നാകം, നരകം.

IMG_2808

മജിസ്‌ട്രേറ്റിനും പോലീസിനും കുറ്റവാളികളും കുറ്റ കൃത്യങ്ങളും പുത്തരിയല്ല. ശവശരീരങ്ങളും മറ്റും ജോലിയുടെ ഭാഗമായിട്ട് നിസ്സംഗതയോടെ നോക്കി കാണേണ്ട സ്ഥിതികൾ ഉണ്ടാവും. കല്ലേറും, അടിപിടിയും, ആൾക്കൂട്ട നിയന്ത്രണവും, വെടിവെപ്പും, അങ്ങനെയങ്ങനെ പല തരം സാഹചര്യങ്ങൾ ജോലിയിൽ നേരിടേണ്ടാതായി വന്നേയ്ക്കും. തുടർച്ചയായി അത്തരം ഫീൽഡ് പോസ്റ്റിങ്ങ് ചെയ്യുമ്പോൾ അൽപ്പം സമാധാനമുള്ള ഒരു അസ്‌സൈന്മെന്റ് കിട്ടിയെങ്കിൽ എന്ന് വരെ തോന്നുകയും ചെയ്യും.

എവിടെ ചെന്നാലും, നമ്മൾ നേരിടേണ്ടത് മനുഷ്യനെ ആണെന്നും, മനുഷ്യനോളം ക്രൂരത പ്രകൃതിയിൽ മറ്റൊരു ജീവജാലത്തിനും കാട്ടാനാവില്ല എന്നും കാലക്രമേണ മനസ്സിലാവുന്നു.
ആ ഫോട്ടോ ഒരിക്കൽ കൂടി കണ്ടു. മധുവിന്റെ നിസ്സഹായത നിറഞ്ഞ നിൽപ്പാണ് എഴുതാൻ തോന്നിച്ചത്.

നരഭോജികൾ എന്നും മറ്റും വിളിക്കേണ്ടത് മനുഷ്യനെ തന്നെയാണ്. ഒരു കടുവയും പുലിയും ആ സാധുവിനെ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു കൊലവിളിച്ചിട്ടു, ആനന്ദിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യില്ല. നമ്മൾ ചെയ്യും, മനുഷ്യരായ നമ്മൾ.

അതിക്രൂരമായി കൊല്ലപ്പെട്ട കുഞ്ഞിന്റെ ശവവും കൊണ്ട് കളക്ടറേറ്റ് പടിക്കൽ നിലവിളിച്ചെത്തിയ മാതാപിതാക്കളെ കാണേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ചതിച്ച പുരുഷന്റെ വിവാഹ നാൾ ആസിഡ് കൊണ്ട് പക വീട്ടി സായൂജ്യമടഞ്ഞ, ഇരുപതുകാരിയെ കണ്ടിട്ടുണ്ട്. പിഞ്ചുപെൺകുട്ടിയെ ഉപദ്രവിച്ചു കൊന്നിട്ട്, മെഡിക്കൽ ചെക്കപ്പിന് യാതൊരു കൂസലുമില്ലാതെ നിൽക്കുന്ന യുവാവിനെ കണ്ടിട്ടുണ്ട് . മരുമകളെകൊന്ന കേസിൽ, ‘അത് പിന്നെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു പോയതാണ്’ എന്ന് ചൊല്ലിയ അറുപതുകാരിയെ കണ്ടിട്ടുണ്ട്. ബിസിനസ്സ് പാർട്ണറെ കൊന്നതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന എംബിഎ ക്കാരിയെ കണ്ടിട്ടുണ്ട്. ജോലി നൽകിയ വലിയ പാഠം : മനുഷ്യനോളം ദുഷ്ടത ഈ ലോകത്തിൽ മറ്റൊരു ജന്തുവിനും ഇല്ല.

ജന്തുക്കൾ സ്വരക്ഷയ്ക്കും വിശപ്പിനും വഴങ്ങി ആക്രമിക്കുന്നു. ഇണയെയും കുഞ്ഞുങ്ങളേയും തൊട്ടു കളിച്ചാൽ അക്രമാസക്‌തരാവുന്നു . പക്ഷെ അവ മേൽപ്പറഞ്ഞ രീതികളിൽ കൊല്ലില്ല. ഒരിക്കലും സ്വന്തം കൃത്യങ്ങളിൽ നിഗളിക്കില്ല. പത്തു പേരുടെ കൈയടി നേടാൻ ‘ കണ്ടോ ഞാൻ കൊന്ന എന്റെ വർഗ്ഗത്തിലെ മറ്റൊരുവനെ ‘ എന്ന് വീരവാദം മുഴക്കില്ല. കൊന്നതിനു ന്യായീകരണമായി സാഹിത്യമോ, രാഷ്ട്രീയമോ, ലഹരിയോ കൂട്ടുപിടിക്കില്ല. അത് മനുഷ്യ വർഗ്ഗ സ്‌പെഷ്യലിറ്റി!

റോഡിൽ ചോരയൊലിച്ചു കിടക്കുന്ന വ്യക്തിയെ ആശുപത്രിയിൽ എത്തിക്കാൻ നാം ഭയപ്പെടുന്നു. വീഡിയോ എടുത്തു പോസ്റ്റ് ചെയ്യും. അതും മനുഷ്യനിർമ്മിതമായ ഒരു പോംവഴി!

മധുവിന്റെ പടത്തിനു മുൻപിൽ എനിക്ക് എന്നോട് പറയാൻ ഒന്നേയുള്ളൂ. ജീവനുള്ള കാലം വരെ, എന്റെ കാഴ്ചയിൽ എവിടെയെങ്കിലും നിലവിളിക്കുന്ന ഒരു ജീവിയുണ്ടെങ്കിൽ, ദൈവമേ ആ കരച്ചിലിന് എന്നാൽ ആവും വിധം സമാധാനം ചെയ്യാൻ നീ എനിക്ക് ശക്തി നൽകേണമേ. അത് ആരു തടഞ്ഞാലും, അവരെ മറികടന്നു നടക്കാനുള്ള ധൈര്യം നീ എനിക്ക് തരണമേ.

വിശന്നു കരയുന്നവനെ അടിച്ചുകൊല്ലുന്ന വർഗ്ഗത്തിൽ ജനിച്ചവർ എന്ന പേര് വേണ്ട.
വിശന്നു കരയുന്നവന് ചോറ് കൊടുക്കുന്ന വർഗ്ഗത്തിൽ പിറന്നവർ എന്ന പുണ്യം വേണം.
**