എന്റെ ജീവിതത്തിലെ പ്രകാശം

IMG_2668

‘സുന്ദരകാണ്ഡം’ ഹിന്ദിയിൽ നിന്നും  ഇംഗ്ളീഷിലോട്ടു മൊഴിമാറ്റം നടത്തുവാനുള്ള അറിവ് എനിക്കില്ല. തുളസീദാസിന്റെ സുന്ദര ദോഹകൾ മനസ്സിലാക്കുവാനായി ഞാൻ ഒരു ശ്രമം നടത്തി. അന്പത് അധ്യായങ്ങളായി അത് പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഹനുമാൻ സ്വാമി ജീവശ്വാസമായി കൂടെയുണ്ടെന്ന ഉറപ്പ് , അതായിരുന്നു പ്രചോദനം.

ഏറ്റവും പ്രിയമുള്ള വല്യച്ഛൻ എന്നും ബൈബിൾ വായിച്ചിരുന്നു…എല്ലാ സന്ധ്യകളിലും, പൂജാ മുറിയിൽ, വിളക്ക് കൊളുത്തി നാമം ജപിച്ചിട്ടു നേരെ വല്യച്ഛന്റെ മുറിയിൽ, മുട്ട് കുത്തി നിന്ന് കാരുണ്യവാനായ യേശു ദേവനേയും, പുണ്യമാതാവിനേയും കണ്ണ് തുറന്നു നോക്കി കൊണ്ട് പ്രാർത്ഥിക്കും. വല്യച്ഛൻ കപ്പലിൽ നിന്നും വരുന്ന വിശിഷ്ട വേളകളിൽ, എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങൾ വെട്ടുകാട്  പള്ളിയിൽ പോകും. അവിടുത്തെ കത്തുന്ന മെഴുകുതിരുകളിൽ, എന്റെ ബാല്യത്തിന്റെ ഏറ്റവും സ്നേഹം നിറഞ്ഞ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്നു.

അങ്ങനെ ദൈവത്തിനെ ഏതു രൂപത്തിലും സ്നേഹിക്കാമെന്നു പഠിച്ചാണ് വളർന്നത്. അത് എത്ര വലിയ ഒരു അനുഗ്രഹമായിരുന്നു എന്ന്, ഇന്ന് ഞാൻ തിരിച്ചറിയുന്നു. എത്ര മേൽ ദുർഭാഷണം ശ്രവിച്ചാലും, എത്ര തന്നെ പുച്ഛത്തെ നേരിട്ടാലും, സർവജ്ഞ, സർവ വരദ, സ്നേഹസ്വരൂപ, കാരുണ്യവാരിധേ എന്ന് ചൊല്ലുമ്പോൾ, എന്റെ മനസ്സിൽ ഇന്നും ചിരിക്കുന്ന ദേവ രൂപങ്ങളുടെ മുന്നിൽ നിലവിളക്കും, മെഴുകുതിരിയും ഒരു പോലെ പ്രകാശിക്കുന്നു.

പറഞ്ഞു വന്നത്, ആ പ്രപഞ്ച ശക്തിയെ പറ്റി : അനിർവചനീയമായ പുണ്യം.

പുസ്‌തക കടയിൽ ആർത്തി പിടിച്ചു നടക്കുമ്പോൾ, കൈകളിലേക്ക് ആരോ എടുത്തു തന്നത് പോലെ ഒരു കൃതി. അതിൽ, ഹനുമാൻ മന്ത്രങ്ങളും, വലിയച്ഛൻറെ പ്രിയപ്പെട്ട ബൈബിളിലെ വരികളും ഒരു പോലെ ചൈതന്യവത്തായി കിടക്കുന്നു. അന്ന് ഞാൻ മനസ്സിലാക്കി: ആ കാരുണ്യവാനായ തമ്പുരാന് ഓരോ പുൽക്കൊടിയുടെ അനക്കം പോലും അറിയാം. ആ പുസ്‌തകം എന്റെ കർമ്മകാണ്ഡത്തിലും കിടന്നിരുന്നു എന്നതാണ് വാസ്‌തവം.

വേളാങ്കണിയിൽ അവസാനമായി പ്രാർത്ഥിച്ചിട്ടു തിരിച്ചു വരുന്ന വഴിയിലാണ് വല്യച്ഛൻ അപകടത്തിൽ പെട്ട് മരിച്ചത്. സമയമായപ്പോൾ, പുണ്യാത്മാവിനെ കൊണ്ട് പോകാൻ സ്നേഹസ്വരൂപൻ തന്നെ വന്നിരിക്കണം.

പല ധർമ്മങ്ങളും സ്നേഹത്തിന്റെ ധർമ്മമായി കാണുന്ന ഈ പുസ്‌തകത്തിനെ, വിവർത്തനം വഴി, ഭാഷയുടെ ഒരു ഒഴുക്കിൽ നിന്നും മറ്റനേകം പുഴകൾ ഒഴുകുന്ന ജലസമുച്ചയത്തിലേക്ക് ആനയിക്കുവാനാകുമെങ്കിൽ, അത് എന്റെ വല്യച്ഛന്റെ    ഓർമ്മയ്‌ക്കു മുന്നിൽ അർപ്പിക്കുന്ന കത്തുന്ന മെഴുകുതിരിയാവും. വായിച്ചു വളരാൻ പഠിപ്പിച്ച പിതൃതുല്യന് ഒരു സ്നേഹാർപ്പണം…

കുരിശിന്റെ വഴി

പണ്ട് കപ്പൽ വല്യച്ഛൻ പറഞ്ഞതാണ് : ‘ ഓരോരുത്തർക്കും ഈശ്വരൻ ഓരോ കുരിശ് കൽപ്പിച്ചിട്ടുണ്ട്. അത് ഈ ജീവിതത്തിൽ അവരവർ ചുമന്നേ തീരൂ…’ കപ്പൽ വല്യച്ഛൻ വലിയ മനുഷ്യനായിരുന്നു. അറിവിലും,
ആത്മാവിലും, ഹൃദയ വിശാലതയിലും, കാരുണ്യത്തിലും, കൊടുക്കുന്നതിലും, വഴികാട്ടുന്നതിലും, എല്ലാം, എല്ലാം… ധാരാളം അദ്ദേഹം നേടി, അതിലേറെ കൊടുത്തു, ഒത്തിരി പ്രാർത്ഥിച്ചു, ഞങ്ങളെ ഹൃദയം നിറഞ്ഞു അനുഗ്രഹിച്ചു, സ്നേഹിച്ചു; പിന്നെ അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടു പോയി. (പോയിട്ടില്ല! സ്നേഹിക്കുന്നവർ എപ്പോഴും കൂടെയുണ്ടല്ലോ.)

പല രീതിയിൽ ജീവിത പരീക്ഷണങ്ങൾ നടക്കുമ്പോൾ, ചിലതിൽ പരാജയപ്പെടുകയും, ചിലതിൽ ജയിക്കുകയും ചെയുമ്പോൾ, അതെന്താ എനിക്ക് അങ്ങനെ സംഭവിച്ചത്, അല്ലെങ്കിൽ ഞാൻ എന്തിനു ആ വേദന അനുഭവിച്ചു എന്ന് സ്വയം ചോദിക്കുമ്പോൾ, വല്യച്ഛൻ പറഞ്ഞത് ഓർമ്മ വരും. ‘ വേറൊരാളുടെ കുരിശു നമുക്ക് താങ്ങാനാവില്ല. ഇല്ലെങ്കിൽ ചോദിച്ചു നോക്കൂ !’

ചോദിച്ചു നോക്കിയിട്ടുണ്ട് ഞാൻ- ചിലർ രോഗങ്ങൾ ചുമക്കുന്നു, ചിലർ സ്നേഹിച്ചവരുടെ വേർപാട്, ചിലർ ദാരിദ്ര്യം, ചിലർ സ്വപ്‌നങ്ങൾ നേടാൻ കഴിയാത്ത വേദന, ചിലർ ഏകാന്തത, ചിലർ ലക്ഷ്യമില്ലായ്മ, ചിലത് കുട്ടികളെ ചൊല്ലിയുള്ള ദുഃഖം,ചിലർ ബന്ധുക്കളെ ചൊല്ലിയുള്ള ദുഃഖം …അങ്ങനെ, അങ്ങനെ ജീവിത ഭാരം/ കുരിശ് പല രീതിയിൽ!
ബുദ്ധ ഭഗവാൻ ദുഖിതയായ സ്ത്രീയോട് ചൊല്ലിയത് പോലെ , വേദനിക്കാത്തവനായി ആരും ഇല്ല ഭൂമിയിൽ.
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായത് കഴുകനെന്നും കപോതമെന്നും…എന്ന് കവി വചനം.
ദുഃഖവും, മരണവുമെല്ലാം ഈ വരികളുടെ വിവക്ഷയിൽ പെടുത്താം എന്ന് തോന്നുന്നു.

ഈയിടെ ഡേവിഡ് ലീനിന്റെ BEN HUR ഒരിക്കൽ കൂടി കണ്ടു. കാരുണ്യത്തിന്റെ നിറകുടമായ യേശു ദേവൻ, കൊടും ദ്രോഹത്തിനു വിധേയനായി ദാഹിച്ചു പരവശനായ ബെൻ ഹറിൻറെ ദാഹം തീർക്കുന്ന രംഗം കണ്ടു രോമം എഴുന്നു നിന്നു…ഒടുവിൽ ആ ദാഹജലം ബെൻ ഹർ തിരിച്ചു നൽകുന്ന ദൃശ്യവും കണ്ടു കണ്ണ് നിറഞ്ഞു!

എഴുതി തുടങ്ങിയത് കുരിശിനെ പറ്റിയാണ്. തീർക്കുന്നതും അതിലാവട്ടെ.

ഓരോ ചുവടിലും ഈശ്വരാ, നീ കാരുണ്യമായി, കൈപിടിച്ചെണീല്പിച്ചു, ദാഹജലം നൽകി കൊണ്ടേയിരിക്കേണമേ…എന്നാലാവും വിധത്തിൽ എന്റെ കൈകൊണ്ടും നന്മ മാത്രം ചെയ്യിക്കേണമേ…എന്റെ കുരിശുമായി ഞാൻ നടക്കുന്ന വഴിയിൽ, സ്നേഹസ്വരൂപാ നീ എന്നെ കാത്തുകൊള്ളേണമേ….ഒരു പക്ഷെ സ്വന്തം ജീവിതം കൊണ്ട് എന്റെ കപ്പൽ വല്യച്ഛൻ കാണിച്ചു തന്ന ഏറ്റവും വലിയ പാഠവും അത് തന്നെ ആയിരുന്നു.

**