രുദാലികളുടെ ലോകം…

hands-

പ്രൊഫസർ Robert Alter ഉടെ Hebrew Bible translation കിട്ടിയത് നിമിത്തമായി. ഞാൻ പരിഭാഷപ്പെടുത്തുന്ന പുസ്‌തകത്തിൽ ചിന്തിപ്പിക്കുന്നതും, പുനർവിചാരണയ്ക്കു വിധേയമാക്കുന്നതുമായ പലതും ഒരിക്കൽ കൂടി വായിച്ചു നോക്കാനും, അതിൻ്റെ വേരുകൾ തേടി പോകാനും കഴിഞ്ഞു. കിട്ടാതെ കിടന്ന ഒരു റഫറൻസ് , ഒരു വാക്കിന്റെ etymology ‘തേടിയ വള്ളി കാലിൽ ചുറ്റി’ എന്ന് പറഞ്ഞ മാതിരി , ‘Prophets , വോളിയം 2’ എന്ന പഠനത്തിലൂടെ എന്റെയടുക്കൽ വന്നു ചേർന്നു.

(ഈശ്വരന്റെ ഒരു ചെറു പുഞ്ചിരി മാതിരി ! നീയറിയാതെ ഒരു പുൽക്കൊടി പോലും അനങ്ങുന്നില്ലല്ലോ! ഞാൻ ആ വാക്യത്തിന്റെ ഉത്ഭവം തപ്പി നടക്കുന്നത് നീ കണ്ടല്ലോ; ദയാവായ്പോടെ കനിഞ്ഞല്ലോ ! ഞാൻ തേടുന്നത് കണിശമായി അപഗ്രഥിക്കുന്ന, സംശയ നിവൃത്തി ചെയ്ത ആ രണ്ടാം volume തന്നെ നീ കൊണ്ട് തന്നല്ലോ ! ഇനിയും നിന്റെ കനിവിന്റെ പാത്രമാവാൻ അവസരങ്ങൾ തരണേ !)

**

ഡിംപിൾ കപാഡിയയുടെ ‘രുദാലി’ കണ്ടത് പലരും ഓർമ്മിക്കും. കുടുംബത്തിൽ മരണം സംഭവിച്ചാൽ കൂട്ടക്കരച്ചിലിനു വരുന്ന സ്ത്രീകളാണ്. അവരുടെ വർഗ്ഗ തൊഴിലാണത്.
( ശരിക്കുള്ള ‘രുദാലി’ എന്ന കഥ , മഹാശ്വേതാ ദേവിയുടേതാണ് .ആ കഥയും സിനിമയുടെ കഥയുമായി പുലബന്ധം പോലുമില്ല.)

അങ്ങനെ ‘The keening women’ എന്നൊരു റഫറൻസ് കണ്ടു പഠനത്തിൽ. (Jeremiah 9 :10 )
‘ Meqonenot ‘ എന്ന പുരാതന ഇസ്രായേലി രുദാലികൾ ! കരയാൻ നേതൃത്വം കൊടുക്കുന്ന ‘വൈസ് വിമൻ’. പല സമൂഹങ്ങളിലും//സംസ്കാരങ്ങളിലും പല പേരുകളിൽ ഇവരുണ്ടായിരുന്നു എന്ന് കണ്ടെത്തൽ!

‘ There are many indications in the Bible that there was a class of  professional keening women, meqonenot, in ancient Israelite society, as in many other cultures, who performed public rites of wailing at times of bereavement and perhaps also led the general populace in mourning…’

അതെന്നെ ഒന്ന് പിടിച്ചു നിർത്തി. കരയാൻ മുന്നിലുള്ള സ്ത്രീ ; ആൾക്കൂട്ടത്തെ വിലപിക്കാൻ പ്രേരിപ്പിക്കുന്ന സ്ത്രീ ; കരച്ചിലിലൂടെ ‘CATHARSIS’ സംഭവ്യമാകുന്ന സ്ത്രീ…!
നമ്മളത് കാശ്മീരിൽ കാണുന്നു , തമിഴ് നാട്ടിൽ കാണുന്നു, കേരളത്തിൽ കാണുന്നു , മനുഷ്യജന്മമുള്ള എല്ലാ ദേശങ്ങളിലും നിലവിളിക്കുന്ന സ്ത്രീകളുടെ , രുദാലികളുടെ, കണ്ണുനീർ കാണുന്നു. കരഞ്ഞു കരഞ്ഞു ‘വൈസ് വിമൻ ‘ ആകുന്നതാണോ എന്നറിയില്ല.

കാത്തുവ കേസിൽ ഒരു മനുഷ്യക്കുഞ്ഞിനെ ദ്രോഹിച്ച രീതികൾ വായിച്ചു മനം മടുത്തു പ്‌രാകി കൊണ്ട് മനുഷ്യ ജന്മങ്ങളെ തന്നെ പഴിച്ചപ്പോൾ, നിലവിളിക്കുന്ന അമ്മമാരുടെ പടം മനസ്സിൽ തെളിഞ്ഞു.
മനുഷ്യ രൂപത്തിൽ ദൈവവും ചെകുത്താനും നടന്ന, നടക്കുന്ന ഈ ഭൂമിയിൽ, എന്തറിഞ്ഞിട്ടാണ് ‘കരയാൻ വേണ്ടി സ്ത്രീകളെ’ സമൂഹം പണ്ടേ മാറ്റി നിർത്തിയത്?

**

Marianne Williamson ഇന്റെ  ‘Illuminata : Thoughts, Prayers , Rites of Passage’ കയ്യിൽ വന്നു ….അതിൽ  ജോലികളെ കുറിച്ച് ഒരു വരി ..
‘The meaning of work, whatever its form, is that it be used to heal the world.’

നമ്മുടെ ജോലികൾ അഥവാ പ്രവൃത്തികൾ എവിടെയോ, എങ്ങനെയോ ‘salve ‘ അല്ലെങ്കിൽ ‘മരുന്നായി’ മാറണം. അപ്പോൾ ദൈവം തന്ന കഴിവുകൾ സന്തോഷത്തിന്റെ പാതകളാവുന്നു. എത്ര നല്ല ചിന്ത! വീട് വൃത്തിയായി, ‘sanctuary from ദി outside noise ‘ എന്ന രീതിയിൽ സൂക്ഷിക്കുന്ന വ്യക്തിയും, ഗഹനമായി ചിന്തിച്ചു എഴുതുന്നയാളും, രോഗിയെ പരിചരിക്കുന്ന ഡോക്ടറും എല്ലാം അപ്പോൾ ഒരേ പാതയിൽ …!

‘ ഞാൻ പ്രകാശൻ’ എന്ന സിനിമ കണ്ടപ്പോൾ കിട്ടിയ പാഠമോർത്തു : നഴ്‌സായി അഭിമാനത്തോടെ ജോലിയെടുക്കുന്ന പ്രകാശനും   , ശുണ്ഠി മൂത്തു, ഭിക്ഷ കൊടുക്കാൻ താമസിച്ച വീട്ടമ്മയെ ശപിച്ചിട്ടും ഫലിക്കാതെ ഞെട്ടിപ്പോയ ഋഷിയോടു ,’ ഞാൻ എന്റെ കർമ്മം ആത്മാർഥതയോടെ അനുഷ്ഠിക്കുന്നവളാണ് …അതാണ് എന്റെ ശക്തി’ എന്ന് പറഞ്ഞ സാധുവായ സ്ത്രീയും എല്ലാം ഒരേ പാതയിൽ ചരിക്കുന്നവർ.
‘ദൈവമേ ! രുദാലികളെ എന്നും കരയിക്കുന്ന ഈ ലോകത്തിൽ, നിന്റെ പ്രകാശത്തിൽ ഇനിയും ജീവിക്കാൻ , ചിരിക്കാൻ, ആകേണമേ !’
**