ആലി ബാബയും അറുപത്തെട്ടു കുറ്റങ്ങളും

 

IMG_2671

നാൽപ്പതു വയസ്സിനുള്ളിൽ ഒരു മനുഷ്യ ജീവി ചെയ്‌ത മഹാ പ്രവൃത്തികൾ: അറുപത്തിയെട്ടു കുറ്റകൃത്യങ്ങൾ! നല്ല തെളിച്ചമുള്ള പ്രിന്റൗട്ടിൽ തെളിഞ്ഞു കിടക്കുന്നു.

ഇന്ത്യൻ പീനൽ കോഡ് പഠിപ്പിക്കാൻ, സർദാർ വല്ലഭായ് പട്ടേൽ പോലീസ് അക്കാഡമിയിൽ ഇതിനെക്കാൾ നല്ല ഒരു കേസ് സ്റ്റഡി കിട്ടാൻ പോകുന്നില്ല എന്ന് ഞാൻ ചിന്തിച്ചു പോയി !
ഈ മഹത്‌വ്യക്ത്തി ഇപ്പോൾ ഒളിവിലാണെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. ഒരു സർക്കാരുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു ഈ മഹാന്റെ ഏറ്റവും ഒടുവിലത്തെ ശ്രേയസ്കരമായ കർമ്മം.

മൂന്ന് നാലു കേസിൽ ജാമ്യത്തിൽ കറങ്ങി നടക്കുന്ന ഈ വീരന്റെ ജാമ്യം ക്യാൻസൽ ചെയ്യാൻ എന്ത് ശ്രമം നടക്കുന്നു? ഗുണ്ടാ നിയമ പ്രകാരം ഒരു കേസ് പുതിയതായിട്ടു തുടങ്ങാത്തത് എന്തേ ? എന്റെ ധർമ്മരോഷം അസ്ഥാനത്തായിരുന്നു. ‘ഇതൊക്കെ വെറും സാധാരണ സംഭവം’ എന്ന മട്ടായിരുന്നു അവിടുത്തെ പോലീസുകാർക്ക് ! തമ്മിൽ തമ്മിൽ നോക്കി മന്ദഹസിക്കുന്നു !

പണ്ട് ‘ ഏപ്രിൽ 18 ‘ സിനിമയിൽ ഭരത് ഗോപിയുടെ ഒരു പോലീസ് വേഷമുണ്ടല്ലോ ! ശവം കനാലിലൂടെ ഒഴുകി ഇപ്പുറത്തേയ്‌ക്ക്‌ വരാതിരുന്നെങ്കിൽ ! ശ്ശോ , പണിയായി , ഇനിയിപ്പോൾ എന്റെ സ്റ്റേഷൻ അതിർത്തി…’ അത് തന്നെ കാര്യം !
‘ മാഡം , കുടുംബത്തോടെ ഗുണ്ടകളാണ്. രണ്ടു ചേട്ടന്മാരും ഗുണ്ടാ ആക്ടിൽ ജില്ലയുടെ വെളിയിലാണ് കേട്ടോ ( കളക്ടർ ഓർഡറിട്ടതിനാൽ). പിന്നെ നല്ല രാഷ്ട്രീയ പിടിപാടാണ്…കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ബ്ലോക്ക് പഞ്ചായത്തിൽ ടോപ്പിലെ കക്ഷിയായിരുന്നു ! പിന്നെ, വീണ്ടും വീണ്ടും ഗുണ്ടാ നിയമം ഉപയോഗിക്കാൻ പാടില്ലല്ലോ!’
ആധുനിക ഗോപിയെ നോക്കിയിരുന്ന എനിക്ക് ചിരി വന്നു.
“കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു….”
‘ പിന്നെ ഇങ്ങേരെ പൊന്നാട അണിയിക്കാനാണോ പ്ലാൻ?’
മേൽ പറഞ്ഞവ ചിന്തിച്ചു, ചോദിച്ചില്ല…!

‘ അല്ല ഇലെക്ഷൻ സമയത്തു, നിങ്ങൾ ആയിര കണക്കിന് നോട്ടീസ് ഇറക്കാറുണ്ടല്ലോ … വെറും ബീറ്റ് റിപ്പോർട്ടിന്റെ പേരിൽ….?’
മറുപടി വന്നില്ല.
‘എന്തായാലും, ഈ കക്ഷിയെ പിടിക്കാനുള്ള വകുപ്പൊക്കെ ഈ ഷീറ്റിൽ തന്നെ ഉണ്ട്. സീനിയർ പ്രോസിക്യൂട്ടിങ് ഓഫീസറുമായി ചർച്ച ചെയ്തു മേൽ നടപടി എടുക്കണം!’ എന്ന് ബാലചന്ദ്ര മേനോൻ സ്റ്റൈലിൽ പറഞ്ഞു.
‘ഗോപിയുടെ’ ഭാവങ്ങൾ നാഷണൽ അവാർഡിന് നിരക്കുന്നതായിരുന്നു എന്നും രേഖപ്പെടുത്തട്ടെ !!
*
ഭയങ്കരരായ കൊള്ളക്കാരുടെ താവളമായിരുന്നു ആ സ്ഥലം പണ്ട്. DACOITS ഇന്റെ വാസ സ്ഥലം. അഞ്ചു നദികൾ ചേരുന്ന അതിർത്തി ദേശം : രണ്ടു സംസ്ഥാനങ്ങൾ , എംപിയും , യൂപിയും തൊട്ടു കിടക്കുന്ന അവസാനത്തെ പോലീസ് സ്റ്റേഷൻ അതിർത്തി. ബ്രിട്ടീഷുകാർ അന്നുണ്ടാക്കിയ കോട്ടയും,പോലീസ് സ്റ്റേഷനുമാണ്.

‘എന്റെ വല്യപ്പൂപ്പനും ചൗക്കിദാർ ആയിരുന്നു സർ!’ തല നരച്ച വൃദ്ധൻ ചൗക്കിദാർ പറഞ്ഞു. തലയിൽ ആ ജോലിയുടെ അടയാളമായി ചുവന്ന തുണി കൊണ്ടാണ് തലക്കെട്ട് …ഇന്നും ഗ്രാമങ്ങളിൽ ചൗക്കിദാർ, പോലീസിന്റെ ഏറ്റവും വലിയ സേവകരാണ്! ഏതു അർദ്ധ രാത്രിയിലും അവർ സൂചനയുമായി സന്നദ്ധർ ! ഒരു വടിയും, ടോർച്ചും, സൈക്കിളും…തീർന്നു സാമഗ്രികളുടെ ലിസ്റ്റ്. മൊബൈലും മറ്റും ചെറു മക്കൾ ഉപയോഗിക്കുന്നു. പക്ഷെ ഇവരുടെ പ്രത്യേകത, ഗ്രാമത്തിലെ എല്ലാ മനുഷ്യരേയും അവരുടെ കുടുംബങ്ങളേയും ഇവർ അടുത്തറിയുന്നു എന്നതാണ്.

എന്തായാലും ഈ നാട്ടിൽ ‘ഡാക്കുവിന്റെ ‘ ചോര ഇപ്പോഴും കൊണ്ട് നടക്കുന്ന വീരന്മാർ ഉണ്ടല്ലോ. നമ്മൾ ഈ വിഷയത്തിൽ വെള്ളക്കാരുടെ നടപടി സ്വീകരിക്കുന്നതിൽ തെറ്റില്ല….അവർ THUGEE PINDARI തുടങ്ങിയവരെ നേരിട്ട രീതി ചരിത്രത്തിൽ പഠിച്ചിട്ടുണ്ടല്ലോ…William Henry Sleeman…!
അങ്ങനെ ചിന്തിച്ചു വന്ന എന്നോട്, വില്ലജ് ഓഫീസർ പറഞ്ഞു, ‘അടുത്ത ഗ്രാമത്തിന്റെ പേര് പിണ്ഡാരി !’

ഇനി അടുത്ത സന്ദർശനത്തിൽ അഞ്ചു നദികളുടെ സംഗമ സ്ഥലമായ പഞ്ചനദയിൽ പോകാനുറച്ചു.
Chambal നദി, ravines, കൊള്ളക്കാരെന്നും മറ്റും വായിച്ചിട്ടുള്ള ആ സ്ഥലങ്ങളിൽ ഡോൾഫിൻസ് ധാരാളമായി കാണപ്പെടുന്നു എന്നറിഞ്ഞു…

അറുപത്തിയെട്ടു കുറ്റങ്ങൾ ചെയ്ത മനുഷ്യനെക്കാളും എത്രയോ നല്ല സ്മരണയായിരിക്കും ആ ദൈവ സൃഷ്ടി!
**

എന്റെ ജീവിതത്തിലെ പ്രകാശം

IMG_2668

‘സുന്ദരകാണ്ഡം’ ഹിന്ദിയിൽ നിന്നും  ഇംഗ്ളീഷിലോട്ടു മൊഴിമാറ്റം നടത്തുവാനുള്ള അറിവ് എനിക്കില്ല. തുളസീദാസിന്റെ സുന്ദര ദോഹകൾ മനസ്സിലാക്കുവാനായി ഞാൻ ഒരു ശ്രമം നടത്തി. അന്പത് അധ്യായങ്ങളായി അത് പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഹനുമാൻ സ്വാമി ജീവശ്വാസമായി കൂടെയുണ്ടെന്ന ഉറപ്പ് , അതായിരുന്നു പ്രചോദനം.

ഏറ്റവും പ്രിയമുള്ള വല്യച്ഛൻ എന്നും ബൈബിൾ വായിച്ചിരുന്നു…എല്ലാ സന്ധ്യകളിലും, പൂജാ മുറിയിൽ, വിളക്ക് കൊളുത്തി നാമം ജപിച്ചിട്ടു നേരെ വല്യച്ഛന്റെ മുറിയിൽ, മുട്ട് കുത്തി നിന്ന് കാരുണ്യവാനായ യേശു ദേവനേയും, പുണ്യമാതാവിനേയും കണ്ണ് തുറന്നു നോക്കി കൊണ്ട് പ്രാർത്ഥിക്കും. വല്യച്ഛൻ കപ്പലിൽ നിന്നും വരുന്ന വിശിഷ്ട വേളകളിൽ, എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങൾ വെട്ടുകാട്  പള്ളിയിൽ പോകും. അവിടുത്തെ കത്തുന്ന മെഴുകുതിരുകളിൽ, എന്റെ ബാല്യത്തിന്റെ ഏറ്റവും സ്നേഹം നിറഞ്ഞ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്നു.

അങ്ങനെ ദൈവത്തിനെ ഏതു രൂപത്തിലും സ്നേഹിക്കാമെന്നു പഠിച്ചാണ് വളർന്നത്. അത് എത്ര വലിയ ഒരു അനുഗ്രഹമായിരുന്നു എന്ന്, ഇന്ന് ഞാൻ തിരിച്ചറിയുന്നു. എത്ര മേൽ ദുർഭാഷണം ശ്രവിച്ചാലും, എത്ര തന്നെ പുച്ഛത്തെ നേരിട്ടാലും, സർവജ്ഞ, സർവ വരദ, സ്നേഹസ്വരൂപ, കാരുണ്യവാരിധേ എന്ന് ചൊല്ലുമ്പോൾ, എന്റെ മനസ്സിൽ ഇന്നും ചിരിക്കുന്ന ദേവ രൂപങ്ങളുടെ മുന്നിൽ നിലവിളക്കും, മെഴുകുതിരിയും ഒരു പോലെ പ്രകാശിക്കുന്നു.

പറഞ്ഞു വന്നത്, ആ പ്രപഞ്ച ശക്തിയെ പറ്റി : അനിർവചനീയമായ പുണ്യം.

പുസ്‌തക കടയിൽ ആർത്തി പിടിച്ചു നടക്കുമ്പോൾ, കൈകളിലേക്ക് ആരോ എടുത്തു തന്നത് പോലെ ഒരു കൃതി. അതിൽ, ഹനുമാൻ മന്ത്രങ്ങളും, വലിയച്ഛൻറെ പ്രിയപ്പെട്ട ബൈബിളിലെ വരികളും ഒരു പോലെ ചൈതന്യവത്തായി കിടക്കുന്നു. അന്ന് ഞാൻ മനസ്സിലാക്കി: ആ കാരുണ്യവാനായ തമ്പുരാന് ഓരോ പുൽക്കൊടിയുടെ അനക്കം പോലും അറിയാം. ആ പുസ്‌തകം എന്റെ കർമ്മകാണ്ഡത്തിലും കിടന്നിരുന്നു എന്നതാണ് വാസ്‌തവം.

വേളാങ്കണിയിൽ അവസാനമായി പ്രാർത്ഥിച്ചിട്ടു തിരിച്ചു വരുന്ന വഴിയിലാണ് വല്യച്ഛൻ അപകടത്തിൽ പെട്ട് മരിച്ചത്. സമയമായപ്പോൾ, പുണ്യാത്മാവിനെ കൊണ്ട് പോകാൻ സ്നേഹസ്വരൂപൻ തന്നെ വന്നിരിക്കണം.

പല ധർമ്മങ്ങളും സ്നേഹത്തിന്റെ ധർമ്മമായി കാണുന്ന ഈ പുസ്‌തകത്തിനെ, വിവർത്തനം വഴി, ഭാഷയുടെ ഒരു ഒഴുക്കിൽ നിന്നും മറ്റനേകം പുഴകൾ ഒഴുകുന്ന ജലസമുച്ചയത്തിലേക്ക് ആനയിക്കുവാനാകുമെങ്കിൽ, അത് എന്റെ വല്യച്ഛന്റെ    ഓർമ്മയ്‌ക്കു മുന്നിൽ അർപ്പിക്കുന്ന കത്തുന്ന മെഴുകുതിരിയാവും. വായിച്ചു വളരാൻ പഠിപ്പിച്ച പിതൃതുല്യന് ഒരു സ്നേഹാർപ്പണം…

A Hymn Of Gratitude

IMG_2667

How do you feel after climbing a hill? Stand at the pinnacle of a mountain top?

Gratitude fills my heart.

There is deep satisfaction, at the culmination of an eventful journey -where words were my constant companions. A path which was profusely lush with hymns from the Holy Bible and the various Upanishads. Where Hanuman mantras merged seamlessly with propiatory shlokas praising the Goddess!

The first draft of a major translation project stands completed! Almost three hundred pages of sheer delight as a translator!

I am inspired by the humility, the brilliance and wisdom of the unassuming writer, who  gave me  full freedom and heartfelt  encouragement  at every stage! Thank you, thank you for the great opportunity!

On Navami,  when the splendour of the Goddess of Learning is casting its mesmerising magic all around, I bow before her graciousness in making me the chosen instrument of her wishes.

Guide us towards light…Mother! To work harder, to spread the beauty of learning, to quietly do our bit in this magnifIcent world, without getting sidetracked into what you may deem worthless in your divine wisdom.

‘But when they measured it with an omer, those who gathered much had nothing over, and those who gathered little had no shortage…!’

Thank You Again!

 

തോലന്റെ പനസി അഥവാ ചക്കി

IMG_2656

ഞാൻ എരുക്ക് തപ്പി ഇറങ്ങിയതായിരുന്നു…എത്തി ചേർന്നത് തോലനിൽ!!!

തോല കവിയെ പറ്റി പണ്ട് ഐതിഹ്യമാലയിൽ വായിച്ചിട്ടുണ്ട്. സംസ്കൃതവും മലയാളവും നല്ല കൈത്തഴക്കത്തോടെ, ഫലിതരൂപേണ പ്രയോഗിച്ചു വന്ന അതിബുദ്ധിമാൻ.
അദ്ദേഹത്തിന്റെ ‘nemesis’ ആയിരുന്ന ചക്കിയെന്ന സ്ത്രീയെ കുറിച്ച് എഴുതിയ പല വരികളും, പൊങ്ങച്ച സഞ്ചി കൊണ്ട് നടക്കുന്നവർക്ക് നല്ല പരിഹാസമാണ്.

‘അന്നൊത്ത പോക്കീ! കുയിലൊത്ത പാട്ടീ!
തേനൊത്ത വാക്കീ! തിലപു‌ഷ്പമൂക്കീ!
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ!’

അരയന്നത്തെ പോലെ നടക്കുന്നവളേ
കുയിലിന്റെ ശബ്ദ മാധുര്യമുള്ളവളേ
തേൻ പോലെ വാക്കുകൾ മൊഴിയുന്നവളേ
എള്ളിൻപൂ പോലത്തെ മൂക്കുള്ളവളേ
പാവപ്പെട്ട ഇല്ലത്തെ, ധാന്യമണികൾ പോലെ
നീണ്ടതായ കണ്ണുകൾ ഉള്ളവളേ!!

(കുറച്ചു അരി കൊണ്ട് ധാരാളം പേരെ ഊട്ടണമല്ലോ! അല്ലെങ്കിൽ, ധാരാളം നാൾ കുടുംബം നടത്തണമല്ലോ…അപ്പോൾ യവാഗു-ധാന്യമണികൾ, പ്രയോഗത്തിൽ നീണ്ടിരിക്കുമല്ലോ !)

എന്തായാലും പഠിപ്പില്ലാത്ത സ്ത്രീ പറഞ്ഞു: ‘എന്നെ ഇങ്ങനെ പോക്കി, വാക്കി എന്നൊന്നും വിളിക്കേണ്ട..നല്ല വാക്കുകൾ വേണം!’

അങ്ങനെ തോല കവി നിമിഷ നേരം കൊണ്ട് സംസ്‌കൃത ശ്ലോകം ഉണ്ടാക്കി ചൊല്ലി പോലും:

‘അർക്കശു‌ഷ്കഫലകോമളസ്തനീ!
ശർക്കരാസദൃശ ചാരുഭാ‌ഷിണീ!
തന്ത്രിണീദല സമാന ലോചനേ!
സിന്ധുരേന്ദ്രരുചിരാമലദ്യുതേ!’

ചക്കിയെ കൊണ്ട് തോലനെതിരെ ഒരു # മി ടൂ തുടങ്ങാൻ വകുപ്പുള്ള വക ആ വരികളിലുണ്ടല്ലോ.

പല വിവക്ഷകളിൽ , ‘ ഗണപതി വാഹനായരി നയന’
( പൂച്ചക്കണ്ണി ! എലിയുടെ ‘അരി ‘ / ശത്രുവായ പൂച്ച.)
പിന്നെ ‘ ദശരഥ നന്ദന സഖ വദന’
(ഹനുമാന്റെ മുഖം? കുരങ്ങി.!!!)
എന്നുമൊക്കെ വായിക്കാൻ സാധിക്കുന്നു.

**
പൊട്ടി ചിരിപ്പിക്കുന്ന പല ഭാഷാ പ്രയോഗങ്ങളും, കവിതകളും, കഥകളും, കണ്ടെത്താൻ ബുദ്ധിമുട്ടില്ല…പുസ്‌തകം കിട്ടാനാണ് പാട് !

സി വി രാമൻ പിള്ളയുടെ പ്രഹസനങ്ങൾ കിട്ടാനില്ല! പണ്ട് ഞാൻ കൊതിയോടെ പത്താം ക്ലാസ്സിൽ വയ്ച്ചു ‘ കുറുപ്പില്ലാ കളരിയും, പാപി ചെല്ലുന്നിടം പാതാളവും’ മറ്റും ഒരു ടീച്ചറോട് ചോദിച്ചു വായിച്ചതായി ഓർമ്മ … ഇതൊന്നും സുലഭമല്ലാത്തത് എന്താണാവോ ?

അരവിന്ദന്റെ ‘ ചെറിയ മനുഷ്യരും വലിയ ലോകവും ‘ തരാൻ അണ്ണനോട് കാല് പിടിച്ചിട്ടും ഒരു രക്ഷയുമില്ല !
‘ഒരു കോപ്പി മാത്രമേ ഉള്ളൂ …വേണമെങ്കിൽ ഇവിടിരുന്നു വായിച്ചോ…’ എന്നാണ് കർക്കശ മറുപടി .

പിന്നെ രക്ഷ ഇന്റർനെറ്റ് തന്നെ…അങ്ങനെ തോലനെയെങ്കിലും വീണ്ടു കിട്ടി…പല ഗൂഗിൾ ഗ്രൂപ്സ് തോല കവിക്കായി ഉണ്ടെന്നും മനസ്സിലായി!

‘പനസി ദശായാം പാശി’
ചക്കി പത്തായത്തിൽ കയറി…ഭാഷയുടെ ഗൂഢ-ചിരികൾ വല്ലപ്പോഴുമെങ്കിലും നമുക്ക് വേണ്ടേ?
**
നന്ദി

https://ml.m.wikisource.org/wiki/ഐതിഹ്യമാല/തോലകവി

മത്സ്യപുരാണം

IMG_2655

‘ എന്റെ അമ്മയുടെ ആ മീൻ കറി ! അതിന്റെ രുചി…’
‘   അത് കൊള്ളാം ! ഞാൻ മീൻ കൈ കൊണ്ട് തൊടുന്നത് തന്നെ നിങ്ങളുടെ വീട്ടിൽ ചെന്നിട്ടാ !’
‘നിന്റെ കറിയും മോശമല്ല!’
‘ഓ, ഇപ്പോഴെങ്കിലും ഒന്ന് പറഞ്ഞല്ലോ!’
‘നാളെ പച്ച മാങ്ങയും മുരിങ്ങക്കായും ചേർക്കണം കേട്ടോ!’
‘അതിനെന്താ, ആവാമല്ലോ !’
അത് അച്ഛനും അമ്മയും തമ്മിലുള്ള നിർദ്ദോഷമായ ഡയലോഗ്.
*
എന്നെ മീൻകാരിയുടെ അടുക്കൽ നിന്നും വാങ്ങിയതാണെന്നും, അത് കൊണ്ടാവും എനിക്ക് മീൻ കൊതി എന്നും പറഞ്ഞു കേട്ടിട്ടുണ്ട് !
മീൻ, അതിന്റെ ഏതു വകഭേദത്തിൽ പെട്ടാലും, നമ്മുടെ പ്രിയ ഭക്ഷ്യ വസ്തു തന്നെ.
തിരുവോണത്തിനും ‘അതെന്താ മീൻ കിട്ടിയില്ലേ?’ എന്ന് ചോദിക്കുന്നവർ കുടുംബത്തിലുണ്ട്.
‘ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം’ എന്നാണ് ചിലരുടെ ഭാവമെങ്കിൽ, ഞങ്ങളുടെ കുടുംബത്തിൽ, ‘ജീവിക്കുന്നെങ്കിൽ നല്ല മീൻ കഴിച്ചിട്ട് വേണം’, എന്ന നിലപാടാണ് .
‘അപ്പച്ചിയുടെ വാള മീൻ കറി സ്വപ്നം കാണുന്നു’ എന്നും മറ്റുമുള്ള വാക്യങ്ങളിൽ യാതൊരു പുതുമയുമില്ല. അതിന്റെ രുചിയറിഞ്ഞ ആരും തന്നെ, സ്വപ്നം കണ്ടു കൊണ്ടേയിരിക്കും…
‘കുടംപുളിയും വെളുത്തുള്ളിയും ഇട്ട മീൻ, മദ്ധ്യ തിരുവിതാംകൂർ സ്പെഷ്യലാണ്…ഞങ്ങൾ വാളൻ പുളിയാണ് ചേർക്കുക…’
‘പൊരിച്ച മത്തി കഴിക്കണോ, അത് വാഴയിലയിൽ  വാട്ടിയതു വേണം!’
‘ആര് പറഞ്ഞു? നല്ല എണ്ണയിൽ വറുത്തു കോരി ഞങ്ങടെ അവിടെ ഉണ്ടാക്കുമല്ലോ!’
‘കണവ കഴിച്ചിട്ടുണ്ടോ? അതോ നത്തോലി കരിവാട് പാർട്ടിയാണോ?

‘കണവ തോരനാണ് എനിക്കിഷ്ട്ടം! പിന്നെ നല്ല തേങ്ങ വറുത്തരച്ച കൊഞ്ചു കറിയും കേമം!
‘കറിവേപ്പിലയുടെ കുറവുണ്ട് ! പക്ഷെ സംഗതി കൊള്ളാം!’
എന്തൊക്കെ മീൻ പുരാണം കേൾക്കണം !
*
അങ്ങനെ, അങ്ങനെ, കടലിനും സമുദ്രത്തിനും ദൂരെ, കടൽ മീനെന്നു കേട്ടുകേഴ്‌വി ഇല്ലാത്ത നാട്ടിലെത്തി.
‘അയ്യോ, മീൻ കഴിക്കുമോ?’
ആ ധ്വനി കേട്ടപ്പോൾ തന്നെ എനിക്ക് അപകടം മണത്തു.

‘തിരിച്ചു കടിക്കാത്ത എന്തിനേയും തിന്നും. ആരേയും ഭത്സിക്കാതെ, നിറഞ്ഞ മനസ്സോടെ ആഹാരം കഴിക്കുന്നതിനു, ജാതിമതഭേദമുണ്ടോ?’

മനസ്സിൽ തോന്നിയത് അതാണ് : പക്ഷെ പറഞ്ഞില്ല.

‘ഞാൻ വളർന്നത് കടലിന്റെ നാട്ടിലാണ് ! ബംഗാളികളും മലയാളികളും, ഫുട്ബോളിനോപ്പം മീനിനേയും സ്നേഹിക്കുന്നു !’
ആദ്യമായാണ്, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ ഒരു വർഗ്ഗഭേദം ശ്രദ്ധിച്ചത്.

സസ്യാഹാരം ഒരു പടി മുന്നിൽ എന്നാണ് പലരുടെയും നിലപാട്.
‘ജോർജ് ബെർണാഡ് ഷായുടെ ഒരു ഫലിതമുണ്ട് : ആരായിരുന്നു കൂടുതൽ ദേഷ്യം പിടിച്ചവൻ? സസ്യാഹാരിയായ CAIN അഥവാ മാംസാഹാരിയായ ABEL ?കഥ അറിയാമോ?’ ഞാൻ ചോദിച്ചു.
‘അല്ലെങ്കിലും ഇവർ ഇച്ചിരി കൊമ്പുള്ള കൂട്ടത്തിലാ’, എന്ന മട്ടിൽ ചിലർ തുറിച്ചു നോക്കി…
ഞാൻ ഉത്തരം കൊടുക്കാതെ പിന്തിരിഞ്ഞു.

**
അമ്മയെ വിളിച്ചപ്പോൾ ദുഃഖം രേഖപ്പെടുത്തി : ‘ അമ്മേ, ദോശയും, തലേന്നത്തെ വറ്റിച്ച മീൻ കറിയും വേണം. വായിൽ വെള്ളമൂറുന്നു !’
‘എന്റെ കുഞ്ഞേ ! ചക്കപ്പുഴുക്കും മീനും ഇപ്പോൾ അച്ഛന്    വിളമ്പിയതേ ഉള്ളൂ….കഷ്ടം നിനക്ക്   തരാൻ പറ്റുന്നില്ലല്ലോ !’
‘ ഇനി അതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ ! അമ്മാ, ഫോൺ വെച്ചോ !’ ഞാൻ തിക്ത മനസ്സോടെ നെടുവീർപ്പിട്ടു.
അണ്ണനെ വിളിച്ചപ്പോൾ, സമുദ്രങ്ങൾക്കപ്പുറത്തും നിന്നും ഒരു ചിരി…’ആഹാ , ഞാനിപ്പോൾ മീനും കൂട്ടി കപ്പ കഴിച്ചതേയുള്ളൂ ! നിനക്ക് കിട്ടത്തില്ല അല്ലേ ഇതൊന്നും?’

മത്സ്യാവതാരവും മറ്റും ചെയ്ത എന്റെ ഭഗവാനേ! വല്ലപ്പോഴും സിസ്റ്ററുമാർ കൊണ്ട് തരുന്ന മീൻ കറി നീയായിട്ടു മുടക്കം വരുത്താതെ നോക്കണേ ! അതും കൂടി ഇല്ലെങ്കിൽ, ‘മീൻ തൊട്ടു കൂട്ടാൻ’ ഭാഷയുടെ പിതാവ് പറഞ്ഞത് literally പാലിക്കാതെ ജീവിക്കേണ്ടി വരുമല്ലോ!

**

വിവർത്തനം നൽകുന്ന പാഠങ്ങൾ

IMG_2650

1.
പട പേടിച്ചു പന്തളത്തെത്തുമ്പോൾ??
പന്തം കൊളുത്തി പട. ( ശരണം അയ്യപ്പാ!)

FLAMBEAU എന്ന വാക്കാണ്  അർത്ഥബോധത്തിൽ  ‘പന്തം’ എന്ന വാക്കിൻറെ ശരിയായ മൊഴിമാറ്റം. ചെസ്റ്റർട്ടണിന്റെ ഫാദർ ബ്രൗൺ കഥകൾ വായിച്ചിട്ടുള്ളവർ ആ കഥാപാത്രത്തെയും, ആ വാക്കിന്റെ ഉപയുക്‌തതയും രസത്തോടെ ഓർക്കും . പക്ഷെ ‘ദി ബ്ലൂ ക്രോസ്സ്’ വായിക്കാത്തവരും ഉണ്ടല്ലോ ദുനിയാവിൽ!

പറഞ്ഞു വന്നത്, പന്തത്തിന്റെ ‘അനുവാദം’ (ഹിന്ദിയിൽ ഒരു ചിരിക്കു വക നൽകി കൊണ്ട്, ഭാഷാന്തരത്തിനു ‘അനുവാദ്’ എന്നാണ് പറയുക.) തേടി ഞാൻ ഒടുവിൽ ഫ്ളയ്മിങ് ടോർച്ചിൽ എത്തി ചേർന്ന്‌ സായൂജ്യമടഞ്ഞു. ആ യാത്രയിൽ, ഇഷ്ടപ്പെട്ട ഒരു പുസ്‌തകത്തിന്റെ ഓർമ്മ പുതുക്കാനായി.

2. പര്യായവാചി എന്ന ഗൂഗിൾ മഹിമ

‘നിർവികാരം’ എന്ന വാക്കെടുക്കുക,…അതിപ്പോൾ പല സ്ഥലത്തും ഒരേ വാക്ക് ഉപയോഗിച്ചാൽ,  പരിഭാഷയിൽ കല്ല് കടിക്കും.
synonyms എന്ന ഗൂഗിൾ മന്ത്രജാലം കാരണം  പര്യായങ്ങൾ റെഡി! indifference , listlessness, lethargy…ഏതു വേണമെങ്കിലും എടുക്കാം.
THESAURUS വായിക്കാതെ ഒരു കുറുക്കു വഴി…

3
മേഘമോ താമരയോ ?

പണ്ട് സിസ്റ്റർ വിമല കണിശത്തോടെ പഠിപ്പിച്ച പല പാഠങ്ങളും ഉപയോഗം വരുന്നുണ്ട്.
നീരദം / നീരജം

കൊടുക്കുന്നത് ‘ദം’..അത് കൊണ്ട് നീര് കൊടുക്കുന്ന മേഘം നീരദം
ജനിക്കുന്നത് ‘ജം’…അതിനാൽ നീരിൽ ജനിക്കുന്നത് താമര.

പല വാക്കുകളുടെയും ശരിക്കുള്ള സത്തു മനസ്സിലാക്കാനായി കൂടുതൽ വായിക്കുമ്പോൾ, ഒരു AHA ഫീലിംഗ്! വിവർത്തനത്തിൽ മേഘത്തെ താമരയായി കാണാൻ ആവില്ലല്ലോ !

4
കൈതേ, കൈതേരിമാക്കം…!

കൈതേരിമാക്കം കൈതപ്പൂ മുടിയിൽ ചൂടാൻ ‘കൈയുയർത്തും ദശായാം’…. ആ ഭാവനയിൽ വിരിഞ്ഞ ശൃംഗാരവും, വാക്ചാതുരിയും! പിന്നെ അന്തം വിട്ടിരിക്കുന്ന കുറേ പ്രീഡിഗ്രി പെൺപിള്ളേരും!

എന്തായാലും കൈത പൂവിന്റെ  തർജ്ജമയായി,  ‘ screw-pine flower’ എന്ന് ടൈപ്പ് ചെയ്തിട്ട് ദീർഘ നിശ്വാസം ( deep sigh ?) നടത്തി നമ്മൾ കൗമാരത്തോട്ടു പോയി.

ദശാബ്ദങ്ങൾക്കു പിന്നിൽ നിന്നും വെണ്മണി കുടുംബവും മറ്റും ഓർമ്മയിൽ ഓടിയെത്തുന്നു. അതൊക്കെ ഒരിക്കൽ കൂടി ഒന്ന് വായിക്കാൻ പറ്റിയെങ്കിൽ എന്നൊരു ആഗ്രഹം…

പക്ഷെ ചിന്തിച്ചിരിക്കാൻ സമയമില്ല.

ദൈവമേ, പൂവരശിന്റെ ഇംഗ്ലീഷ്…! അതോ, പൂവരശ് എന്ന് തന്നെ എഴുതിയാലോ?
വിവർത്തകയുടെ വിവരക്കേട് കാരണം മരം മാറി പോകരുതല്ലോ!!
അങ്ങനെയങ്ങനെ…പാഠങ്ങൾ ഇനിയും ഒത്തിരി പഠിക്കാൻ ബാക്കി…
എഴുത്തുകാർക്ക് നന്ദി – നിങ്ങളുടെ ബുദ്ധിശക്‌തി കാരണം, എന്റെ വിവരമില്ലായ്മ എനിക്ക് വ്യക്തമാവുന്നു!

**