ഞാനും എന്റെ ഹനുമാൻ സ്വാമിയും

role model

ഇന്ന് , കിഷ്കിന്ധ കാണ്ഡം അവധി ഭാഷയിൽ നിന്നും വ്യാഖ്യാനം / ഭാഷാന്തരം പൂർത്തിയായി. 2017ലാണ്  സുന്ദര കാണ്ഡം പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. ഇന്നിപ്പോൾ ആദ്യത്തെ ഡ്രാഫ്റ്റ് തയ്യാറായതും ഹൃദയത്തിൽ ചാരിതാർഥ്യം.

ഹനുമാൻ എന്ന പ്രതിഭാസം , എനിക്ക് വ്യക്‌തിപരമായി , ഒരു ഹീറോ , ഒരു പ്രേരണ സ്ത്രോതസ്സ്, ഒരു ലീഡർഷിപ് മോഡൽ , ഒരു സുഹൃത്തും വഴികാട്ടിയും ഒക്കെയാണ്…യാതൊരു മുൻവിധികളും ഇല്ലാതെ സ്നേഹിക്കാൻ പറ്റുന്ന തേജസ്വിയായ ചിരഞ്ജീവി… നിഷ്കാമ കർമ്മത്തിന്റെ അത്ഭുതപ്പെടുത്തുന്ന ലാളിത്യം; മാർഗ്ഗ ദർശിയായ എന്റെ പ്രിയപ്പെട്ട ഹനുമാൻ സ്വാമി !

തുളസി ദാസിന്റെ ശ്രീ രാമചരിത മാനസത്തിൽ , ശ്രീരാമനും ഹനുമാനും തമ്മിലുള്ള പല സംഭാഷണങ്ങളും വായിക്കുമ്പോൾ ശരിക്കും കരഞ്ഞു പോകും .
സീതാ ദേവിയെ കണ്ടു മടങ്ങിയ ഹനുമാനോട് “നീ എനിക്ക് ഭരതനെ പോലെ പ്രിയമുള്ള സഹോദരൻ ! അല്ലയോ ഹനുമാനെ ! നീ എനിക്ക് ചെയ്ത ഉപകാരത്തിനു എന്താണ് തരേണ്ടത് ? നിന്നെ നേർക്ക് നേർ കാണാനുള്ള നന്മ എന്റെ ഹൃദയത്തിനില്ല !’ എന്നാണ് രാമൻ പറയുന്നത്.

ഹനുമാൻ ഇരു കൈയും കൂപ്പി നിലവിളിച്ചും കൊണ്ട് ആ നീല താമര കാൽപ്പാദങ്ങളിൽ കെട്ടി പിടിച്ചും കൊണ്ട് പറയുകയാണ്…’സ്വാമി ! എന്നെ രക്ഷിച്ചാലും ! എന്നെ രക്ഷിച്ചാലും !’

ഭഗവാൻ എടുത്തുയർത്താൻ ശ്രമിച്ചെങ്കിലും ഹനുമാൻ കാലുകളിൽ കെട്ടി പ്പിടിച്ചു കരയുകയാണ് …ശ്രീ രാമൻ തന്റെ കൈകൾ കൊണ്ട് ആ ശിരസ്സ് മെല്ലെ തഴുകുന്നു. ആ രംഗം ഉമയ്ക്ക് വർണിച്ചു കൊടുക്കുന്ന ശിവ ഭഗവാന്റെ കണ്ണുകൾ നിറയുന്നു …

പിന്നീട് രാമൻ ഹനുമാനോട് രാവണന്റെ കോട്ട  കയറിയ കഥ പറയാൻ ആവശ്യപ്പെടുന്നു. അപ്പോൾ ഹനുമാൻ പറയുകയാണ് യാതൊരു അഹങ്കാരവുമില്ലാതെ …(ബോല
ബ ച ൻ ബിഗത് അഭിമാനാ ).
“കുരങ്ങിന്റെ ജന്മമാണ് ! ഒരു മരത്തിന്റെ ശാഖയിൽ നിന്നും മറ്റൊന്നിലേക്കു ചാടുന്നത് തന്നെ പുരുഷാർത്ഥം ! ഞാൻ സമുദ്രം ചാടി കടന്നതും , സുവർണ്ണ നഗരി കത്തിച്ചതും , അസുരന്മാരെ കൊന്നതും, അശോക വനം നശിപ്പിച്ചതുമെല്ലാം അല്ലയോ ശ്രീ രാമാ നിന്റെ പ്രതാപം കാരണമാണ് ! ഇപ്പറഞ്ഞവയിൽ ഒന്നും എന്റെ യാതൊരു കഴിവുമില്ല ! പ്രഭു,താങ്കൾ ആരിൽ പ്രീതിപ്പെടുന്നുവോ  , ആ വ്യക്തിക്ക് ഒരു പ്രവൃത്തിയും കഠിനമല്ല. അസംഭവ്യമെന്നതും സംഭവ്യമാകുന്നു !’
( സാഖാ മൃഗ് കൈ ബഡി മനുസായ് /സാഖാ തേം സാഖാ പർ ജായി //
നാഖി സിന്ധു ഹട്ടകപുർ ജാറ/ നിശിചർ ഗൺ ബഥ ബിപിൻ ഉജാര //
**
സൊ സബ് തവ പ്രതാപ് രഘുരായി / നാഥ്‌ ന കച്ചു മോരി പ്രഭുതായി //
**
താ കഹ് പ്രഭു കച്ചു അഗം നഹിം ജാ പർ തുമ്ഹ അനുകൂല് /)
**

ഇങ്ങനെയുള്ള ഹനുമാനെ സേവിക്കാതെ ഇരിക്കുന്നത് എങ്ങനെ ? ഹനുമാൻ ചാലിസാ എന്ന നാൽപ്പതു വരികൾ ഒട്ടധികം ഉത്തരേന്ത്യക്കാരും കാണാപ്പാഠം ചൊല്ലുന്നത് കേട്ടിട്ടുണ്ട്…
അതും തുളസി ദാസ് എഴുതിയതാണ് .
അവനവൻ കടമ്പ കടക്കാൻ വളരെ സഹായകമാണ് …
**
(ഈയിടെ രസകരമായ ഒരു വിശ്ളേഷണം വായിച്ചു:

“ആത്മ രതിയിൽ മഗ്നമായ ലോകത്തിൽ ആത്മ ബോധമില്ലെങ്കിൽ, ആത്മ വിനാശനം തീർച്ച !’ സെൽഫി ലോകത്തിൽ ആത്മരതിക്കാർ narcissus സിന്റെ പൗത്രരത്രേ !) ഭവസാഗരം കടക്കാൻ , ‘ പാവം കുരങ്ങു ജൻമം പ്രഭു !’ എന്ന് കരഞ്ഞ എന്റെ കർമ്മയോഗിയായ പ്രിയ സ്വാമി തന്നെ രക്ഷ !