കൂടും, കിളിയും…

birds

മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിൽ, തുടുത്തു വിങ്ങിയ നാരങ്ങകൾ. അവ പഴുത്തു തൂങ്ങി കിടക്കുന്ന നല്ല പച്ച ചെടിയിലാണ് ബ്ലൂ ജെയ്  വകഭേദത്തിൽപ്പെട്ട , ശകുന്തപ്പക്ഷി എന്നു നമ്മൾ വിളിക്കുന്ന, ആ നീല പക്ഷികൾ കൂട് കൂട്ടിയിരിക്കുന്നത്. അതാകട്ടെ, സ്വീകരണ മുറിയുടെ ജനാലയുടെ സ്ഫടിക പാളിയുടെ സുരക്ഷത്വത്തിൽ വിശ്വസിച്ചു കൊണ്ടുള്ള വീട് വയ്ക്കലാണ്. ‘നാരകം നട്ടിടവും, നാരി ഭരിച്ചിടവും’ വലിയ കുഴപ്പമില്ലെന്ന് പറയും പോലെ! ഈ നാരകം, അമേരിക്കൻ നാരകമായതിനാലും, കുടുംബനാഥന് സ്ത്രീ ഭരണത്തെപ്പറ്റി പൊതുവെ നല്ല അഭിപ്രായമായതിനാലും, കിളിക്കും iconoclastic ആയി കൂടു വെയ്ക്കാൻ തോന്നിയതാവും!

‘ Working Woman-Bird’, വളരെ സ്വാതന്ത്ര്യ ബോധമുള്ള അമ്മയാണ്. കൂട്ടിൽ പലപ്പോഴും ആൺ പക്ഷിയാണോ, അമ്മ പക്ഷിയാണോ എന്ന് സംശയം തോന്നും. ആഹാരം കൊണ്ട് വന്ന് , അടയിരിക്കുന്ന പക്ഷിക്ക് സഖാവ്‌ പക്ഷി കൊടുക്കുന്നത് കാണാം. പെട്ടെന്നുള്ള കാറ്റിലും മഴയിലും മനുഷ്യർ വരെ കമ്പിളി തേടി പോകുന്ന അന്തരീക്ഷത്തിൽ , കൂട്ടിലിരിക്കുന്ന പക്ഷി ചിറകുകൾ വിടർത്തി അതിന്റെ മുട്ടകളെ സംരക്ഷിക്കുന്നു.

( മാർക്ക് ട്വൈൻ പണ്ട് പറഞ്ഞിട്ടുണ്ട്: ‘ഞാൻ അനുഭവിച്ച ഏറ്റവും ഭയങ്കര ശിശിര കാലം കാലിഫോണിയൻ ഗ്രീഷ്മമാണ് ‘)

ആ പക്ഷിയ്ക്ക് നല്ല കർമ്മ ബോധമുണ്ട്. നല്ല നിറവോടെ അത് അതിന്റെ ജോലി ചെയ്യുന്നു !

മനുഷ്യ-പ്പക്ഷികളെ ചിന്താശീലരാക്കുന്ന പല സങ്കീർണതകളും ഇവയ്ക്കില്ല എന്ന് തോന്നി.

“മറ്റുള്ള പക്ഷികൾ തന്നെക്കാൾ മെച്ചപ്പെട്ട കൂടാണോ കെട്ടിപ്പടുത്തിയിരിക്കുന്നത്? ആ കൂടുകളിൽ തന്റെ മുട്ടകളെക്കാളും ഭംഗിയുള്ള മുട്ടകളുണ്ടോ? അവയുടെ ചുറ്റുവട്ടം എത്ര തരം മരങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു? തന്റേതിനേക്കാളും തിളക്കമുള്ള പല നുറുങ്ങുകളും , കടലാസും കൊണ്ട് എത്ര സമീപസ്ഥരായ കിളികൾ കൂടുകൾ അലങ്കരിച്ചിരിക്കുന്നു? അവയുടെ സഖാക്കൾ കാറ്റിനോടൊപ്പം എത്ര വേഗത്തിൽ പറന്നാണ് പ്രാണികളെ പിടിച്ചു കൊണ്ട് വരുന്നത്? കുഞ്ഞുങ്ങൾ വളർന്നാൽ അവയ്ക്കു കിട്ടേണ്ട ആഹാരം ഇന്നേ കരുതി വയ്ക്കണോ? അതിനായി ഇപ്പോഴെ മറ്റു കിളികളെ മാറ്റി നിർത്താൻ എന്താണ് വഴി?”

അപ്പോൾ ഒരു ചിന്ത കൂടി വന്നു പോയി. ഒരു കിളിയും , ഇന്നേ വരെ , ക്രൂരത ചെയ്തതായി അറിവില്ല.
‘എത്ര ജന്മം മലത്തിൽ കിടന്നും, എത്ര ജന്മം ജലത്തിൽ കിടന്നും’, പല ജീവികളായി പരിണമിച്ചു കിട്ടിയ മനുഷ്യ ജന്മം അത്രയ്ക്ക് കേമമോ ?

പുണ്യം ചെയ്ത ആത്മാക്കളാണ് പക്ഷികൾ ആകുന്നതു എന്നിരിക്കിലോ? അവ എത്ര പരിശുദ്ധതയോടെ, എത്ര അർപ്പണബുദ്ധിയോടെ, എന്നാൽ എത്ര നിസ്സംഗതയോടെ സ്വന്തം കർമ്മങ്ങൾ ചെയ്യുന്നു!

എന്തായാലും പക്ഷി പുരാണം കാരണം ഒരു ഗുണമുണ്ടായി.
‘അമ്മേ, എനിക്ക് ഈ പാല് വേണ്ട!’ എന്ന് ഒരുത്തി ചിണുങ്ങിയപ്പോൾ , ‘പോയി ആ പക്ഷി കുഞ്ഞിനെ നോക്ക് ! അതിന്റെ തള്ള കൊക്കിൽ ഒതുങ്ങുന്നതു കൊടുക്കുമ്പോൾ, എത്ര വേഗത്തിൽ തിന്നുന്നു!’ എന്ന് ‘ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാൽ’ മനുഷ്യനാമതു എന്ന മട്ടിൽ വഴക്കു കൊടുത്തു.

ചുവപ്പും, ഓറഞ്ചും, വൈലറ്റും പൂക്കൾ ആർത്തു വളരുന്ന പൂന്തോട്ടത്തിൽ, ‘ ആരാമത്തിന്റെ രോമാഞ്ചമായതു’ പൂമാലയോ , പെൺകുട്ടിയോ അല്ല… ശാന്തമായി കൂടു കാക്കുന്ന ആ ശകുന്തപ്പക്ഷി തന്നെ.