താവോ തേ ചിങ് (Verses 18-20)

tzuquoteagain

Note:
**ചിരി നിറഞ്ഞതാണ്; പുറംകാഴ്ചകളിൽ വീഴാതെ ശരിക്കുള്ള അർത്ഥം ഗ്രഹിക്കണം.

Stephen Mitchell ഇന്റെ പരിഭാഷയോടൊപ്പം ഇതും നോക്കുക.

https://www.taoistic.com/taoteching-laotzu/taoteching-18.htm

Stephan Stenudd explains these verses so elegantly…

18

മഹത്തായ താവോ മറക്കപ്പെടുമ്പോൾ
പല ‘നേർവഴികൾ’, പല ‘സന്മാർഗ്ഗങ്ങൾ’ ഉണ്ടാവും.
‘അറിവും’ ‘ജ്ഞാനവും’ ഉണ്ടാവുമ്പോൾ
‘അഭിനയ’ങ്ങളും ഉണരുന്നു.
കുടുബത്തിൽ അശാന്തി ഉണ്ടാകുമ്പോൾ
‘വിധേയത്വം’ കൂടുമല്ലോ.
രാജ്യം പ്രക്ഷുബ്‌ധമാകുമ്പോൾ
‘വിശ്വസ്തരായ’ മന്ത്രിമാർ സാധാരണമല്ലോ.

19

ദിവ്യതയും, ജ്ഞാനവും മാറ്റി വയ്ക്കുക
ജനങ്ങൾ നൂറിരട്ടി സന്തോഷിക്കും.
ദാനം കൊടുക്കലും, ചുമതല പഠിപ്പിക്കലും കളയുക
സ്വാഭാവിക കുടുംബബന്ധങ്ങളിൽ മനുഷ്യരെത്തും.
വലിയ ബുദ്ധിയും, ലാഭക്കണക്കും ഉപേക്ഷിക്കുക
കള്ളൻമാരും കൊള്ളക്കാരും സ്വതേ കുറയും.
ഇവ മൂന്നും പോര, ഇവ കൂടി കേൾക്കൂ:
ലാളിത്യത്തോടെ പെരുമാറുക, ശുദ്ധരായിരിക്കുക
സ്വാർത്ഥത കുറയ്ക്കുക, ആശകൾ പരിമിതപ്പെടുത്തുക
എല്ലാമറിയാനുള്ള തൃഷ്ണ കളയുക, നിന്റെ സങ്കടങ്ങൾ കുറയും.

20

‘അതേ’ അല്ലെങ്കിൽ ‘അല്ല’ : എന്താണ് വ്യത്യാസം?
‘സുന്ദരം’ അല്ലെങ്കിൽ ‘വിരൂപം’: എന്താണ് വ്യത്യാസം?
മറ്റുള്ളവർ വിലകൊടുക്കുന്നതിനെ നീയും വിലകൊടുക്കണോ?
അവർ ഉപേക്ഷിക്കുന്നവയെ നീയും ഉപേക്ഷിക്കണോ?
എന്ത് വിഡ്ഢിത്തമാണ് !
പലരും വലിയ ഉത്സാഹത്തിലാണ്:
ഏതോ കെട്ടുകാഴ്ചയ്ക്കു പോകുന്നതുപോലെ!
ഞാൻ മാത്രം നിസ്സംഗനായി, ശ്രദ്ധിക്കാതെ ഇരിക്കുന്നു;
ചിരിക്കാനറിയാത്ത കൊച്ചുകുഞ്ഞിനെപ്പോലെ .
മറ്റുള്ളവരുടെപ്പക്കൽ അവർക്ക് വേണ്ടതുണ്ട്.
എനിക്ക് മാത്രം ഒന്നുമില്ല;
ഞാൻ വീടില്ലാത്തവനെപ്പോലെ ഒഴുകി നടക്കുന്നു.
ഞാനൊരു വിഡ്ഡിയെപ്പോലെ , ഒഴിഞ്ഞ മനസ്സുമായിരിക്കുന്നു.
മറ്റുള്ളവർ എത്ര മിടുക്കരാണ്! അവർക്ക് ലക്ഷ്യബോധമുണ്ട് ,
എനിക്ക് മാത്രമില്ല.
ഞാൻ തീരത്തെ തിരയെപ്പോലെ,
കാറ്റിനെപ്പോലെ, അലക്ഷ്യമായി ഒഴുകി നടക്കുന്നു.
ഞാൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ്
മഹത്തായ അമ്മയാണല്ലോ എന്റെ ദുഗ്ദ്ധദായിനി.

***