ദുഷ്ടദൂരാ ദുരാചാര ശമിനീ ദോഷവർജ്ജിത…

IMG_2728

‘DMwM’ഹാഷ്ടാഗ്: # DO NOT MESS WITH ME നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാവും ജീവിതത്തിൽ..!

ദുർഗ്ഗാ ദേവിയെ നമ്മൾ പൂജിക്കുന്നത് ആ ശക്തി സ്വരൂപിണിയെ ഭയന്നും ബഹുമാനിച്ചുമാണല്ലോ ! തല വെട്ടുന്ന അരിവാളുമായി, കോപാവിഷ്ടയായ കാളി ദേവിയെ ആരും സ്നേഹത്തോടെ നോക്കാറില്ല- തീർച്ചയായും ഒരു പടി ദൂരെ നിന്നും കൈകൂപ്പും.

‘ഭയ ബിനു ഹോയി ന പ്രീത് ‘ എന്ന് തുളസിദാസ് ശ്രീ രാംചരിതമാനസത്തിൽ എഴുതി വച്ചിട്ടുണ്ട് . അതായത്, ഭയം ഉള്ളിൽ തോന്നിയാൽ മാത്രമേ ബഹുമാനവും നല്ല പെരുമാറ്റവും ഉണ്ടാവൂ! വരുണൻ സ്വയമേ വഴി കാട്ടാതെ വന്നപ്പോൾ, ആഗ്നേയാസ്ത്രം തൊടുത്തിട്ടു , ക്ഷമാശീലരിൽ അഗ്രഗണ്യനായ ശ്രീരാമ പ്രഭു, കത്തുന്ന കണ്ണുകളുമായി ചൊല്ലുന്നതാണ്!

ഏതു മൃഗവും, അള മുട്ടിയാൽ, ചേരയെ പോലെ കടിക്കുകയും, സ്വരക്ഷാർഥം ‘baring the fangs’ചെയ്യുകയും പതിവാണല്ലോ. മനുഷ്യനും ഒരു മൃഗമായതിനാൽ, ഇപ്പറഞ്ഞ പരിപാടികൾ നമ്മളും ചെയ്‌തു വരുന്നു. അത് കുടുംബത്തിലോ, ജോലി സ്ഥലത്തോ, പൊതു വേദിയിലോ – എവിടെ വേണമെങ്കിലും ആവാം.
ഒരു വ്യക്തിയുടെ പരിപാവനമായ personal space-ഇൽ അതിക്രമിച്ചു കടക്കുന്നവരെ മനുഷ്യർ പലപ്പോഴും -അരിവാളും, ചുറ്റികയും, വാളും, വാക്കും, തോക്കും കുഴലും, അമ്പും വില്ലും, ചീത്തയും, തെറിയും, കോടതിയും കേസും, ഇത്യാദിയുടെ വകഭേദങ്ങളോടെ – തീക്ഷ്ണതയോടെ നേരിടുന്നു. അത് പ്രകൃതി കൊടുത്ത പാഠമാണ് : SURVIVAL OF THE FITTEST. ഒന്നുകിൽ നീ, അല്ലെങ്കിൽ ഞാൻ !

നമ്മൾ പെൺകുട്ടികളെ പലപ്പോഴും വളർത്തുന്നത് ‘ക്ഷമിച്ചും സഹിച്ചും ജീവിക്കണം’ എന്ന് ഓതിയാണ്. ഈ പുണ്യമായ ചിന്തകൾ അവർ എത്തിപ്പെടുന്ന കുടുംബ സാഹചര്യങ്ങളിലോ, ജോലി സ്ഥലത്തോ കാണില്ല എന്നത് നമ്മൾ മറന്നു പോകുന്നു. ‘ നല്ല ആഹാരം ഉണ്ടാക്കാൻ അറിയില്ല’ എന്ന കുറ്റത്തിന് ആരോപണ വിധേയയായ,അതിനു ശിക്ഷയായി കൈ വിരലുകളിൽ വടിയുടെ അടിപ്പാടുകളുമായി ഐ എ എസ് ബാച്ച് മേറ്റിനെ കാണേണ്ടി വന്ന എന്റെ സീനിയർ എന്നോട് ചോദിച്ചു : ‘അവൾ എന്തിനാണ് അത്രയും സഹിച്ചത്?’ ‘ നേരത്തെ ഇട്ടിട്ടു പോകേണ്ടതല്ലേ? കേസ് കൊടുക്കേണ്ടതല്ലേ?’
അപ്പോൾ ഞാൻ കെആർ മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയെ’ഓർമിച്ചു . എത്രയോ സത്യങ്ങളാണ് അതിലുള്ളത് എന്നോർത്ത് പോയി.

നമ്മൾ പലരും,കൂടുതൽ ക്ഷമിക്കുന്നു. നേരത്തെ ചെയേണ്ടത് പില്കാലത്തേക്കു മാറ്റി വയ്കുന്നു. അടിക്കാൻ ഓങ്ങുന്നവനെ, ഭയക്കുന്നു. അപമാനിക്കുന്നവരെ, അർഹതയില്ലാതെ തലയിൽ കയറ്റി വയ്ക്കുന്നു. നമ്മുടെ നന്മയെ മുതലെടുക്കുന്നവരെ വെറുതെ വിടുന്നു. അത് നാശത്തിലോട്ടുള്ള വഴി.

ഇതാ, ഇവിടെ വരെ മാത്രം. അത് കഴിഞ്ഞു ഒരടി മുന്നോട്ടു വച്ചാൽ, അപ്പോൾ തിരിച്ചടി കിട്ടും എന്ന് ശത്രുവിന് ബോധ്യം ആകണം. സ്വയം രക്ഷിക്കാൻ പ്രാപ്തിയുള്ള മനുഷ്യരെ – സ്ത്രീയോ പുരുഷനോ ആകട്ടെ – ആരും പരീക്ഷണ വസ്തുവാക്കില്ല.
ശത്രുക്കൾ ആരും ഇല്ല എന്ന മൂഢ സ്വർഗത്തിൽ ജീവിച്ചിട്ട് കാര്യമില്ല. ആരുടെയാണോ hidden agenda നിങ്ങൾ കാരണം വെളിച്ചപ്പെടുന്നത്, അവർ ശത്രുക്കളാവുന്നു എന്നത് സാമാന്യ ബുദ്ധി മാത്രം. ഇത് ‘നല്ല മനുഷ്യർക്ക് ‘ വരില്ല എന്നത് വിഡ്ഢിത്തം! സാധാരണ, നല്ല മനുഷ്യർക്കാണ് കൂടുതൽ ശത്രുക്കൾ!

എല്ലാവരേയും പ്രീതിപ്പെടുത്തി ജീവിക്കാൻ ആവില്ല. ഭയമില്ലാതെ ജീവിക്കാൻ ആവും. അതിന് നെറ്റിയിൽ ഒട്ടിച്ചില്ലെങ്കിലും, ശരീര ഭാഷയിലും, വാച്യ ഭാഷയിലും, ‘ ഒരടി ദൂരം പാലിക്കുക’ എന്നൊരു signal ഉള്ളത് നന്ന്.

ഗുരു ഉവാച : കുരങ്ങന്റെ പിൻഗതിക്കാർ, ആ സിഗ്നൽ വേഗം വായിച്ചു കൊള്ളും!

**