കരുണയിലെ ചുടലക്കാട്

greatmen

കുമാരനാശാന്റെ കരുണയിലെ ഒരു രംഗം. നാല്പാമരം പോലെ അരിഞ്ഞുമുറിച്ചിട്ട വാസവദത്ത കിടക്കുന്ന ചുടലക്കാട്.

“ഉടലെടുത്ത നരന്മാർക്കൊന്നുപോലേവർക്കും ഭോജ്യ-
മിടരറ്റു പിതൃപൈതാമഹസമ്പ്രാപ്തം.

ഇടമിതിഹലോകത്തിൽ പരമാവധിയാണൊരു
ചുടുകാടാ‍ണതു ചൊല്ലാതറിയാമല്ലോ.”

 

ഒരു വട്ടപ്പൊട്ട്

IMG_2500

മനസ്സിലാകാതെ മനസ്സിലായെന്നു പറഞ്ഞാൽ മനസ്സിലുള്ളത് കൂടി മനസ്സിലാവാതെ പോകും …

വാക്കുക്കൾ കൊണ്ടുള്ള കളി, ബെറ്റിയുടെ ബട്ടറും, വലംപിരി ശംഖും ഒക്കെ മറി കടന്നു തീക്ഷണമായ പരിസ്പർദ്ധയിൽ പരിവേശം കൊള്ളുന്ന കാലം. അതിന്റെ അനുരണനങ്ങൾ ശാന്ത പ്രിയരെ പ്രക്ഷുബ്ധരാക്കി.

( അങ്ങനെയും പറയാം.)

Betty bought some butter , She sells seashells…തുടങ്ങിയ കടിച്ചാൽ പൊട്ടാത്തതും, പറഞ്ഞാൽ തിരിയാത്തതുമായ സംഗതികൾ വായും പൊളിച്ചു ബഹുമാനിക്കുന്ന സമയം. ആർക്കും പെട്ടെന്ന് പിടികിട്ടാത്ത വാക്യങ്ങൾ -tongue twisters വകുപ്പിൽ പെട്ടവ – കാണാപാഠം പഠിച്ചു വയ്‌ക്കണം. കൂടപ്പിറപ്പുകൾ, കൂട്ടുകാർ, എല്ലാവരും വൻ മത്സരം തന്നെ.

( ഇങ്ങനെയും പറയാം)

ആ കാലത്തിൽ, ഒരു ദിവസം ഞാൻ കേട്ടു: ഒരു ഞെട്ടിപ്പിക്കുന്ന നാക്ക്- ഒടിയൻ പാരഗ്രാഫ് ! സഹോദരനാണ് അവതാരകൻ. ഒരു കഷ്ണം കടലാസ് നോക്കിയാണ് വായന.
കല്യാണിയെ പറ്റിയാണ് സംഭവം. അവൾ പൊട്ടു തൊട്ടിട്ടുണ്ട്. പാട്ടും പാടുന്നുണ്ട്. കാണുന്നയാൾക്കുള്ള റിയാക്ഷന് നല്ല വാക്‌ശക്തി , rhyming , wordplay !
പ്രശ്‌നം ഗുരുതരം: വാക്കുകൾ മിന്നൽ വേഗത്തിലാണ് പറയുന്നത്. കറക്റ്റ് ആയി അങ്ങോട്ട് ചെവിക്കൊള്ളാൻ പറ്റുന്നില്ല.

അണ്ണന്റെ പുറകിൽ കരഞ്ഞു നടന്നു, അപേക്ഷിച്ചു, ആ പേപ്പർ കഷ്ണം ഒന്ന് കാണിച്ചു തരുമോ? എനിക്കും പഠിക്കണം , ക്ലാസ്സിൽ ഷൈൻ ചെയ്യണം . ങേ ഹേ !

ഇത് ഇപ്പോൾ പഠിക്കണ്ട! ഇതൊക്കെ ഇച്ചിരി കൂടി നല്ല സ്റ്റാൻഡേർഡ് ഉള്ളവർക്ക് പറഞ്ഞിട്ടുള്ളത്‌ ആകുന്നു ….!

അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി.
‘അങ്ങാടിയിൽ തോറ്റതിന് അമ്മയോടാണ് ‘ പറയണ്ടത് കേട്ടോ, അച്ഛനോടല്ല എന്നൊരു അറിവും കൂടി കിട്ടിയത് മിച്ചം.

‘ We  are not beggars….!!’

‘അങ്ങാടിയിൽ’ ജയനെ വെല്ലുന്ന തരത്തിൽ തിരിച്ചു പറയണം എന്ന് തോന്നി. പറഞ്ഞില്ല.
ശരി, കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് പുഷ്പരാജിന്റെയും, ഡിറ്റക്റ്റീവ് മാർക്സിന്റേയും ആരാധകർക്ക് പല വഴിയും അറിയാം. ഡ്രാക്കുള കോട്ട പോലും ഞങ്ങൾക്ക് വെറും കറുക പുല്ലാണ്; കേട്ടു കൊള്ളുക.

അണ്ണൻ ട്യൂഷനു പോയ സമയം ഞാൻ ഡിറ്റക്റ്റീവ് പുഷ്പരാജ് നെ പോലെ പമ്മിപ്പമ്മി മുറിയിൽ കടന്നു. വളരെ നേരത്തെ പരിശ്രമത്തിനു ശേഷം ഒരു ഡിക്ഷനറിക്കകത്തു കിട്ടി നിധിയെ! അയ്യടാ , കുന്തം പോയാൽ കുടത്തിലല്ല, നിഘണ്ടുവിൽ വരെ തപ്പാൻ ഞങ്ങൾക്ക് അറിയാം!

കിട്ടിയ സമയം കൊണ്ട് ഞാൻ നന്നായി കാണാതെ പഠിച്ചു , ഉരുവിട്ട് പഠിച്ചു, പക്ഷെ എഴുതി പഠിച്ചില്ല . തിരിച്ചു നിഘണ്ടുവിൽ പേപ്പർ വയ്ച്ചു, വാതിലടച്ചു തിരിച്ചു പോയി.

വൈകിട്ട് അത്താഴത്തിനു ശേഷം, ഒന്നുമറിയാത്ത നിഷ്കളങ്ക ബാല്യം, സഹോദരന്റെ അടുക്കൽ ചെന്ന് പറഞ്ഞു ,
‘ എനിക്കും അറിയാം കല്യാണിയുടെ കഥ…’
‘ പിന്നെ ! കുറെ പുളിക്കും !’
‘ കല്യാണി നിന്റെ വട്ട പൊട്ട് ! അത് കാണുമ്പോൾ എനിക്ക് ശ്വാസം മുട്ട് ! നീ വട്ടപ്പൊട്ടും തൊട്ടു പാട്ടും പാടി മുന്നോട്ടു നടക്കുമ്പോൾ എന്റെ ഹൃദയത്തിലൊരു വട്ട് ! നിന്നെ പ്രതിയുള്ള പ്രേമം കാരണം ചുട്ടു നീറുന്ന എന്റെ ഹൃദയം വെറുമൊരു പട്ട് !’

കേട്ട് കൊണ്ട് വന്നത് പിതാവായിരുന്നു.
‘ മീനാക്ഷി എന്താ പറഞ്ഞത് ? ‘
അന്തം വിട്ടു കുന്തം വിഴുങ്ങിയ പരുവത്തിൽ ഞങ്ങൾ രണ്ടു പേരും.
‘ അച്ഛാ അത് tongue twister മലയാളത്തിൽ…’
ചെവി ട്വിസ്റ്റ് ചെയ്യാതെ രക്ഷപ്പെട്ടത് എന്റെ ഭാഗ്യം.

അപ്പോളേക്കും, അമ്മ, ‘ നോക്കൂ, ആരോ വന്നിരിക്കുന്നു ‘, എന്ന്  അനൗൺസ്‌ ചെയ്തു.
( അച്ഛന്റെ ഒരു പേര് ‘ നോക്കൂ’ ആണെന്നു കുഞ്ഞിലേ ഞാൻ ധരിച്ചു വച്ചായിരുന്നു)

അണ്ണൻ ഓടി മുറിയിൽ പോയി. ഞാൻ സ്റ്റൈലിൽ അവിടെ തന്നെ നിന്നു. ഡിറ്റക്റ്റീവ് പുഷ്പരാജ് ഒരു അടയാളവും ബാക്കി വയ്‌ക്കാറില്ല! ഡിക്ഷനറിയിൽ പേപ്പർ കണ്ടു കാണണം..തിരിച്ചു വന്നു അണ്ണൻ പറഞ്ഞു, ‘ സത്യം പറ – നീയത് തപ്പിയെടുത്തു കാണാതെ പഠിച്ചോ?’

ഞാൻ സത്യം പറഞ്ഞു.
‘ജയിക്കാനായി എന്തും ചെയ്യരുത് കേട്ടോ!’

ഞാൻ തലയാട്ടി.
അണ്ണൻ കഴിഞ്ഞേ ഉളളൂ, അന്നും ഇന്നും, വേറൊരു ഗുരുവും വഴികാട്ടിയും.
മലയാള ഭാഷയോടുള്ള എന്റെ ഒടുങ്ങാത്ത പ്രേമത്തിന് പിന്നിൽ, ഇങ്ങനെയും ഒരു കല്യാണി കഥ!
**

 

 

 

 

ലിസയെ തേടി : യക്ഷിക്കഥ തുടരുന്നു

(വീണ്ടും ലിസ: വായനക്കാർ ആദ്യ പകുതി വായിക്കാൻ അപേക്ഷ)

കോമ്പസ് പിടിച്ചാൽ യക്ഷിയെ നാൽഅയല്പക്കത്തു നിർത്താം എന്ന കവച മന്ത്രം ആരുടേതാണെന്ന് അറിയില്ല. സാധാരണ ഗതിയിൽ  “ചുണ്ണാമ്പുണ്ടോ”  എന്ന് ചോദിച്ചും കൊണ്ട് മുണ്ടുടുത്ത ബ്രാഹ്മണന്മാരെ അലട്ടുകയാണ് ഐതിഹ്യ മാലയിൽ പതിവ്. ദേവീമാഹാത്മ്യം കൈയിലുള്ളയാൾ ജീവനും കൊണ്ട് രക്ഷപ്പെടുമ്പോൾ ബാക്കിയുള്ളവൻ പനയുടെ ചുവട്ടിൽ നഖവും പല്ലുമായി കാണപ്പെടുന്നു.

ലിസ ഒരു മോഡേൺ യക്ഷിയായതിനാലും, ക്രിസ്ത്യാനി യക്ഷി ആയതിനാലും, ചിലപ്പോൾ കുരിശും കോമ്പസും സഹായകമാണെന്നു, ഡ്രാക്കുള വായിച്ച വല്ലോ മഹതിക്കോ മഹാനോ തോന്നി കാണണം. എന്തായാലും വെളുത്തുള്ളി കൊണ്ട് നടന്നില്ല രണ്ടാം ക്ലാസ്സിലെ പിള്ളേർ !!

അങ്ങനെയിരിക്കെ ഗെയിംസ് പീരീഡ് വന്നു. ഇച്ചിരി പനി പിടിച്ച ആശാ ബീഗം മാത്രം ക്ലാസ്സിൽ തനിച്ചായി. കളിച്ചു തിമിർത്തു തിരിച്ചു വന്നപ്പോൾ, ആശയുടെ പനി കൂടിയിരിക്കുന്നു. സ്വപ്നത്തിൽ ലിസയെ കണ്ടു പോലും. കണ്ണ് തുറന്നു നോക്കിയപ്പോൾ ക്ലാസ്റൂമിന്റെ കതകിൽ ‘ ലിസ’ എന്ന് നല്ലവണ്ണം അക്ഷരം തെളിഞ്ഞെന്ന് കൂടി മൊഴി ലഭിച്ചപ്പോൾ തീരുമാനം കടുത്തു. പ്രേതം രണ്ടാം ക്ലാസ്സിലെ പിള്ളേരുടെ പിന്നാലെയാണ്. സൂക്ഷിക്കണം.

അന്ന് വൈകിട്ട്, സ്കൂൾ ബസ്സിന്റെ രണ്ടാം ട്രിപ്പിന് കാത്തിരുന്ന സമയം, ഒന്നും കൂടി ക്ലാസ്സിൽ കയറി ആ കതകിനെ ഒന്ന് കണ്ടു കളയാം എന്നെനിക്കു തോന്നി. (വിവരക്കേട് പണ്ടേ കൂടെയുണ്ട്. അനുഭവം കൊണ്ടേ പഠിക്കൂ എന്ന് അപ്പച്ചി കൂടെ കൂടെ പറയുമായിരുന്നു. )

ഞാൻ ചെന്നപ്പോൾ ക്ലാസ്സ്‌റൂം തൂത്തു വരുന്ന ചേച്ചി ധൃതിയിൽ അടിച്ചു വാരുന്നുണ്ട്. ഞങ്ങളുടെ ക്ലാസ്സ്‌റൂം ഒരു രണ്ടു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ്. മുകളിൽ ആർക്കും പ്രവേശനമില്ലാത്ത ഒന്നോ രണ്ടോ മുറികളുണ്ടായിരുന്നു. ബാക്കിലെ കതകിന്റെ പിന്നിലാണ് കോണിപ്പടി. സാധാരണ ഗതിയിൽ ആ കതകു അടഞ്ഞു കിടക്കും. മുകളിലത്തെ കൊളുത്തു ക്ലാസ് റൂമിന്റെ വശത്തായാണ്.

ഞാൻ സൂക്ഷിച്ചു കതകിനെ നോക്കി നിൽപ്പാണ് . എന്നെ ഒരു കൊടും നിലവിളിയിൽ എത്തിക്കുന്ന രണ്ടു കൈകൾ പെട്ടെന്ന് കതകിന്റെ മുകളിൽ കാണപ്പെട്ടു ! വെളുത്ത വിരലുകൾ, ആ കതകിന്റെ മുകളിലൂടെ നീണ്ടു നീണ്ടു വന്ന് , വെളിയിലുള്ള കൊളുത്തിനെ കോണിയുടെ വശത്തു നിന്ന് തുറക്കാൻ ശ്രമിക്കുകയാണ് ! ‘ എന്റമ്മോ, ലിസ വന്നേ,’ എന്ന് ഞാൻ അലമുറയിടുകയും, കൊളുത്തു മാറ്റി, ആ വാതിൽ തുറന്നു ഒരു സിസ്റ്റർ പുറത്തോട്ടു വരുകയും ചെയ്തു.

ഞാൻ ബോധം കെടാറായ പരുവത്തിലാണ്. ‘ എന്റെ പേര് അതൊന്നും അല്ല.. കൊച്ചെന്തിനാ പേര് വിളിച്ചത്?’ എന്ന് ആ സിസ്റ്റർ അരിശത്തോടെ ചോദിച്ചു. ചൂലും പിടിച്ചു കൊണ്ട് ഞെട്ടി നിന്ന ചേച്ചിയും നല്ല വണ്ണം തന്നു. ‘ ഹോ , ജീവൻ പോയി കിട്ടി. ചില പുതിയ സിസ്റ്റർമാരാണ് മോളിൽ താമസിക്കുന്നത്. അറിയത്തില്ലയോ? കൊച്ചെന്തിനാ ഇവിടെ വായും നോക്കി നില്കുന്നെ?’

എന്റെ കൈയിൽ കോമ്പസ് ഇല്ലാത്തതു ഭാഗ്യമായി. ഇല്ലെങ്കിൽ ആ വെപ്രാളത്തിൽ വല്ലോ അപകടവും സംഭവിച്ചേനെ. ഞാൻ ഇംഗ്ലീഷിൽ ‘ ഷീപിഷ് ‘ എന്ന ഒരു ചെമ്മരിയാട്ടിൻകുട്ടി പരുവത്തിലായി. സ്ഥലം വേഗം കാലിയാക്കിയപ്പോൾ , ഒരു കൊടും ശപഥവും എടുത്തു: ലിസയല്ല , ഇനി അവളുടെ ചേച്ചി വന്നാലും  ഈ പരിപാടിക്ക് നമ്മളില്ല. മനുഷ്യര് തന്നെ ധാരാളം. പിന്നെയല്ലേ  പ്രേതം .

**
വാൽക്കഷ്ണം :

അടുത്ത ദിവസം ഞാൻ ആശാ ബീഗവുമായി പിണങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു മാങ്ങയിൽ ആ പിണക്കം തീർന്നു. ലിസ അവളുടെ പാടിന് പോകട്ടെ. ഉപ്പും  കൂട്ടി മാങ്ങാ തിന്നപ്പോൾ ഞാൻ പറഞ്ഞത് സിസ്റ്ററുടെ കൈവിരലുകളുടെ കഥ !! അത് അടുത്ത ദിവസം കൂടുതൽ കേൾവിക്കാരെ കൊണ്ട് തന്നു. സീമയൊക്കെ വെറും പാവം. നായിക നമ്മളായി !

ശുഭം .

 

ഒരു യക്ഷിക്കഥ

‘ലിസ’ എന്നൊരു ഭീകര സിനിമ ഇറങ്ങിയ കാലം. പ്രായം ചെറുതാണെങ്കിലും , സിനിമാക്കഥകൾ  വായും തുറന്നു കേട്ടിരിക്കുന്ന നിഷ്കളങ്ക ബാല്യം. BANNED വകുപ്പിലെ സിനിമകളാണെങ്കിൽ ഉത്സുകത കൂടും: കഥ അറിഞ്ഞേ തീരു…ഓരോ സീനും കണ്ണിന്റെ മുൻപിൽ കാണുന്ന പോലെ കഥ പറയുന്ന വല്ലോരും ഉണ്ടെങ്കിൽ പിന്നെ അവരാണ് ദൈവം.

അങ്ങനൊരു പെൺ ദേവത വീട്ടുപരിസരത്തുണ്ടായിരുന്നു.
പേര് ശാന്ത – വയസ്സ് പതിനാറു പതിനേഴ്…അടുത്ത വീട്ടിലെ ജോലിക്കാരിയുടെ മകളാണ്. അവരുടെ അനേകം പെൺമക്കളിൽ മൂത്തവൾ, തല തിരിഞ്ഞവൾ, പറഞ്ഞാൽ വകവയ്ക്കാത്തവൾ,ഞങ്ങളുടെ ഗ്രാമത്തിലെ പല യുവാക്കളുടെയും സ്വപ്ന സുന്ദരി. എല്ലാ ഉച്ചക്കും മൂന്ന് മണി സമയത്തു, കുളിച്ചൊരുങ്ങി, ചുരുണ്ട മുടിയിൽ, വലത്തേ ചെവിയുടെ കീഴിൽ ഒരു പനിനീർ റോസയും ചൂടി, പാവാടയും ബ്ലൗസും തേച്ചുടുത്തു ഒരു പോക്കുണ്ട്! ഇന്നും എന്റെ കണ്ണിനു മുന്നിൽ തെളിയുന്നു ആ രൂപം.

സിനിമ കാണാനായി എന്നോടും ചോദിക്കും പൈസ… ‘ കാശു തന്നാൽ കഥ പറഞ്ഞു തരാം’ എന്നാണ് ഡീൽ . വിഷു കൈനീട്ടവും, കുടുക്കയിലെ  സമ്പാദ്യവും ഞാൻ കൊടുക്കും- എനിക്ക് നിഷേധിക്കപ്പെട്ട സ്വാത്രന്ത്യങ്ങളിൽ, ഒരു ഭയവും കൂടാതെ തിമിർത്തു , സിനിമയായ സിനിമയൊക്കെ കണ്ടു നടക്കുന്ന ഈ നായിക കഥാപാത്രം ഒരു ബഹുമാനം തന്നെ എന്റെ ഉള്ളിൽ വളർത്തി.

ശാന്ത തനിച്ചാണോ സിനിമ കാണാൻ പോയിരുന്നത് എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ. എന്തായാലും, നല്ല സെന്റിന്റെ മണവുമായി സിനിമയൊക്കെ കണ്ടിട്ട് ഒരു വരവുണ്ട്. ‘ ഹോ   ജോസ് പ്രകാശ് ഉണ്ടായിരുന്നു കേട്ടോ…പിന്നെ മറ്റേതൊക്കെ ധാരാളം…നീ കൊച്ചല്ലേ, ഇത്രയും അറിഞ്ഞാൽ മതി !’ നമ്മൾ ഇത് നല്ല കഥ എന്ന മട്ടിൽ, ഭാവന വിരിയിച്ചു ജോസ് പ്രകാശെന്ന ഭീകര ജീവിയെ മനസ്സിൽ കാണും. ഈ വീരനാണ് വില്ലൻ . ചീത്തയാണ് , ഓക്കേ.

അങ്ങനെയിരിക്കെ ലിസ ഇറങ്ങി… ജയനും, നസീറും, സീമയും, ജോസ് പ്രകാശും ഒക്കെ ഉണ്ട് .കുളത്തൂർ സെനിത്തിൽ വൻ തിരക്കാണ് …പക്ഷെ ആ സിനിമ കാണാൻ അച്ഛൻ സമ്മതം തന്നില്ല. കുട്ടികൾ പേടിക്കും! കഷ്ടമായി കാര്യങ്ങൾ. ഇനി രക്ഷ ശാന്ത തന്നെ…

അങ്ങനെ ശാന്തക്ക് ലിസയെ കാണാൻ കാശുണ്ടാക്കി കൊടുത്തു. പണ്ടേ ലക്ഷ്യ പ്രാപ്തിക്കായി നാം എന്തു ത്യാഗവും സഹിക്കുന്ന കൂട്ടത്തിലാണ്. ഭാഗ്യത്തിന്, പത്തു പൈസ മുതൽ, നുള്ളിപ്പെറുക്കി വയ്ക്കുന്നതു ആരും ശ്രദ്ധിച്ചില്ല.

വളരെ പ്രതീക്ഷയോടെ കാത്തിരുന്ന എന്നെ ശാന്ത നിരാശപ്പെടുത്തിയില്ല. നല്ല ഒന്നാന്തരം ആക്ഷൻ , അറ്റാക്ക്, ഡിഫെൻസ്, ഇനാക്ടിങ് ആദിയായ എല്ലാ തരികിടയും ചേർത്ത് കഥ വിവരിച്ചു തന്നു …ജോസ് പ്രകാശ് പിന്നെയും വേണ്ടാത്ത പരിപാടിക്ക് പോയി …അതെന്തുവാ എന്ന് ചോദിച്ച എന്നോട്, വളരെ ഡ്രമാറ്റിക് ആയി കണ്ണുരുട്ടി, ‘ സീമ ചാടി…ചത്തു …പ്രേതമായി …’ എന്നും പറഞ്ഞു വിരട്ടി. ശ്ശെടാ ! ഇതെന്തൊരു വിഷമ പ്രതിസന്ധി !!!

വേണ്ടാത്ത എല്ലാ വൃത്തികേടും സ്ഥിരം സിനിമയിൽ കാണിക്കുന്ന ജോസ് പ്രകാശിനോട് എനിക്ക് വളരെ വിരോധം തോന്നി.. അഞ്ചാറു നില ചാടേണ്ടി വന്ന സീമയോട് ദയയും….പക്ഷെ കഥ തുടർന്നപ്പോളല്ലേ സംഗതി സീരിയസായത്‌.

ഒരു വാതിൽ പാളിയുടെ മുകളിൽ സീമയുടെ വിരലുകൾ കാണാം പോലും…ആ വാതിലിൽ ‘ലിസ’ എന്ന് ചോരയിൽ അക്ഷരം തെളിയും പോലും!എന്റെ ജീവൻ പകുതി പോയി കിട്ടി : അതായിരുന്നു വാക്‌വിശേഷം. ബാക്കി ഓർമയില്ല…രാത്രി പേടിച്ചു അലറി വിളിച്ചത് മാത്രം ഓർമയുണ്ട്.

‘ ആ ശാന്തയുടെ കൂടെയുള്ള സംസാരം ഇച്ചിരി കൂടുന്നുണ്ട് ഈയിടെയായി കേട്ടോ…’ എന്ന് അമ്മ ആറാം ഇന്ദ്രിയം തുറന്നു സത്യം പറയുകയും, ഞാൻ വാ തുറക്കാതെ, ആരെയും ചതിക്കാതെ, ലിസയെ  ഭാവനയിൽ കണ്ടു ഞടുങ്ങുകയും ചെയ്തു.

പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ ലിസ എല്ലാവരെയും ബാധിച്ചിരിക്കുന്നു! എല്ലാ പിള്ളേരും ലിസയെ അറിയും.തള്ളമാരും, തന്തമാരും സിനിമ കണ്ടിട്ടുണ്ട് – പിള്ളേർ മനസ്സിൽ കണ്ടു തീർത്തു, പറഞ്ഞു പെരുപ്പിച്ചു, തമ്മിൽ തമ്മിൽ പേടി കൂട്ടി. ലിസ യക്ഷിയായതിനാൽ സ്വന്തം രക്ഷക്കായി പിച്ചാത്തി കൊണ്ട് നടക്കണം എന്ന് ഞങ്ങൾ കൂട്ടായ തീരുമാനമെടുത്തു. പക്ഷെ അത് സിസ്റ്റർമാരുടെ സ്കൂളിൽ കിട്ടാത്ത സംഗതിയല്ലേ ? പിന്നെ ജോമേറ്ററി ബോക്സിലെ കോമ്പസ്സിൽ സമവായത്തിലെത്തി : യക്ഷിക്ക് സ്റ്റീലും, ഇരുമ്പും തമ്മിലുള്ള വ്യത്യാസമൊന്നും അറിയാൻ വഹയില്ലല്ലോ ?! അങ്ങനെ ക്ലാസ്സു മൊത്തവും കോമ്പസും പിടിച്ചു കൊണ്ട് മാത്രം നടക്കാൻ തുടങ്ങി.

അപ്പോഴാണ് ആ സംഭവം നടക്കുന്നത് …
(കഥ തുടരും…ചുമന്ന ബാക് ഗ്രൗണ്ട്, ചിലങ്കയുടെ കിലുക്കം…)

കുരിശിന്റെ വഴി

പണ്ട് കപ്പൽ വല്യച്ഛൻ പറഞ്ഞതാണ് : ‘ ഓരോരുത്തർക്കും ഈശ്വരൻ ഓരോ കുരിശ് കൽപ്പിച്ചിട്ടുണ്ട്. അത് ഈ ജീവിതത്തിൽ അവരവർ ചുമന്നേ തീരൂ…’ കപ്പൽ വല്യച്ഛൻ വലിയ മനുഷ്യനായിരുന്നു. അറിവിലും,
ആത്മാവിലും, ഹൃദയ വിശാലതയിലും, കാരുണ്യത്തിലും, കൊടുക്കുന്നതിലും, വഴികാട്ടുന്നതിലും, എല്ലാം, എല്ലാം… ധാരാളം അദ്ദേഹം നേടി, അതിലേറെ കൊടുത്തു, ഒത്തിരി പ്രാർത്ഥിച്ചു, ഞങ്ങളെ ഹൃദയം നിറഞ്ഞു അനുഗ്രഹിച്ചു, സ്നേഹിച്ചു; പിന്നെ അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടു പോയി. (പോയിട്ടില്ല! സ്നേഹിക്കുന്നവർ എപ്പോഴും കൂടെയുണ്ടല്ലോ.)

പല രീതിയിൽ ജീവിത പരീക്ഷണങ്ങൾ നടക്കുമ്പോൾ, ചിലതിൽ പരാജയപ്പെടുകയും, ചിലതിൽ ജയിക്കുകയും ചെയുമ്പോൾ, അതെന്താ എനിക്ക് അങ്ങനെ സംഭവിച്ചത്, അല്ലെങ്കിൽ ഞാൻ എന്തിനു ആ വേദന അനുഭവിച്ചു എന്ന് സ്വയം ചോദിക്കുമ്പോൾ, വല്യച്ഛൻ പറഞ്ഞത് ഓർമ്മ വരും. ‘ വേറൊരാളുടെ കുരിശു നമുക്ക് താങ്ങാനാവില്ല. ഇല്ലെങ്കിൽ ചോദിച്ചു നോക്കൂ !’

ചോദിച്ചു നോക്കിയിട്ടുണ്ട് ഞാൻ- ചിലർ രോഗങ്ങൾ ചുമക്കുന്നു, ചിലർ സ്നേഹിച്ചവരുടെ വേർപാട്, ചിലർ ദാരിദ്ര്യം, ചിലർ സ്വപ്‌നങ്ങൾ നേടാൻ കഴിയാത്ത വേദന, ചിലർ ഏകാന്തത, ചിലർ ലക്ഷ്യമില്ലായ്മ, ചിലത് കുട്ടികളെ ചൊല്ലിയുള്ള ദുഃഖം,ചിലർ ബന്ധുക്കളെ ചൊല്ലിയുള്ള ദുഃഖം …അങ്ങനെ, അങ്ങനെ ജീവിത ഭാരം/ കുരിശ് പല രീതിയിൽ!
ബുദ്ധ ഭഗവാൻ ദുഖിതയായ സ്ത്രീയോട് ചൊല്ലിയത് പോലെ , വേദനിക്കാത്തവനായി ആരും ഇല്ല ഭൂമിയിൽ.
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായത് കഴുകനെന്നും കപോതമെന്നും…എന്ന് കവി വചനം.
ദുഃഖവും, മരണവുമെല്ലാം ഈ വരികളുടെ വിവക്ഷയിൽ പെടുത്താം എന്ന് തോന്നുന്നു.

ഈയിടെ ഡേവിഡ് ലീനിന്റെ BEN HUR ഒരിക്കൽ കൂടി കണ്ടു. കാരുണ്യത്തിന്റെ നിറകുടമായ യേശു ദേവൻ, കൊടും ദ്രോഹത്തിനു വിധേയനായി ദാഹിച്ചു പരവശനായ ബെൻ ഹറിൻറെ ദാഹം തീർക്കുന്ന രംഗം കണ്ടു രോമം എഴുന്നു നിന്നു…ഒടുവിൽ ആ ദാഹജലം ബെൻ ഹർ തിരിച്ചു നൽകുന്ന ദൃശ്യവും കണ്ടു കണ്ണ് നിറഞ്ഞു!

എഴുതി തുടങ്ങിയത് കുരിശിനെ പറ്റിയാണ്. തീർക്കുന്നതും അതിലാവട്ടെ.

ഓരോ ചുവടിലും ഈശ്വരാ, നീ കാരുണ്യമായി, കൈപിടിച്ചെണീല്പിച്ചു, ദാഹജലം നൽകി കൊണ്ടേയിരിക്കേണമേ…എന്നാലാവും വിധത്തിൽ എന്റെ കൈകൊണ്ടും നന്മ മാത്രം ചെയ്യിക്കേണമേ…എന്റെ കുരിശുമായി ഞാൻ നടക്കുന്ന വഴിയിൽ, സ്നേഹസ്വരൂപാ നീ എന്നെ കാത്തുകൊള്ളേണമേ….ഒരു പക്ഷെ സ്വന്തം ജീവിതം കൊണ്ട് എന്റെ കപ്പൽ വല്യച്ഛൻ കാണിച്ചു തന്ന ഏറ്റവും വലിയ പാഠവും അത് തന്നെ ആയിരുന്നു.

**

 

അജ്ഞാന തിമിരാന്ധസ്യ…

ഇന്നത്തെ ചില ചിന്താ വിഷയങ്ങൾ…അട്ടകളെ പറ്റി !

പണ്ട് പാക്കനാരുടെ കഥ വായിച്ചപ്പോൾ അട്ടയെ പറ്റിയും വായിച്ചിരുന്നു. ആരുടെയോ കുറ്റം പറഞ്ഞ ഭാര്യയോട് ‘ ഒന്നു ബാക്കിയുണ്ടായിരുന്നു…ആ അട്ട നിന്റെയായി…’ എന്ന് പറഞ്ഞ ഒരു ഓർമ്മ. ചത്തു കഴിഞ്ഞിട്ട്, പാപങ്ങളുടെ കണക്കു തീർക്കാൻ ചിത്രഗുപ്‌തൻ അക്കൗണ്ട്സ് നോക്കുമ്പോൾ, ഒരു അട്ട അവരും തിന്നണം. അത്രേയുള്ളൂ !

ചെയുന്ന ഓരോ പ്രവൃത്തിക്കും ഒരു റെക്കോർഡ് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് പോലും ! ഇടിത്തീ തലയിൽ വീഴുമ്പോൾ , ശ്ശേ , അതിങ്ങനെ ആവുമെന്ന് നീ പറഞ്ഞില്ലല്ലോ എന്ന് അട്ട ഇൻ ചാർജ് നോട് കയർത്തിട്ടു കാര്യമൊന്നുമില്ല. ഷൈലോക്കിന്റെ സ്വഭാവമാണ് – നെഞ്ചിലെ ഇറച്ചി തന്നെ വേണം.

1 . അട്ട ഒന്ന്- ഒരു വിലാപം
റോഡിൽ ഒരാൾ വീണു കിടക്കുമ്പോൾ, ഞാൻ എന്തിന് പുലിവാല് പിടിക്കണം, അയാളായി, അയാളുടെ പാടായി, എന്ന് നാം വഴി മാറി പായുമ്പോൾ, ‘ ഒരു അട്ട നിനക്കുമായി’. പിന്നീട് എവിടെയോ, നമ്മുടെ പ്രിയപ്പെട്ടവർ വീഴുമ്പോൾ, തിരിഞ്ഞു നോക്കാതെ മറ്റാരോ….

മൊബൈൽ ഫോൺ എടുത്തു വീഡിയോ റെക്കോർഡ് ചെയുന്ന സമയം വേണ്ട ഒരു കൈ താങ്ങു നല്കാൻ. സഹായിക്കാൻ നിന്നാൽ പോലീസ് എനിക്ക് പണി നൽകും എന്ന ചിന്തയും വേണ്ട. ആശുപത്രിയിൽ എത്തിക്കാൻ നമുക്കാവുന്നതു ചെയ്യാം. ആ അട്ട നമുക്ക് തിന്നണ്ട.

2 . അട്ട രണ്ട് – എന്റെ ഉപ്പൂപ്പനൊരാന…

നമ്മുടെ ഉപ്പൂപ്പന്‌ ആനയോ, ആടോ, മുതലയോ ഉണ്ടാവട്ടെ. അത് അങ്ങേരുടെ കഴിവ് ! നമ്മൾ ഏതു മൃഗത്തിനെയാണ് നമ്മുടെ വീട്ടു പരിസരത്തിൽ നല്ല ഒന്നാന്തരം കരിമ്പും, മടലും ഒക്കെ കൊടുത്തു വളർത്തുന്നത് ?
വീമ്പടി മൃഗത്തിനേയോ? അത് വെരുകിനെ മാതിരി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കും. യാതൊരു സമാധാനവും നിങ്ങൾക്കും കിട്ടില്ല, മറ്റുള്ളവർക്കും കൊടുക്കില്ല. കാരണം എല്ലാ വീട്ടിലും വെരുകുണ്ടല്ലോ !

എന്റെ വീട്, എന്റെ ജോലി , എന്റെ ശമ്പളം, എന്റെ ചക്ക പ്ലാവ്, എന്റെ വെരുക്… പറയാൻ തുടങ്ങിയത് പോലും ഇല്ല ,അപ്പോ കാണാം മറ്റവൻ അവന്റെ പൊങ്ങച്ച സഞ്ചി എടുത്തു തുറക്കുന്നു…! അതേതു ന്യായം  ?!

അവന്റെ അമേരിക്കൻ അമ്മായി , അവന്റെ ഗൾഫ് ചിറ്റപ്പൻ, അവന്റെ ചെറുക്കന്റെ എൻട്രൻസ് പരീക്ഷ ! അവന്റെ കൊച്ചിന്റെ ജിമിക്കി കമ്മൽ …

പറ്റുമെങ്കിൽ നമുക്ക്  കൊഴു-ക്കട്ട തിന്നാതിരിക്കാം. ഈസിയാണ്. ഒരാൾ പൊങ്ങച്ചം പറയുമ്പോൾ  ( അതേതു മാധ്യമത്തിലൂടെ ആയാലും) നമുക്ക് വിനയത്തോടെ ചിരിക്കാം.

‘സർക്കാർ ശംബളം വല്ലോത്തിനും തികയുമോ? കീശയുള്ള കുപ്പായമായിരിക്കും കൂടുതൽ അല്ലയോ?’ എന്ന് നമ്മോടു ചോദിക്കുമ്പോൾ, സന്മനസുള്ളവർക്കാണല്ലോ സമാധാനം എന്നോർത്ത് നമുക്ക് പറയാം: ‘ശ്ശോ ! കറക്റ്റ് ! അതെങ്ങനെ അറിഞ്ഞു?’

യാതൊരു   പ്രകോപനം വന്നാലും സഞ്ചി തപ്പാൻ പോകരുത് ! ഈ അട്ട-എന്നെ കഴിഞ്ഞേ ലോകമുള്ളൂ എന്ന ഭാവം-അയാൾ കുറച്ചും കൂടി ഉപ്പും, മധുരവും ചേർത്ത് രുചിച്ചോട്ടെ. ആ പാപത്തിൽ നമുക്ക് പങ്കു വേണ്ട .

3 അട്ട മൂന്ന് – പാവം ക്രൂരൻ

ക്രൂരത മുഖ മുദ്രയാക്കിയ കലി യുഗമാണ് . ഇവിടെ ജീവിക്കണമെങ്കിൽ ക്രൂരതയും , സ്വാർഥതയും വേണമെന്ന് യാതൊരു ഉളുപ്പുമില്ലാതെ മൊഴിയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. പത്രമെടുത്താൽ, tv തുറന്നാൽ സഹിക്കാൻ പറ്റാത്ത രീതിയിലുള്ള മനുഷ്യ കുരുതികളുടെ കഥകളാണ്.  മനുഷ്യനോളം evil ഈ ലോകത്തിൽ ഒരു ജീവിക്കും കാണിക്കാൻ ആവില്ല. അവനൊരു മൃഗം എന്ന് പറയുന്നത് മൃഗത്തിനെ അപമാനിക്കുന്നതിനു തുല്യമാണ്.

victim നെ ക്രൂശിക്കുന്ന സമൂഹ ജീവിതത്തിൽ, പലരുടെയും നോട്ടത്തിൽ ക്രൂരനാണ് പാവം. അതെങ്ങനെ എന്നു നാം നോക്കുമ്പോൾ മറ്റൊരു അട്ട ദൃഷ്ടിയിൽ പെടും. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അട്ട. പണത്തിനു മേൽ പരുന്തും പറക്കില്ല എന്ന് അരക്കിട്ടുറപ്പിച്ച വഴിയിലൂടെ ആ അട്ട നിരങ്ങി നിരങ്ങി വരുന്നു.

ഏതു പദവിയിലാണെങ്കിലും, ഏതു സ്ഥാനമാനങ്ങൾ ഉണ്ടെങ്കിലും, അനീതിയോടു പോരാടുമ്പോൾ ഈ അട്ട പ്ലേറ്റിൽ, കുരുമുളകും ഉപ്പും പുരട്ടി വറുത്തു, നമ്മുടെ മുൻപിൽ എത്തുന്നു.
‘ എന്തിനാണ് വെറുതെ ശബ്ദം ഉയർത്തുന്നത്? കാശും, ആൾ ബലവും അയാളുടെ കൂടെയല്ലേ?സത്യത്തിൽ അയാളുടെ വശത്തും കുറച്ചു കാര്യങ്ങളുണ്ട് …അട്ടക്കു ഇച്ചിരി കൂടെ ഉപ്പിടട്ടെ? അട്ട കഴിക്കൂ ,കാപ്പി കുടിക്കൂ…! നല്ലൊരു പദവിയിൽ ഇരിക്കണമെങ്കിൽ കുറെയൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും വയ്ക്കണം , ഏത് ?’

ആ അട്ടയെങ്ങാനും രുചിച്ചാൽ, പാവങ്ങളുടെ, നിശ്ശബ്ദരുടെ കണ്ണീരുപ്പു വീണ  നമ്മുടെ ശിഷ്ട ജീവിതം മുഴുവനും ഓക്കാനിക്കാനുള്ള ഓർമ്മയാകും. ഭഗവാനെ ഒറ്റി കൊടുത്തവനെ പോലെ, അത്തരത്തിലുള്ള അട്ടകൾ ചോര ഈമ്പി കുടിച്ചു കൊണ്ടിരിക്കും- നമ്മുടെ ഹൃദയങ്ങളുടെ! ക്രൂരതയ്ക്ക് ജാതി മത ദേശ ഭേദങ്ങളില്ല. ആ അട്ടയെ കൈ കൊണ്ട് തൊടരുത് – അതിന്റെ ഭവിഷ്യത്തു എന്തു തന്നെയായാലും !

***

അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശാലകയാ
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരുവേ നമഃ

 

 

 

 

വേരുകൾ മണ്ണിനടിയിൽ …

‘ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാൽ ഉപമയാമത്’… ഉദാഹരണം : ‘ മന്നവേന്ദ്ര തിളങ്ങുന്നു ചന്ദ്രനെ പോലെ നിൻ മുഖം’ എന്നൊക്കെ ഹൈസ്കൂളിൽ പഠിച്ചിരുന്നു. മന്നവേന്ദ്രന്റെ മുഖവും ചന്ദ്രനും ഒരു പോലെ എന്ന് കവിക്ക് തോന്നി.
നല്ല പണക്കിഴിയും , സുന്ദര സ്തുതിയും ഒരു പക്ഷെ ആലോചിച്ചപ്പോൾ ‘ മറ്റൊന്നിൻ ധർമ്മ യോഗത്താൽ, അത് താനല്ലയോ ഇത് എന്ന് വർണ്യത്തിലാശങ്ക ഉൽപ്രേക്ഷാഘ്യയലംകൃതി’, എന്നും ബോധിച്ചിട്ടുണ്ടാവണം.

എന്തായാലും ബോസ്-നെ പ്രകീർത്തിക്കുന്ന കല, കവി മാത്രമല്ല, കവിത തീരെ തൊട്ടു രുചിക്കാത്ത മനുഷ്യർ വരെ അഭ്യസിച്ചിട്ടുള്ള ഒന്നാകുന്നു. സ്വാഗത പ്രസംഗങ്ങളിലാണ് ഈ കല അതിന്റെ സകല മസിലുകളും വികസിച്ചു ഒരു മിസ്റ്റർ യൂണിവേഴ്‌സ് രൂപത്തിൽ ജനങ്ങളെ സ്തംഭിപ്പിക്കുന്നത്!

അത് വരെ തമ്മിൽ തമ്മിൽ കടിച്ചു കീറുന്ന പുലിയും എലിയുമെല്ലാം, വളരെ രമ്യതയിൽ അന്യോന്യം പ്രശംസിക്കുന്നത് കേട്ടാൽ; ഒന്നുകിൽ ഇത് വരെ ഞാൻ കണ്ടതും, കേട്ടതുമൊന്നും ശരിയായിരുന്നില്ല എന്നോ അല്ലെങ്കിൽ ഇവർക്കൊക്കെ ഇതെന്തു പറ്റി എന്ന് സിനിമ സ്റ്റൈലിൽ ഞെട്ടാനോ മാത്രമേ നമുക്ക് കഴിയൂ.

ഹിന്ദിയിൽ ഷായറി എന്നൊരു സംഭവമുണ്ട്…മിർസ ഗാലിബ് ൻറെയും , ഫെയ്‌സ് അഹ്മദ് ഫെയ്‌സ് ന്റെ യും മുന്നവർ റാണ യുടെയും മറ്റും കവിത ശകലങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനും ഉദ്ധരിച്ചു കൊണ്ട് ‘ മന്നവേന്ദ്രനെ’ എടുത്തു പൊക്കുമ്പോൾ ആൾകൂട്ടത്തിൽ നിന്നും, ചില ശിങ്കിടികൾ ‘ വാഹ് വാഹ് !’ എന്ന് പറഞ്ഞു കൊണ്ട് ഉത്സാഹം വർദ്ധിപ്പിക്കാറുണ്ട്.

‘ മാന്യവർ ‘ എന്ന് സംബോധന ചെയ്യുമ്പോൾ, പലപ്പോഴും ‘ പറ്റിയ കക്ഷിയെയാണ് ഇങ്ങനെ വിളിക്കുന്നത് ‘, എന്ന് നാം വീർപ്പു മുട്ടുന്ന ചില നിമിഷങ്ങളുണ്ട് . പിന്നെ നാടോടുമ്പോൾ നടുവേ ബാറ്റ ഷൂസുമിട്ടു നമുക്കും ഓടാം എന്ന് കരുതി മിണ്ടാതിരിക്കാറാണ് പതിവ്.

മീറ്റിംഗ് തുടങ്ങുന്നത് വരെ ബോസ്-നെ ചീത്ത വിളിച്ചു കൊണ്ടിരുന്നവൾ/ ന്നവൻ , അദ്ദേഹം നല്ല ഒന്നാന്തരം വിടുവായത്തം പറയുമ്പോൾ, വാ തുറന്നു വാഹ്, വാഹ്, ടോപ് പിച്ചിൽ ചിരി രൂപത്തിൽ രേഖപ്പെടുത്തുന്നത് കണ്ടിട്ടുണ്ട് . ‘ സർ താങ്കളുടെ ഗൈഡൻസ് കാരണം ഞാൻ അത് ചെയ്തു തീർത്തു ,’ എന്നും കൂടി കടുക് വറുത്തിട്ടു വാങ്ങി വയ്ക്കുമ്പോൾ, ഇനി കുറച്ചു കറിവേപ്പില വേണോ രുചി കൂട്ടാൻ? രണ്ടു മണിക്കൂറോളം നിന്റെയൊക്കെ കുറ്റംപറച്ചിൽ കേട്ട സമയം ഞാൻ നട്ട് പിടിപ്പിച്ചതാണ് – വളർന്നു കായ്ച്ചു കേട്ടോ എന്ന് പറയാൻ തോന്നും. ‘ മന്ദ ചേഷ്ടനായ് നിന്നു ഞാനുമാമന്ദീരാംഗണ വീഥിയിൽ …’ എന്ന് വിവരിക്കാം..

വർഷാവർഷം പെർഫോമൻസ് റിവ്യൂ ഒപ്പിടുന്ന സമയമാണ് പൂന്താനം എന്ത് ദീർഘദർശിയായിരുന്നു എന്ന് ശ്ലാഘിച്ചു പോകുന്നത്! ‘കോലകങ്ങളിൽ സേവകരായിട്ടു കോലം
കെട്ടി ഞെളിയുന്നിതു ചിലർ ‘, എന്ന് എഴുതിയത് ‘ ഔട്‍സ്റ്റാൻഡിങ് / എസ്‌സില്ലെന്റ്’ റേറ്റിംഗ് നേടാനുള്ള മനുഷ്യ ത്വരയെ പറ്റിയായിരുന്നു എന്ന് ബോധ്യമാകുന്നു.

 

ട്രാൻസ്ഫർ ലിസ്റ്റ് വരുമ്പോൾ ഞാൻ വീണപൂവിലെ ചില വരികൾ സ്മരിക്കാറുണ്ട് : ‘ വൈരാഗ്യമെറിയോരു വൈദികനാട്ടെ ,ഏറ്റ വൈരിക്കുമുന്പുഴറിയോടിയ ഭീരുവാട്ടെ , നേരെ വിടർന്നു വിലസീടിന നിന്നെ നോക്കി ആരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം…’ രണ്ടു ദിവസങ്ങൾ പിന്നെ അത് മാത്രമേയുള്ളു മിഴിച്ചു നോക്കാനുള്ള സാധനം.
ഭൂമി കറങ്ങുന്നത് ജോലിയാകുന്ന അച്ചുതണ്ടിലാണ്‌ എന്ന വിശ്വാസത്തിൽ, തലങ്ങും വിലങ്ങും ഈ ലിസ്റ്റ് വാട്ട്സ് ആപ് വഴിയും, മെയിൽ വഴിയും ആളുകളുടെ ഉറക്കം കെടുത്തും.

‘ അയ്യോ ! ആരോടെങ്കിലും പിന്നെയും യുദ്ധത്തിന് പോയോ?വലിയ ഗ്ലാമർ ഇല്ലാത്ത പോസ്റ്റാണല്ലോ?’ എന്ന് പറയാൻ ആഗ്രഹിച്ചും കൊണ്ട് അഭ്യദയകാംഷി പറയുന്നത് ഇപ്രകാരമാണ് : ‘കോൺഗ്രാചുലേഷൻസ് ! വെൻ ഈസ് ദി ട്രീറ്റ്?’

‘ പഞ്ചാര വിറ്റു നടന്നു കുഞ്ചു , പഞ്ചാര കുഞ്ചുവെന്നു പേര് വന്നു…പഞ്ചാര തിന്നു മടുത്തു കുഞ്ചു, ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…’ ഹിന്ദിയിലോട്ടു മൊഴിമാറ്റം ചെയ്യാനുള്ള വൈദഗ്ദ്ധ്യം പോരാത്തതിനാൽ നമ്മൾ ചേരയുടെ നടുക്കണ്ടം തിന്നാൻ തുടങ്ങും: ‘ ബഹുത് ശുക്രിയ…സരൂർ , സരൂർ !’
**

 

 

 

രാത്രി വരുന്ന വഴി

“വെളിച്ചം ദുഖമാണുണ്ണീ  തമസ്സല്ലോ സുഖപ്രദം .”
ഡിപ്രെഷൻ എന്ന് വിളിക്കുന്ന മാനസിക വ്യതിചലനത്തിന് , രോഗത്തിന് നാം അധികം പ്രാധാന്യം കൊടുക്കാറില്ല. മാനസിക സമ്മർദം, പിരിമുറുക്കം, സ്ഥിര ബുദ്ധി ഇല്ലാത്ത അവസ്ഥ , വട്ട് , ഭ്രാന്ത് …അങ്ങനെ , അങ്ങനെ വളരെ വേഗത്തിൽ ടെർമിനോളജിയിൽ രൂപാന്തരം വരുന്നു എന്ന് മാത്രം.
ഊളംപാറ, കുതിരവട്ടം എന്നിങ്ങനെ നാം ആ അവസ്ഥയെ ക്രൂരമായ നർമത്തിൽ പൊതിഞ്ഞു കെട്ടി, സാഡിസ്റ്റിക് എന്ന് പറയാവുന്ന ഒരു പുച്ഛ ചിരിയോടെ , പലപ്പോഴും നേരിടുന്നു.

ശരീരത്തിന് രോഗം വരുന്നത് പോലെ തന്നെ എളുപ്പത്തിൽ മനസ്സിനും രോഗം വരാം എന്ന് നാം മറക്കുന്നു. അത്യധികമായ മദ്യ സേവനം, മയക്കു മരുന്നിന്റെ ഉപയോഗം, ഇവയും മനസ്സിന്റെ താളം തെറ്റലിന്റെ ലക്ഷണങ്ങൾ ആവാം. വിദേശ രാജ്യങ്ങളിൽ ആളുകൾ മടിയില്ലാതെ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നു ; പക്ഷെ നാം അത് ചെയ്യാൻ മടിക്കുന്നു.

ഈയിടെ എന്റെ പരിചയത്തിലുള്ള ഒരു കുടുംബത്തിൽ ഒരു സ്‌ത്രീക്ക് ഇത്തരത്തിലുള്ള ഒരു കുഴപ്പം വന്നു. വീട്ടുകാർ ആരോടും പറയാതെ കൊണ്ട് നടന്നു. വസ്ത്രങ്ങളൊക്കെ കീറിയെറിഞ്ഞു, പ്രകൃതിയുടെ വിളികൾ പോലും മുറിക്കകത്തു ചെയ്തു, വീട്ടിലെ ചെറിയ കുഞ്ഞുങ്ങളെ വരെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ, എന്റെ അടുത്ത്‌ പറഞ്ഞു- സഹായിക്കണം. വിതുമ്പി നിൽക്കുന്ന എം എ , ബി എഡ് ഡിഗ്രിയുള്ള പെൺകുട്ടിയോട് ഞാൻ ചോദിച്ചു : നേരത്തെ പറയാഞ്ഞതെന്തേ ? നാണക്കേട് കൊണ്ടാണെന്നു ഉത്തരം വന്നു. രോഗത്തിന് നാണക്കേടോ? എന്തായാലും അവരെ ബറെയ്‌ലിയിലെ മാനസിക ചികിത്സാ കേന്ദ്രത്തിലാക്കി.

എന്റെ അറിവിൽ, കഴിഞ്ഞ രണ്ടു കൊല്ലങ്ങൾക്കിടയിൽ, രണ്ടു ഐ എ എസ് ഉദ്യോഗസ്‌ഥർ ആത്‍മഹത്യ ചെയ്തിട്ടുണ്ട് . ഒരാൾ തൂങ്ങി മരിച്ചു , മറ്റയാൾ ട്രെയിനിന് തല വച്ചു . ആദ്യത്തെയാൾ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഓഫീസർ. രണ്ടാമൻ കഷ്ടിച്ച് മുപ്പതു വയ്സുള്ള ജില്ലാ കളക്ടർ . രണ്ടു പേരും കടുത്ത depressionന്  അടിമകളായിരുന്നു. ഇരുവരും വളരെ ബുദ്ധിപൂർവം കരുക്കൾ നീക്കി, ലക്‌ഷ്യം കണ്ടെത്തുകയായിരുന്നു. കയറു വാങ്ങി മകളുടെ കുഞ്ഞി തൊട്ടിൽ പണ്ട് ആട്ടിയ കൊളുത്തിൽ കെട്ടി, മരണം ഉറപ്പിച്ച ഒരാൾ, തന്റെ ആരോഗ്യ പ്രശ്‌നം കാരണം വിട വാങ്ങുന്നു എന്ന് എഴുതി വയ്ച്ചു. രണ്ടാമൻ ഒരു വീഡിയോ ഉണ്ടാക്കി- നിങ്ങൾ ഇത് കാണുമ്പോളെക്കും ഞാൻ മരിച്ചിരിക്കും, ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു, പക്ഷെ കുടുംബ കലഹം താങ്ങാനാവുന്നില്ല , എനിക്ക് മനഃ ശാന്തി വേണം, ജീവിതത്തിന് ഒരു അർത്ഥവുമില്ല എന്ന് ഉറപ്പായി, പല വഴികൾ ആലോചിച്ചു, ..പക്ഷെ മരണമാണ് ഉത്തരം …ആരും വെറുക്കരുത് …വല്ലപ്പോഴും ഓർക്കണം….എന്നൊക്കെ എഴുതി വയ്ച്ചിട്ടു റെയിൽവേ ട്രാക്കിൽ തല വയ്ച്ചു.

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഒരു ക്ലാസ്സ്‌മേറ്റ് ആത്‍മഹത്യ ചെയുന്നത്. പിന്നെ കോളേജിൽ ആയപ്പോൾ  ആരോ പറഞ്ഞു , പണ്ട് സ്കൂളിൽ അതി സുന്ദരമായി പാടുമായിരുന്നു മറ്റൊരു ക്ലാസ്സ്‌മേറ്റ് തൂങ്ങി മരിച്ചെന്ന് . വളരെ നന്നായി അറിയുന്ന മിടുമിടുക്കാനായ ഒരു സീനിയർ , ഒരു സെമസ്റ്റർ പരീക്ഷ തോറ്റതിന് പകരം വീട്ടിയത് ഒരു കഷ്ണം കയറിൻ തുമ്പത്തായിരുന്നു .

വളരെയധികം മനുഷ്യ ജീവിതങ്ങൾ, ആണും പെണ്ണും വ്യത്യാസമില്ലാതെ, പ്രായവും പദവിയും ഭേദമില്ലാതെ , ഡിപ്രെഷൻ എന്ന ഭീകര എതിരാളിയോട് പരാജയപ്പെട്ടു , മരണം സ്വയം വരിക്കുന്നു. ‘ അവൻ/ അവൾ ഒന്നും പറഞ്ഞില്ലല്ലോ? ഒന്ന് വിളിച്ചിരുന്നെങ്കിൽ ?! എന്തൊക്കെ പ്രതീക്ഷകളാണ് തകർത്തെറിഞ്ഞത് ? അത്രയൊക്കെ വിഷമം ഉള്ളിൽ ഉണ്ടായിരുന്നോ ? ‘ ഇതൊക്കെയാണ് നമ്മുടെ പ്രതികരണങ്ങൾ.

മാനസിക ചികിത്സാ വളരെയധികം വേണ്ട കാലഘട്ടമാണിന്ന്. തീ പോലെ പൊള്ളുന്ന മത്സര ബുദ്ധി , കുഞ്ഞും നാളിലെ ഇൻജെക്ഷൻ വയ്ക്കുന്ന മാതാപിതാക്കളോട് ഒരു അപേക്ഷ. ഏറ്റവും കൂടുതൽ ആത്‍മഹത്യ നടക്കുന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. കുട്ടി ജോലിക്കു വേണ്ടി സബ്ജെക്ട് മാത്രം പഠിച്ചാൽ , ജീവിത പരീക്ഷയിൽ തോറ്റു പോകാൻ സാദ്ധ്യത കൂടും. അതിന് ജീവിത യാഥാർഥ്യങ്ങൾ അറിഞ്ഞു വളർത്താൻ നമ്മൾ താത്പര്യപ്പെടണം. ഐഐടി , ഐ എ എസ് , മെഡിസിൻ…ഇവയൊന്നും കൊണ്ട് പൂർണ്ണമാവുന്നില്ല ജീവിതം .

സധൈര്യം ജീവിത പ്രതിസന്ധികളെ നേരിടാനുള്ള തന്റേടം നമ്മൾ കുട്ടികൾക്ക് പകർന്നു കൊടുക്കണം. അതിന് സഹാനുഭൂതി, കാരുണ്യം, നമ്മെക്കാൾ വേദനിക്കുന്നവർ ഉണ്ടെന്നുള്ള സത്യം, വലിയ മനുഷ്യരും ഉയർന്ന ചിന്തകളും, ചുമതല ബോധം, സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണി എന്നിങ്ങനെ പലതും പഠിപ്പിക്കേണ്ടതുണ്ട്. ചിലർ കുട്ടികളെ പിറന്നാൾ ആഘോഷിക്കാൻ അനാഥാലയങ്ങളിൽ കൊണ്ട് പോകാറുണ്ട് . ചിലർ സ്വയം ‘ റോൾ മോഡൽസ് ‘ ആകുന്നു- വേദനിക്കുന്നവരെ സഹായിക്കുന്നത് കണ്ടാണ് അവരുടെ കുട്ടികൾ വളരുന്നത് .

എന്തൊക്കെയായാലും, success വളരെ ആവശ്യപ്പെടുന്ന ഈ ലോകത്തിൽ, പകിട്ടിനു പിറകിൽ പായുന്ന പലരും ഡിപ്രെഷൻ , പിന്നെ അതിന്റെ പല വക ഭേദങ്ങൾ , എന്നിങ്ങനെ കടുത്ത വേദന സഹിക്കുന്നു. അവരെ സ്നേഹിക്കുന്നവർ, അവരുടെ മാനസിക ആരോഗ്യത്തിനായി യാതൊരു നാണക്കേടും വിചാരിക്കാതെ, തുറന്ന മനസ്സോടെ മുന്നിട്ടിറങ്ങണം. വെള്ളത്തിൽ മുങ്ങി താഴുന്നവൻ/ താഴുന്നവൾ കേഴുന്ന പോലെ ഒരു നിലവിളി എവിടെയോ പൊങ്ങുന്നുണ്ട് -നിശ്ശബ്‌ദം അത് നമുക്ക് ചുറ്റും അലയടിക്കുന്നു. കേൾക്കണമെങ്കിൽ ഹൃദയം തുറക്കണം എന്ന് മാത്രം. അതിനു നമ്മൾക്കാവട്ടെ- മരിച്ചവർക്കു സ്നേഹം കൊടുത്തിട്ടു പ്രയോജനമില്ലല്ലോ.

**