നാടകമേ ഉലകം …

Brazilian-cat-strand-dec-1898-1

റേഡിയോ നാടകങ്ങൾ കുടുംബത്തിലെ സ്ത്രീകളെ ഏറ്റവും അധികം രസിപ്പിച്ചിരുന്ന കാലം. നാടക മാസമായാൽ, രാത്രിയിൽ ‘കെട്ടിടത്തിൽ’ പോകാം എന്ന ഫൈനൽ അന്നൗൺസ്‌മെന്റ് വന്നാൽ ഉടൻ അമ്മൂമ്മയോടും അപ്പച്ചിയോടുമൊപ്പം ഞാനും ‘അടുക്കളയിൽ നിന്നും അരങ്ങത്തോട്ടുള്ള’ പാതയിൽ മറ്റൊരു പിന്നാളി ആകും.
അടുക്കള വേറൊരു കെട്ടുറപ്പും , താമസ സ്ഥലം വേറൊരു കെട്ടിടവുമായിരുന്നു. രണ്ടു വീടുകൾ, രണ്ടു ലോകങ്ങൾ; ഒരേ തറവാട്. അത് കൊണ്ടാണ്, അതി രാവിലെ അടുക്കളയിൽ തീ കൊളുത്താൻ കയറുന്ന മുതൽ , രാത്രിയിൽ സകലരേയും സുഭിക്ഷമായി അന്നമൂട്ടി, ഭക്ഷണ പാത്രങ്ങൾ കഴുകി വെളുപ്പിച്ചു, വാതിലടച്ചു കൊണ്ട് അടുക്കളപ്പടിയിൽ നിന്നും മുറ്റത്തോട്ടിറങ്ങി , അപ്പച്ചി ദീർഘ നിശ്വാസം വിട്ട്‌ പറയുന്നത് :’ഇനി കെട്ടിടത്തിലോട്ടു പോകാം.’

കെട്ടിടത്തിന്റെ ചായ്പ്പിൽ, തമ്മിൽ നോക്കി കൊണ്ട് രണ്ടു ഈസി ചെയറുകൾ. ഒന്നിൽ അമ്മൂമ്മയും, ഒന്നിൽ അപ്പച്ചിയും കിടക്കും. റേഡിയോ തുറക്കും. ലോക വാർത്തയും, മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങളും, പിന്നെ നാടകങ്ങളും ഒഴുകി വരും. പടിയിൽ ഇരുന്ന് ഞാനും ആ ഉപാസനയിൽ പങ്കാളിയാവും. അറിവ്, ഭാവന, ഉറപ്പുള്ള ദേശാന്തര വിശകലനങ്ങൾ…അപ്പോൾ, രണ്ടു പേരും, വായനശാലയിലെ വാരികകളും നോവലുകളിലും, ദൈനം ദിന പത്ര മാസികളിലും മുഴുകും. Multi-tasking ഞാൻ കണ്ടു വളരുകയായിരുന്നു; സമയത്തിന്റെ സമുചിതമായ പ്രബന്ധനവും!

ശബ്ദത്തിലൂടെ, കഥാപാത്രങ്ങളുടെ സ്വരങ്ങളിലൂടെ പ്രണയവും,കുസൃതിയും, വിരഹവും, വേദനയും, വീര്യവും, പകയുമൊക്കെയായി ശ്രോതാവിന്റെ ‘active participation’ ഉം റേഡിയോ നടീനടന്മാരുടെ നൈസർഗ്ഗിക കഴിവുകളുമായി ഒരു സുന്ദര സംഗമം. എന്റെ മനസ്സിൽ പല നിറങ്ങൾ നിറച്ച ഒരു അമൂല്യ അനുഭവമായിരുന്നു റേഡിയോ നാടക ഉത്സവം. ഇപ്പോൾ, ഞാൻ വേറൊന്നും കൂടി മനസ്സിലാക്കുന്നു. സ്ത്രീകൾ, അവരുടെ space എങ്ങനെ സംരക്ഷിച്ചിരുന്നു എന്നത് ! ആ സമയങ്ങൾ അവർക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. കലയും, കവിതയും, അക്ഷരങ്ങളും, അറിവും , നാടകവും ഉലകവുമെല്ലാം സമപങ്കാളികളായ അവർക്കും കൂടി ഉള്ളതായിരുന്നു…എന്റെ കുടുംബത്തിലെ സ്ത്രീജനങ്ങൾ ഒന്നും പറയാതെ തന്നെ എല്ലാം പറഞ്ഞു തന്ന പാഠശാലകളായിരുന്നു ആ സമയങ്ങൾ.

Arthur Conan Doyle-ഇന്റെ The Brazilian Cat എന്ന ക്ലാസ്സിക് – കഥ ബംഗാളി ഭാഷയിൽ സത്യജിത് റേ ‘ബ്രസീൽ-ഏർ-കാലോബാഗ്’ എന്ന പേരിൽ റേഡിയോ നാടകമാക്കി ശ്രോതാക്കളെ കിടിലം കൊള്ളിച്ചിരുന്നു! നമ്മുടെ ഭാഷയിലും എത്രയോ ലോക ക്ലാസിക്കുകൾ റേഡിയോ നാടകം വഴി , വായനശാലയിലും, മുറുക്കാൻ കടയിലും, ചായക്കടയിലും, പിന്നെ പല തറവാടിലെ ചായ്പ്പിലും നാട്ടുകാരെ ആനന്ദിപ്പിച്ചിരിക്കണം! അതൊരു നഷ്ട്ടപ്പെട്ട കലയാണ്. പറ്റുമെങ്കിൽ , നമുക്കതു തിരിച്ചു പിടിക്കണം. ഒരു വലിയ നോവലിനെ തന്നെ രണ്ടു മണിക്കൂർ കൊണ്ട് സിനിയാക്കാമെങ്കിൽ, നമുക്ക് കേൾക്കാനാവുന്ന നാടകങ്ങളും വേണ്ടേ? ഭാവനയിൽ കാണാനും വേണ്ടേ പരിശീലനം?

ഭ്രാന്തെടുത്തു പായുന്ന മനുഷ്യരുടെ ഇടയിൽ ഒരു സ്ഥലത്തിരുന്ന്, കണ്ണടയ്ച്ചു, ചില നാടകങ്ങൾ നമുക്കും കാണണം. അപ്പോൾ ലോകത്തിന്റെ പുറകിൽ പായാതെ തന്നെ ലോകത്തെ മിഴിവോടെ കാണാൻ കഴിയും.

പേട്രി(ചോറിന്റെ) പരിമളം

IMG_2689

പെട്ടെന്നാണ് മഴ പെയ്തത്. മണ്ണ് നനഞ്ഞ് സുഗന്ധം ഉയർന്നു. മകൾ തുള്ളി ചാടി മഴയത്തിറങ്ങി.
‘നല്ല മണം !’
അത് കവികളും മറ്റും പാടി പുകഴ്ത്തിയ വാസന. ആംഗലേയത്തിൽ ‘PETRICHOR’ എന്ന് പറയും. (പെട്രിക്കോ എന്ന് വാച്യഭാഷ )
വീട്ടു മുറ്റത്തിലെ കൂവളം തണുത്ത കാറ്റിൽ ആടുന്നു.
‘പനി പിടിക്കും…അകത്തോട്ടു വാ…’
അത് പറഞ്ഞിട്ട് ഞാൻ പശ്ചാത്തപിച്ചു!
ഇത് പണ്ട്, എന്നോട് മൂത്തവർ ചൊല്ലിയത്! ഞാൻ തീരെ വകവയ്ക്കാത്തത് !
‘നനഞ്ഞോ …അത് കഴിഞ്ഞു കുളിക്കണം കേട്ടോ!’ ഞാൻ മാറ്റി പറഞ്ഞു.
‘മൂത്തവർ ചൊല്ലും  മുതുനെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും!’
ഞാൻ നെല്ലിക്ക സ്മരണകളിലോട്ടു പോയി.

നല്ല പിങ്ക് നിറത്തിൽ അയല്പക്കത്തെ മരത്തിന്റെ ചുവട്ടിൽ പടർന്നു കിടക്കുന്ന കായ്കൾ…അതേതു നെല്ലിക്കയായിരുന്നു? എന്തൊരു നല്ല മണമായിരുന്നു ആ പിഞ്ചു കൊച്ചു നെല്ലിക്കയ്ക്ക്! സ്കൂളിൽ കൂട്ടുകാരി കൊണ്ട് വരുന്ന ഉപ്പും മുളകും കൂട്ടിയുള്ള ലൗലോലിക്കയുടെ കൊതിയോർമ്മകൾ! പിന്നെ നല്ല വലിയ നെല്ലിക്ക: ശരിക്കും കയ്പുള്ള വക. ശങ്കരാചാര്യന്റെ കഥ പറയുമ്പോൾ അമ്മ പറഞ്ഞു തന്ന സുവർണ്ണ നെല്ലിക്ക…ഉപ്പിലിട്ട നെല്ലിക്ക കൊടുത്ത പാവപ്പെട്ട സ്ത്രീ…കുട്ടിയായ ശങ്കരൻ ചൊല്ലിയ കനക ധാര സ്ത്രോത്രം. എന്റെ അമ്മയുടെ കഥയിൽ, സ്വർണ്ണ നെല്ലിക്കയാണ് വർഷിക്കപ്പെട്ടത് എന്ന് മാത്രം!

മഴയത്തു തിമിർത്തു കളിച്ച ബാല്യം. കൂട്ടുകാരോടൊപ്പം പാടങ്ങളും മറ്റും ഓടി ചാടി നടന്ന് …നാട് മുഴുവൻ കറങ്ങി തിരിച്ചു വന്നിരുന്ന സുരക്ഷിത ബാല്യം…തോർത്ത് കൊണ്ട് കനാലിലെ വെള്ളത്തിൽ മീൻ പിടിച്ച കുട്ടി കാലം…ഇന്നെന്റെ മകൾക്ക് വിചിത്രമായി തോന്നുന്ന കഥകൾ.
ഇപ്പോൾ കുട്ടിയെ തനിച്ചു കളിയ്ക്കാൻ വിടുന്നത് ആലോചിക്കാൻ വയ്യ! എന്റെ കുറ്റമോ അതോ എന്റെ സ്നേഹമോ ?

കുട്ടിക്കാലം ചിലവിട്ട വീട്ടിൽ ഒരു പ്ലാവുണ്ടായിരുന്നു. കൂഴ ചക്കയായിരുന്നു. വരിക്കയോട് കിടപിടിക്കുമ്പോൾ അധഃകൃത വർഗ്ഗമെന്ന മട്ടിലാണ് നാട്ടുകാർ ഞങ്ങളുടെ  കൂഴ പ്ലാവിനെ നോക്കിയിരുന്നത്. എന്നാലെന്താ? അത് ഞങ്ങൾക്ക് നല്ല ചക്ക പഴം തന്നു. അമ്മ ചക്ക ഉപ്പേരി വറുത്തു തന്നു.ഞങ്ങൾ ഊഞ്ഞാലിട്ടു കളിച്ചു. പ്ലാവിന്റെ ഇല കൊണ്ട് അടുക്കള പാത്രം ഉണ്ടാക്കി …എല്ലാം കഴിഞ്ഞു, വീട് മാറിയപ്പോൾ, പുതിയ വീട്ടിലെ ഫർണിച്ചറിനായി  അതിനെ വെട്ടി. അത് വീണപ്പോൾ ഞങ്ങൾ കരഞ്ഞു.
‘സാരമില്ല, പ്രിയമുള്ള പ്ലാവിനെ പുതിയ വീട്ടിൽ കൂടെ കൊണ്ടുപോകാമല്ലോ’ എന്നാരോ സമാശ്വസിപ്പിച്ചു.
ചിതാ ഭസ്മം പോലെയൊരു ഓർമ്മ.

*
‘ഇവിടെ വന്നിരിക്ക്! ഇച്ചിരി എണ്ണ പുരട്ടട്ടെ !’ ഞാൻ പറഞ്ഞു. പുതിയ തലമുറ നെറ്റി ചുളിച്ചു. എങ്കിലും അമ്മൂമ്മയുടെ എണ്ണയുടെ കർപ്പൂര ഗന്ധം അവളെ ആകർഷിച്ചു. തുളസിയും, കുരുമുളകും, കർപ്പൂരവും…എന്ത് നല്ല ഗന്ധം.
മഴ നനഞ്ഞ തലമുടിയിൽ ശാസ്ത്രമൊക്കെ തെറ്റിച്ചു ഞാൻ എണ്ണ പുരട്ടി കൊടുത്തു…
‘അമ്മൂമ്മ, ഇന്ന് പപ്പടം തരണേ!’മകൾ വിളിച്ചു പറഞ്ഞു.
എത്ര വേഗത്തിലാണ് നഗരത്തിലെ സ്കൂൾ കുട്ടി വീട്ടിലെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നത് !
അപ്പോൾ മഴ നല്ല ശക്‌തിയായി പെയ്തു തുടങ്ങി…
ആ താളം കേട്ടപ്പോൾ ശങ്കരാചാര്യന്റെ മഹിഷാസുര മർദ്ദിനിയിലെ അനുപമമായ വരികൾ ഓർത്തു പോയി..
മധു മധുരേ മധു കൈടഭഭഞ്ജിനി കൈടഭഭഞ്ജിനി രാസരതേ
ജയജയഹേ മഹിഷാസുരാമർദിനി രമ്യകപർദിനി ശൈലസുതേ…
**

നോട്ട് : ഉത്തർ പ്രദേശിലെ കന്നൗജിൽ,മുഗൾ രാജാക്കന്മാരുടെ കാലം മുതൽ അത്തർ ഉണ്ടാക്കുന്ന പാരമ്പര്യമുണ്ട്. അവിടെ, മഴയുടെ സ്പർശത്തിൽ കുളിരുന്ന മണ്ണിന്റെ മണത്തിനെ ഒരു itr-e -khakhi യായി , അത്തറായി ഉണ്ടാക്കിയെടുക്കുന്നു.

അക്ഷര വെളിച്ചം

IMG_2583

കണ്ണ് കാണാത്ത പാവം ഒരു കുഞ്ഞു പെൺക്കുട്ടി. അവൾ അതി മനോഹരമായി പാടി: ‘ഈശ്വരാ , എന്റെ മനസ്സിനെ മന്ദിരമാക്കണേ!’ ആറേഴു വയസ്സ് കാണും. എട്ടു മാസത്തെ സ്പെഷ്യൽ ക്യാമ്പിന് വന്നതാണ്. കൊച്ചു കൈയിൽ എനിക്ക് വേണ്ടി പൂച്ചെണ്ട് ! എന്റെ കൈയിൽ ഇറുകെ പിടിച്ചു കൊണ്ട് അവൾ പാടി. സുന്ദരമായ, ആയാസരഹിതമായ ആലാപനം. ‘ ദൈവ സാന്നിധ്യത്തിൽ ഇപ്പോൾ ഞാനിരിക്കുന്നു,’ എന്ന് തോന്നി.

അടുത്ത മുറിയിൽ തിളങ്ങുന്ന കണ്ണുകളുമായി ഒരു കൂട്ടം കുഞ്ഞുങ്ങൾ. കേൾക്കാൻ വയ്യ, സംസാരിക്കാനും. അവരുടെ ക്യാമ്പും തുടങ്ങി. ഹെലൻ കെല്ലറുടെ ചരിത്രം പഠിപ്പിക്കാൻ ഞാൻ നിർദ്ദേശിച്ചു. എല്ലാ ദിവസവും, കുഞ്ഞുങ്ങൾക്ക് അതിജീവനത്തിന്റെ കഥകൾ പറഞ്ഞു കൊടുക്കുക. മനസ്സിന്റെ ശക്‌തിയാണ്‌ ഏറ്റവും വലിയ ഊർജ്ജ സ്ത്രോതസ്സ് എന്നും പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. വർദ്ധിച്ചു വരുന്ന ദുഷ്ടതകൾ കണക്കാക്കി, കുട്ടികളുടെ അമ്മമാരെ വോളന്റീർസിന്റെ രൂപത്തിൽ അവരുടെ സ്പെഷ്യൽ ക്യാമ്പിൽ ഉൾപ്പെടുത്താൻ അവസരമൊരുക്കാൻ പറഞ്ഞു. പൂക്കളെ പോലത്തെ കുഞ്ഞുങ്ങൾ. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

ഉണങ്ങി വരണ്ട ദേശത്തു നല്ല പച്ചപ്പിന്റെ തിളക്കം. പ്രളയക്കെടുതിയിൽ ജന്മ നാട് വിങ്ങുമ്പോൾ, വളർത്തമ്മയായ നാട്ടിൽ, അപ്രതീക്ഷിതമായി കിട്ടിയ മഴയുടെ പ്രവാഹത്തിൽ, സന്തോഷിക്കുന്ന കർഷകർ. കരകവിഞ്ഞൊഴുകുന്ന നദികൾ. ഇരുപത്തിയഞ്ചു ലക്ഷം മരങ്ങളാണ് നട്ടു പിടിപ്പിക്കാൻ ലക്ഷ്യം എന്ന് മിടുക്കനായ യുവ ഡോക്ടർ കൂടിയായ കളക്ടർ പറഞ്ഞു . മുപ്പതു കുട്ടികളെ സിവിൽ സെർവിസ്സ് പരീക്ഷയ്ക്കായി പഠിപ്പിക്കാൻ അദ്ദേഹം ഉൾപ്പടെ, ജില്ലയുടെ പല ഉന്നത ഉദ്യോഗസ്ഥരും സമയം കണ്ടെത്തുന്നു.

ജില്ലാ ഭക്ഷ്യ സംരക്ഷണ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ, നല്ല പൊക്കമുള്ള, സുന്ദരമായ വസ്ത്രം ധരിച്ച, ആത്മവിശ്വാസമുള്ള ലേഡി ഓഫീസർ. ബുന്ദേൽഖണ്ഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ഡിഗ്രി.
‘മാഡം, ഞാൻ ഹിന്ദി മീഡിയം സർക്കാർ സ്കൂളിലാണ് പഠിച്ചത്. സംസ്ഥാന സിവിൽ സെർവിസ്സ് പരീക്ഷയ്ക്ക് പഠിക്കുന്നുണ്ട്. എന്റെ ഗ്രാമത്തിൽ നിന്നും യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ച ആദ്യ പെൺകുട്ടിയാണ് ഞാൻ .’

അപ്പോൾ എന്റെ മുൻപിൽ മറ്റൊരു മുഖം തെളിഞ്ഞു. ‘ മനസ്സിനെ മന്ദിരമാക്കണേ,’ എന്ന് പാടിയ കുട്ടി. എല്ലാ പ്രതിസന്ധികളും തരണം ചെയ്‌തു മുന്നേറുവാൻ, നാളെ, അനേകം പേർക്ക് പ്രചോദനമാവാൻ, വിദ്യ കൊണ്ട് വിജയിക്കാൻ, ആ പൈതലിനും  കഴിയണേ, എന്ന് ഞാൻ പ്രാർത്ഥിച്ചു. മുന്നിലിരുന്ന മിടുക്കിയെ അഭിനന്ദിച്ചപ്പോൾ, പിന്നെയും എനിക്ക് തോന്നി…’ദൈവം അടുത്ത് തന്നെയുണ്ട് !’

സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ, തലക്കൽ കത്തിയുമായി ഒരു ക്ഷീണിച്ച യുവതി. ‘രണ്ടാമതും പെൺക്കുട്ടി !’ അവരുടെ അമ്മായിയമ്മ പരാതി പറഞ്ഞു.’എനിക്കും അതേ! രണ്ടു പെൺകുഞ്ഞുങ്ങൾ ! പഠിപ്പിച്ചു മിടുക്കരാക്കണ്ടേ നമുക്ക്?’ ഞാൻ ചോദിച്ചു. തളർന്ന മുഖത്ത്, സൂര്യ പ്രകാശം പോലെ ചിരി വിടർന്നു. ‘ ആരോഗ്യമൊക്കെ നോക്കി, രണ്ടു കുഞ്ഞുങ്ങളെയും നന്നായി വളർത്തണം. പ്രസവമെടുത്ത ഡോക്ടറും, സിസ്റ്ററും ഈ ഞാനുമെല്ലാം ഈ വർഗ്ഗത്തിലേതു തന്നെ. പോയ് വരട്ടെ?’ അപ്പോൾ അമ്മായിയമ്മയും ചിരിച്ചു.

ഇദം നമാമി: എല്ലാം നിനക്ക് വേണ്ടി.
കൂരിരുട്ടത്തു വലയുമ്പോൾ, ഇങ്ങനെ പല രൂപങ്ങളായി, എനിക്ക് പ്രകാശമായി, വഴി കാണിച്ചു തരാൻ എപ്പോഴും നീ ഉണ്ടാവണമേ!
**

ഈ ഗാനം മറക്കുമോ ?

എഴുതുന്നതാണ് പഥ്യം എന്നിരുന്നാലും , അണ്ണൻ പറഞ്ഞതു ഗൂഗിൾ ഉപയോഗിച്ചു നോക്കാൻ ആണ്. ശരി , എന്നു ഞാനും കരുതി. കൂടപ്പിറപ്പ് പറഞ്ഞിട്ട് കേൾക്കാത്ത ദുരനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. അതിന്റെ ഒരു സ്മരണയാവട്ടെ ഇത്തവണ !

‘ നീ പാടല്ലേ, പാടല്ലേ അനിയത്തീ …’ എന്ന് കരഞ്ഞു പറഞ്ഞിട്ടുണ്ട് , പണ്ട് . ( ” നീ മാറല്ലേ, മറയല്ലേ, നീല നിലാവൊളിയെ …”എന്ന പാട്ടിന്റെ ട്യൂണിൽ ഓർത്താൽ സംഭവം കറക്റ്റായി മനസിലാക്കാം കേട്ടോ…)

ശരിക്കുള്ള സംഭവം ഇപ്രകാരമാണ് : ഇഷ്ടൻ, അതി സുന്ദരനും, സുമുഖനും , എല്ലാവർക്കും കണ്ണിലുണ്ണിയും ആയി വിലസുന്ന സ്കൂൾ കുമാരൻ.

ഞങ്ങളുടെ അപ്പച്ചി , മീൻ വറുക്കുമ്പോൾ ഒരു വലിയ കഷ്ണം എടുത്തു മാറ്റി വയ്‌ക്കും ഇദ്ദേഹത്തിനായി ! ‘ മോനെ, നിനക്ക് തങ്കത്തിന്റെ ആ വലിയ കണ്ണുകളും , മയിൽ പീലി പോലത്തെ കൺപീലികളും കിട്ടിയിട്ടുണ്ട് കേട്ടോടാ മക്കളെ …’ എന്നും മറ്റും ആർദ്രതയോടെ പറഞ്ഞും കൊണ്ട് ചോറ് കൊടുക്കും.
നാലര വയസ്സ് ഇളപ്പമുള്ള ഈ പാവം ഞാൻ, അടുത്ത തിരുമധുരം ഇപ്പൊ എന്റെയും വായിൽ കിട്ടും എന്ന് പ്രതീക്ഷിച്ചു , വായും പൊളിച്ചു അടുത്തിരിക്കുന്ന കാര്യം ആരും ഗൗനിച്ചില്ല. മീൻ കഷ്ണം എനിക്കും തന്നു- അണ്ണന്റെ കഷ്ണം തന്നെ എനിക്ക് വേണം എന്ന ശാഢ്യം ഏശിയില്ല. ഇനിയിപ്പോൾ എന്റെ സൗന്ദര്യത്തിനെ പറ്റി പറയുമായിരിക്കും എന്ന് സമാശ്വസിക്കാൻ ശ്രമിച്ചു മീൻ മുള്ളും കൂടി കടിച്ചു തിന്നാൻ തുടങ്ങിയ എന്നോട് അപ്പച്ചി പറഞ്ഞു : ‘ ടി മോളെ , മീൻകൊതിച്ചി , നീ നിന്റെ അച്ഛൻറെ തനി സ്വരൂപം തന്നെ! കുറ്റം പറയരുതല്ലോ ! നല്ല ബുദ്ധി – ആവശ്യമില്ലാത്ത എല്ലാ കാര്യങ്ങളുടെയും നല്ല വിവരമുണ്ട് ! ‘

ഒറ്റ വാക്യം കൊണ്ട് എന്നെയും എന്റെ അച്ഛനെയും നിലംപരിശാക്കി, വിജയശ്രീലാളിതയായി അപ്പച്ചി അണ്ണന്റെ തലയിൽ തലോടി; പിന്നെ ‘ മക്കളെ ! നിന്റെ അടുത്ത പാട്ട് എപ്പോഴാടാ?’ എന്നും ആത്മാർത്ഥതയോടെ ചോദിച്ചു.

ഈ അണ്ണന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു കൊടുത്ത മറ്റു ചില വരങ്ങളിൽ ഒന്ന് നന്നായി പാടാനുള്ള കഴിവാണ് . എന്റെ ക്ലാസ്സിലെ സകല അഹങ്കാരി പെൺപിള്ളേരുടെയും ആരാധന പിടിച്ചു പറ്റുന്ന ഒരു പാട്ടുകാരനായിരുന്നു അദ്ദേഹം. നാട്ടു നടപ്പ്‌ പറഞ്ഞാൽ, ഇവളുമാരൊന്നും സാധാരണ ഗതിയിൽ എന്നോട് കൂട്ടു കൂടാറില്ല. ഞാൻ വലിയ സാധനമാണ്, പടിപ്പിസ്റ്റാണ് എന്നൊക്കയുള്ള നുണ പ്രചാരണങ്ങൾ ചുറ്റും അലറിയടിക്കുന്ന കാലം! ആകപ്പാടെ മിണ്ടുന്നതു മിനി മാത്രമാണ്!

പക്ഷെ ഒരു അദ്‌ഭുത പ്രതിഭാസം ഇടയ്ക്കിടെ സംഭവിക്കാറുണ്ട് ! അണ്ണൻ പാടുന്ന അവസരങ്ങളിൽ സകല പെൺപിള്ളേരും എന്നോട് വലിയ സ്‌നേഹപ്രകടനം കാഴ്ച വയ്ക്കും! അണ്ണന്റെ വാലിൽ തൂങ്ങി നടക്കുന്ന ഈ നിഷ്‌കളങ്ക ബാല്യത്തിനെ സോപ്പ്പിട്ടു , ആ മഹാന്റെ ഒരു നോട്ടം പിടിച്ചു പറ്റാനാണ് ! അയ്യടാ മനമേ തീപ്പെട്ടി കോലേ …ഇദ്ദേഹം ‘ ശ്യാമ സുന്ദര പുഷ്പമേ എന്റെ പ്രേമ സംഗീതമാണു നീ…’ എന്നൊക്കെ പാട്ടും പാടി,കൈയടി, വിസിലടി, നീർമിഴികളിലെ  കടാക്ഷങ്ങൾ തുടങ്ങിയ വിശിഷ്ട ഭോജനങ്ങളാൽ സംപ്രീതനായി വലിയ ട്രോഫിയും ഒക്കെയായി വീട്ടിലോട്ടു എഴുന്നെള്ളും! മഴയത്തു പൂടയൊക്കെ കുതിർന്നൊട്ടിയ കോഴിയെ പോലെ ഞാനും പിറകിൽ.

അച്ഛൻ,അമ്മ , വലീറ്റ, കൊച്ചീറ്റ, അപ്പച്ചി, വലിയച്ഛന്മാർ എന്ന് വേണ്ട കുടുംബത്തിലെ എല്ലാ ശാഖകളിലും ഉള്ള കിളവിമാർ വരെ , അന്ന് വരെയുള്ള സകല വിശ്വ യുദ്ധങ്ങളും മറന്നു ഞങ്ങളുടെ വീട്ടിൽ വന്നു ‘ ഹരി കുട്ടന്റെ ‘ പാട്ടിനെ പ്രകീർത്തിക്കും!
അസൂയയും കുശുമ്പും എന്റെ അടുത്തു കൂടി പോകാത്തതിനാൽ, ഞാൻ വിടർന്നു ചിരിച്ചും കൊണ്ടും താലപ്പൊലി എടുക്കും എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സത്യം പറഞ്ഞാൽ , ഈ സാധനത്തിന് , ഒരു പിച്ചു പോലും കൊടുക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്ന കൊടും സങ്കട കടലിൽ ശ്വാസം മുട്ടുകയായിരുന്നു ഞാൻ !

അങ്ങനെ ഇരിക്കെ ഞാൻ ഒരു തീരുമാനത്തിൽ എത്തി – ഞാനും പാടും!!! ശാന്തി മന്ദിരം എന്ന പേര് കേട്ട അച്ഛൻ തറവാടിന് കോളിളക്കമുണ്ടാക്കിയ ഒരു സംഭവ വികാസം തന്നെ ആയിരുന്നു അത് ! ‘ നീയ് പാടാൻ പോകുന്നോ? കഴുത കരയുമല്ലോ കുഞ്ഞേ ?’ ‘ അയ്യോ ! എന്റെ ഭഗവാനേ – അത് വേണോ മോളെ ?’ ‘ ഇനി അതിന്റെം കൂടി കുറവേ ഉളളൂ!’ ‘ കൊച്ചിനെ ഡോക്ടറുടെ അടുത്തൊന്നു കൊണ്ട് പോയാലോ?’ തുടങ്ങിയ ആശാവഹവും ഉത്സാഹഭരിതവുമായ പ്രോത്സാഹനങ്ങൾ ഇടതടവില്ലാതെ എന്നെ തഴുകി കൊണ്ടിരുന്നു .

എങ്കിലും ഞാൻ എട്ടു വീട്ടിൽ പിള്ളമാരുടെ നിലപാടെടുത്തു – ഒരു വിട്ടു വീഴ്ചയുമില്ല ! ഞാനും പാടും, ഞാനും ഭരിക്കും , ഞാനും കൈയടി നേടും. എന്താ ! കഠിനാധ്വാനം കൊണ്ട് നേടാൻ കഴിയാത്ത ഒന്നും ഇല്ല ! അപ്പോൾ അണ്ണനും ചെറുതായി പറഞ്ഞു – അത് വേണോ ?

അമ്മയുടെ ഓഫീസിലെ ആർട്സ് ക്ലബ് പരിപാടികൾ തുടങ്ങി – അംഗങ്ങളുടെ കുട്ടികളുടെ കോമ്പറ്റിഷൻ.അണ്ണൻ ഡയറിയും പിടിച്ചു സുന്ദരമായി പാടി. ഞാനും ഡയറി പിടിച്ചും കൊണ്ട് സ്റ്റേജിൽ കയറി. പിന്നെ സംഭവിച്ചതു മാത്രം ചോദിക്കരുത്. ചില തിക്താനുഭവങ്ങൾ ബുദ്ധി മറന്നു കളയുന്നു-ഞാൻ പാടിയോ , കരഞ്ഞോ, പ്രസംഗിച്ചോ എന്നൊന്നും അറിയില്ല. ജഡ്ജിമാർ മുഖത്തോടു മുഖം നോക്കുന്നതു കണ്ടു. മൈക്ക് കുലുങ്ങുന്നതാണ് പിന്നെ കണ്ടത്. പിന്നെ അണ്ണനും അമ്മയും ഞങ്ങളീ പാതകതിന്നു ഉത്തരവാദികളല്ല എന്ന മട്ടിൽ തല കുമ്പിട്ടു ഇരിക്കുന്നതും കണ്ടു.

റിസൾട്ട് വന്നു- ഏഹേ ! ഒരു ആശ്വാസ സമ്മാനം പോലും കിട്ടിയില്ല. അണ്ണന് അന്ന്  ഒന്നാം സമ്മാനം കിട്ടിയത് ഒരു പിത്തള കുതിര: രണ്ടു മുൻ കാലുകളും ഉയർത്തി തലയെടുപ്പോടെ അശ്വമേധത്തിനു പുറപ്പെടുന്ന പോലെ ഒന്ന് ! നല്ല പിങ്കും ബ്രൗണും കലർന്ന നിറം. അമ്മ വീരാരാധന കഴിഞ്ഞപ്പോൾ അതെടുത്തു എനിക്ക് എത്താത്ത പൊക്കത്തിൽ അലമാരയിൽ കണ്ണാടി കൂടിൽ വയ്ച്ചു . വരുന്നോരോടും പോകുന്നൊരോടും ആ കുതിര കഥ പറഞ്ഞു ! ‘ എന്റെ മോന് പാട്ടിൽ ഫസ്റ്റ് കിട്ടിയതാ….അത് പിന്നെ മോളും ചേർന്നായിരുന്നു. ജഡ്ജിമാർ വരെ ഞെട്ടി പോയി . മിനിക്കൊന്നും കിട്ടിയില്ല…അവൾക്കു പ്രസംഗിക്കാനാണ് കഴിവ് കൂടുതൽ !’

അത് വഴി പോയ അപ്പച്ചി, പണ്ട് യുധിഷ്ഠിരൻ സത്യം പറഞ്ഞത് പോലെ അടക്കി പറഞ്ഞു : ‘ അധിക പ്രസംഗിയാണ് !’

**
പിൻകുറിപ്പ് : എന്റെ മക്കളെയും കൊണ്ട് ഞാൻ വീട്ടിൽ ചെന്ന ഒരു വേള , ഇളയവൾ അമ്മൂമ്മയോടു ചോദിച്ചു: ‘ഇതേതാ ഈ പിങ്ക് കുതിര?’

പദ്മശ്രീ അവാർഡ് മാതിരി യുഗങ്ങളായി കാത്തു സൂക്ഷിക്കുന്ന ആ നാല്കാലിയെ ചൂണ്ടി കാട്ടി അമ്മ പറഞ്ഞു..’ അതോ? അത് നിന്റെ വല്യമ്മാവന്‌ പണ്ട് കിട്ടിയതാ …നിന്റെ അമ്മയും പാടിയായിരുന്നു കേട്ടോ….’

വയസ്സ് പത്ത്‌ നാല്പതായിട്ടും ആ കുതിര എന്നെ വിടാതെ പിൻതുടർന്നു കൊണ്ടേയിരിക്കുന്നു എന്ന് പറഞ്ഞു ( പാടി )കൊണ്ട് ഞാൻ ഉപസംഹരിക്കട്ടെ !

***