ഒരു വിലാപം

IMG_2796

പതിനാറു കൊല്ലം മുൻപാണ്, സൈനികരോടൊപ്പം ട്രെയിനിങ് ചെയ്യാൻ കൊടും തണുപ്പത്തു ജമ്മു കാശ്മീരിൽ എത്തിയത്. ഐ എ എസ്സ് ഓഫീസർ ട്രെയിനികൾ, ഭാരതത്തിനു വേണ്ടി എവിടെ പോസ്റ്റ് ചെയ്താലും ജോലി ചെയ്യാൻ പരിശീലിക്കപ്പെടുന്ന വേള. ജീവിതത്തിൽ ഇത്രയും ഉയരത്തിലുള്ള, തണുപ്പുള്ള, ഒരു സ്ഥലം ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.
അവിടെ ചെന്നപ്പോൾ, വീരനായ മലയാളി മേജർ ജീവൻ ബലിയർപ്പിച്ച ബറ്റാലിയണിന്റെ കഥ പറഞ്ഞു തന്നു colonel.. ഉറി സിനിമയിലെ കഥ… മണിപ്പൂർ പോസ്റ്റിംഗിനിടെ കൺവോയ് പോകുന്ന പാതയിൽ ചതി പത്തി വിടർത്തി കാത്തിരുന്ന കഥ…വെടിയേറ്റിട്ടും, തന്റെ കൂട്ടാളികളെ സംരക്ഷിക്കാൻ മുന്നോട്ട് കുതിച്ച വീരപുത്രൻ…മുപ്പതു വയസ്സിനു മുൻപ് അണഞ്ഞു പോയ ദീപം.
‘അദ്ദേഹത്തിന്റെ കുടുംബം നിങ്ങളുടെ നഗരത്തിൽ ഉണ്ട് കേട്ടോ…പറ്റുമെങ്കിൽ കാണുക…’ എന്നോട് പറഞ്ഞു കൊണ്ട് അദ്ദേഹം നിർത്തി.
‘ശ്രീമാൻ, ഖാന തയ്യാർ ഹൈ!’ അത് പറഞ്ഞു ആഹാരത്തിനു ക്ഷണിച്ചതും ഭാരതത്തിലെ ഇങ്ങേയറ്റത്തെ , കൊച്ചു കേരളത്തിലെ മറ്റൊരു പുത്രൻ.

രാത്രി, സൈനികരോടൊപ്പം ഞങ്ങൾ കുന്നും മുകളിൽ പോയി. ഒരു പ്രകാശവും പാടില്ല, എന്നാൽ അപകടത്തിന് സാധ്യത കൂടും. LOCയുടെ വളരെ അടുത്തായിരുന്നു ഞങ്ങൾ. എങ്ങനെ കുന്നു കയറി എന്നറിയില്ല. എന്തായാലും ഹിമാലയ സാനുക്കളിൽ ട്രെക്കിനു പോയ അനുഭവമുള്ള ഞങ്ങൾ വിരണ്ടില്ല. പണ്ട് കുതിര സവാരി ചെയ്യാൻ പരിശീലിപ്പിച്ചപ്പോൾ,’ കുതിരയെ മെരുക്കാമെങ്കിൽ എന്തിനേയും നേരിടാം’, എന്ന് പറഞ്ഞ ട്രെയ്നറിനെ ഓർത്തു. വെടിയൊച്ച കേട്ടു. തിരിച്ചും വെടി വെയ്ക്കുന്നത് കണ്ടു. രാത്രിയിലും കാണാവുന്ന ദൂരദർശിനി ഉപയോഗിച്ച് നോക്കിയപ്പോൾ, അയൽ രാജ്യത്തിൻറെ സൈനികരെ കാണാറായി. അവർ നമ്മെ പോലെ, സ്വന്തം രാജ്യത്തിൻറെ അതിർത്തി കാക്കുന്നു.

മിലിറ്ററി ട്രെയിനിങ് നല്ല ഉൾകാഴ്ച തന്നു. ഏറ്റവും ലേറ്റസ്റ്റ് തോക്കു കൊണ്ട് വെടി വെയ്ക്കാൻ ഞങ്ങൾക്കും കിട്ടി പരിശീലനം. എങ്കിലും, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാഠം, ഒന്നിനേയും ഭയമില്ലാത്ത മനുഷ്യരെ കാണുകയായിരുന്നു.

ജോലി സ്ഥലങ്ങളിൽ, ജീവിതത്തിലെന്ന പോലെ , പലപ്പോഴും ഒരു പാത നമ്മുടേതായി ഉണ്ടാക്കേണ്ട അവസ്ഥകൾ വരും. അപ്പോൾ ഭയം സ്വാഭാവികമാണ്…എന്തും സംഭവിക്കാം! പക്ഷെ അപ്പോൾ എന്റെ മനസ്സിൽ, വീരനായ സൈനികന്റെ രൂപം തെളിയും. ഞാൻ ഇരുട്ടത്ത് തപ്പി തടഞ്ഞു കയറിയ മല ഓർമ്മ വരും. അപ്പോൾ ധൈര്യം തോന്നും.

പിന്നീട് പല ജില്ലകളിൽ കളക്ടറായി ജോലി ചെയ്തപ്പോഴും, ഒരു സൈനികനോ , കുടുംബമോ എന്ത് ആവശ്യമായി മുന്നിൽ വന്നാലും , എനിക്ക് വളരെ പെട്ടെന്ന് അവരുടെ പ്രശ്‌നം പരിഹരിക്കാൻ ഒരു ഉൾവിളി ഉണ്ടായി. ഞാനും, നിങ്ങളും, സുഖമായി രാത്രിയിൽ ഉറങ്ങുന്നത് അയാൾ ഉണർന്നിരിക്കുന്നത് കൊണ്ടാണല്ലോ.

പാരാ മിലിറ്ററി സർവീസ് ആയ crpf , Bsf, തുടങ്ങിയ മറ്റ് ആനേകം പടയാളികളുണ്ട്. അവർ നിശ്ശബ്ദരായി അവരുടെ ജോലി ചെയ്യുന്നു. ആയതിനാൽ നാം സുഖമായി ജീവിക്കുന്നു.

വീര മൃത്യു വരിച്ച സഹോദരങ്ങൾക്ക് നമോവാകം. എന്റെ ജോലി, അതെന്തു തന്നെ ആയാലും, നല്ല മനസ്സോടെ ചെയ്യാൻ എനിക്ക് കഴിയട്ടെ. തുറന്ന മനസ്സോടെ മറ്റുള്ളവരെ, സമൂഹത്തിനെ, പ്രകൃതിയെ : കൂടുതൽ പ്രകാശപ്പെടുത്താൻ എനിക്ക് കഴിയട്ടെ. അങ്ങനെ, എന്റെ കർമ്മങ്ങൾ കൊണ്ടാവട്ടെ നിങ്ങളുടെ ജീവ ത്യാഗത്തിനുള്ള എന്റെ അർപ്പണം!

ജയ് ഹിന്ദ്!