ചില ഉത്തമ കഥകൾ …

holy cross

സ്കൂളിൽ  പഠിച്ചു കൊണ്ടിരുന്ന സമയം.ഇടവപ്പാതി തകർത്തു പെയ്യുന്ന സന്ധ്യയിൽ, വായിക്കാൻ പുസ്‌തകം തപ്പി എത്തിച്ചേർന്നത് അച്ഛന്റെ കളക്ഷനിലാണ്. ചില പേജുകൾ തുന്നൽ വിട്ട ആ പുസ്തകത്തിൽ നിന്നും തലയുന്തി എന്നെ നോക്കി. മഴയുടെ താളത്തിനൊത്തു ചുമരും ചാരിയിരുന്ന് വായിച്ച ഒരു കഥ എന്നെ നിലവിളിയിൽ കൊണ്ടെത്തിച്ചു.

ആ കഥയിൽ ‘Amarantha’ എന്ന പേരിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്കു സഹജമായ കാരുണ്യ ബോധമുണ്ടായിരുന്നു. ഒരു ദിവസം അറിവുള്ള ഒരു പാവം ഭ്രാന്തൻ അവളുടെ ജീവിതത്തിൽ കടന്നു വന്നു. അയാൾ കവിതകളിലൂടെ അവളുടെ സൗന്ദര്യത്തെ പ്രകീർത്തിച്ചു…ബൈബിളിലെ ഉത്തമ ഗീതങ്ങളിലെ വരികൾ അവൾക്കായി, അവളുടെ ചെരുപ്പുകൾക്കായി ഉപയോഗിച്ചു…വേറെ ഏതോ കവിയുടെ വരികൾ ചൊല്ലി അവളുടെ മുടിയെ പറ്റി…പക്ഷെ ഒടുവിൽ എല്ലാവരും ചേർന്ന് അയാളെ കൊന്നു. അമരാന്തയ്ക്കു മാത്രം മനസ്സിലായ ഏതോ സത്യം അവശേഷിപ്പിച്ചു കൊണ്ട് അയാൾ പോയി…

ആ പെൺകുട്ടിയുടെ പേര്, ഭ്രാന്തൻ, കവിതകൾ, സോളമെന്റെ ഉത്തമ ഗീതങ്ങൾ, കർശനമായ, സങ്കുചിതമായ മതത്തിന്റെ കാഴ്ചപ്പാടിൽ തെറ്റെന്നു ധരിക്കപ്പെട്ട ബൈബിളിലെ സുന്ദര വരികൾ…മനസ്സിലാക്കാൻ ബുദ്ധിയില്ലാത്ത ലോകത്തിൽ ഭ്രാന്തനായ, മിടുക്കനായ ഒരു യുവാവ്… ക്രൂരമായ ഒരു കൊലപാതകം, ആ പെൺകുട്ടിയുടെ കണ്ണീർ…മനസ്സിൽ വിങ്ങൽ നിറച്ച കഥ. പക്ഷെ ഞാൻ പേര് മറന്നു, വർഷങ്ങൾ കഴിഞ്ഞതും, കഥയുടെ പല നേർമ്മയുള്ള ഇഴകളും മറന്നു പോയി. എങ്കിലും…

മനസ്സിൽ മുപ്പതു വർഷങ്ങൾ കിടന്ന ആ കഥയുടെ കാതൽ സൗന്ദര്യമായിരുന്നു,കവിതയായിരുന്നു, കാരുണ്യമില്ലാത്ത ലോകം ‘ഭ്രാന്ത്’ എന്ന് വിളിക്കുന്ന, തച്ചു കൊല്ലുന്ന ക്രൂരതയായിരുന്നു.

2013- ഇൽ, മനസ്സിലെ ഓർമ്മകൾ വയ്ച്ചു ‘ഗൂഗിൾ’ എന്ന അലാവുദീന്റെ വിളക്കിലെ ഭൂതത്തെ വിളിച്ചും കൊണ്ട് ഞാൻ ആ കഥ തപ്പിയെടുത്തു…

അച്ഛന്റെ പുസ്‌തക സഞ്ചയത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ആ ചെറു കഥയുടെ പേര് ‘ How Beautiful With Shoes’..എഴുതിയത് അമേരിക്കൻ സാഹിത്യകാരനായിരുന്ന Wilbur Daniel Steele …1932 ലാണു പ്രസിദ്ധീകരിച്ചത്.

***

സി. വി. ബാലകൃഷ്ണന്റെ “അവൻ ശരീരത്തിൽ സഹിച്ചു’ എന്ന കഥ വായിച്ചപ്പോൾ, മധുവിന്റെ കണ്ണുകൾ ഓർമ്മ വരുന്നു. കഥ ജീവിതത്തിനു മുന്നോടിയാവും എന്ന് എഴുത്തുകാരൻ തന്നെ കുറിച്ചിട്ടുമുണ്ട്. 1970 കളിൽ എഴുതിയതാണ്.

“ദൈവമേ! എന്തൊരു ദൈന്യതയാണ് ഞാനീ കാണുന്നത്!”ആ വരി എഴുതിയത് മധുവിനെ കുറിച്ചായിരുന്നോ? ഒരു പക്ഷെ, ഒരു നല്ല വ്യക്തി അവിടെ ഉണ്ടായിരുന്നെങ്കിൽ! അയാൾ ആ ദൈന്യതയിൽ ദൈവത്തെ കണ്ടിരുന്നെങ്കിൽ…രക്ഷിച്ചിരുന്നെങ്കിൽ?

Leo Tolstoy യുടെ ‘Where Love Is, God Is…’ ഇലെ Martin Avdeitch എന്ന ചെരുപ്പു കുത്തിയേയും ,
Matthew-25 :40നേയും  ഓർമ്മ വന്നു ..

“രാജാവ് മറുപടി പറയും : സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ, എനിക്ക് തന്നെയാണ് ചെയ്തു തന്നത്.”

ദീനരിലും, പതിതരിലും  ക്രിസ്തുവിനെ കാണാൻ പഠിപ്പിക്കുന്ന എല്ലാ ഉത്തമ കഥകൾക്കുമായി സമർപ്പണം .

കേൾക്കൂ…സി.വി. ബാലകൃഷ്ണന്റെ കഥ…

**