‘ ദൈവമേ! ഭ്രാന്തെടുക്കുന്നു…ഇത് എന്തൊരു ലോകം! എനിക്ക് ഇതിൽ ഇടമുണ്ടോ? ‘
ഇങ്ങനെ ചിന്തിക്കാത്തവർ കുറവാകും ഇക്കാലത്ത് .
( നിങ്ങൾ ഇങ്ങനെയുള്ള മനോവ്യാപാരങ്ങളിൽ ഏർപ്പെടാത്ത വ്യക്തിയാണെങ്കിൽ ഒരു സ്പെഷ്യൽ നമോവാകം!)
എന്തായാലും എനിക്കിങ്ങനെ കൂടെക്കൂടെ തോന്നാറുണ്ട്.
പണ്ട് കാലത്തായിരുന്നെങ്കിൽ, ഇത്തരം ‘angst’ വകുപ്പിൽ പെട്ട് ഉഴലുമ്പോൾ, നല്ല ഒരു പുസ്തകം വായിച്ചാൽ മതിയാകും. ഇല്ലെങ്കിൽ, അറിവുള്ള വല്ലവർക്കും കത്തെഴുതാം…കവിതാ പാരായണത്തിൽ തത്കാലം കുറച്ചു നേരം വിഷമങ്ങൾ മറക്കാം. ഇതിനും പറ്റിയില്ലെങ്കിൽ സമൂഹത്തിന് നന്മയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാവാം.ഇത് അനുഭവങ്ങളുടെ വെളിച്ചത്തു നിന്ന് പറയുന്നതാണ്.
ഇന്നിപ്പോൾ, ‘ എന്നെ കഴിഞ്ഞേ ലോകമുള്ളൂ’ എന്ന മട്ടിൽ നടക്കുന്ന മനുഷ്യരുടെ ഇടയിൽ, ‘ എൻ്റെ വീട്, എൻ്റെ വസ്ത്രം, എൻ്റെ cool quotient, എൻ്റെ ഫോട്ടോ…’ എന്ന പ്രളയത്തിൽപ്പെട്ടു വിഷമിക്കുമ്പോൾ, മനസ്സ് പറയുന്നു:
“ഇനി നീയും കൂടി കൂവണ്ട കേട്ടോ! അല്ലെങ്കിൽ തന്നെ ഭൂമിയ്ക്ക് ശബ്ദ കോലാഹലങ്ങൾ സഹിക്കാൻ വയ്യ എന്നായിട്ടുണ്ട്! എങ്ങാനും അടങ്ങിയിരുന്നു ഈശ്വരനാമം ജപിച്ചോ!’
പണ്ട് എം ടി യുടെ തിരക്കഥകളിൽ സ്ഥിരം കാണുമായിരുന്നു : ( മീനാക്ഷിയമ്മ , പ്രായം 40- 45 , കാലുംനീട്ടിയിരുന്നു അദ്ധ്യാത്മ രാമായണം/ഭാഗവതം വായിക്കുന്നു.) എൻ്റെ പ്രായം അതും കഴിഞ്ഞു ! അതിനാൽ അതൊരു ഓപ്ഷൻ തന്നെയാണ്.
***
കുഞ്ഞുങ്ങളുടെ മേലുള്ള ആക്രമണങ്ങൾ തടയുക : വിഷയത്തിൽ സംസാരിച്ചത് അഡിഷണൽ ജില്ലാ ജഡ്ജി പദവിയിലിരിക്കുന്ന ബഹുമാന്യയായ വനിത . എത്ര വിനയം, എത്ര അറിവ് . മൂന്നു വയസ്സുള്ള പെൺകുഞ്ഞിനെ മിഠായി നൽകി കൂട്ടികൊണ്ടു പോയി ഉപദ്രവിച്ച ദുഷ്ടന് ആറു മാസത്തിനുള്ളിൽ ശിക്ഷ വിധിച്ച കഥ പറഞ്ഞു . എന്നിട്ട് കേട്ടിരുന്ന സ്കൂൾ കുട്ടികളോട് പറഞ്ഞു ” മക്കളെ, എല്ലാവരേയും വിശ്വസിക്കല്ലേ ! ഒരു അപേക്ഷയാണ് !’
പതിനാലു വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തതതു പറഞ്ഞു പ്രിൻസിപ്പൽ. പാവം കുട്ടി. അവളുടെ ഫോട്ടോ morph ചെയ്തു വൈറൽ ആക്കി ഗ്രാമത്തിലെ ഒരു ‘ദബാംഗ്’ അഥവാ ഗുണ്ട. കടുത്ത മനസ്സമ്മർദനത്തിനു വഴങ്ങി അവൾ വിഷം കഴിച്ചു. അവളുടെ അമ്മ അതിൻ്റെ ആഘാതത്തിൽ നിന്നും പുറത്തു വന്നിട്ടില്ല. അയാളെ ഇപ്പോഴും പിടികൂടിയിട്ടില്ല. പോലീസിൽ റിപ്പോർട്ട് എഴുതിക്കാൻ വളരെ കഷ്ട്ടപ്പെട്ടു .
ഇനിയെന്ത് ചെയ്യും?
അപ്പോൾ വേറൊരു കഥ കേട്ടു : ദിവസവും ചോറും കറിയും മേടിച്ചു കൊടുത്തു കൊണ്ട് പാവപ്പെട്ട , ചെറിയ പെൺകുട്ടികളെ ദേഹവ്യാപാരത്തിനു ഉപയോഗിച്ച ഒരുവൻ. പെൺകുട്ടികളുടെ കൈകൾ നിറയെ ബ്ലേഡ് കൊണ്ടുള്ള മുറിപ്പാട് ! ‘
‘മാഡം ! മയക്കു മരുന്നും മറ്റും കൊടുത്തു പലർക്കും കാഴ്ച വയ്ക്കും. പകൽ ഭിക്ഷയെടുപ്പിക്കും. വയറു നിറച്ചു ആഹാരം- അതായിരുന്നു അതുങ്ങളുടെ സ്വപ്നം!’
കേട്ടിരുന്നപ്പോൾ തോന്നി, ദൈവമേ, ചെയ്യാൻ എന്ത് മാത്രം ജോലി കിടക്കുന്നു. കണ്ണീരു ഒഴുകിയൊഴുകി തളർന്ന അമ്മമാര് ചുറ്റും. അപ്പോളാണോ നമ്മുടെ ‘angst/existential dilemma?’
നാം കാണുന്നതിനും അപ്പുറം ഒരു ലോകം. അവിടെ നമ്മുടെ ഒരു സ്നേഹ സ്പർശനം ആവശ്യപ്പെടുന്ന എത്രയോ ആളുകൾ.
സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടില്ലേ : ” ഒരു ജീവിയുടെ കണ്ണീരു തുടയ്ക്കൂ…അപ്പോൾ അനന്തമായ പ്രപഞ്ച ശക്തി നിന്നിൽ വന്നു ചേരുന്നു .”
ചിലപ്പോൾ അതാവും ഏറ്റവും നല്ല ഈശ്വര പ്രാർത്ഥന.
***