാമത്തിലാണ് സുഹൃത്തിന്റെ വീട്. പുഴ ഒഴുകുന്നുണ്ട് അടുത്തായി. അടുത്ത യാത്രയിൽ കുടുംബത്തോടൊപ്പം തീർച്ചയായും വരണം, സ്നേഹ ക്ഷണം ലഭിച്ചു. ചുട്ടു പൊള്ളുന്ന ഉത്തരേന്ത്യൻ മണ്ണിലോട്ടു ഞാനും ക്ഷണിച്ചു. കുംഭ മേളയുണ്ട്. നമുക്കും പോണം, പ്രയാഗിൽ ഒന്ന് മുങ്ങി പ്രാർത്ഥിക്കാം.

അർദ്ധരാത്രിയിലും ഒന്ന് ഫോൺ വിളിച്ചാൽ, മുൻവിധികളോ , കുറ്റംപറച്ചിലോ ഇല്ലാതെ, ‘എന്താ വേണ്ടത്? ഞാനുണ്ടല്ലോ ! നീ വിഷമിക്കാതെ !’ എന്ന് പറയാൻ ഒന്നോ രണ്ടോ ഉറ്റ സുഹൃത്തുക്കൾ. തീർച്ചയായും അതൊരു ജന്മാന്തര ബന്ധം തന്നെ. എല്ലാ ജന്മങ്ങളിലും, അന്യോന്യം ശക്തിയായും, പുഞ്ചിരിയായും നിങ്ങൾ എന്നോടൊപ്പം ഉണ്ടാവണമേ…

പണ്ട് നമ്മൾ ഒരുമിച്ചു ഉരുവിട്ട് പഠിച്ച ഉള്ളൂരിന്റെ വരികൾ പോലെ …

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ…

അതിജീവനം

IMG_2544

ഏതോ ഒരു സിനിമയിൽ ജഗതി ശ്രീകുമാറിന്റെ വാക്യം മനസ്സിലേക്ക് ഓടിയെത്തി: ‘ശ്രീ പത്മനാഭന്റെ രണ്ടു ചക്രം കിട്ടാനാണ്…’
പത്തു പന്ത്രണ്ടു കൊല്ലമായി DPC എന്ന പേരിൽ അറിയപ്പെടുന്ന ഡിപ്പാർട്മെന്റൽ പ്രൊമോഷൻ കമ്മിറ്റിയുടെ മീറ്റിംഗ് നടന്നിട്ട് . പല കോടതികളിൽ കറങ്ങി അവസാനം തീരുമാനമായി.

സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ വിളിച്ച മീറ്റിംഗിൽ, ഇന്ന് ജീവിച്ചിരിക്കാത്തവരുടെ നോഷണൽ പ്രൊമോഷന് വേണ്ടി അവരുടെ പെർഫോമൻസ് റിപ്പോർട്ട് നോക്കിയപ്പോൾ, ‘ഈശ്വരാ, വാഴ്‌വേ മായം!’ എന്നും മനസ്സ് പറഞ്ഞു.
ഒന്നുമില്ലെങ്കിലും, ഫാമിലി പെൻഷനിൽ അവരുടെ കുടുംബക്കാർക്കു ഗുണം ചെയ്യും, എന്ന് സമാധാനിക്കാൻ ശ്രമിച്ചു.

തിരിച്ചുള്ള യാത്രയിൽ, ടീമിലെ ഒരു ഓഫീസർ പറഞ്ഞു…ഇരുപതാം വയസ്സിൽ   കോളേജ് രാഷ്ട്രീയത്തിന്റെ രക്‌തസാക്ഷിയായ സ്വന്തം അനിയനെ പറ്റി. വയസ്സ് ഇരുപത്. മഹത്വകാംക്ഷയുള്ള മിടുക്കൻ. വാക് ചാതുരിയും, നല്ല വ്യക്‌തിത്വവും. സന്ധ്യക്ക്‌ അരയാൽ ചുവട്ടിൽ സ്ഥിരം  പ്രാർത്ഥിക്കുന്നവൻ .തൊഴാനായി അന്നും അവൻ പോയി. ഘനീഭവിച്ച ഇരുട്ടിൽ, ശിഖരങ്ങളിലൊന്നിൽ മറഞ്ഞിരുന്നു കൊലയാളി. തലക്കാണ് വെടി വയ്ച്ചത് . മരണം തത്സമയം സംഭവിച്ചു. ഭ്രാന്ത് പിടിച്ച അവസ്ഥയിലെത്തിയ അമ്മയും അച്ഛനും. ബൈയോടെക്നോളജിയിൽ ഡോക്ടറേറ്റ് ചെയ്തു കൊണ്ടിരുന്ന മൂത്ത സഹോദരൻ പഠിപ്പ് നിർത്തി തിരിച്ചു വന്നു. മാതാപിതാക്കളെ നോക്കാൻ നാട്ടിൽ ജീവിച്ചു. സംസ്ഥാന സർവീസ് പരീക്ഷ എഴുതി. ഇന്ന് ഫിനാൻസ് ഡിപ്പാർട്മെന്റിലെ ഉയർന്നഉദ്യോഗസ്ഥൻ.

മരിച്ചവരുടെയും പ്രൊമോഷൻ  നടത്തേണ്ടി വന്ന ആ യാത്രയിൽ, ഞാൻ വീണ്ടും പഠിച്ചു ഒരു പാഠം.

ജീവിതം ഒരു പ്രഹേളിക. മരണവും അത് തന്നെ.
പക്ഷെ അതിജീവനം – അതാണ് ഏറ്റവും വലിയ കടമ്പ.
അതിനു വേണ്ടുന്ന ശക്തി ഈശ്വരൻ നമുക്ക് തരട്ടെ…
**