അക്കമോ, മനുഷ്യനോ?

 

IMG_2643

പേപ്പട്ടി കടിച്ച കുട്ടിയുടെ പേര്, പ്രായം, വയസ്സും, ആദ്യത്തെ ടോസിന്റെ ഡേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അവനു ലഭിക്കേണ്ടിയിരുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ഡോസും തീയതിയും ഇല്ല. അപ്പോൾ, അർഥമെന്തെന്നു വ്യക്തം.

ഫോൺ വിളിച്ചപ്പോൾ , പിതാവ് ഫോണെടുത്തു. രണ്ടാമത്തെ ഡോസിനായി വന്ന ദിവസം ഇഞ്ചക്ഷനും കിട്ടിയില്ല, ആരേയും കണ്ടതുമില്ല. ഈശ്വരന്റെ കൃപയാൽ പട്ടി പേയ്‌പിടിച്ചതായിരുന്നില്ല. മകൻ സുഖമായിരിക്കുന്നു.

‘ നിങ്ങളുടെ കുട്ടിയായിരുന്നെങ്കിൽ, ഇത് പോലെ ശ്രദ്ധക്കുറവ് കാട്ടുമായിരുന്നോ? എത്ര കുറച്ചു കേസുകളാണ്! അത് പോലും നമ്മൾ നിസ്സാരമായി കാണുന്നെങ്കിൽ, പിന്നെ നിങ്ങളും ഞാനും എന്ത് സേവനമാണ് നൽകുന്നത്?’ ആർക്കും ഉത്തരം ഇല്ല.

രജിസ്റ്ററിലെ സംഖ്യ ഒരു മനുഷ്യ ജീവിയാണ്. ആ തിരിച്ചറിവാണ്, സംവേദനയുള്ള സേവനം നൽകാൻ നമ്മെ പ്രാപ്തിയുള്ളവരാക്കുന്നത്. എന്തായാലും കണ്ണടച്ച് ചുമതലയുള്ള സ്റ്റാഫിന് സസ്പെന്ഷന് നിർദേശം കൊടുത്തില്ല. പലപ്പോഴും ഉള്ള കഞ്ഞിയിൽ പാറ്റയിടുന്ന പരിപാടി ആവാറുണ്ടത്. ഒന്നാമത് തീരെ കുറവ് സ്റ്റാഫാണ് പല ജില്ലകളിലും, അതും വളരെ ദൂരത്തെ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ. തെറ്റ് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഇനി പലർക്കും ഉപകാരപ്പെടും. ഉള്ള വ്യക്‌തിയെ സസ്‌പെൻഡ് ചെയ്താൽ നാളെ ധാരാളം സാധു ഗ്രാമീണർ കഷ്ടപ്പെടും.
ജില്ല മുഴുവനും ഈ ഒരു വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ചീഫ് മെഡിക്കൽ ഓഫീസറോട് നിർദേശിച്ചു. ഡോക്ടറുടെ സ്പഷ്‌ടീകരണം മേടിക്കാനും പറഞ്ഞു.
*

അൻപതോളം ചെറുപ്പക്കാർ, ഗ്രാമ വികസന ഓഫീസറുമാരായി ജോയിൻ ചെയ്തിരിക്കുന്നു. ട്രെയിനിങ്ങിന്റെ ആദ്യത്തെ ദിവസം, ജില്ലാ കലക്ടറും, പിന്നെ ജില്ലയുടെ നോഡൽ ഓഫീസറും അവരെ സംബോധന ചെയ്താൽ നന്നായിരുന്നു. അങ്ങനെ കേട്ടപ്പോൾ, പോകാതിരിക്കാനായില്ല.
ധാരാളം പെൺകുട്ടികൾ. എനിക്ക് സന്തോഷം തോന്നി. മിടുക്കർ. സിലബസ് നോക്കിയപ്പോൾ, കേന്ദ്ര/ സംസ്ഥാന സർക്കാരുകളുടെ എല്ലാ പദ്ധതികളും അതിലുണ്ട്. നാൽപ്പതോളം വിഭാഗങ്ങളുടെ പരിചയപ്പെടുത്തലുമുണ്ട്! ഇവയൊക്കെ നാളെ ഗ്രാമങ്ങളിൽ നടപ്പാക്കേണ്ടവർ വിടർന്ന മിഴികളുമായി മുന്നിൽ ഇരിക്കുന്നു!

‘ മൂവായിരത്തോളം കിലോമീറ്ററുകൾ അപ്പുറത്തു നിന്നാണ് എന്നെ പോലെ പലരും നിങ്ങളുടെ ദേശത്തെത്തിയത്. നിങ്ങൾക്കാകട്ടെ സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള ഭാഗ്യമുണ്ട്. അതിനെ കുറച്ചു കാണരുത്…വിനയം ഒരു ദോഷമാണ് എന്ന ചിന്ത പാടില്ല. വിനയത്തോടെ തന്നെ നല്ല ശക്തമായ ‘ NO’ പറയാനുള്ള പാടവം ആർജ്ജിക്കണം…ജോലി ചെയുമ്പോൾ തന്നെ, കൂടുതൽ പരീക്ഷകൾ എഴുതി ഇനിയും മുൻപോട്ടു പോകാൻ ശ്രമിക്കണം…’ എന്റെ ഇപ്പോഴും ശുദ്ധമല്ലാത്ത ഹിന്ദി അവർക്കു ബോധിച്ച ലക്ഷണമാണ് കണ്ടത്…എന്തായാലും മനുഷ്യനെ അക്കമല്ലാതെ നോക്കി കാണാൻ അവർക്കു കഴിയട്ടെ എന്ന് ഞാനും മനസ്സിൽ ആശംസിച്ചു.
*
ജില്ലയിൽ, പൊരി വെയിലത്ത്, പോലീസ് ട്രെയിനിങ് നടത്തുന്ന ചെറുപ്പക്കാരെ കണ്ടു. ചിലർ മാർച്ചു ചെയ്യുന്നു , ചിലർ ഓട്ടവും ചാട്ടവും  പരിശീലിക്കുന്നു. സൂര്യൻ തലയ്ക്കു മുകളിൽ. ടിയർ
ഗ്യാസ് മുതൽ, ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്, തോക്കുകൾ, വെടിക്കോപ്പുകളും മറ്റും കണ്ടു.
സ്ത്രീകളായ പോലീസ് കോൺസ്റ്റബ്ൾസ് ശൗചാലയമില്ലാതെ ബുദ്ധിമുട്ടുന്നു.
സംഖ്യയല്ല, മനുഷ്യജന്മമാണ്. എന്തായാലും, അവർക്കും ടോയ്‌ലെറ്സ് കെട്ടാനുള്ള പ്ലാൻ ഉണ്ടാക്കി.

ബ്രിട്ടീഷ് കാലം മുതൽ സർക്കാർ ഡ്യൂട്ടിയിൽ എത്തുന്ന ഓഫീസർമാർക്ക് ഗാർഡ് ഓഫ് ഓണർ നൽകുന്ന പതുവുണ്ട്.
‘ശ്രീമാൻ, ഗാർഡ് നിരീക്ഷൻ കെ ലിയേ തയ്യാർ ഹൈ!’
ബയോനെറ്റ് വച്ച റൈഫിൾ കയ്യിലേന്തിയ പോലീസ് ഗാർഡ്.
‘സബാഷ്!’
പണ്ട്, വളരെ കാരുണ്യവാനായ സീനിയർ പഠിപ്പിച്ച പാഠമോർത്തു ഞാൻ ഉരുവിട്ടു.

*

ബഡാ മംഗൾ എന്ന് വിളിക്കുന്ന ഹനുമാൻ പൂജയുടെ ഒരു വിശിഷ്ട ഉത്സവം ഗ്രാമങ്ങളിൽ. ഗുസ്തി മത്സരം പൊടി പൊടിക്കുന്നു. തിളങ്ങുന്ന സാരിയും ഉടുത്തു ധാരാളം സ്ത്രീകൾ…അവർ ഉത്സാഹത്തോടെ സാധനങ്ങൾ വാങ്ങിക്കുന്നു. ബലൂൺ മുതൽ ആഭരണങ്ങൾ വരെ സുലഭം. ആൾക്കൂട്ടത്തിന്റെ ഇടയിൽ ജാതിമത ഭേദമില്ലാതെ കച്ചവടക്കാർ. ഈ ഒരു കാഴ്ച ഭാരതത്തിനു സ്വന്തം…ജീവന്റെ പ്രസരിപ്പാണ് എല്ലായിടത്തും…ഹനുമാൻ സ്വാമി ചിരിക്കുന്നതായി എനിക്ക് തോന്നി. എപ്പോഴും പ്രസന്ന വദനനായ ഗുരുവാണല്ലോ അദ്ദേഹം !

*

പാലം കടന്നു. യമുന ശാന്തയായി ഒഴുകുന്നു.

‘അഴകോടന്നഗരത്തിൽ തെക്കുകിഴക്കതു വഴി,
ഒഴുകും യമുന തന്റെ പുളിനം കാണ്മൂ…
ഇളമഞ്ഞ വെയിൽ തട്ടി നിറം മാറി നീല വിണ്ണിൽ
വിളങ്ങുന്ന വെണ്മുകിലിൻ നിര കണക്കേ…’

കുമാരനാശാൻ ‘കരുണ’ യായി മനസ്സിൽ ഓടിയെത്തി.

*

ഈ യാത്രയിലും പഠിച്ച പാഠം കാരുണ്യം തന്നെ.
**

അമ്മയും ഞാനും…

IMG_2641

ഈ അമ്മ പിന്നെയും തുടങ്ങി…! പണ്ട് ഞാൻ പരിഭവപ്പെട്ടതു പോലെ, ഇപ്പോൾ എന്റെ കുഞ്ഞുങ്ങൾ മുഖം വീർപ്പിക്കുന്നു.

1 . വൃത്തിയായി നടക്കണം.

അമ്മ കഷ്ടപ്പെട്ട് തയ്‌പ്പിച്ചു കൊണ്ട് വന്ന ചുരിദാറൊന്നും ഞാൻ ഇട്ടില്ല. പകരം എനിക്കിഷ്ടമുള്ള ഒരു പഴയ ഉടുപ്പും വലിച്ചു കയറ്റി പഠിക്കാൻ പോയി. അപ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞു.

“മോളെ വൃത്തിയായി നടക്കണം…നിനക്ക് മോളുണ്ടാവുമ്പോൾ മനസ്സിലാവും ,”എന്നൊരു ആത്മഗതം!
“പിന്നെ, അപ്പോഴല്ലേ !” പതിനാറു വയസ്സിലെ റെബെല്ലിയൻ പുറത്തെടുത്തു, ബുക്ക് കൊണ്ട് മുഖം മറച്ചു ഞാൻ ചിരിച്ചു . പുസ്‌തകം അമ്മ ലൈബ്രറിയിൽ നിന്നും കൊണ്ട് തന്നതാണെന്നു തത്കാലം മറന്നു…

പിന്നീട് വർഷങ്ങൾ ഒത്തിരി കഴിഞ്ഞു. എന്റെ മോളോട് ഞാൻ പറഞ്ഞു. “വൃത്തിയായി നടക്കണം.”
അവൾ, എന്റെ കണ്ണിൽ തീരെ യോജിക്കാത്തൊരു വലിയ ഷർട്ട് സെലക്ട് ചെയ്തു.

പിന്നെ പറഞ്ഞു…”എനിക്കിതു വേണം.” ഒരു തർക്കവും ഫലം ചെയ്തില്ല.

ഇളയവൾ എന്നെ സമാധാനിപ്പിച്ചു.  “അത് ചേച്ചിക്ക് ചേരും…അതാണ് ചേച്ചിക്ക് ഇഷ്ടം.”

‘നിനക്കൊക്കെ പിള്ളേരുണ്ടാവുമ്പോൾ മനസ്സിലാവും !’

രണ്ടു ചിരിക്കുട്ടികൾ എന്നെ ഭൂമിയിലോട്ട്‌ ഇറക്കി.

“പിന്നെ, അപ്പോഴല്ലേ! ”

2 പയ്യെ തിന്നാൽ, പനയും…

പരീക്ഷയുടെ തലേന്ന്, വായിച്ചു തീർക്കാത്ത ചാപ്റ്ററുകൾ നോക്കി തലകറങ്ങി. ‘ പണ്ടേ പറഞ്ഞിട്ടില്ലേ ഞാൻ? അഹങ്കാരം കാണിക്കരുത്. എല്ലാം അറിയാം എന്ന ഭാവം അപകടകാരിയാണ് ! പയ്യെ തിന്നാൽ പനയും തിന്നാം. നേരത്തെ റിവിഷൻ കഴിച്ചു വെച്ചിരുന്നെങ്കിൽ, ഈ അർദ്ധരാത്രിയിൽ ഉറക്കം ഇളക്കേണ്ടി വരുമായിരുന്നോ?’
ഇനി ഇപ്പം അമ്മയുടെ വഴക്കിന്റെ കൂടെ കുറവേ ഉള്ളൂ എന്ന് മുറുമുറുത്തു കൊണ്ട്, പുസ്‌തകത്തിനുള്ളിലേക്കൊരു മുങ്ങാങ്കുഴി…അത് ചരിത്രം.

പരീക്ഷയുടെ തലേന്ന് ഒരുത്തി വലിയ പഠിത്തം.

‘ഈ ടെക്സ്റ്റ് ബുക്ക് വായിച്ച ലക്ഷണമൊന്നും കാണുന്നില്ലല്ലോ ! ഞങ്ങളൊക്കെ അടിവരയിട്ടു പഠിക്കുമായിരുന്നു…പ്രധാന പോർഷനൊക്കെ…ഈ രാത്രിയിൽ ഇനി നീ എത്ര പഠിക്കും!?’

മകൾ പുരികം ഉയർത്തി. ‘ ടെക്സ്റ്റ് വരച്ചു കേടാക്കാൻ പാടില്ല. എനിക്കെല്ലാം അറിയാം…’
‘ പണ്ടേ പറഞ്ഞിട്ടുണ്ട് ! എല്ലാം അറിയാം എന്ന ഭാവം കൊള്ളത്തില്ല . നേരത്തെ റിവിഷൻ ചെയ്തു വയ്ക്കണം…പയ്യെ തിന്നാൽ…!’ ഞാൻ ശബ്ദം ഉയർത്തി. അവൾ മൈൻഡ് ചെയ്യാതെ പേജ് മറിച്ചു…

അപ്പോൾ എന്റെ ഉള്ളിലിരുന്നു അമ്മ പറഞ്ഞു…പണ്ടേ ഞാനും പറഞ്ഞതാ…

3 ആ സിനിമ കാണണ്ട !

വടക്കൻ പാട്ടു സിനിമകൾ തിയേറ്ററിൽ വരുമ്പോൾ , അമ്മ ഉത്സാഹത്തോടെ കാണാൻ പ്ലാൻ ഉണ്ടാക്കും. നസീറിനേയും ഷീലയേയും , കുതിരയേയും , വാൾപയറ്റിനേയും വലിയ പ്രതിപത്തി ഇല്ലാതെ നോക്കാൻ തുടങ്ങിയ സമയത്തു നമ്മൾ സ്റ്റൈലിൽ പുച്ഛ പ്രകടനം നടത്തും ! ‘അമ്മ വേണമെങ്കിൽ പൊയ്‌ക്കോ ! ആ സിനിമ കാണണ്ട ! എന്തൊരു ബോർ !’

കുമാര സംഭവം കാണുമ്പോൾ, കൈകൂപ്പുന്ന അമ്മ , രോഷാകുലയായി നെടുവീർപ്പിടും…’വല്ലപ്പോഴും, എനിക്കിഷ്ടമുള്ള വല്ലതും വരുമ്പോൾ, ഇവിടെ ആർക്കും വേണ്ട!’

‘ ഞങ്ങൾക്ക് കാണണ്ട ആ സിനിമ ! എന്തൊരു ബോർ ! ‘ രണ്ടാളും അഭിപ്രായം രേഖപ്പെടുത്തി, കമ്പ്യൂട്ടറിൽ വായുംനോക്കി ഇരിക്കുന്നു.
എനിക്ക് ദേഷ്യം വന്നു. ‘വല്ലപ്പോഴും, എനിക്കിഷ്ടമുള്ള വല്ലതും വരുമ്പോൾ, നീയൊക്കെ എന്തൊരു ഭാവം ! നല്ല ആക്ടറാണ് ! ‘
‘ അമ്മ , അതിന്റെ റേറ്റിംഗ് നോക്കിയോ? റിവ്യൂസ് തീരെ നല്ലതല്ല. പ്രേത കഥ കാണണമെങ്കിൽ നമുക്ക് ഇംഗ്ലീഷ് പടം കാണാം,’ ഒരു ഉപദേശവും കൂടി ഫ്രീ ഓഫറായി കിട്ടി.

അപ്പോൾ എന്റെ മനസ്സിൽ രാജ് കുമാർ റാവു നസീറിന്റെ ഭാവത്തിൽ ചിരിച്ചു. ഞാൻ കുമാരസംഭവത്തിലെ ശ്രീദേവിയെ നോക്കി തൊഴുത ഹോപ്പ്‌ലെസ്സ് അമ്മയായി.

ഒരു നെടുവീർപ്പ് എന്റെ ഉള്ളിൽ നിന്നും വന്നു…അമ്മ, എനിക്ക് മനസ്സിലാവുന്നു ! മാപ്പ്‌ !!

പാഠം ഒന്ന്. ഒന്നും മാറുന്നില്ല , എന്നാലും എല്ലാം മാറുന്നു. ചിരിക്കു മാത്രം നല്ല സമയബോധമുണ്ട്.

***

The Healer

IMG_2634

Flooded with news of depravity and degradation of humanity, one feels utterly hopeless at times.  If you look around for succour – the ways out of that morass- there are snippets about electronic detoxification, the latest diet fads, the style of dress that would most definitely give you an edge over others, the books that are  so popular in market, the places that celebrities visit, the video games which keep you hooked, the research study which gives you in five bullet points, the way to master happiness…What if such invitations leave you cold? Then you search for meaning again…

In one such endeavour, I ended up reading about this fantastic doctor, a woman in a wheel chair, who takes care of her patients from morning eight till night eight, in a small village in my native state of Kerala.

‘ Now this ,’ said my mind, ‘is inspiration for the lost soul.’

To translate the gist of the news which appeared in my mother tongue, the good doctor, Dr.Susheela ( Meaning of name: One of good and pleasing habits) is an invalid herself. She has to be helped into her wheel chair by a nurse. Yet, she serves humanity, by looking after the patients who throng her house in a village where a bus stop has been named after her!

Asked about her inspiration, she quotes  four lines of classical Malayalam poetry, which can be understood thus:

‘With arms  long enough

To master anything through hard work,

Were human beings sent to earth

By the wise Lord above.’

A new bridge is to be named after her in the village. I feel proud, reading about a sterling, wonderful woman who started to heal others from 1977,  when she completed  her medical degree, overcoming  a debilitating disease which could have driven many others to suicidal thoughts and depression.

‘ Even the hardest iron can be melted in the furnace of the blacksmith…’ Dr.Susheela smiles,  as she explains the iron will of a human being determined not to let adversity get the better of her.

The good doctor thus shows me the way to handle another day, following her brilliant, blazing soul light.

***

For news in the original:

https://www.mathrubhumi.com/women/features/dr-susheela-1.3144933

 

 

 

 

വേറിട്ടൊരു വഴി

IMG_2632

മറ്റൊരു ആത്‍മഹത്യ. മുപ്പതു വയസുള്ള ഐ.പി.എസ്  ഉദ്യോഗസ്ഥനാണ്  വിഷം കഴിച്ചു ജീവിതത്തിനോട് വിട പറഞ്ഞത്. കഴിഞ്ഞ   വർഷം, ഇതേ പ്രായത്തിലുള്ള ഒരു ഐ.എ.എസ് കാരൻ ട്രെയിനിന് തല വയ്ച്ചു, തലയും ഉടലും വേർപെട്ടു കിടന്നതു ഓർമ്മയിൽ നിന്നും മായുന്നില്ല. ഇന്ന് ലോക ആത്‍മഹത്യ നിവാരണ ദിനം. എന്തൊരു വിരോധാഭാസം!

അങ്ങേയറ്റം അമർഷവും, ദേഷ്യവും, വെറുപ്പും തോന്നുന്ന നിമിഷങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാവും.  വികാരങ്ങൾ എല്ലാം തന്നെ സ്വന്തം ജീവ സ്വത്വത്തോടാവുമ്പോൾ, വ്യക്ത്തി തളർന്നു പോകുന്നു. രണ്ടറ്റവും കത്തുന്ന മെഴുകുതിരി പോലെ, ജോലി സ്ഥലത്തും, വീട്ടിലും ടെൻഷൻ കൂടുമ്പോൾ, യുദ്ധം കടുക്കുന്നു.  എളുപ്പ വഴി, അതാ മുന്നിൽ. എല്ലാ പ്രശ്‍നങ്ങളിലും നിന്ന് മുക്തി. ഡിപ്രെഷൻ എന്ന ഭീകര സത്വം ഇഴഞ്ഞു വന്നു, ഞരമ്പുകളിൽ വിഷം കൊത്തുമ്പോൾ, ആ വഴി ഏറ്റവും നന്ന് എന്ന് തോന്നാം.

ഈ ലോകത്തിൽ  മറ്റുള്ളവരെ എല്ലാം തൃപ്തിപ്പെടുത്തി  കൊണ്ട്  ജീവിക്കുക അസാധ്യം. ഈസോപ്പിന്റെ കഥയിലെ കഴുതയാണ് ജീവിത ഭാരം. അത് നിങ്ങൾ ഏതു രീതിയിൽ കൊണ്ട് നടന്നാലും കുറ്റം പറഞ്ഞു രസിക്കാൻ ആളുകളുണ്ടാവും. പിതാവ് കഴുതമേലിരുന്നാലും, പുത്രൻ ഇരുന്നാലും, കഴുതയെ വെറുതെ തെളിച്ചു നടന്നാലും, കഴുതയെ ചുമന്നാലും, എടുത്തു നദിയിൽ വലിച്ചെറിഞ്ഞാലും, പുച്‌ഛിക്കാൻ രണ്ടുപേർ എന്തായാലും ഉണ്ടാവും. ലോകത്തിന്റെ അഭിപ്രായം നോക്കി ജീവിച്ചാൽ, കരയാൻ മാത്രമേ സമയം കാണൂ.

നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ, അതെന്തു തന്നെ ആയാലും, ജീവിച്ചു കാണിച്ചു കൊടുക്കാൻ ധൈര്യം ആവശ്യമാണ്.  മറ്റുള്ളവരുടെ അംഗീകാരം ആവശ്യമില്ല. അത് വഴിയേ വന്നോളും. വന്നില്ലെങ്കിലും ഒരു ചുക്കുമില്ല എന്നൊരു വിപദിധൈര്യം  കൂടി വേണം.

ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സണിന്റെ  ‘ ദി ugly duckling’ എന്നൊരു കുട്ടി കഥയുണ്ട്. വളരെ മനോഹരമായി ജീവിത പ്രതിസന്ധികൾ അപഗ്രഥിക്കുന്ന സൈക്കോളജിക്കൽ തലങ്ങളുള്ള കഥയാണ്. ഒരു താറാവിന് കൂട്ടത്തിൽ മുട്ട വിരിഞ്ഞപ്പോൾ , ഒരു മുട്ട മാത്രം വ്യത്യാസമുള്ളതായിരുന്നു. ഒരു ഭംഗിയുമില്ലാത്ത ഒരു താറാവ് കുട്ടി. അതിനെ എല്ലാവരും വെറുത്തു, കൊത്തിയോടിച്ചു. കാരണം അത് വ്യത്യസ്തമായ ജീവിയായിരുന്നു. പല പിന്തള്ളപ്പെടലുകളും അതിജീവിച്ചു  പാവം താറാവിൻ കുട്ടി ജീവിച്ചു വന്നു.

ഒടുവിൽ, സുന്ദരമായ അരയന്ന കൂട്ടത്തിനെ നോക്കി ‘അവരും എന്നെ കൊത്തിയോടിക്കുമോ?’ എന്ന് ഭയന്ന് മാറിയപ്പോൾ, അവ സ്നേഹത്തോടെ അതിനെ സ്വീകരിക്കുന്നു. ‘ നീ ആരാണെന്നു തിരിച്ചറിയൂ- നിന്റെ പ്രതിഫലനം നോക്കൂ ‘ എന്ന് പറയുന്നു. അപ്പോൾ താറാവിൻ കുട്ടി മനസിലാക്കുന്നു, അത് ഒരു അരയന്നമായിരുന്നു എന്നുള്ള സത്യം. സ്വന്തം കൂട്ടുകാർ എത്തിയപ്പോൾ, പൂർണമായി സ്വീകരിക്കപ്പെട്ടപ്പോൾ, അത് വരെ മറ്റുള്ളവർ കണ്ട ദോഷങ്ങളൊക്കെയും , ഗുണങ്ങളായി വിവക്ഷിക്കപ്പെട്ടു! സ്വയം വെറുത്തിരുന്ന പാവം ജീവി, ആത്മാഭിമാനത്തോടെ ജീവിച്ചു!

നമ്മുടെയൊക്കെ ജീവിതത്തിൽ  എവിടെയെങ്കിലും, ഇങ്ങനെയൊരു പാവം താറാവിൻ കുട്ടി കഥയുണ്ടാവും. ഇഷ്ടമല്ലാത്ത വിഷയം പഠിക്കുമ്പോൾ ഉണ്ടാവുന്ന അപകർഷത, ഇഷ്ടമുള്ള കാര്യങ്ങൾ പുച്ഛിക്കുന്ന മറ്റുള്ളവരുടെ  മുന്നിൽ ഭയം, മനസ്സിന് ഉന്മേഷം നൽകുന്ന സൃഷ്ടി പരമായ കാര്യങ്ങൾ ‘അരുത് ! അത് നല്ല പെണ്ണുങ്ങൾക്ക്/നല്ല ആണുങ്ങൾക്കു  പറഞ്ഞിട്ടില്ല’  എന്ന ചുറ്റുവട്ടത്തെ  രൂക്ഷ ശാസനം നേരിട്ട് ടെൻഷൻ  ! നല്ല ഒരു ഡ്രസ്സ് ഇടാൻ അറിയില്ല, ഏതു സമയവും ബുക്കും വായിച്ചു കൊണ്ടിരിക്കും, എന്ന പരമ പുച്ഛത്തെ നേരിടേണ്ടി  വന്നേയ്ക്കും!

നല്ല പെണ്ണുങ്ങൾ/ ആണുങ്ങൾ ഇങ്ങനെയല്ല, അങ്ങനെയാണ് എന്ന് കർശന നടപടി ക്രമങ്ങൾ കേൾക്കേണ്ടി വരും. സൗന്ദര്യമില്ലാത്ത/ അംഗീകാരമില്ലാത്ത  താറാവിൻ  കുട്ടി പലപ്പോഴും മുഖം വെളിയിൽ കാട്ടാതെ ഒളിച്ചിരിക്കും. എത്ര താഴ്ന്നാലും, ആരുടെയും കാരുണ്യം കിട്ടാൻ പോകുന്നില്ല എന്ന് പിന്നെ വ്യക്തമാവും .

ഒടുവിൽ അരയന്നങ്ങളുടെ കൂട്ടത്തിൽ അറിയാതെ ചെന്ന് പെടും. സ്വന്തം ചിറകുകളുടെ ശക്തി മനസ്സിലാക്കും, ആരേയും ഭയപ്പെടേണ്ടതില്ല എന്നും.

കണ്ണ് തുറക്കുമ്പോൾ, ആത്‍മഹത്യ അല്ല വഴി, തലയുയർത്തി ചിറകടിച്ചു പറക്കുന്നതാണ് തന്റെ വഴിയെന്നു തിരിച്ചറിയുന്നു. ഭൂമിയിൽ നിന്നും വലിച്ചെറിയുന്ന കല്ലുകൾ തന്റെ ശരീരത്തിൽ കൊള്ളുന്നില്ല എന്നും, ഈസോപ്പിന്റെ കഥയും, ആൻഡേഴ്സണിന്റെ കഥയും ഒന്ന് തന്നെ എന്നും തിരിച്ചറിഞ്ഞു ചിരിക്കുന്നു. എല്ലാവര്ക്കും നന്മ മാത്രം നേരുന്നു. ലോകമേ, നിന്റെ വഴി നിനക്ക്. എന്റെ വഴി എനിക്ക്.

ആ തീരുമാനം എളുപ്പമല്ല.  പക്ഷെ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതിയിൽ നിന്ന് മാറുമ്പോൾ ജീവശ്വാസം കിട്ടുന്നു. സ്വത്വം ബലി കഴിച്ചു ജീവിക്കുന്നതിനെക്കാളും, ചാകുന്നതാണ് നല്ലത് എന്ന് സ്വയം  വെറുക്കുന്നതിനെക്കാളും, എത്രയോ നല്ലതാണ് വേറിട്ട് നടക്കുന്നത്.

പലരും അഭിനയിക്കാൻ മിടുക്കരാണ്. അഭിനയിച്ചു ജീവിക്കണോ, ഭൂമിയിൽ കാലുറച്ചു ജീവിക്കണോ എന്ന് നാം തീരുമാനിക്കണം. അപ്പോൾ, നമ്മെ സ്നേഹിക്കുന്നവർ ഒപ്പം വരും. സ്നേഹിക്കാത്തവർ ദൂരെ പോകും. സ്വയം കൊല്ലുന്നതിനു മുൻപ്,  ഒരു അവസരം കൂടി സ്വന്തം ജീവിതത്തിനു നൽകണം. സ്വയം സ്നേഹിക്കാൻ ശ്രമിക്കണം. പറക്കാൻ അനന്തമായ ആകാശം മുന്നിൽ.

****