വിഷലിപ്തമല്ലാത്ത ചിന്തകൾ

v p menon

“കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം എത്രയോ മുന്നിലാണ്…അവിടെ കുഞ്ഞുങ്ങൾക്ക് വൃത്തിയുള്ള വസ്ത്രങ്ങളും, കഴിക്കാൻ ഉച്ചഭക്ഷണവും കിട്ടുന്നു. സ്കൂൾ ലൈബ്രറിയുണ്ടാവും…പച്ചക്കറികൾ സ്കൂൾ അങ്കണത്തിൽ തന്നെ നട്ടു വളർത്തുന്നു…അധ്യാപകർ എത്രയും ആത്മാർഥതയുള്ളവർ! നിങ്ങൾ അവരെ പോലെയാകണം! കേരളത്തിൽ ആശുപത്രികളിൽ, ഡോക്ടറുമാർ സേവനത്തിന് എപ്പോഴും തയ്യാറാണ്. അവിടെ, വൃത്തിയും വെടിപ്പുമുണ്ട്. പേ വിഷബാധയ്ക്കും, പാമ്പിൻവിഷത്തിനും ഒക്കെ antivenom സ്റ്റോക്കിൽ കാണും…നമ്മൾ കേരളത്തിനെ കണ്ടു പഠിക്കണം!”

ഉത്തർപ്രദേശിലെ, എത്രയോ ഗ്രാമങ്ങളിൽ, ഞാൻ എന്റെ നാടിനെകുറിച്ച് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്…”ഞങ്ങൾ വീടുകളിൽ ശൗചാലയം ഉപയോഗിക്കുന്നു…ഞങ്ങളുടെ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരാണ്..അവർ സ്കൂളുകളിൽ പോകുന്നു…നിങ്ങളും അവരെപ്പോലെ….!!!”

ഇപ്പോൾ സാമ്യം പറഞ്ഞു പ്രേരണ നല്കാൻ ശ്രമിക്കുമ്പോൾ എന്റെ മനസ്സ് മന്ത്രിക്കുന്നു…” ഇനി എന്ത് പറയും?പ്രബുദ്ധമായ എന്റെ ജന്മ നാട്ടിൽ, ചെറിയ പെൺകുഞ്ഞുങ്ങളുടെ ജീവന് വിലയില്ല എന്നോ? അവരെ ദുഷ്ടമനുഷ്യരിൽ നിന്നും, പാമ്പുകളിൽ നിന്നും സംരക്ഷിക്കാൻ എന്റെ നാടിനു ഈയിടെയായി കഴിയാറില്ല എന്നോ?”

പേ വിഷത്തിനും, പാമ്പിൻ വിഷത്തിനും  മറുമരുന്നിനായി, ആരും, ആരോടും കെഞ്ചേണ്ട ആവശ്യമില്ല..അത് നാമോരോരുത്തരും അടയ്ക്കുന്ന നികുതിപ്പണം കൊണ്ട് വാങ്ങിച്ചു, ഇന്ത്യയിലെ എല്ലാ സർക്കാർ ആശുപത്രികളും വയ്ച്ചിട്ടുണ്ട്… വയനാടിലായാലും, ബാരാബങ്കിയിലായാലും അത് വിഷ ബാധയേറ്റ വ്യക്തിക്ക് കുത്തിവയ്ക്കാൻ, അവിടെ ജോലിയെടുക്കുന്ന ഡോക്ടറുമാർ ബാധ്യസ്ഥരാണ്.

ഒരു കുഞ്ഞിനെ സ്കൂളിൽ വിട്ടു എന്ന് വയ്ച്ചാൽ , ഇന്നത്തെ നിലവിലുള്ള നിയമങ്ങൾ പ്രകാരം, അവളുടെ ജീവന്റെ, ആരോഗ്യത്തിന്റെ ചുമതല കൂടിയാണ് മാതാപിതാക്കൾ സ്കൂളിലുള്ള അധ്യാപകരെ ഏൽപ്പിക്കുന്നത്. ജുവനൈൽ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുസരിച്ചു കേസെടുത്താൽ ക്രൂരതയ്ക്കുള്ള സെക്ഷനിൽ അദ്ധ്യാപകനും , ഡോക്ടറും ജയിലിൽ പോകേണ്ടതായി വരും…അതും ഇന്ത്യയിലെ എല്ലാ സ്ഥലത്തും ബാധകവുമാണ്.

ഹരിദ്വാറിൽ വനിതാ ജഡ്‌ജി വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിനെ ജോലിയ്ക്കു നിർത്തി, അതി ക്രൂരമായി ഉപദ്രവിച്ചതായി വാർത്ത വന്നിരുന്നു. ആ കുഞ്ഞിന് വേണ്ടി ഒരു പൊതു താല്പര്യ ഹർജി വന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, തെറ്റ് ചെയ്‌ത ജഡ്ജിക്കെതിരെ ശക്തമായ കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു ! ശക്തിയുള്ളവർക്കു വേണ്ടി പലരും പൊരുതുമല്ലോ…’പൊതു താല്പര്യം ഈ വിഷയത്തിൽ ഇല്ല’ എന്ന് വാദിച്ചവരോട് അദ്ദേഹം പറഞ്ഞത്, ഈ കേസിൽ , ക്രൂരത കാണിച്ച വ്യക്തിക്ക് അനുകൂലമായി പ്രവർത്തിച്ചാൽ അതാണ് പൊതു ജനത്തിനോട് കാണിക്കുന്ന ഏറ്റവും വലിയ തെറ്റ് എന്നാണ്. ഇന്നത്തെ വാർത്തയാണ്…

***
ഇന്ന് ട്രെയിനിങ്ങിൽ ‘Adaptive Leadership’ എന്ന വിഷയത്തിൽ ക്ലാസ്സുണ്ടായിരുന്നു. അവിടെ , ഒരു ചോദ്യം…
‘Who are you ?’ അതിന്റെ ഉത്തരം ഗഹനമായതാണ്.
ഞാൻ ആരാണ്?
ആദി ശങ്കരന്റെ ‘നിർവാണഷ്ടകം’ ഓർമ്മയിൽ വന്നു…ഞാൻ ആരാണ് എന്ന് അറിയില്ല, പക്ഷെ ഞാൻ ഇതല്ല എന്നറിയാം.
പിന്നീട് ആരോ പറയുന്നത് കേട്ടു ..’We are what we do …’ ആണോ? ആണെങ്കിൽ കാരുണ്യമില്ലാത്തവർ പഠിപ്പിക്കാൻ പോകരുത്.ചികത്സിക്കാനും.
അനുകമ്പയില്ലാത്തവൻ/അൻപില്ലാത്തവൻ വെറും ശവം എന്ന് നമ്മൾ സ്കൂളിൽ കവിത രൂപത്തിൽ പഠിച്ചതാണ്… നാരായണ ഗുരുദേവൻ്റെ അനുകമ്പാഷ്ടകത്തിൽ.
***

100 Best Letters (1847-1947) എന്നൊരു പുസ്‌തകം.

അതിൽ, മഹാരാജ ഹരി സിംഗ് ലോർഡ് മൗണ്ട്ബാറ്റൺന് എഴുതിയ എഴുത്തുണ്ട് …ആ എഴുത്താണ് ജമ്മു കാശ്മീരിനെ ഇന്ത്യയിലോട്ടു ചേർത്തത്. Instrument of Accessionനുംകൊണ്ട് ഡൽഹിക്കു പോയത് ശ്രീ.വി.പി. മേനോൻ . സർദാർ പട്ടേലിന്റെ കീഴിൽ, സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിലെ സെക്രട്ടറി  (Secretary , States Department)!

Quote Maharajah Hari Singh to Lord Mount Batten (26 October, 1947)

First line…

My Dear Lord Mountbatten,

I have to inform Your Excellency that a grave emergency has arisen in my state and request the immediate assistance of your Government…

Last paragraph…

If my state is to be saved, immediate assistance must be available at Srinagar. Mr.V.P.Menon is fully aware of the gravity of the situation and will explain it to you, if further explanation is needed.

In haste and with kindest regards,

Yours Sincerely,

Hari Singh

***

എന്റെ നാട്…എവിടെയാണ് അതിന്റെ സ്പർശം അനുഭവപ്പെടാത്തത് ? അത് എപ്പോഴും നന്മയുടേതാകണേ!

 

 

അക്കമോ, മനുഷ്യനോ?

 

IMG_2643

പേപ്പട്ടി കടിച്ച കുട്ടിയുടെ പേര്, പ്രായം, വയസ്സും, ആദ്യത്തെ ടോസിന്റെ ഡേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അവനു ലഭിക്കേണ്ടിയിരുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ഡോസും തീയതിയും ഇല്ല. അപ്പോൾ, അർഥമെന്തെന്നു വ്യക്തം.

ഫോൺ വിളിച്ചപ്പോൾ , പിതാവ് ഫോണെടുത്തു. രണ്ടാമത്തെ ഡോസിനായി വന്ന ദിവസം ഇഞ്ചക്ഷനും കിട്ടിയില്ല, ആരേയും കണ്ടതുമില്ല. ഈശ്വരന്റെ കൃപയാൽ പട്ടി പേയ്‌പിടിച്ചതായിരുന്നില്ല. മകൻ സുഖമായിരിക്കുന്നു.

‘ നിങ്ങളുടെ കുട്ടിയായിരുന്നെങ്കിൽ, ഇത് പോലെ ശ്രദ്ധക്കുറവ് കാട്ടുമായിരുന്നോ? എത്ര കുറച്ചു കേസുകളാണ്! അത് പോലും നമ്മൾ നിസ്സാരമായി കാണുന്നെങ്കിൽ, പിന്നെ നിങ്ങളും ഞാനും എന്ത് സേവനമാണ് നൽകുന്നത്?’ ആർക്കും ഉത്തരം ഇല്ല.

രജിസ്റ്ററിലെ സംഖ്യ ഒരു മനുഷ്യ ജീവിയാണ്. ആ തിരിച്ചറിവാണ്, സംവേദനയുള്ള സേവനം നൽകാൻ നമ്മെ പ്രാപ്തിയുള്ളവരാക്കുന്നത്. എന്തായാലും കണ്ണടച്ച് ചുമതലയുള്ള സ്റ്റാഫിന് സസ്പെന്ഷന് നിർദേശം കൊടുത്തില്ല. പലപ്പോഴും ഉള്ള കഞ്ഞിയിൽ പാറ്റയിടുന്ന പരിപാടി ആവാറുണ്ടത്. ഒന്നാമത് തീരെ കുറവ് സ്റ്റാഫാണ് പല ജില്ലകളിലും, അതും വളരെ ദൂരത്തെ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ. തെറ്റ് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഇനി പലർക്കും ഉപകാരപ്പെടും. ഉള്ള വ്യക്‌തിയെ സസ്‌പെൻഡ് ചെയ്താൽ നാളെ ധാരാളം സാധു ഗ്രാമീണർ കഷ്ടപ്പെടും.
ജില്ല മുഴുവനും ഈ ഒരു വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ചീഫ് മെഡിക്കൽ ഓഫീസറോട് നിർദേശിച്ചു. ഡോക്ടറുടെ സ്പഷ്‌ടീകരണം മേടിക്കാനും പറഞ്ഞു.
*

അൻപതോളം ചെറുപ്പക്കാർ, ഗ്രാമ വികസന ഓഫീസറുമാരായി ജോയിൻ ചെയ്തിരിക്കുന്നു. ട്രെയിനിങ്ങിന്റെ ആദ്യത്തെ ദിവസം, ജില്ലാ കലക്ടറും, പിന്നെ ജില്ലയുടെ നോഡൽ ഓഫീസറും അവരെ സംബോധന ചെയ്താൽ നന്നായിരുന്നു. അങ്ങനെ കേട്ടപ്പോൾ, പോകാതിരിക്കാനായില്ല.
ധാരാളം പെൺകുട്ടികൾ. എനിക്ക് സന്തോഷം തോന്നി. മിടുക്കർ. സിലബസ് നോക്കിയപ്പോൾ, കേന്ദ്ര/ സംസ്ഥാന സർക്കാരുകളുടെ എല്ലാ പദ്ധതികളും അതിലുണ്ട്. നാൽപ്പതോളം വിഭാഗങ്ങളുടെ പരിചയപ്പെടുത്തലുമുണ്ട്! ഇവയൊക്കെ നാളെ ഗ്രാമങ്ങളിൽ നടപ്പാക്കേണ്ടവർ വിടർന്ന മിഴികളുമായി മുന്നിൽ ഇരിക്കുന്നു!

‘ മൂവായിരത്തോളം കിലോമീറ്ററുകൾ അപ്പുറത്തു നിന്നാണ് എന്നെ പോലെ പലരും നിങ്ങളുടെ ദേശത്തെത്തിയത്. നിങ്ങൾക്കാകട്ടെ സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള ഭാഗ്യമുണ്ട്. അതിനെ കുറച്ചു കാണരുത്…വിനയം ഒരു ദോഷമാണ് എന്ന ചിന്ത പാടില്ല. വിനയത്തോടെ തന്നെ നല്ല ശക്തമായ ‘ NO’ പറയാനുള്ള പാടവം ആർജ്ജിക്കണം…ജോലി ചെയുമ്പോൾ തന്നെ, കൂടുതൽ പരീക്ഷകൾ എഴുതി ഇനിയും മുൻപോട്ടു പോകാൻ ശ്രമിക്കണം…’ എന്റെ ഇപ്പോഴും ശുദ്ധമല്ലാത്ത ഹിന്ദി അവർക്കു ബോധിച്ച ലക്ഷണമാണ് കണ്ടത്…എന്തായാലും മനുഷ്യനെ അക്കമല്ലാതെ നോക്കി കാണാൻ അവർക്കു കഴിയട്ടെ എന്ന് ഞാനും മനസ്സിൽ ആശംസിച്ചു.
*
ജില്ലയിൽ, പൊരി വെയിലത്ത്, പോലീസ് ട്രെയിനിങ് നടത്തുന്ന ചെറുപ്പക്കാരെ കണ്ടു. ചിലർ മാർച്ചു ചെയ്യുന്നു , ചിലർ ഓട്ടവും ചാട്ടവും  പരിശീലിക്കുന്നു. സൂര്യൻ തലയ്ക്കു മുകളിൽ. ടിയർ
ഗ്യാസ് മുതൽ, ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്, തോക്കുകൾ, വെടിക്കോപ്പുകളും മറ്റും കണ്ടു.
സ്ത്രീകളായ പോലീസ് കോൺസ്റ്റബ്ൾസ് ശൗചാലയമില്ലാതെ ബുദ്ധിമുട്ടുന്നു.
സംഖ്യയല്ല, മനുഷ്യജന്മമാണ്. എന്തായാലും, അവർക്കും ടോയ്‌ലെറ്സ് കെട്ടാനുള്ള പ്ലാൻ ഉണ്ടാക്കി.

ബ്രിട്ടീഷ് കാലം മുതൽ സർക്കാർ ഡ്യൂട്ടിയിൽ എത്തുന്ന ഓഫീസർമാർക്ക് ഗാർഡ് ഓഫ് ഓണർ നൽകുന്ന പതുവുണ്ട്.
‘ശ്രീമാൻ, ഗാർഡ് നിരീക്ഷൻ കെ ലിയേ തയ്യാർ ഹൈ!’
ബയോനെറ്റ് വച്ച റൈഫിൾ കയ്യിലേന്തിയ പോലീസ് ഗാർഡ്.
‘സബാഷ്!’
പണ്ട്, വളരെ കാരുണ്യവാനായ സീനിയർ പഠിപ്പിച്ച പാഠമോർത്തു ഞാൻ ഉരുവിട്ടു.

*

ബഡാ മംഗൾ എന്ന് വിളിക്കുന്ന ഹനുമാൻ പൂജയുടെ ഒരു വിശിഷ്ട ഉത്സവം ഗ്രാമങ്ങളിൽ. ഗുസ്തി മത്സരം പൊടി പൊടിക്കുന്നു. തിളങ്ങുന്ന സാരിയും ഉടുത്തു ധാരാളം സ്ത്രീകൾ…അവർ ഉത്സാഹത്തോടെ സാധനങ്ങൾ വാങ്ങിക്കുന്നു. ബലൂൺ മുതൽ ആഭരണങ്ങൾ വരെ സുലഭം. ആൾക്കൂട്ടത്തിന്റെ ഇടയിൽ ജാതിമത ഭേദമില്ലാതെ കച്ചവടക്കാർ. ഈ ഒരു കാഴ്ച ഭാരതത്തിനു സ്വന്തം…ജീവന്റെ പ്രസരിപ്പാണ് എല്ലായിടത്തും…ഹനുമാൻ സ്വാമി ചിരിക്കുന്നതായി എനിക്ക് തോന്നി. എപ്പോഴും പ്രസന്ന വദനനായ ഗുരുവാണല്ലോ അദ്ദേഹം !

*

പാലം കടന്നു. യമുന ശാന്തയായി ഒഴുകുന്നു.

‘അഴകോടന്നഗരത്തിൽ തെക്കുകിഴക്കതു വഴി,
ഒഴുകും യമുന തന്റെ പുളിനം കാണ്മൂ…
ഇളമഞ്ഞ വെയിൽ തട്ടി നിറം മാറി നീല വിണ്ണിൽ
വിളങ്ങുന്ന വെണ്മുകിലിൻ നിര കണക്കേ…’

കുമാരനാശാൻ ‘കരുണ’ യായി മനസ്സിൽ ഓടിയെത്തി.

*

ഈ യാത്രയിലും പഠിച്ച പാഠം കാരുണ്യം തന്നെ.
**