സ്വരധ്വനി

Binodini_dasi

ഹൂഗ്ലി നദിയ്ക്കു മറ്റൊരു പേരുണ്ട്: ‘സ്വര ധ്വനി ‘. ഓളങ്ങൾക്ക് നാദമുണ്ട്, ധ്വനിയുണ്ട്. ശ്രദ്ധിച്ചാൽ കേൾക്കാം -സ, രി, ഗ….

പറഞ്ഞത് എന്റെ കൂട്ടുകാരി. പേര് സോഹിനി . സോഹിനി ഒരു ‘രാഗിണി’ ആകുന്നു. രാഗമല്ല, രാഗിണി!
മനുഷ്യക്കടത്തിനെ പറ്റിയുള്ള സെമിനാറിൽ പങ്കെടുക്കാൻ കൊൽക്കത്തയിൽ എത്തിയതാണ് ഞാൻ. പണ്ട് എംബിഎ ക്ലാസ്സിൽ ഏറ്റവും കൂടുതൽ സാഹിത്യ അഭിരുചിയുള്ള കൂട്ടുകാരിയെ വീണ്ടും കാണാൻ അവസരം കിട്ടി. അവളുടെ വീട്ടിലാകട്ടേ ആയിരകണക്കിന് പുസ്‌തകങ്ങൾ- ബംഗ്ലാ ഭാഷയിലും ഇംഗ്ലീഷിലും! സാഹിത്യത്തിലും, സാംസ്‌കാരിക കാര്യങ്ങളിലും, കൈത്തറിയിലും , എഞ്ചിനീറിങ്ങിലും ഒരു പോലെ പ്രാവീണ്യമുള്ള വീട്ടുകാർ.

മീനും, മാംസവും ബംഗാളി അമ്മയുടെ കൈപുണ്യത്താൽ പല രൂപ ഭാവങ്ങളിൽ റെഡി! മുരിങ്ങക്ക ഇട്ട മീൻ കണ്ടു ഞാൻ ഞെട്ടി. അപ്പോൾ അവർ പറഞ്ഞു: തേങ്ങാപ്പാൽ ചേർത്തുണ്ടാക്കിയതാണ്.- ട്രഡീഷണൽ ബംഗാൾ മീൻ കറി!
സോഹിനിയുടെ അമ്മയുടുത്ത വെള്ളയിൽ നീല കൈവേല ചെയ്ത പരുത്തി സാരി എന്നെ കൊതിപ്പിച്ചു. അവരുടെ തേജസ്സുറ്റ മുഖം എന്റെ അമ്മയുടെ ഓർമ്മ തന്നു.

നിറഞ്ഞ മനസ്സോടെ ആഹാരം കഴിക്കെ, താൻ എം.എ. ഇംഗ്ലീഷ് സാഹിത്യ ക്ലാസ്സിൽ ടി.സ്. ELIOT ഇന്റെ “MURDER ഇൻ ദി CATHEDRAL” പഠിക്കവേ , അത് കേൾക്കാൻ കൊതി പിടിച്ച തന്റെ അമ്മയ്ക്ക് വായിച്ചു കൊടുത്ത രാത്രികളെ പറ്റി സോഹിനിയുടെ അമ്മ പറഞ്ഞു. “എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ഹൃദയ വിശാലതയുള്ള , അറിവുള്ള, നന്മയുള്ള, അറിവിന് വേണ്ടി തപം ചെയ്ത സ്ത്രീ , എന്റെ മാ !’

സോഹിനിയുടെ അമ്മൂമ്മ, പ്രശസ്തമായ ബിഥുൻ (BETHUNE) വിമൻസ് കോളേജിൽ ബംഗ്ല ഭാഷ ബിരുദത്തിനു പഠിച്ചു കൊണ്ടിരുന്നപ്പോൾ 17 വയസ്സിൽ വിവാഹിതയായി. 1879ഇൽ ഭാഷ ഡിപ്പാർട്മെന്റ് ഉള്ള കോളേജായിരുന്നു അത്. പിന്നീട് മൂന്ന് കുട്ടികളുടെ അമ്മയായി, കുടുംബിനിയായി ഒതുങ്ങി.പക്ഷെ പഠിക്കാനുള്ള തീവ്ര മോഹം കാരണം പ്രൈവറ്റായി ഡിഗ്രി എടുത്തു. ചുറ്റു വട്ടത്തുള്ള പെൺകുട്ടികളെ എഴുതാനും വായിക്കാനും, കണക്കു ചെയ്യാനും പഠിപ്പിച്ചു. റിക്ഷ യിൽ സഞ്ചരിക്കുമ്പോൾ , റിക്ഷ ചവിട്ടുന്ന സാധുവിന്റെ മക്കളെ കുറിച്ച് തിരക്കി – അവർക്കു സ്കൂളിൽ ഇടാൻ ഉടുപ്പും, ചെരിപ്പും, പഠിക്കാൻ പുസ്‌തകങ്ങളും, വാങ്ങിച്ചു കൊടുക്കും.

‘അമ്മ സ്പർശിച്ച ജീവിതങ്ങൾ ധാരാളം.’ ലൈബ്രറി പുസ്‌തകങ്ങളിൽ നിന്നും കോളേജിൽ പഠിക്കുന്ന മകൾക്കും, പിന്നീട് കാലാന്തരേ കൊച്ചു മക്കൾക്കും നോട്ടുകൾ തയാറാക്കി…ഒരു നിമിഷം കളയാത്ത അമ്മ!’

അദ്‌ഭുതം കൂറി ഞാൻ ഇരുന്നു. അപ്പോൾ ഒരു ഫോട്ടോഗ്രാഫ് കാണിച്ചു തന്നു. ശുഭ്ര വസ്ത്രം ധരിച്ചു ‘രബീന്ദ്ര രചനാവലിയുടെ’ മുന്നിൽ വായിക്കാനിരിക്കുന്ന സോഹിനിയുടെ അമ്മൂമ്മയുടെ പടം.

‘ വിവാഹം കഴിഞ്ഞു പോകുന്ന പാവപ്പെട്ട പെൺപിള്ളേർ അവരുടെ അമ്മമാർക്ക് കത്തെഴുതാൻ ആരെയും ആശ്രയിക്കേണ്ടി വരരുത് ! കൂലി വേല ചെയ്തു കഴിയുമ്പോഴും, കിട്ടാനുള്ള ശമ്പളം എത്രയെന്നു അറിയാനുള്ള കണക്ക് അറിഞ്ഞിരിക്കണം ..’ തന്റെ അമ്മ യോട് എന്തിനാണ് വെറുതെ ഇങ്ങനെ ചുറ്റു വട്ടത്തെ പുറമ്പോക്കിലെ പിള്ളേരെ പഠിപ്പിക്കുന്നത് എന്ന് ചോദിച്ച മകളോട് ആ പുണ്യവതി പറഞ്ഞതാണ് !

ആ ഓർമ്മ പങ്കു വെയ്ച്ചു സോഹിനി യുടെ അമ്മ കണ്ണ് തുടച്ചു. ‘ ഇന്നും അമ്മ പഠിപ്പിച്ച പെൺപിള്ളേർ – ജാതി മത ഭേദമില്ലാതെ-ബംഗ്ലാദേശിൽ നിന്നും, ബംഗാളിന്റെ പല ഭാഗത്തു നിന്നും, അവരുടെ സ്നേഹാർപ്പണമായി പല സാധനങ്ങളും ഞങ്ങൾക്ക് കൊണ്ട് തരുന്നു! പച്ച കറികൾ മുതൽ സന്ദേശ് (പ്രശസ്ത ബംഗാൾ പലഹാരം) വരെ!’

***

പിന്നീട്, രബീന്ദ്രനാഥ ടാഗോറിന്റെ 20 വയസുള്ള സുന്ദര ഫോട്ടോ കണ്ടു തരിച്ചു നിന്ന എന്നോട്, ആ സുമുഖൻ , ‘ബാൽമികി പ്രതിഭ’ (വാൽമീകി പ്രതിഭ) എന്ന തന്റെ സൃഷ്ടിയിൽ വാല്‌മീകിയായി അഭിനയിച്ച നാടക രംഗമാണെന്നും അമ്മ പറഞ്ഞു തന്നു.
രചന, സംവിധാനം, സംഗീതം എല്ലാം ചെയ്തത് അദ്ദേഹം തന്നെ… കാളി യുടെ പ്രീതിക്കായി ചെറിയ പെൺകുട്ടിയെ ബലി കൊടുക്കാൻ തയ്യാറാവുന്ന കൊള്ളക്കാർ! അതിൽ ഒരാൾക്കു അത് കൊടും പാപമായി തോന്നി .

പെൺകുട്ടിയുടെ പേര് ‘ പ്രതിഭ’- അവളാകട്ടെ സാക്ഷാൽ സരസ്വതി ദേവിയായിരുന്നു! പിന്നീട് ‘ മാ നിഷാദ ” യിൽ എത്തുന്ന ആ നാടകത്തിൽ, സരസ്വതി കടാക്ഷം കിട്ടുന്ന വാല്‌മീകിയായി രംഗത്ത് രബീന്ദ്രനാഥൻറെ CHARISMA അവർണ്ണനീയം!!
കാദംബരിയും ടാഗോറും തമ്മിൽ ഉണ്ടായിരുന്ന ഊഷ്മള ഹൃദയ ബന്ധത്തിന്റെ കഥ പറഞ്ഞപ്പോൾ അമ്മയുടെ നേത്രങ്ങളിൽ ദുഷ്ടബുദ്ധികളോടുള്ള രോഷം നിറഞ്ഞു. ‘ മോളെ, ജ്യോതീന്ദ്രനാഥ ടാഗോർ രബീന്ദ്രന്റെ ജ്യേഷ്ഠനായിരുന്നു. കാഴ്ചയിലും, കഴിവിലും, ആ കുടുംബത്തിലെ ഏറ്റവും പ്രതിഭാശാലി! ഷിപ്പിംഗ് ബിസിനസ് , നാടക രചയിതാവ്, കവി, പ്രഭാഷകൻ., ചിത്രകാരൻ, മനോഹരമായി പിയാനോ വായിക്കുന്നയാൾ ..അദ്ദേഹത്തിന്റെ പത്നി കാദംബരി ദേവി. രബീന്ദ്ര നാഥനെ ക്കാളും രണ്ടു വയസ്സിനു മൂപ്പു കാണും. ടാഗോറിന്റെ ‘നഷ്ടനീർ’ ഓർത്തു ഞാൻ കഥ മനസ്സിൽ കണ്ടു.

സത്യജിത് റായുടെ “ചാരുലതയുടെ “കലാവിരുതിൽ, അന്തർദ്ധാര ഭാവന ചെയ്തു.
അവർ മൂവരും ഹൂഗ്ലിയിൽ പൗര്ണമിയിൽ ബോട്ടിൽ യാത്ര ചെയ്തു…പാട്ടു പാടി, വീണ മീട്ടി , കവിത ചൊല്ലി…

അപ്പോൾ അമ്മ പറഞ്ഞു : കാദംബരിയ്ക്കു കുട്ടികളെ ഇഷ്ടമായിരുന്നു. ടാഗോർ കുടുംബത്തിലെ ഒരു അഞ്ചു വയസ്സ് കാരി അവരുടെ മനം കവർന്നു. പക്ഷെ ഒരു ദിവസം, കാദംബരി മുറിക്കുള്ളിൽ ഇരിക്കുമ്പോൾ, ഓടി ചാടി നടന്ന കുട്ടി, പടിക്കെട്ടുകളിൽ നിന്നും താഴെ വീണു മരിച്ചു. ആ മരണത്തിൽ തനിക്കും പങ്കുണ്ടെന്നു തോന്നിയ കാദംബരി വളരെ ശക്തമായ ഡിപ്രെഷൻ അനുഭവിച്ചു. രബീന്ദ്രനാഥിന്റെ വിവാഹം കഴിഞ്ഞു. മൃണാളിനി റബി യുടെ ജീവിതത്തിൽ എത്തി. കാദംബരി തനിച്ചായി.

ജ്യോതീന്ദ്രനാഥിന് ഭാര്യയോട് അത്യധികം സ്നേഹമുണ്ടായിരുന്നു. പക്ഷെ സമയം ഉണ്ടായില്ല, അത് പ്രകടിപ്പിക്കാൻ. സ്റ്റീമർ കമ്പനി തുടങ്ങാൻ , ആഹ്ലാദ പാർട്ടി നടത്താൻ എല്ലാം റെഡി ആയി. ആ രാത്രിയിൽ, മഴയും കൊടുങ്കാറ്റും വന്നു. അണിഞ്ഞു ഒരുങ്ങി നിന്നു വിഷമിച്ചു കാദംബരി ദേവി . കൊണ്ട് പോകാൻ പക്ഷെ റബിയോ, ജ്യോതീന്ദ്രനോ വന്നില്ല. കാദംബരി എന്ന അഭിമാനി വിഷം കഴിച്ചു.

പിന്നീടൊരിക്കലും ജ്യോതീന്ദ്രനാഥ് കഥയോ, കവിതയോ, നാടകമോ എഴുതിയില്ല. പടം വരച്ചില്ല. പിയാനോ വായിച്ചില്ല.ബിസിനസ് വിട്ടു, എല്ലാവരെയും വിട്ടു. ഒരു Recluse ആയി തന്റെ ദൂരെയുള്ള കുടുംബ വീട്ടിൽ പതിറ്റാണ്ടുകൾ ജീവിച്ചു മരിച്ചു.

**

ശ്വാസം വിടാതെ കേട്ട് കൊണ്ട് ഇരുന്ന ഞാൻ മനസ്സിൽ ആ ജീവിതം കണ്ടു. അപ്പോൾ അമ്മയോട് സോഹിനി ചോദിച്ചു : ‘ വിനോദിനിയുടെ കഥ പറയുന്നില്ലേ ?” ദേവദാസികളുടെ സമുദായത്തിൽ ജനിച്ച വിനോദിനി ബംഗ്ലാ നാടക രംഗത്ത് കത്തി ജ്വലിച്ചു നിന്ന അതി സുന്ദരിയും, പ്രഗത്ഭമതിയുമായ മഹിളാ രത്‌നം!
നാടക രംഗത്തെ thespian എന്ന് വിശേഷിക്കപ്പെട്ട ഗിരീഷ് ചന്ദ്ര ഘോഷ് കാണിച്ചു കൊടുത്ത വഴിയിലൂടെ ബംഗാൾ നാടക രംഗത്ത് അഗ്രഗണ്യ. അവർ ജ്യോതീന്ദ്രനാഥിന്റെ നാടകങ്ങളിൽ നായിക. അവർ  ഒരു പെൺകുട്ടിയെ പ്രസവിച്ചു. ‘ഏറ്റവും യോഗ്യനായ ഒരു പുരുഷനെ ഞാൻ അറിഞ്ഞു ‘ എന്ന് മാത്രം എഴുതി അവരുടെ ജീവിത കഥയിൽ ( അമർ കഥ)!
‘അവർ മറ്റൊരു ദേവി! ചൈതന്യ മഹാപ്രഭുവായി നാടകത്തിൽ ദേവദാസി പെൺകുട്ടി വന്നപ്പോൾ ഭദ്രലോകിൽ പലരും നെറ്റി ചുളിച്ചു പോലും! പക്ഷെ അവരുടെ അഭിനയം കണ്ട ശ്രീ രാമകൃഷ്ണ പരമഹംസർ അവരെ അനുഗ്രഹിച്ചു : “നിന്നിൽ ചൈതന്യമുണ്ടാവട്ടെ !” അവർ ആജീവകാലം ശ്രീരാമ ഭക്‌തയായി.

പിന്നീട്, അവരുടെ സമ്പത്തു നാടകത്തിനും, നാടക വേദികൾ കൊണ്ട് ജീവിക്കുന്നവർക്കും, കല, സംഗീതത്തിനുമായി ഉഴിഞ്ഞു വയ്ച്ചു. അവരുടെ പേരിൽ ഇന്നും കൊൽക്കത്തയിൽ അതി പ്രശസ്തമായ നാടക വേദി ‘ നോടി ബിനോദിനി അഥവാ ബിനോദിനി എന്ന നടി .’

(ആദ്യം ഭദ്രലോകർ അവരുടെ പേര് വയ്ക്കാൻ മടിച്ചു.’ സ്റ്റാർ ‘ എന്നായിരുന്നു തീയേറ്ററിന് വെച്ച പേര്. പിന്നെ ആ അന്യായം പുതിയ തലമുറ മാറ്റി. ജീവിതം രംഗവേദിയ്ക്കായി സമർപ്പിച്ച മഹതിക്കായി പേര് മാറ്റി.)

വെറും ഇരുപത്തി മൂന്നാം വയസ്സിൽ അഭിനയം നിർത്തി.

**
‘ബംഗ്ലാ ഭാഷയിലെ ഇത്തരം കഥകൾ നീ ഇംഗ്ലിഷിലോട്ടു വിവർത്തനം ചെയൂ. ഞാൻ അത് എന്റെ ഭാഷയിലാക്കാം! വിനോദിനിയുടെ ആത്മ കഥ! ഒന്നാലോചിച്ചു നോക്കൂ!’ ഞാൻ സോഹിനി യോട് പറഞ്ഞു. ‘വായിച്ചു നോക്കാനും മറ്റും ജ്ഞാനികൾ വീട്ടിൽ തന്നെ ഉണ്ടല്ലോ നിനക്ക്!’
അവൾ ചിരിച്ചു.
‘ നോക്കാം !’

സ്വരധ്വനികളുടെ കഥകൾ ഓളങ്ങളിൽ നിറഞ്ഞു. സ്ത്രീ ചൈതന്യത്തിന്റെയും വേദനകളുടെയും കഥകൾ, എല്ലാ നാട്ടിലും ഒരുപോലെ തന്നെ.
കൊൽക്കത്ത യാത്രയിൽ പിന്നെയും ആ സത്യം ഞാൻ തിരിച്ചറിഞ്ഞു.

**

3 thoughts on “സ്വരധ്വനി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s