ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?

medium_kevin_heath_quote

സ്വർണ്ണത്തിന് കാലാന്തരേ നിറം മാറാറില്ല. അതാണ്, എഴുത്തച്ഛൻ ശാരിക പൈതലിനെ കൊണ്ട്, സുന്ദരമായി പറയിച്ചത്.
ചില സത്യങ്ങൾക്കും സുവർണ്ണ ഛായ കാണാം. അത് ഞാനിന്നലെ കണ്ടു.

കൗശാംബിയെന്ന ചെറിയ ജില്ല. പണ്ട് അലഹബാദിന്റെ ഭാഗമായിരുന്നു. ചരിത്ര താളുകളിലും തങ്ക ലിപികളിലാണ് കൗശാംബിയുടെ സ്ഥാനം . ബുദ്ധന്റെ പുണ്യ ദർശനം ലഭിച്ച സ്ഥലം.അശോക ചക്രവർത്തിയുടെ പ്രവർത്തന മണ്ഡലം. മഹാഭാരത കഥകളിൽ തിളങ്ങുന്ന വർണ്ണനകൾ. വത്സ രാജ്യമായിരുന്നു എന്ന് ചിലർ. ജനമേജയന്റെ പിൻഗാമികൾ ഭരിച്ച സ്ഥലമെന്നും ചിലർ. ഇന്ന്, ഇന്ത്യയിലെ ഏറ്റവും പിന്നോക്ക ജില്ലകളിൽ ഉൾപ്പെട്ടത്!

വൃക്ഷ കുംഭത്തിന്റെ ഭാഗമായി, മേൽനോട്ടത്തിന് നിയോഗിക്കപ്പെട്ടാണ് ഞാനെത്തിയത്. ജില്ലയിൽ 17 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു: ഏക ദിവസം. അത്, 22 കോടി എന്ന സംസ്ഥാന ലക്ഷ്യത്തിൽ ഒരു തുള്ളി ജലം മാത്രം. എങ്കിലും, “പല തുള്ളി പെരു വെള്ളം” എന്നത് കേരളീയർക്ക് നന്നായി അറിയുന്ന പാഠമാണല്ലോ !

പച്ചിച്ചു കണ്ണ് കുളുർപ്പിച്ചു കിടക്കുന്ന മഹീ തലം. മഹുവ എന്നൊരു അതി സുന്ദര മരം കണ്ടു. കൗശാംബി ഭാഗത്തു തന്നെ വേരുള്ള ഓർഡർലി പറഞ്ഞു : ” മാഡം, ഇതിന്റെ പൂവുകൾ കൊണ്ട് നാട്ടുകാർ ദേശി ദാരു (ചാരായം) ഉണ്ടാക്കുന്നു. കായ ഉണക്കിപ്പൊടിച്ചു മാവിൽ ചേർത്ത് പൂരി ഉണ്ടാക്കുന്നു. ഈ മരത്തിന്റെ തടിയുടെ ശക്തി ഒന്ന് വേറെ തന്നെ. പത്തിരുപത്തഞ്ചു കൊല്ലം പിടിക്കും ഒന്ന് പൂർണ വളർച്ച എത്താൻ! ”

ഞാൻ എന്റെ സംശയങ്ങൾ DFOയോട് ( ജില്ലാ വനം വകുപ്പ് മേധാവി) ചോദിച്ചു.  “സോനെഭദ്രയിലെ ആദിവാസി സമുദായങ്ങളിൽപ്പെട്ടവർ കിലോകണക്കിന് മഹുവയുടെ പൂക്കൾ അരി മേടിക്കാനായി  വിൽക്കുമായിരുന്നു. ശരിക്കുള്ള വില ആയിരത്തോളം വരും . ആ സാധുക്കൾക്ക് പകരമായി 25 രൂപയുടെ ഒരു കിലോ അരി കൊടുക്കും . മഹുവ മറിച്ചു വിറ്റവർ ധനാഢ്യരായി. ഞങ്ങൾ സർക്കാർ പദ്ധതിയിലൂടെ മഹുവ പൂക്കൾ നേരിട്ട് മേടിക്കാൻ തുടങ്ങി .” അദ്ദേഹം പറഞ്ഞു.

വൈക്കോലിൽ പൊതിഞ്ഞു,  തൈകൾ കൊണ്ടു വന്നു. ഗ്രാമത്തിലെ സ്ത്രീകൾ സന്തോഷത്തോടെ അവയെ നട്ടു.

തളിർ തൈകൾ വാങ്ങിടുവാൻ വന്ന ആൾക്കൂട്ടത്തിൽ ഒരു ചെറിയ ആൺകുട്ടി . മുഷിഞ്ഞ ഷർട്ട്. പോക്കറ്റ് ആകപ്പാടെ കീറി  തൂങ്ങുന്നു. പാന്റ്സ് കീറിയതാണ് , തെറുത്തു  വച്ചിരിക്കുന്നു.

‘നീ ഇന്ന് സ്കൂളിൽ പോയില്ലേ?’  ചെറുപ്പക്കാരനായ കളക്ടർ ചോദിച്ചു.

‘ഇല്ല.’

‘എന്തേ ?’

‘ ഇട്ട തുണി  മാറ്റിയിടാൻ മറ്റൊന്ന്  ഇല്ലായിരുന്നു സാർ .’

ഞാൻ ഞെട്ടി പോയി.

‘യൂണിഫോം കിട്ടിയില്ലേ നിനക്ക്? രണ്ടു ജോഡി?’

‘ഒന്നേ കിട്ടിയുള്ളൂ. അത് കഴുകി നനച്ചു..ഇന്ന് ഉണങ്ങി കിട്ടിയില്ല.’

ഞാൻ ആ കുഞ്ഞിന്റെ മുഖത്തു നോക്കി നെടുവീർപ്പിട്ടു പോയി.  ഇതാ HDI യുടെ (ഹ്യൂമൻ ഡിവലപ്‌മെന്റൽ  ഇന്ഡിക്കേറ്റർസ്) ശരിയായ പരിച്ഛേദം.

(എന്തായാലും അവനു സ്കൂളിൽ പോകാൻ യൂണിഫോം നല്കാൻ ജില്ലാ വിദ്യാഭാസ ഓഫീസറോട് നിർദേശം കൊടുത്തു. അവൻ സ്കൂളിൽ ഇരുന്നു പഠിക്കുന്ന ഫോട്ടോയെടുത്തു അയക്കുവാനും പറഞ്ഞു ഓഫീസറോട്. )

തിരികെ വരും വഴി, കളക്ടർ എന്നോട് പറഞ്ഞു : ‘ മാഡം, ഞാനും വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്. കോളേജ് കഴിയും വരെ നന്നായി ഇംഗ്ലീഷ് പോലും അറിയില്ലായിരുന്നു.  ഒരു സഹോദരൻ  ഗ്രാമത്തിൽ  ഒരു  ചെറിയ കട നടത്തുന്നു. മൂത്ത സഹോദരൻ ശാസ്ത്രജ്ഞനാണ്. അച്ഛൻ തെഹ്‌സിലിൽ ഒരു ക്ലർക്കായിരുന്നു. ജില്ലാ കളക്ടറുമാർ വരുമ്പോൾ എന്നെ കൊണ്ട് പോയി കാണിക്കും. പിന്നെ പറയും, ‘മോനും ഒരുനാൾ ഇതുപോലെ ആകണം കേട്ടോ!’  എന്റെ അച്ഛന് വേണ്ടിയാണു ഞാൻ IAS നേടിയത്.   അച്ഛൻ ഇപ്പോഴും സാധാരണക്കാരനായി ഗ്രാമത്തിൽ  റിട്ടയേർഡ് ജീവിതം നയിക്കുന്നു.’

‘സ്വർണ്ണത്തിനു സുഗന്ധം പോലെ’ എന്നൊരു ചൊല്ലുണ്ട് ഹിന്ദിയിൽ…നല്ല വ്യക്തിത്വങ്ങൾക്ക് കൂടുതൽ ഗുണങ്ങളെ കിട്ടുമ്പോൾ ഉണ്ടാവുന്ന ആകർഷകത്വത്തിനെ പറ്റിയാണ് പരാമർശം.

സ്വന്തം വേരുകൾ മറക്കാത്ത നന്മയുള്ള ആ യുവാവിനോട് ഞാൻ പറഞ്ഞു ,’ എന്നും ഇത് പോലെ ലാളിത്യം കാത്തു  സൂക്ഷിക്കുക.’

‘ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ’ എന്നും ഓർത്തു പോയി, ഒരിക്കൽ കൂടി.

**

 

 

സത്യത്തിന്റെ ഫിൽറ്റർ

img_2773

മാസ്റ്റേഴ്സ് ഡിഗ്രിയിൽ, ജിയോളജിയിൽ യൂണിവേഴ്സിറ്റി സ്വർണ മെഡൽ, വായിക്കാത്ത പുസ്തകങ്ങളില്ല … ഗ്രാമത്തിലെ ഉന്നത കുലത്തിൽ ജന്മം, കോൺവെന്റ് സ്കൂളിൽ മിഷനറിമാർ പഠിപ്പിച്ച ബ്രിട്ടീഷ് ഇംഗ്ലീഷിൽ സംസാരം, ഹിന്ദിയിലും, ഇംഗ്ലീഷിലും, ഭാഷ വൈദഗ്ദ്ധ്യം, അമ്പരപ്പിക്കുന്ന അറിവ്…പൊളിറ്റിക്കൽ സയൻസിൽ ആരെയും വാഗ്‌വാദം നടത്തി തോൽപ്പിക്കും, വാഹനങ്ങൾ ഓടിക്കാനുള്ള കഴിവിൽ, ആളുകൾ പുതിയ പേരും കൊടുത്തു അവന്…മിടുമിടുക്കൻ. അച്ഛന്റെ അഭിമാനം. പക്ഷെ, ഒരു കുറ്റം മാത്രം, ദേഷ്യം വരും പെട്ടെന്ന്, മുൻപിൻ ചിന്തയില്ല….അവനൊടുവിൽ ആരായി? പോലീസ് ഓഫീസറോ, നിയമജ്ഞനോ, പ്രൊഫെസ്സറോ?

നാല്പത്തിയാറാമത്തെ വയസ്സിൽ, പോലീസിന്റെ പിടിയിലായ കുറ്റവാളിയുടെയാണ് മേല്പറഞ്ഞ റെസ്യൂമെ. കോടതിയിൽ സ്വയം വാദിച്ചവൻ , ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നും, ഉറുദു സാഹിത്യത്തിൽ നിന്നും, അനായാസം ‘quote’ ചെയ്‌തു ജഡ്ജിമാരെ ഞെട്ടിച്ചവൻ. തന്നെ പിടിച്ച മിടുക്കൻ പോലീസ് ഓഫീസറോട് ‘ഗുരുജി’ എന്ന് അഭിസംബോധന ചെയ്തു കത്തുകൾ എഴുതിയവൻ…അവയിൽ, സുന്ദരമായ കൈയക്ഷരത്തിൽ എഴുതിയിരിക്കുന്നു…’ജയിൽ വേശ്യാലയത്തിന്റെ synonym ആണ് ഗുരുജി! നിങ്ങൾ എന്നെ അഭിമന്യുവിന്റെ ചക്രവ്യൂഹത്തിലാണു കൊണ്ടെത്തിച്ചത് ! എല്ലാത്തിനും പൈസ വേണം. ഡോൺ കോർലിയോണെ ഓർമ്മ വരുന്നു…എനിക്ക് തലതൊട്ടപ്പനില്ലല്ലോ.മനുഷ്യ ജീവൻ എന്താണ് ? ഒന്നുകിൽ intellectual ആയി നോക്കി കാണാം, അല്ലെങ്കിൽ സാഹിത്യപരമായി, അതുമല്ലെങ്കിൽ ജീവിതമായി ബന്ധപ്പെടുത്തി കാണാം. ഞാൻ എന്റെ ജീവിതത്തിന്റെ മാർക്ക് ഷീറ്റുമായി ഇരിക്കുന്നു…Faiz ന്റെ വരികൾ ഓർമ്മ വരുന്നു…’

ഇത്രയും വായിച്ച ഞാൻ ഞെട്ടി തരിച്ചു തലയുയർത്തി നോക്കി. ഈശ്വരാ ! എവിടെയിരിക്കേണ്ട വ്യക്തി! ഇപ്പോൾ, ജയിലിനുള്ളിൽ സംഘടിതമായ ആസൂത്രണത്തിൽ മരിച്ചു മണ്ണടിഞ്ഞു…ശവം ഏറ്റു വാങ്ങിയത് സ്വന്തം അച്ഛൻ…’എന്റെ അച്ഛൻ ഒരു സാത്വിക മനഃസ്ഥിതിക്കാരനാണ്’ മറ്റൊരു വരി….നമ്മുടെ ഈച്ചര വാര്യരെ ഒരു നിമിഷം ഓർത്തു പോയി.

‘മാഡം, തോക്കു തലയ്ക്കു നേരെ ചൂണ്ടി പിടിച്ചപ്പോൾ, നാലു ഭാഷകളിൽ അവൻ ചീത്ത വിളിച്ചു. ചോദ്യം ചെയ്യാൻ വന്ന ഐജി യോട്, ആ ആഴ്ച ഇറങ്ങിയ ക്രിമിനൽ ബെസ്റ് സെല്ലെറിലെ പ്ലോട്ടിനെ പറ്റി സംസാരിക്കാൻ തുടങ്ങി. അവന്റെ അഞ്ചു മിനിറ്റ് സംസാരം ശ്രദ്ധിച്ച അദ്ദേഹം, സ്വകാര്യമായി, ‘ഈ വ്യക്ത്തി ഒരു അസാധാരണ ജീനിയസ് ആണ്. യാതൊരു വിധത്തിലും ജീവന് ഹാനി വരാതെ നോക്കി കൊള്ളണം’ എന്ന് നിർദ്ദേശിച്ചു തിരിച്ചു പോയി. പിന്നെ ചോദ്യം ചെയ്തത് ഞാനായിരുന്നു. പതിനേഴു കൊലപാതകങ്ങളിൽ കുറ്റവാളി. ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വിദഗ്ദ്ധനായ കോൺട്രാക്ട് കില്ലർ!’

എനിക്ക് ശ്വാസം മുട്ടി പോയി. ഇതൊരു സിനിമ കഥ പോലെ …പക്ഷെ കണ്ണ് കൊണ്ട് കണ്ടത് വിശ്വസിക്കാതെ തരമില്ല. …പിന്നെ ദൈവത്തിനോട് പ്രാർത്ഥിച്ചു. അടുത്ത ജന്മത്തിലെങ്കിലും ബുദ്ധിയോടൊപ്പം , ക്ഷമയും, ദയയും, പാകതയും കൊടുക്കണേ, ആ പിതാവിന്റെ നന്മയും കൊടുക്കണേ!

**
ജയിലിൽ ഒരു അതി സുന്ദരിയെ കണ്ടു.
‘എന്താണ് ചെയ്ത കുറ്റം?’
‘ കൊലപാതകം,’ അവൾ യാതൊരു ഭാവഭേദവുമില്ലാതെ മൊഴിഞ്ഞു.
പിന്നിൽ നിന്നും മഹിളാ കോൺസ്റ്റബിൾ പറഞ്ഞു ‘ മാഡം, പതിനൊന്നു മാസമുള്ള സ്വന്തം അനന്തിരവനെ കൊന്നു . സ്വത്തു തർക്കം. വന്നിട്ട് പത്തു കൊല്ലമായി. ജീവപര്യന്തം ആണ് ജഡ്ജി വിധിച്ചത്!’
ഇപ്രാവശ്യം ആദ്യത്തെ ഞെട്ടലിൽ നിന്നും മുക്‌തയായ ഞാൻ അവളുടെ മുഖം ശ്രദ്ധിച്ച് നോക്കി.
ഇതും തെറ്റി പോയ ജന്മം. കോളേജിൽ പോയവൾ. എവിടെ ജീവിക്കേണ്ടവൾ!
ഇവൾക്ക് വേണ്ടി ഞാൻ എന്ത് പ്രാർത്ഥിക്കണം?
അടുത്ത ജന്മം ഹൃദയത്തിൽ കാരുണ്യം കൊടുക്കണേ എന്നോ? ശരീര സൗന്ദര്യത്തോടൊപ്പം വിഷകന്യകയ്ക്കു നന്മയും കൊടുക്കണം എന്നാണോ?
**

എനിക്ക് Abraham Lincoln മകന്റെ ടീച്ചർക്കെഴുതിയ കത്ത് ഒരിക്കൽ കൂടി വായിക്കാൻ തോന്നി. അതിൽ ഒരു വരിയുണ്ട്…

‘ Teach him to listen to everyone, but teach him also to filter all that he hears on a screen of truth and take only the good that comes through…’

ഞാൻ ഇവരുടെ കഥകളിലെ നന്മ തേടട്ടെ…ഇവരിൽ നിന്നും എന്ത് പഠിക്കണം എന്ന് സ്വയം അപഗ്രഥിക്കട്ടെ…നിങ്ങൾക്കും അതിനാവട്ടെ!

**

ദേവിയുടെ കലി

img_2757

എൺപതുകളിൽ , ഫൂലൻ ദേവിയുടെ ശൗര്യം ബുന്ദേൽഖണ്ഡിലെ ഗ്രാമങ്ങളിൽ കുപ്രസിദ്ധമായിരുന്നു. ‘ബിഹാഡ്’ എന്നാൽ നദിയും, ദുരൂഹത നിറഞ്ഞ വനാന്തരങ്ങളും , കൊക്കയും, കാടും എന്നർത്ഥമാണ്(ravines) . DACOITS അഥവാ കൊള്ളക്കാരുടെ, വാസസ്ഥലങ്ങൾ, നമ്മൾ ചമ്പൽ (chambal) കഥകൾ എന്ന രീതിയിൽ കേരളത്തിൽ ഇരുന്നു വായിച്ചപ്പോൾ, ഫൂലൻ ദേവി പകയോടെ നാടുവാഴികളായ മേലാളരെ നിരത്തി നിർത്തി വെടിയുണ്ട ഉതിർത്ത കാഴ്ച നേരിട്ടു കണ്ട വൃദ്ധനായ ചൗക്കിദാർ എന്നോട് പറഞ്ഞു: ‘ശബ്ദിച്ചാൽ കൊന്നേനെ സാഹിബ് !’

കൊടിയ ക്രൂരതകൾ നേരിട്ട ഫൂലൻ, പിന്നീട് പോലീസിന് സ്വയം സമർപ്പണം ചെയ്തതും, അതിനു ശേഷം   എംപിയുമായ കാര്യങ്ങൾ ചിലർ കൂട്ടി ചേർത്തു. ഞാൻ കൗതുകത്തോടെ അവരുടെ കുടുംബത്തെ കുറിച്ച് ചോദിച്ചു.
‘മാഡം , ഇതാ, അവരുടെ അമ്മയുടെ ചിത്രം. ഇന്നലെ എന്നെ കാണാൻ വന്നിരുന്നു.’ പോലീസ് ഓഫീസർ എന്നെ മൊബൈലിൽ ഒരു പടം കാണിച്ചു.
മെലിഞ്ഞു, കതിര് പോലെ, ഒരു സ്ത്രീ! പക്ഷെ നല്ല മിന്നൽ പോലെ ഒരു ജ്വാലാ പ്രതീതി! എൺപതു വയസ്സ് കാണും. ഫൂലൻ എന്ന പെൺകുട്ടിയുടെ അമ്മയെ കണ്ടപ്പോൾ, എല്ലാ കഥകളും അവരുടെ പടത്തിലുണ്ട് എന്ന് തോന്നി പോയി, ഒരു നിമിഷം!
‘ഇവരുടെ ഗ്രാമത്തിന്റെ പേരാണ് ദേവകലി ‘, പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘തൊട്ടടുത്താണ്!’

‘കലി’: പൂമൊട്ട് എന്നും, പിന്നെ നമ്മുടെ ഭാഷയിൽ, ‘ക്ഷോഭം’ എന്നും മനസ്സിൽ കണ്ട ഞാൻ, മോഹനചന്ദ്രന്റെ ‘കലിക’ യിലെ ചെറിയ   പെൺകുട്ടി നേരിട്ട നെറികേടും, ദേവരൂപത്തിലെ പൂമൊട്ടിന്റെ നാട്ടിൽ, കൊടും പീഢനങ്ങൾ അനുഭവിച്ച മറ്റൊരു കൊച്ചു പെൺകുട്ടിയുടെ ഏകദേശം ഒരു പോലെയുള്ള പകയുടെ കഥയും ഓർത്തു സ്തബ്ധയായി ! ഈശ്വരാ, സ്ത്രീകൾക്ക് എല്ലാ നാട്ടിലും, ഒരേ അനുഭവം തന്നെയോ ?
ദേവിയുടെ കലിയോ അതോ ദേവ രൂപത്തിലുള്ള പുഷ്പമോ?

‘ഫൂലൻ ദേവിയുടെ സഹോദരിയും അമ്മയും തമ്മിൽ സ്വര ചേർച്ചയില്ല…അവർ എന്നോട് പരാതി പറയാൻ വന്നതാണ് മാഡം !’
ഞാൻ ചിരിച്ചു. ‘ സമാധാനം! ഇനിയും ഗ്രാമങ്ങളിൽ ഡാക്കുവിന്റെ (Dacoit) തനിയാവർത്തനം ഉണ്ടാവില്ലല്ലോ ! അമ്മയും മകളും തമ്മിലുള്ള പോരാട്ടങ്ങൾ സാരമില്ല.’
ധാരാളം സ്ഥലങ്ങളിൽ മുൻകൂട്ടി പ്ലാൻ ചെയ്ത പരിപാടികൾ കാരണം, എനിക്ക് ആ അമ്മയെ നേരിട്ട് കാണാൻ കഴിഞ്ഞില്ല. ഇനിയൊരിക്കൽ…
***
‘അനീതി കാണുമ്പോൾ ശബ്ദമുയർത്തണം!’ എത്ര നല്ല കാര്യം.
ചെയ്തു നോക്കുമ്പോൾ, ശബ്ദിച്ചു നോക്കുമ്പോൾ അറിയാം അതിന്റെ നേരനുഭവങ്ങൾ, പ്രത്യാഘാതങ്ങൾ !
‘പാട്രിയാർക്കി’ എന്ന വിളിപ്പേരിൽ പല വൃത്തിക്കേടും കാണിക്കുന്നവർക്ക് ചിലപ്പോൾ, മനസ്സിലാവുന്ന ഭാഷ ഒന്നേയുള്ളൂ : തിരിച്ചടി. അത്, പല തലങ്ങളിൽ നിന്നും വരുമ്പോൾ, ‘പൂമൊട്ടുകൾ’ കാലംതെറ്റി വാടികൊഴിയില്ല – പകരം, സുഗന്ധ വാഹിയായി, സൗന്ദര്യത്തോടെ വിടരും.
‘നേരെ വിലസീടിന നിന്നെ നോക്കിയാരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം!’

**

ആലി ബാബയും അറുപത്തെട്ടു കുറ്റങ്ങളും

 

IMG_2671

നാൽപ്പതു വയസ്സിനുള്ളിൽ ഒരു മനുഷ്യ ജീവി ചെയ്‌ത മഹാ പ്രവൃത്തികൾ: അറുപത്തിയെട്ടു കുറ്റകൃത്യങ്ങൾ! നല്ല തെളിച്ചമുള്ള പ്രിന്റൗട്ടിൽ തെളിഞ്ഞു കിടക്കുന്നു.

ഇന്ത്യൻ പീനൽ കോഡ് പഠിപ്പിക്കാൻ, സർദാർ വല്ലഭായ് പട്ടേൽ പോലീസ് അക്കാഡമിയിൽ ഇതിനെക്കാൾ നല്ല ഒരു കേസ് സ്റ്റഡി കിട്ടാൻ പോകുന്നില്ല എന്ന് ഞാൻ ചിന്തിച്ചു പോയി !
ഈ മഹത്‌വ്യക്ത്തി ഇപ്പോൾ ഒളിവിലാണെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. ഒരു സർക്കാരുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു ഈ മഹാന്റെ ഏറ്റവും ഒടുവിലത്തെ ശ്രേയസ്കരമായ കർമ്മം.

മൂന്ന് നാലു കേസിൽ ജാമ്യത്തിൽ കറങ്ങി നടക്കുന്ന ഈ വീരന്റെ ജാമ്യം ക്യാൻസൽ ചെയ്യാൻ എന്ത് ശ്രമം നടക്കുന്നു? ഗുണ്ടാ നിയമ പ്രകാരം ഒരു കേസ് പുതിയതായിട്ടു തുടങ്ങാത്തത് എന്തേ ? എന്റെ ധർമ്മരോഷം അസ്ഥാനത്തായിരുന്നു. ‘ഇതൊക്കെ വെറും സാധാരണ സംഭവം’ എന്ന മട്ടായിരുന്നു അവിടുത്തെ പോലീസുകാർക്ക് ! തമ്മിൽ തമ്മിൽ നോക്കി മന്ദഹസിക്കുന്നു !

പണ്ട് ‘ ഏപ്രിൽ 18 ‘ സിനിമയിൽ ഭരത് ഗോപിയുടെ ഒരു പോലീസ് വേഷമുണ്ടല്ലോ ! ശവം കനാലിലൂടെ ഒഴുകി ഇപ്പുറത്തേയ്‌ക്ക്‌ വരാതിരുന്നെങ്കിൽ ! ശ്ശോ , പണിയായി , ഇനിയിപ്പോൾ എന്റെ സ്റ്റേഷൻ അതിർത്തി…’ അത് തന്നെ കാര്യം !
‘ മാഡം , കുടുംബത്തോടെ ഗുണ്ടകളാണ്. രണ്ടു ചേട്ടന്മാരും ഗുണ്ടാ ആക്ടിൽ ജില്ലയുടെ വെളിയിലാണ് കേട്ടോ ( കളക്ടർ ഓർഡറിട്ടതിനാൽ). പിന്നെ നല്ല രാഷ്ട്രീയ പിടിപാടാണ്…കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ബ്ലോക്ക് പഞ്ചായത്തിൽ ടോപ്പിലെ കക്ഷിയായിരുന്നു ! പിന്നെ, വീണ്ടും വീണ്ടും ഗുണ്ടാ നിയമം ഉപയോഗിക്കാൻ പാടില്ലല്ലോ!’
ആധുനിക ഗോപിയെ നോക്കിയിരുന്ന എനിക്ക് ചിരി വന്നു.
“കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു….”
‘ പിന്നെ ഇങ്ങേരെ പൊന്നാട അണിയിക്കാനാണോ പ്ലാൻ?’
മേൽ പറഞ്ഞവ ചിന്തിച്ചു, ചോദിച്ചില്ല…!

‘ അല്ല ഇലെക്ഷൻ സമയത്തു, നിങ്ങൾ ആയിര കണക്കിന് നോട്ടീസ് ഇറക്കാറുണ്ടല്ലോ … വെറും ബീറ്റ് റിപ്പോർട്ടിന്റെ പേരിൽ….?’
മറുപടി വന്നില്ല.
‘എന്തായാലും, ഈ കക്ഷിയെ പിടിക്കാനുള്ള വകുപ്പൊക്കെ ഈ ഷീറ്റിൽ തന്നെ ഉണ്ട്. സീനിയർ പ്രോസിക്യൂട്ടിങ് ഓഫീസറുമായി ചർച്ച ചെയ്തു മേൽ നടപടി എടുക്കണം!’ എന്ന് ബാലചന്ദ്ര മേനോൻ സ്റ്റൈലിൽ പറഞ്ഞു.
‘ഗോപിയുടെ’ ഭാവങ്ങൾ നാഷണൽ അവാർഡിന് നിരക്കുന്നതായിരുന്നു എന്നും രേഖപ്പെടുത്തട്ടെ !!
*
ഭയങ്കരരായ കൊള്ളക്കാരുടെ താവളമായിരുന്നു ആ സ്ഥലം പണ്ട്. DACOITS ഇന്റെ വാസ സ്ഥലം. അഞ്ചു നദികൾ ചേരുന്ന അതിർത്തി ദേശം : രണ്ടു സംസ്ഥാനങ്ങൾ , എംപിയും , യൂപിയും തൊട്ടു കിടക്കുന്ന അവസാനത്തെ പോലീസ് സ്റ്റേഷൻ അതിർത്തി. ബ്രിട്ടീഷുകാർ അന്നുണ്ടാക്കിയ കോട്ടയും,പോലീസ് സ്റ്റേഷനുമാണ്.

‘എന്റെ വല്യപ്പൂപ്പനും ചൗക്കിദാർ ആയിരുന്നു സർ!’ തല നരച്ച വൃദ്ധൻ ചൗക്കിദാർ പറഞ്ഞു. തലയിൽ ആ ജോലിയുടെ അടയാളമായി ചുവന്ന തുണി കൊണ്ടാണ് തലക്കെട്ട് …ഇന്നും ഗ്രാമങ്ങളിൽ ചൗക്കിദാർ, പോലീസിന്റെ ഏറ്റവും വലിയ സേവകരാണ്! ഏതു അർദ്ധ രാത്രിയിലും അവർ സൂചനയുമായി സന്നദ്ധർ ! ഒരു വടിയും, ടോർച്ചും, സൈക്കിളും…തീർന്നു സാമഗ്രികളുടെ ലിസ്റ്റ്. മൊബൈലും മറ്റും ചെറു മക്കൾ ഉപയോഗിക്കുന്നു. പക്ഷെ ഇവരുടെ പ്രത്യേകത, ഗ്രാമത്തിലെ എല്ലാ മനുഷ്യരേയും അവരുടെ കുടുംബങ്ങളേയും ഇവർ അടുത്തറിയുന്നു എന്നതാണ്.

എന്തായാലും ഈ നാട്ടിൽ ‘ഡാക്കുവിന്റെ ‘ ചോര ഇപ്പോഴും കൊണ്ട് നടക്കുന്ന വീരന്മാർ ഉണ്ടല്ലോ. നമ്മൾ ഈ വിഷയത്തിൽ വെള്ളക്കാരുടെ നടപടി സ്വീകരിക്കുന്നതിൽ തെറ്റില്ല….അവർ THUGEE PINDARI തുടങ്ങിയവരെ നേരിട്ട രീതി ചരിത്രത്തിൽ പഠിച്ചിട്ടുണ്ടല്ലോ…William Henry Sleeman…!
അങ്ങനെ ചിന്തിച്ചു വന്ന എന്നോട്, വില്ലജ് ഓഫീസർ പറഞ്ഞു, ‘അടുത്ത ഗ്രാമത്തിന്റെ പേര് പിണ്ഡാരി !’

ഇനി അടുത്ത സന്ദർശനത്തിൽ അഞ്ചു നദികളുടെ സംഗമ സ്ഥലമായ പഞ്ചനദയിൽ പോകാനുറച്ചു.
Chambal നദി, ravines, കൊള്ളക്കാരെന്നും മറ്റും വായിച്ചിട്ടുള്ള ആ സ്ഥലങ്ങളിൽ ഡോൾഫിൻസ് ധാരാളമായി കാണപ്പെടുന്നു എന്നറിഞ്ഞു…

അറുപത്തിയെട്ടു കുറ്റങ്ങൾ ചെയ്ത മനുഷ്യനെക്കാളും എത്രയോ നല്ല സ്മരണയായിരിക്കും ആ ദൈവ സൃഷ്ടി!
**

അക്കമോ, മനുഷ്യനോ?

 

IMG_2643

പേപ്പട്ടി കടിച്ച കുട്ടിയുടെ പേര്, പ്രായം, വയസ്സും, ആദ്യത്തെ ടോസിന്റെ ഡേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അവനു ലഭിക്കേണ്ടിയിരുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ഡോസും തീയതിയും ഇല്ല. അപ്പോൾ, അർഥമെന്തെന്നു വ്യക്തം.

ഫോൺ വിളിച്ചപ്പോൾ , പിതാവ് ഫോണെടുത്തു. രണ്ടാമത്തെ ഡോസിനായി വന്ന ദിവസം ഇഞ്ചക്ഷനും കിട്ടിയില്ല, ആരേയും കണ്ടതുമില്ല. ഈശ്വരന്റെ കൃപയാൽ പട്ടി പേയ്‌പിടിച്ചതായിരുന്നില്ല. മകൻ സുഖമായിരിക്കുന്നു.

‘ നിങ്ങളുടെ കുട്ടിയായിരുന്നെങ്കിൽ, ഇത് പോലെ ശ്രദ്ധക്കുറവ് കാട്ടുമായിരുന്നോ? എത്ര കുറച്ചു കേസുകളാണ്! അത് പോലും നമ്മൾ നിസ്സാരമായി കാണുന്നെങ്കിൽ, പിന്നെ നിങ്ങളും ഞാനും എന്ത് സേവനമാണ് നൽകുന്നത്?’ ആർക്കും ഉത്തരം ഇല്ല.

രജിസ്റ്ററിലെ സംഖ്യ ഒരു മനുഷ്യ ജീവിയാണ്. ആ തിരിച്ചറിവാണ്, സംവേദനയുള്ള സേവനം നൽകാൻ നമ്മെ പ്രാപ്തിയുള്ളവരാക്കുന്നത്. എന്തായാലും കണ്ണടച്ച് ചുമതലയുള്ള സ്റ്റാഫിന് സസ്പെന്ഷന് നിർദേശം കൊടുത്തില്ല. പലപ്പോഴും ഉള്ള കഞ്ഞിയിൽ പാറ്റയിടുന്ന പരിപാടി ആവാറുണ്ടത്. ഒന്നാമത് തീരെ കുറവ് സ്റ്റാഫാണ് പല ജില്ലകളിലും, അതും വളരെ ദൂരത്തെ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ. തെറ്റ് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഇനി പലർക്കും ഉപകാരപ്പെടും. ഉള്ള വ്യക്‌തിയെ സസ്‌പെൻഡ് ചെയ്താൽ നാളെ ധാരാളം സാധു ഗ്രാമീണർ കഷ്ടപ്പെടും.
ജില്ല മുഴുവനും ഈ ഒരു വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ചീഫ് മെഡിക്കൽ ഓഫീസറോട് നിർദേശിച്ചു. ഡോക്ടറുടെ സ്പഷ്‌ടീകരണം മേടിക്കാനും പറഞ്ഞു.
*

അൻപതോളം ചെറുപ്പക്കാർ, ഗ്രാമ വികസന ഓഫീസറുമാരായി ജോയിൻ ചെയ്തിരിക്കുന്നു. ട്രെയിനിങ്ങിന്റെ ആദ്യത്തെ ദിവസം, ജില്ലാ കലക്ടറും, പിന്നെ ജില്ലയുടെ നോഡൽ ഓഫീസറും അവരെ സംബോധന ചെയ്താൽ നന്നായിരുന്നു. അങ്ങനെ കേട്ടപ്പോൾ, പോകാതിരിക്കാനായില്ല.
ധാരാളം പെൺകുട്ടികൾ. എനിക്ക് സന്തോഷം തോന്നി. മിടുക്കർ. സിലബസ് നോക്കിയപ്പോൾ, കേന്ദ്ര/ സംസ്ഥാന സർക്കാരുകളുടെ എല്ലാ പദ്ധതികളും അതിലുണ്ട്. നാൽപ്പതോളം വിഭാഗങ്ങളുടെ പരിചയപ്പെടുത്തലുമുണ്ട്! ഇവയൊക്കെ നാളെ ഗ്രാമങ്ങളിൽ നടപ്പാക്കേണ്ടവർ വിടർന്ന മിഴികളുമായി മുന്നിൽ ഇരിക്കുന്നു!

‘ മൂവായിരത്തോളം കിലോമീറ്ററുകൾ അപ്പുറത്തു നിന്നാണ് എന്നെ പോലെ പലരും നിങ്ങളുടെ ദേശത്തെത്തിയത്. നിങ്ങൾക്കാകട്ടെ സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള ഭാഗ്യമുണ്ട്. അതിനെ കുറച്ചു കാണരുത്…വിനയം ഒരു ദോഷമാണ് എന്ന ചിന്ത പാടില്ല. വിനയത്തോടെ തന്നെ നല്ല ശക്തമായ ‘ NO’ പറയാനുള്ള പാടവം ആർജ്ജിക്കണം…ജോലി ചെയുമ്പോൾ തന്നെ, കൂടുതൽ പരീക്ഷകൾ എഴുതി ഇനിയും മുൻപോട്ടു പോകാൻ ശ്രമിക്കണം…’ എന്റെ ഇപ്പോഴും ശുദ്ധമല്ലാത്ത ഹിന്ദി അവർക്കു ബോധിച്ച ലക്ഷണമാണ് കണ്ടത്…എന്തായാലും മനുഷ്യനെ അക്കമല്ലാതെ നോക്കി കാണാൻ അവർക്കു കഴിയട്ടെ എന്ന് ഞാനും മനസ്സിൽ ആശംസിച്ചു.
*
ജില്ലയിൽ, പൊരി വെയിലത്ത്, പോലീസ് ട്രെയിനിങ് നടത്തുന്ന ചെറുപ്പക്കാരെ കണ്ടു. ചിലർ മാർച്ചു ചെയ്യുന്നു , ചിലർ ഓട്ടവും ചാട്ടവും  പരിശീലിക്കുന്നു. സൂര്യൻ തലയ്ക്കു മുകളിൽ. ടിയർ
ഗ്യാസ് മുതൽ, ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്, തോക്കുകൾ, വെടിക്കോപ്പുകളും മറ്റും കണ്ടു.
സ്ത്രീകളായ പോലീസ് കോൺസ്റ്റബ്ൾസ് ശൗചാലയമില്ലാതെ ബുദ്ധിമുട്ടുന്നു.
സംഖ്യയല്ല, മനുഷ്യജന്മമാണ്. എന്തായാലും, അവർക്കും ടോയ്‌ലെറ്സ് കെട്ടാനുള്ള പ്ലാൻ ഉണ്ടാക്കി.

ബ്രിട്ടീഷ് കാലം മുതൽ സർക്കാർ ഡ്യൂട്ടിയിൽ എത്തുന്ന ഓഫീസർമാർക്ക് ഗാർഡ് ഓഫ് ഓണർ നൽകുന്ന പതുവുണ്ട്.
‘ശ്രീമാൻ, ഗാർഡ് നിരീക്ഷൻ കെ ലിയേ തയ്യാർ ഹൈ!’
ബയോനെറ്റ് വച്ച റൈഫിൾ കയ്യിലേന്തിയ പോലീസ് ഗാർഡ്.
‘സബാഷ്!’
പണ്ട്, വളരെ കാരുണ്യവാനായ സീനിയർ പഠിപ്പിച്ച പാഠമോർത്തു ഞാൻ ഉരുവിട്ടു.

*

ബഡാ മംഗൾ എന്ന് വിളിക്കുന്ന ഹനുമാൻ പൂജയുടെ ഒരു വിശിഷ്ട ഉത്സവം ഗ്രാമങ്ങളിൽ. ഗുസ്തി മത്സരം പൊടി പൊടിക്കുന്നു. തിളങ്ങുന്ന സാരിയും ഉടുത്തു ധാരാളം സ്ത്രീകൾ…അവർ ഉത്സാഹത്തോടെ സാധനങ്ങൾ വാങ്ങിക്കുന്നു. ബലൂൺ മുതൽ ആഭരണങ്ങൾ വരെ സുലഭം. ആൾക്കൂട്ടത്തിന്റെ ഇടയിൽ ജാതിമത ഭേദമില്ലാതെ കച്ചവടക്കാർ. ഈ ഒരു കാഴ്ച ഭാരതത്തിനു സ്വന്തം…ജീവന്റെ പ്രസരിപ്പാണ് എല്ലായിടത്തും…ഹനുമാൻ സ്വാമി ചിരിക്കുന്നതായി എനിക്ക് തോന്നി. എപ്പോഴും പ്രസന്ന വദനനായ ഗുരുവാണല്ലോ അദ്ദേഹം !

*

പാലം കടന്നു. യമുന ശാന്തയായി ഒഴുകുന്നു.

‘അഴകോടന്നഗരത്തിൽ തെക്കുകിഴക്കതു വഴി,
ഒഴുകും യമുന തന്റെ പുളിനം കാണ്മൂ…
ഇളമഞ്ഞ വെയിൽ തട്ടി നിറം മാറി നീല വിണ്ണിൽ
വിളങ്ങുന്ന വെണ്മുകിലിൻ നിര കണക്കേ…’

കുമാരനാശാൻ ‘കരുണ’ യായി മനസ്സിൽ ഓടിയെത്തി.

*

ഈ യാത്രയിലും പഠിച്ച പാഠം കാരുണ്യം തന്നെ.
**

അക്ഷര വെളിച്ചം

IMG_2583

കണ്ണ് കാണാത്ത പാവം ഒരു കുഞ്ഞു പെൺക്കുട്ടി. അവൾ അതി മനോഹരമായി പാടി: ‘ഈശ്വരാ , എന്റെ മനസ്സിനെ മന്ദിരമാക്കണേ!’ ആറേഴു വയസ്സ് കാണും. എട്ടു മാസത്തെ സ്പെഷ്യൽ ക്യാമ്പിന് വന്നതാണ്. കൊച്ചു കൈയിൽ എനിക്ക് വേണ്ടി പൂച്ചെണ്ട് ! എന്റെ കൈയിൽ ഇറുകെ പിടിച്ചു കൊണ്ട് അവൾ പാടി. സുന്ദരമായ, ആയാസരഹിതമായ ആലാപനം. ‘ ദൈവ സാന്നിധ്യത്തിൽ ഇപ്പോൾ ഞാനിരിക്കുന്നു,’ എന്ന് തോന്നി.

അടുത്ത മുറിയിൽ തിളങ്ങുന്ന കണ്ണുകളുമായി ഒരു കൂട്ടം കുഞ്ഞുങ്ങൾ. കേൾക്കാൻ വയ്യ, സംസാരിക്കാനും. അവരുടെ ക്യാമ്പും തുടങ്ങി. ഹെലൻ കെല്ലറുടെ ചരിത്രം പഠിപ്പിക്കാൻ ഞാൻ നിർദ്ദേശിച്ചു. എല്ലാ ദിവസവും, കുഞ്ഞുങ്ങൾക്ക് അതിജീവനത്തിന്റെ കഥകൾ പറഞ്ഞു കൊടുക്കുക. മനസ്സിന്റെ ശക്‌തിയാണ്‌ ഏറ്റവും വലിയ ഊർജ്ജ സ്ത്രോതസ്സ് എന്നും പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. വർദ്ധിച്ചു വരുന്ന ദുഷ്ടതകൾ കണക്കാക്കി, കുട്ടികളുടെ അമ്മമാരെ വോളന്റീർസിന്റെ രൂപത്തിൽ അവരുടെ സ്പെഷ്യൽ ക്യാമ്പിൽ ഉൾപ്പെടുത്താൻ അവസരമൊരുക്കാൻ പറഞ്ഞു. പൂക്കളെ പോലത്തെ കുഞ്ഞുങ്ങൾ. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

ഉണങ്ങി വരണ്ട ദേശത്തു നല്ല പച്ചപ്പിന്റെ തിളക്കം. പ്രളയക്കെടുതിയിൽ ജന്മ നാട് വിങ്ങുമ്പോൾ, വളർത്തമ്മയായ നാട്ടിൽ, അപ്രതീക്ഷിതമായി കിട്ടിയ മഴയുടെ പ്രവാഹത്തിൽ, സന്തോഷിക്കുന്ന കർഷകർ. കരകവിഞ്ഞൊഴുകുന്ന നദികൾ. ഇരുപത്തിയഞ്ചു ലക്ഷം മരങ്ങളാണ് നട്ടു പിടിപ്പിക്കാൻ ലക്ഷ്യം എന്ന് മിടുക്കനായ യുവ ഡോക്ടർ കൂടിയായ കളക്ടർ പറഞ്ഞു . മുപ്പതു കുട്ടികളെ സിവിൽ സെർവിസ്സ് പരീക്ഷയ്ക്കായി പഠിപ്പിക്കാൻ അദ്ദേഹം ഉൾപ്പടെ, ജില്ലയുടെ പല ഉന്നത ഉദ്യോഗസ്ഥരും സമയം കണ്ടെത്തുന്നു.

ജില്ലാ ഭക്ഷ്യ സംരക്ഷണ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ, നല്ല പൊക്കമുള്ള, സുന്ദരമായ വസ്ത്രം ധരിച്ച, ആത്മവിശ്വാസമുള്ള ലേഡി ഓഫീസർ. ബുന്ദേൽഖണ്ഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ഡിഗ്രി.
‘മാഡം, ഞാൻ ഹിന്ദി മീഡിയം സർക്കാർ സ്കൂളിലാണ് പഠിച്ചത്. സംസ്ഥാന സിവിൽ സെർവിസ്സ് പരീക്ഷയ്ക്ക് പഠിക്കുന്നുണ്ട്. എന്റെ ഗ്രാമത്തിൽ നിന്നും യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ച ആദ്യ പെൺകുട്ടിയാണ് ഞാൻ .’

അപ്പോൾ എന്റെ മുൻപിൽ മറ്റൊരു മുഖം തെളിഞ്ഞു. ‘ മനസ്സിനെ മന്ദിരമാക്കണേ,’ എന്ന് പാടിയ കുട്ടി. എല്ലാ പ്രതിസന്ധികളും തരണം ചെയ്‌തു മുന്നേറുവാൻ, നാളെ, അനേകം പേർക്ക് പ്രചോദനമാവാൻ, വിദ്യ കൊണ്ട് വിജയിക്കാൻ, ആ പൈതലിനും  കഴിയണേ, എന്ന് ഞാൻ പ്രാർത്ഥിച്ചു. മുന്നിലിരുന്ന മിടുക്കിയെ അഭിനന്ദിച്ചപ്പോൾ, പിന്നെയും എനിക്ക് തോന്നി…’ദൈവം അടുത്ത് തന്നെയുണ്ട് !’

സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ, തലക്കൽ കത്തിയുമായി ഒരു ക്ഷീണിച്ച യുവതി. ‘രണ്ടാമതും പെൺക്കുട്ടി !’ അവരുടെ അമ്മായിയമ്മ പരാതി പറഞ്ഞു.’എനിക്കും അതേ! രണ്ടു പെൺകുഞ്ഞുങ്ങൾ ! പഠിപ്പിച്ചു മിടുക്കരാക്കണ്ടേ നമുക്ക്?’ ഞാൻ ചോദിച്ചു. തളർന്ന മുഖത്ത്, സൂര്യ പ്രകാശം പോലെ ചിരി വിടർന്നു. ‘ ആരോഗ്യമൊക്കെ നോക്കി, രണ്ടു കുഞ്ഞുങ്ങളെയും നന്നായി വളർത്തണം. പ്രസവമെടുത്ത ഡോക്ടറും, സിസ്റ്ററും ഈ ഞാനുമെല്ലാം ഈ വർഗ്ഗത്തിലേതു തന്നെ. പോയ് വരട്ടെ?’ അപ്പോൾ അമ്മായിയമ്മയും ചിരിച്ചു.

ഇദം നമാമി: എല്ലാം നിനക്ക് വേണ്ടി.
കൂരിരുട്ടത്തു വലയുമ്പോൾ, ഇങ്ങനെ പല രൂപങ്ങളായി, എനിക്ക് പ്രകാശമായി, വഴി കാണിച്ചു തരാൻ എപ്പോഴും നീ ഉണ്ടാവണമേ!
**

യമുനയിൽ ഒരു തർപ്പണം

“ഭൂഖേ ഭജൻ ന ഹോയ് ഗോപാല !
ലേ തേരി ഖണ്ഡി, ലേ തേരി മാല! ”
വിശക്കുന്ന വയറിനു പ്രാർത്ഥിക്കാൻ ആവില്ല. അന്നമാണ് ഏറ്റവും വലിയ അനുഗ്രഹം. അത് കൊണ്ട് ആദ്യം വിശന്നു കരയുന്നവരുടെ വിശപ്പകറ്റണം എന്ന് വിവക്ഷ.

സോമാലിയ എന്ന രാജ്യം, ഒരു പക്ഷെ നിങ്ങളും ഞാനും അറിയുന്നത്, അവിടത്തെ മെലിഞ്ഞുണങ്ങിയ കുഞ്ഞുങ്ങളുടെ പടങ്ങൾ കണ്ടിട്ടാവും. അതിരൂക്ഷമായ ഭക്ഷ്യകെടുതിയുടെ ഒരു കാലത്തെ ദൃശ്യങ്ങളിലാവാം. പണ്ട്, ഒരു കൊതിയൻ കഴുകൻ, കുഞ്ഞു മരിക്കാൻ കാത്തിരിക്കുന്ന ആ ഫോട്ടോ ഓർമ്മയില്ലേ? അത് സുഡാനിൽ ! കെവിൻ കാർട്ടർ എന്ന ഫോട്ടോഗ്രാഫറുടെ കഥ ഓർക്കുന്നില്ലേ?

ഇന്ന് ഞാൻ അത് പോലെ ഒരു കുഞ്ഞിനെ കണ്ടു. വയസ്സ് ഒന്നര. കണ്ടാൽ ഞെട്ടി പോകും. എല്ലും തോലും. ഒരു മൂന്ന് മാസത്തെ വളർച്ച കാണും.കുട്ടിയുടെ മാതാവ് അടുത്ത കുഞ്ഞിനെ പ്രസവിച്ചു, വീട്ടിലാണ്. ഈ പെൺകുഞ്ഞിന് ഭക്ഷണം, രാത്രിയിൽ ഒരു നേരം വന്നു അമ്മ കൊടുക്കുന്ന മുലപ്പാൽ.

‘മാഡം, അക്യൂട്ട് malnourishment ! ആറു മാസം കഴിഞ്ഞു കിട്ടേണ്ട ഭക്ഷണം കിട്ടാതെ ഈ അവസ്ഥ ആയതാണ്. അതിനിടയിൽ, അവർ അടുത്ത കുട്ടിയെ പ്രസവിച്ചു. ഞങ്ങൾ ഈ കുഞ്ഞിന് പതുക്കെ ആഹാരം കൊടുത്തു തുടങ്ങി.’ മിടുക്കിയായ ഡോക്ടർ പറഞ്ഞു. ‘ നിരക്ഷരത, പിന്നെ ഗ്രാമത്തിലെ വ്യാജ വൈദ്യന്റെ ഉപദേശവും ! വളരെ കഷ്ടപ്പെട്ടിട്ടാണ് കുഞ്ഞിനെ സർക്കാർ ആശുപത്രിയിലെ സ്പെഷ്യൽ സെന്ററിൽ പ്രവേശിപ്പിച്ചത് !’
കുട്ടിയുടെ അച്ഛനോട് ഞാൻ ചോദിച്ചു: ‘ അതെന്താ ഭക്ഷണം കൊടുക്കാത്തത്?’ ‘അവൾക്കു ദഹനത്തിന് പ്രശ്‌നം .പിന്നെ മുലപ്പാൽ ഒരു നേരം ഭാര്യ വന്നു കൊടുക്കുന്നുണ്ട് !’

ബുന്ദേൽഖണ്ഡിലെ ഒരു ചരിത്ര പ്രസിദ്ധമായ ജില്ലയാണ് ജലൗൺ. ഈ ജില്ലയിൽ, കാല്പി എന്ന താലുക്കിലാണ്,1857ഇൽ , ഝാൻസി റാണിയും, താന്ത്യ തോപ്പിയും കൂട്ടരും  യുദ്ധനീതി മെനയാൻ ഒന്നിച്ചു കൂടിയത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ബാക്കി പത്രങ്ങളായി, കോട്ടയുടെ അവശിഷ്ടങ്ങളും , സെമിത്തേരിയും ഒക്കെയുണ്ട്.
ആക്രമണത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ സ്ത്രീകളേയും കുട്ടികളേയും ‘ബിഹാഡ് ‘ എന്ന് വിശേഷിപ്പിക്കുന്ന, കുടിവെള്ളം പോലും കിട്ടാത്ത മുൾച്ചെടികൾ നിറഞ്ഞ കാട്ടിൽ ഉപേക്ഷിച്ച ചരിത്രം നാട്ടുകാർ എന്നോട് പറഞ്ഞു. അവരൊക്കെ ദാരുണമായി മരിച്ചു. ക്ഷോഭം മൂത്ത വെള്ളക്കാർ തകർത്ത പ്രക്ഷോഭകാരികളുടെ കോട്ടയുടെ ഒരു അംശം ഇപ്പോഴും നിലനിൽക്കുന്നു.

അക്ബറുടെ പ്രിയപ്പെട്ട ബീർബൽ കല്പി നിവാസിയായിരുന്നു എന്ന് രേഖകൾ! നമ്മൾ ഉപേക്ഷിക്കുന്ന തുണി കഷ്ണങ്ങളിൽ നിന്നും ഏറ്റവും സുന്ദരമായ പേപ്പർ ഉണ്ടാക്കുന്ന കല, നൂറ്റാണ്ടുകളായി, ഇവിടത്തെ ചെറുകിട വ്യവസായികൾ ചെയ്തു വരുന്നു.

ജോലി തിരക്കിൽ , വ്യാസന്റെ ജന്മ ഭൂമിയെന്നും അവകാശപ്പെടുന്ന സ്ഥലങ്ങൾ കാണാൻ കഴിഞ്ഞില്ല.

‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന മട്ടിൽ കണ്ട പട്ടിണിക്കോലമാണ് കണ്ണിന്റെ മുൻപിൽ. ദൈവമേ, ഝാൻസി റാണിയുടെ കഥയുറങ്ങുന്ന നാട്ടിൽ, എല്ലും തോലുമായ സ്ത്രീകൾ പ്രസവിച്ചിടുന്ന കുഞ്ഞുങ്ങൾ. കൊടുംദാരിദ്ര്യം എന്ത് എന്ന് നേരനുഭവം കിട്ടുമ്പോൾ, ബീര്ബലിനെയും, വ്യാസനെയും, ബ്രിട്ടീഷുകാരെയും ഓർക്കാൻ എവിടെ സമയം? ഒരു തുള്ളി മഴ പെയ്യാൻ കാത്തിരിക്കുന്ന മനുഷ്യരും, കന്നുകാലികളും.

മഞ്ഞയും നീലയും കലർന്ന നിറത്തോടെ സൂര്യ വെളിച്ചത്തിൽ, യമുന നദി തിളങ്ങുന്നു. സൂര്യ പുത്രിയാണല്ലോ യമുന. പുരാണ കാലത്തെ സൂര്യ മന്ദിരം നദീ തീരത്തുണ്ട്. ഞാൻ ശ്രദ്ധിച്ചത്: മണ്ണിന്റെ നിറമുള്ള ധോത്തി അണിഞ്ഞ ഒരു വയസ്സായ കർഷകൻ, യമുനയിൽ തർപ്പണം ചെയുന്നു.

അഹം എന്ന ഭാവം കുറയാനായിട്ടാവും, ദൈവം എന്നെ കല്പിയിലോട്ടു പറഞ്ഞു വിട്ടത്.

അടുത്ത തവണ ചരിത്രസ്ഥലികൾ സന്ദർശിക്കാം. പാലം കടന്നു. ഉറൈ എന്ന് നാട്ടുകാർ വിളിക്കുന്ന ജലൗൺ, ഇനിയും വരാം.

**