ഇന്നത്തെ ചിന്താവിഷയം

Marie-Kondo-Life-changing-magic-of-tidying-up-quotes-1

അമ്മയുടെ നിതാന്ത പരിശ്രമ ഫലമായി, ഞങ്ങളുടെ വീടെപ്പോഴും നല്ല വൃത്തിയും വെടിപ്പുമുള്ള ഇടമായിരുന്നു. ബെഡ്ഷീറ്റുകൾക്കു സൂര്യന്റെ മണമായിരുന്നെന്നു ഞാൻ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്! വാസനയുള്ള സോപ്പ് പൊടി കൊണ്ട് കഴുകി, നല്ല സൂര്യ പ്രകാശത്തിൽ ഉണക്കിയ ‘sunshine smell !’

‘Recycling’ എന്നൊക്കെ കേൾക്കുന്നതിന് മുൻപ് തന്നെ, ഞങ്ങൾ വീട്ടിൽ കണ്ടിട്ടുണ്ട്. നിറമുള്ള തുണി, ആദ്യം സാരി രൂപത്തിൽ ആഘോഷിക്കപ്പെട്ട് , പിന്നെയുള്ള അവതാരം കർട്ടനായും , തലയിണ കവറായും; അതിനു ശേഷം പാവം ‘hierarchy of status ആൻഡ് power’ -ഇൽ പിന്തള്ളപ്പെട്ടു പതുക്കെ അടുക്കളയിലെ കൈക്കല തുണിയായി പരിണമിച്ചു അതിന്റെ ജീവിത ചക്രം പൂർത്തിയാക്കി വന്നിരുന്നു .

ശ്രീമതി വത്സലയുടെ ഒരു ലേഖനത്തിൽ, പഴയ തയ്യൽ യന്ത്രത്തേയും , കൈയൊടിഞ്ഞ തവിയേയും വിട്ടു പിരിയാനാവാത്ത വീട്ടമ്മയുടെ മനഃസ്ഥിതിയെ പറ്റി പരാമർശനമുണ്ട്‌.
അമ്മ, എന്റെ രണ്ടാം ക്ലാസ്സിലെ പ്രോഗ്രസ്സ് കാർഡ് എടുത്തു കൊച്ചു മോൾക്ക് കാണിച്ചു കൊടുത്തപ്പോൾ, ഞാൻ ശരിക്കും അതിന്റെ വേറൊരു മാനം കണ്ടു.
‘ നിന്റെ അമ്മയുടെ റാങ്ക് നോക്ക്…’ എന്നൊരു കൊച്ചു കുത്തും!
എന്റെ കുറുമ്പി കുട്ടി , പുരികങ്ങൾ ചുളിച്ചു കൊണ്ട്, പുരാവസ്തു ഗവേഷണം മാതിരി, ഈജിപ്ഷ്യൻ മമ്മിയുടെ നിറഞ്ഞ ഭരണകാലം, വിശദമായി പരിശോധിച്ചു!
‘ അമ്മയ്ക്ക് പണ്ടേ കണക്കു പ്രിയമല്ല അല്ലേ ?’ എന്നൊരു എതിർ വാദം വാദിച്ചു, എന്റെ ബാല്യ കാല റാങ്കു നേട്ടങ്ങൾ നിഷ്പ്രഭമാക്കി, അമ്മൂമ്മയോടു പോര് വിളിച്ചു.
‘പിന്നേ ! ഞാൻ കാണിച്ചു തരാം അവളുടെ സര്ടിഫിക്കറ്റകള് !’ എന്ന് അമ്മ തലയും കുത്തി അവളുടെ വിദഗ്ദ്ധമായ കുരുക്കിൽ വീഴുകയും ചെയ്തു.
‘ ഈ അമ്മൂമ്മ എന്തിനാ ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുന്നത് ?’ ചോദ്യം വരാൻ അധികം താമസ്സമുണ്ടായില്ല.
‘നിന്നെ കാണിക്കാൻ…’ ഞാൻ ഉത്തരമുണ്ടാക്കി, പരീക്ഷ ജയിക്കാൻ നോക്കി.

‘ നിന്റെ ചേച്ചി ആദ്യമായി കൈപിടിച്ച് പാല് കുടിച്ച സ്റ്റീൽ ഗ്ലാസ് .’ അമ്മ ഒരു കുഞ്ഞു ഗ്ലാസും എടുത്തു കൊണ്ട് വന്നു.
ഇളയവൾ ‘whatever’ എന്ന സാമാന്യഅർത്ഥം വരുന്ന, ലോകത്തിലെ സകലമാന പുതു തലമുറയ്‌യ്ക്കും പരിചിതമായ ‘eye-rolling’ എന്ന വിശ്വമനുഷ്യഭാഷയിൽ ചിന്തകൾ വ്യക്തമാക്കി തന്നു.
പിന്നെ, ഞാനും അമ്മയും തനിച്ചിരുന്നപ്പോൾ, ഞാൻ പറഞ്ഞു ..’ അമ്മാ, ഞാനും സൂക്ഷിച്ചു വയ്ച്ചു തുടങ്ങി…’
**

‘Minimalism’ എന്നൊരു വഴിയുണ്ട്. ആവശ്യത്തിന് വേണ്ടതേ പാടുള്ളൂ. ബാക്കി ദാനം ചെയ്യാം. പൊടി തുടച്ചും, നിലം തുടച്ചും പരിക്ഷീണരാകേണ്ട; മനുഷ്യന് അധികം സാധനങ്ങൾ വേണ്ടല്ലോ !
Marie Kondo എന്ന ജാപ്പനീസ് സുന്ദരി, ‘de-cluttering’ ഇന് പുതിയ പരിഭാഷ നൽകി, സാധങ്ങൾ വേണമോ വേണ്ടയോ എന്ന് തീർച്ചപ്പെടുത്തി, ജീവിതം ലളിതമാക്കാൻ പഠിപ്പിക്കുന്നു. അവരുടെ പുസ്തകം വിറ്റു പോയത് ലക്ഷങ്ങളാണ്!

അപ്പോൾ ഇന്നത്തെ എന്റെ ചിന്ത വിഷയം: കൂടുതൽ ലാളിത്യവും, ഓർമ്മകളുടെ സൂക്ഷിപ്പും എങ്ങനെ ഒരുമിച്ചു കൊണ്ട് പോകും?
കൂടുതൽ കൊടുക്കണോ, സൂക്ഷിക്കണോ?
വൃത്തിയും വെടിപ്പുമുള്ള, സൂര്യ പ്രകാശത്തിന്റെ വാസനയുള്ള വീട് വേണോ വേണ്ടയോ?
**

നാടകമേ ഉലകം …

Brazilian-cat-strand-dec-1898-1

റേഡിയോ നാടകങ്ങൾ കുടുംബത്തിലെ സ്ത്രീകളെ ഏറ്റവും അധികം രസിപ്പിച്ചിരുന്ന കാലം. നാടക മാസമായാൽ, രാത്രിയിൽ ‘കെട്ടിടത്തിൽ’ പോകാം എന്ന ഫൈനൽ അന്നൗൺസ്‌മെന്റ് വന്നാൽ ഉടൻ അമ്മൂമ്മയോടും അപ്പച്ചിയോടുമൊപ്പം ഞാനും ‘അടുക്കളയിൽ നിന്നും അരങ്ങത്തോട്ടുള്ള’ പാതയിൽ മറ്റൊരു പിന്നാളി ആകും.
അടുക്കള വേറൊരു കെട്ടുറപ്പും , താമസ സ്ഥലം വേറൊരു കെട്ടിടവുമായിരുന്നു. രണ്ടു വീടുകൾ, രണ്ടു ലോകങ്ങൾ; ഒരേ തറവാട്. അത് കൊണ്ടാണ്, അതി രാവിലെ അടുക്കളയിൽ തീ കൊളുത്താൻ കയറുന്ന മുതൽ , രാത്രിയിൽ സകലരേയും സുഭിക്ഷമായി അന്നമൂട്ടി, ഭക്ഷണ പാത്രങ്ങൾ കഴുകി വെളുപ്പിച്ചു, വാതിലടച്ചു കൊണ്ട് അടുക്കളപ്പടിയിൽ നിന്നും മുറ്റത്തോട്ടിറങ്ങി , അപ്പച്ചി ദീർഘ നിശ്വാസം വിട്ട്‌ പറയുന്നത് :’ഇനി കെട്ടിടത്തിലോട്ടു പോകാം.’

കെട്ടിടത്തിന്റെ ചായ്പ്പിൽ, തമ്മിൽ നോക്കി കൊണ്ട് രണ്ടു ഈസി ചെയറുകൾ. ഒന്നിൽ അമ്മൂമ്മയും, ഒന്നിൽ അപ്പച്ചിയും കിടക്കും. റേഡിയോ തുറക്കും. ലോക വാർത്തയും, മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങളും, പിന്നെ നാടകങ്ങളും ഒഴുകി വരും. പടിയിൽ ഇരുന്ന് ഞാനും ആ ഉപാസനയിൽ പങ്കാളിയാവും. അറിവ്, ഭാവന, ഉറപ്പുള്ള ദേശാന്തര വിശകലനങ്ങൾ…അപ്പോൾ, രണ്ടു പേരും, വായനശാലയിലെ വാരികകളും നോവലുകളിലും, ദൈനം ദിന പത്ര മാസികളിലും മുഴുകും. Multi-tasking ഞാൻ കണ്ടു വളരുകയായിരുന്നു; സമയത്തിന്റെ സമുചിതമായ പ്രബന്ധനവും!

ശബ്ദത്തിലൂടെ, കഥാപാത്രങ്ങളുടെ സ്വരങ്ങളിലൂടെ പ്രണയവും,കുസൃതിയും, വിരഹവും, വേദനയും, വീര്യവും, പകയുമൊക്കെയായി ശ്രോതാവിന്റെ ‘active participation’ ഉം റേഡിയോ നടീനടന്മാരുടെ നൈസർഗ്ഗിക കഴിവുകളുമായി ഒരു സുന്ദര സംഗമം. എന്റെ മനസ്സിൽ പല നിറങ്ങൾ നിറച്ച ഒരു അമൂല്യ അനുഭവമായിരുന്നു റേഡിയോ നാടക ഉത്സവം. ഇപ്പോൾ, ഞാൻ വേറൊന്നും കൂടി മനസ്സിലാക്കുന്നു. സ്ത്രീകൾ, അവരുടെ space എങ്ങനെ സംരക്ഷിച്ചിരുന്നു എന്നത് ! ആ സമയങ്ങൾ അവർക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. കലയും, കവിതയും, അക്ഷരങ്ങളും, അറിവും , നാടകവും ഉലകവുമെല്ലാം സമപങ്കാളികളായ അവർക്കും കൂടി ഉള്ളതായിരുന്നു…എന്റെ കുടുംബത്തിലെ സ്ത്രീജനങ്ങൾ ഒന്നും പറയാതെ തന്നെ എല്ലാം പറഞ്ഞു തന്ന പാഠശാലകളായിരുന്നു ആ സമയങ്ങൾ.

Arthur Conan Doyle-ഇന്റെ The Brazilian Cat എന്ന ക്ലാസ്സിക് – കഥ ബംഗാളി ഭാഷയിൽ സത്യജിത് റേ ‘ബ്രസീൽ-ഏർ-കാലോബാഗ്’ എന്ന പേരിൽ റേഡിയോ നാടകമാക്കി ശ്രോതാക്കളെ കിടിലം കൊള്ളിച്ചിരുന്നു! നമ്മുടെ ഭാഷയിലും എത്രയോ ലോക ക്ലാസിക്കുകൾ റേഡിയോ നാടകം വഴി , വായനശാലയിലും, മുറുക്കാൻ കടയിലും, ചായക്കടയിലും, പിന്നെ പല തറവാടിലെ ചായ്പ്പിലും നാട്ടുകാരെ ആനന്ദിപ്പിച്ചിരിക്കണം! അതൊരു നഷ്ട്ടപ്പെട്ട കലയാണ്. പറ്റുമെങ്കിൽ , നമുക്കതു തിരിച്ചു പിടിക്കണം. ഒരു വലിയ നോവലിനെ തന്നെ രണ്ടു മണിക്കൂർ കൊണ്ട് സിനിയാക്കാമെങ്കിൽ, നമുക്ക് കേൾക്കാനാവുന്ന നാടകങ്ങളും വേണ്ടേ? ഭാവനയിൽ കാണാനും വേണ്ടേ പരിശീലനം?

ഭ്രാന്തെടുത്തു പായുന്ന മനുഷ്യരുടെ ഇടയിൽ ഒരു സ്ഥലത്തിരുന്ന്, കണ്ണടയ്ച്ചു, ചില നാടകങ്ങൾ നമുക്കും കാണണം. അപ്പോൾ ലോകത്തിന്റെ പുറകിൽ പായാതെ തന്നെ ലോകത്തെ മിഴിവോടെ കാണാൻ കഴിയും.

പേട്രി(ചോറിന്റെ) പരിമളം

IMG_2689

പെട്ടെന്നാണ് മഴ പെയ്തത്. മണ്ണ് നനഞ്ഞ് സുഗന്ധം ഉയർന്നു. മകൾ തുള്ളി ചാടി മഴയത്തിറങ്ങി.
‘നല്ല മണം !’
അത് കവികളും മറ്റും പാടി പുകഴ്ത്തിയ വാസന. ആംഗലേയത്തിൽ ‘PETRICHOR’ എന്ന് പറയും. (പെട്രിക്കോ എന്ന് വാച്യഭാഷ )
വീട്ടു മുറ്റത്തിലെ കൂവളം തണുത്ത കാറ്റിൽ ആടുന്നു.
‘പനി പിടിക്കും…അകത്തോട്ടു വാ…’
അത് പറഞ്ഞിട്ട് ഞാൻ പശ്ചാത്തപിച്ചു!
ഇത് പണ്ട്, എന്നോട് മൂത്തവർ ചൊല്ലിയത്! ഞാൻ തീരെ വകവയ്ക്കാത്തത് !
‘നനഞ്ഞോ …അത് കഴിഞ്ഞു കുളിക്കണം കേട്ടോ!’ ഞാൻ മാറ്റി പറഞ്ഞു.
‘മൂത്തവർ ചൊല്ലും  മുതുനെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും!’
ഞാൻ നെല്ലിക്ക സ്മരണകളിലോട്ടു പോയി.

നല്ല പിങ്ക് നിറത്തിൽ അയല്പക്കത്തെ മരത്തിന്റെ ചുവട്ടിൽ പടർന്നു കിടക്കുന്ന കായ്കൾ…അതേതു നെല്ലിക്കയായിരുന്നു? എന്തൊരു നല്ല മണമായിരുന്നു ആ പിഞ്ചു കൊച്ചു നെല്ലിക്കയ്ക്ക്! സ്കൂളിൽ കൂട്ടുകാരി കൊണ്ട് വരുന്ന ഉപ്പും മുളകും കൂട്ടിയുള്ള ലൗലോലിക്കയുടെ കൊതിയോർമ്മകൾ! പിന്നെ നല്ല വലിയ നെല്ലിക്ക: ശരിക്കും കയ്പുള്ള വക. ശങ്കരാചാര്യന്റെ കഥ പറയുമ്പോൾ അമ്മ പറഞ്ഞു തന്ന സുവർണ്ണ നെല്ലിക്ക…ഉപ്പിലിട്ട നെല്ലിക്ക കൊടുത്ത പാവപ്പെട്ട സ്ത്രീ…കുട്ടിയായ ശങ്കരൻ ചൊല്ലിയ കനക ധാര സ്ത്രോത്രം. എന്റെ അമ്മയുടെ കഥയിൽ, സ്വർണ്ണ നെല്ലിക്കയാണ് വർഷിക്കപ്പെട്ടത് എന്ന് മാത്രം!

മഴയത്തു തിമിർത്തു കളിച്ച ബാല്യം. കൂട്ടുകാരോടൊപ്പം പാടങ്ങളും മറ്റും ഓടി ചാടി നടന്ന് …നാട് മുഴുവൻ കറങ്ങി തിരിച്ചു വന്നിരുന്ന സുരക്ഷിത ബാല്യം…തോർത്ത് കൊണ്ട് കനാലിലെ വെള്ളത്തിൽ മീൻ പിടിച്ച കുട്ടി കാലം…ഇന്നെന്റെ മകൾക്ക് വിചിത്രമായി തോന്നുന്ന കഥകൾ.
ഇപ്പോൾ കുട്ടിയെ തനിച്ചു കളിയ്ക്കാൻ വിടുന്നത് ആലോചിക്കാൻ വയ്യ! എന്റെ കുറ്റമോ അതോ എന്റെ സ്നേഹമോ ?

കുട്ടിക്കാലം ചിലവിട്ട വീട്ടിൽ ഒരു പ്ലാവുണ്ടായിരുന്നു. കൂഴ ചക്കയായിരുന്നു. വരിക്കയോട് കിടപിടിക്കുമ്പോൾ അധഃകൃത വർഗ്ഗമെന്ന മട്ടിലാണ് നാട്ടുകാർ ഞങ്ങളുടെ  കൂഴ പ്ലാവിനെ നോക്കിയിരുന്നത്. എന്നാലെന്താ? അത് ഞങ്ങൾക്ക് നല്ല ചക്ക പഴം തന്നു. അമ്മ ചക്ക ഉപ്പേരി വറുത്തു തന്നു.ഞങ്ങൾ ഊഞ്ഞാലിട്ടു കളിച്ചു. പ്ലാവിന്റെ ഇല കൊണ്ട് അടുക്കള പാത്രം ഉണ്ടാക്കി …എല്ലാം കഴിഞ്ഞു, വീട് മാറിയപ്പോൾ, പുതിയ വീട്ടിലെ ഫർണിച്ചറിനായി  അതിനെ വെട്ടി. അത് വീണപ്പോൾ ഞങ്ങൾ കരഞ്ഞു.
‘സാരമില്ല, പ്രിയമുള്ള പ്ലാവിനെ പുതിയ വീട്ടിൽ കൂടെ കൊണ്ടുപോകാമല്ലോ’ എന്നാരോ സമാശ്വസിപ്പിച്ചു.
ചിതാ ഭസ്മം പോലെയൊരു ഓർമ്മ.

*
‘ഇവിടെ വന്നിരിക്ക്! ഇച്ചിരി എണ്ണ പുരട്ടട്ടെ !’ ഞാൻ പറഞ്ഞു. പുതിയ തലമുറ നെറ്റി ചുളിച്ചു. എങ്കിലും അമ്മൂമ്മയുടെ എണ്ണയുടെ കർപ്പൂര ഗന്ധം അവളെ ആകർഷിച്ചു. തുളസിയും, കുരുമുളകും, കർപ്പൂരവും…എന്ത് നല്ല ഗന്ധം.
മഴ നനഞ്ഞ തലമുടിയിൽ ശാസ്ത്രമൊക്കെ തെറ്റിച്ചു ഞാൻ എണ്ണ പുരട്ടി കൊടുത്തു…
‘അമ്മൂമ്മ, ഇന്ന് പപ്പടം തരണേ!’മകൾ വിളിച്ചു പറഞ്ഞു.
എത്ര വേഗത്തിലാണ് നഗരത്തിലെ സ്കൂൾ കുട്ടി വീട്ടിലെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നത് !
അപ്പോൾ മഴ നല്ല ശക്‌തിയായി പെയ്തു തുടങ്ങി…
ആ താളം കേട്ടപ്പോൾ ശങ്കരാചാര്യന്റെ മഹിഷാസുര മർദ്ദിനിയിലെ അനുപമമായ വരികൾ ഓർത്തു പോയി..
മധു മധുരേ മധു കൈടഭഭഞ്ജിനി കൈടഭഭഞ്ജിനി രാസരതേ
ജയജയഹേ മഹിഷാസുരാമർദിനി രമ്യകപർദിനി ശൈലസുതേ…
**

നോട്ട് : ഉത്തർ പ്രദേശിലെ കന്നൗജിൽ,മുഗൾ രാജാക്കന്മാരുടെ കാലം മുതൽ അത്തർ ഉണ്ടാക്കുന്ന പാരമ്പര്യമുണ്ട്. അവിടെ, മഴയുടെ സ്പർശത്തിൽ കുളിരുന്ന മണ്ണിന്റെ മണത്തിനെ ഒരു itr-e -khakhi യായി , അത്തറായി ഉണ്ടാക്കിയെടുക്കുന്നു.