തൊട്ടിലാട്ടും ആ മാലാഖമാർ..

love image

‘ മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ?അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു.’ (ഏശയ്യാ 49 : 15 -16 )

മലയാളിയായ സിസ്റ്റർ ആ കുഞ്ഞിന്റെ പുതപ്പു മാറ്റി കാണിച്ചു. ഒരു നിമിഷം, ദൈവമേ എന്ന് ഞാൻ ഉള്ളിൽ നിലവിളിച്ചു. വലംകൈയില്ല . ‘ പോളിത്തീനിൽ പൊതിഞ്ഞുപേക്ഷിച്ചതാണമ്മ . പട്ടി കടിച്ചു തിന്നു ആ പിഞ്ചു കൈ. ഓടിയെത്തിയ ആരോ ആ നവജാതശിശുവിനെ ആശുപത്രിയിലാക്കി. ഞങ്ങൾ കാണുമ്പോൾ ഈ പെൺകുഞ്ഞിന് തീരെ ജീവനില്ല. ഇന്നിതാ നോക്കൂ !’
തിളങ്ങുന്ന കണ്ണുകൾ എന്നെ നോക്കിചിരിച്ചു. ഓമന കുഞ്ഞു മുഖം. മിടുക്കിയായി തൊട്ടിലിൽ കളിക്കുന്നു. തൊട്ടപ്പുറം മറ്റൊരു പെൺകുഞ്ഞു കിടക്കുന്നു. അവളുടെ കാൽപാദമാണ് ശ്വാനൻ കടിച്ചു തിന്നത് . അതിനെ കിട്ടിയതും ചവറ്റു കുട്ടയിൽ നിന്നും തന്നെ. കണ്ണടയ്ച്ചു ഉറങ്ങുന്നു .
എനിക്ക് കുറച്ചു നേരം ശബ്ദിക്കാനായില്ല.

അനാഥ കുഞ്ഞുങ്ങളുടെ ആശ്രയ സ്ഥലം. യേശുവിന്റെ പുണ്യ ഹൃദയത്തിനു കീഴിൽ, Sacred Heart ഓർഫനേജിൽ സിസ്റ്ററുമാർ നിശ്ശബ്ദ സേവനം നടത്തുന്നു. സുന്ദരിയായ ഒരു യുവതിയുടെ ഫോട്ടോ കണ്ടു.
” ഇവളെ മൂന്നു മാസമുള്ളപ്പോൾ ഹോളണ്ടിലെ ഒരു കുടുംബം ദത്തെടുത്തു. ഇപ്പോൾ പഠിച്ചു മിടുക്കിയായി ജോലി ചെയ്യുന്നു . വിവാഹിതയായി. എല്ലാ കൊല്ലവും ഞങ്ങളോടൊപ്പം കുറച്ചു ദിവസങ്ങൾ ചിലവിടും. കുഞ്ഞുങ്ങൾക്ക് വേണ്ടി സഹായം നൽകും.” സിസ്റ്റർ അറിയിച്ചു.

എന്നോടൊപ്പം ട്രെയിനി DySp യുണ്ടായിരുന്നു . ‘മാഡം , ഞാൻ ഇവിടുത്തെ എഞ്ചിനീയറിംഗ് കോളേജിലാണ് പഠിച്ചത്. അവിടുത്തെ സോഷ്യൽ സർവീസ് ക്ലബ്ബിനെ ഇൻവോൾവ് ചെയ്യിക്കാം . കുട്ടികൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാം.’ ആ ചെറുപ്പക്കാരൻ വാക്ക് തന്നു.
‘ ‘അമ്മ തൊട്ടിലുകൾ ‘ സ്ഥാപിക്കണം. കുഞ്ഞുങ്ങളെ പട്ടിക്കും പരുന്തിനും ഇട്ടു കൊടുക്കുന്നതു തടയണം ,’ ഞാൻ പറഞ്ഞു . യൂണിസെഫ് ഓഫീസറോടൊപ്പം അതിനു ശ്രമിക്കാം എന്ന് ആ ഓഫീസർ ഉറപ്പു തന്നു.

നാമറിയാത്ത എത്രയോ ജന്മങ്ങൾ . ഒരു നിമിഷം മതി – നമ്മുടെ കാരുണ്യം നദിപോലെ അവരിലോട്ടു ഒഴുകിയെത്താൻ. ആ സ്നേഹ സ്പർശനം കൊടുക്കുന്നവർക്കും ലഭിക്കുന്നവർക്കും ഒരു പോലെ പുണ്യം നൽകുന്നു.

ഈ ആഴ്ച അടുത്തുള്ള അനാഥാലയത്തിൽ ഒന്ന് പോകൂ.

**

കുഴിച്ചു മൂടും മണ്ണിൽ നിന്നും ഉയിർത്തെണീറ്റു നടക്കും ഞാൻ

tolstoy

ഇരുട്ടിന്റെ കഥകളാണ് ചുറ്റും: കൊതിയും, നുണയും, ചതിയും, വഞ്ചനയും,മദ്യവും, പാർട്ടികളും, പണവും, പെണ്ണും, പൊന്നും…

ഇതൊക്കെ വായിച്ചു മനസ്സ് മടുത്തു പിന്നെ തിരയുമ്പോൾ, അതാ വരുന്നു വേറെ കഥകൾ: ക്രൂരത, സ്വാർത്ഥത, മരണം…

സാധാരണ മനുഷ്യർ എങ്ങോട്ടു നോക്കും?
ഇതാ കിടക്കുന്നു ഇൻസ്റ്റാഗ്രാം, ഫേസ്ബുക് കഥകൾ : കണ്ണ് ചിമ്മിപ്പിക്കുന്ന സൗന്ദര്യങ്ങളുടെ, ധാർഷ്ട്യങ്ങളുടെ, മേനി പറച്ചിലുകളുടെ കഥകൾ.

ദൈവമേ, ഇതിലൊന്നും ഊർജ്ജം ലഭിക്കുന്ന തരംഗങ്ങൾ ഇല്ലല്ലോ ! അല്പം നന്മയ്ക്കായി, കനിവിനായി , ലാളിത്യത്തിനായി,സാന്ത്വനത്തിനായി എങ്ങോട്ടു തിരിയും ?
നിന്നെയും പകുത്തെടുക്കുന്ന ലോകം: നീ എന്ന പ്രപഞ്ച സത്യത്തെ ഞാൻ എങ്ങനെ സ്നേഹിക്കണം എന്നും പറഞ്ഞു തരുന്ന കഥകൾ ചുറ്റിലും. അതും വയ്യ. അതെന്റെ ആത്മാവിന്റെ സ്വന്തന്ത്ര്യം തന്നെ.

നല്ല കഥകൾ എനിക്ക് കേൾക്കണം.

ഉള്ളതിൽ സന്തോഷിക്കുന്ന മനുഷ്യരുടെ കഥകൾ കേൾക്കണം : രുചിയോടെ അന്നം കഴിക്കുന്നവർ, ഹർഷത്തോടെ പ്രണയിക്കുന്നവർ, നെറ്റിയിലെ വിയർപ്പിനാൽ അപ്പം സമ്പാദിക്കുന്നവർ , നീലയും, ചുവപ്പും, മഞ്ഞയും നിറം മാറുന്ന ആകാശത്തെ നോക്കി ഒരു വരി കവിത മൂളുന്നവർ, കുസൃതിയോടെ നോക്കുന്നവർ, ഹൃദയപൂർവം ചിരിക്കുന്നവർ, തനിച്ചിരുന്നു ചിരിക്കുന്നവർ, ഒരു പുസ്തകത്തിൽ സ്വയം മറക്കുന്നവർ, ആരും അറിഞ്ഞില്ലെങ്കിലും ശാന്തരായി ജോലിയെടുക്കുന്നവർ, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവർ, ദാഹിക്കുന്നവന് ജലം നൽകുന്നവർ, വിശക്കുന്നവന് നിറവോടെ ഭക്ഷണം കൊടുക്കുന്നവർ, സ്നേഹത്തോടെ വൈദ്യസഹായം ചെയ്യുന്നവർ, ഒന്ന് വിളിച്ചാൽ ഓടി വരുന്നവർ, കരയുമ്പോൾ വിഷമിക്കല്ലേ എന്ന് ആശ്വസിപ്പിക്കുന്നവർ, ചെടികളെ പരിചരിക്കുന്നവർ , സ്വന്തം നേട്ടങ്ങൾ വലിയവായിൽ പറഞ്ഞു നടക്കാത്തവർ, സൗന്ദര്യത്തിന് പല മുഖങ്ങളുണ്ടെന്നു തിരിച്ചറിയുന്നവർ, നല്ല ഒരു കപ്പ് കാപ്പിയിൽ സൗഹൃദം കാണുന്നവർ, നാം ജീവിച്ചിരിക്കുന്നോ എന്ന് മറക്കാത്തവർ ….

എനിക്ക് അതിജീവനങ്ങളുടെ കഥകൾ കേൾക്കണം :

പട്ടിണിയിലും വയറു മുറുക്കി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നവർ, വിശപ്പിലും തളരാതെ പഠിച്ചു മുന്നേറുന്നവർ, തന്റെ പ്രയത്‌നത്താൽ കുടുംബം നോക്കുന്നവർ, ഇല്ലാത്ത നാളിലും മറ്റുള്ളവരെ സഹായിക്കുന്നവർ, തളർന്ന ശരീരത്തിലും ജ്വലിക്കുന്ന ആത്മശക്തിയുള്ളവർ, തോക്കിനു മുന്നിലും പതറാത്ത ദേശസ്നേഹികൾ, സ്വപ്‌നങ്ങൾ മറക്കാതെ നിരന്തരം കഠിനാധ്വാനം ചെയ്യുന്നവർ, സ്നേഹസ്പർശവുമായി കാടിലും മലയിലും കാരുണ്യം ചൊരിയുന്നവർ….

എനിക്ക് സ്നേഹത്തിന്റെ കഥകൾ കേൾക്കണം :

സ്നേഹത്തിനെ അടിച്ചമർത്തലായി തെറ്റിദ്ധരിക്കാത്തവർ, യജമാനത്തമായി ഗീർവാണം നടത്താത്തവർ, നനുത്ത കാരുണ്യത്തിന്റെ നിറവാകുന്നവർ , നന്മയുടെ ശുദ്ധിയോടെ താങ്ങാകുന്നവർ, പ്രായഭേദമന്യേ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നവർ, നിശ്ശബ്ദമായി സ്നേഹിക്കുന്നവർ, തിരിച്ചു സ്നേഹിക്കണം എന്നു ശാഠ്യമില്ലാത്തവർ, മരിച്ചിട്ടും സ്വപ്നങ്ങളിൽ സ്നേഹിച്ചു തീരാത്തവർ …

എനിക്ക് സാധാരണക്കാരുടെ കഥകൾ കേൾക്കണം :

രാവിലെ ഉണർന്ന് ‘ഈശ്വരാ എല്ലാവരേയും കാത്തുരക്ഷിച്ചു കൊള്ളണേ’, എന്ന് പ്രാർത്ഥിച്ചു കൊണ്ട് ദിവസം തുടങ്ങുന്നവരുടെ കഥകൾ.

കാത്തിരിക്കുന്നു.

Fine and Wondrous

ELEANOR

WONDER

Some books lead you to others: like some friends. And your circle of wonder grows!  My friend suggested that I read ‘Eleanor Oliphant is completely fine’ by Gail Honeyman.  I couldn’t thank her enough. I did not budge from my chair during the reading.

That made me search for R.J.Palacio’s ‘Wonder’. I had read about this magnificent book earlier but had not read it yet. Thanks to Kindle, I did.

From ‘Wonder’:

‘Shall we make a new rule of life…always to try to be a little kinder than is necessary?’ (J.M.Barrie , The Little white bird)

‘It was at moments such as these that Joseph recognized the face of God in human form. It glimmered in their kindness to him, it glowed in their keenness, it hinted in their caring, indeed it caressed in their gaze.’ ( Under the eye of the clock: Christopher Nolan)

***

Eleanor Oliphant is about abusive parenting and a survivor. Wonder is about wonderful parenting and a survivor. Both Eleanor and August are great human beings. The books are worth cherishing for they speak about the power of kindness.

And so, I am on a new book hunt… triggered by these books. May I be connected forever by that serendipitous magic!

 

 

 

ജാഗ്രതാ വൃക്ഷം..

bible

ബൈബിളിലെ പരാമർശമാണ് : ജാഗ്രതാ വൃക്ഷം…

ഓരോ നിമിഷവും ജാഗ്രതയോടെ ജീവിക്കേണ്ടുന്ന സാഹചര്യത്തിൽ, ആ പ്രയോഗം, എനിക്ക് വളരെ പ്രിയമായി തോന്നി. ( പണ്ട്, Ernest Hemingway തന്റെ എഴുത്തു ജീവിതത്തെ സ്വാധീനിച്ച പുസ്തകങ്ങളിൽ ബൈബിളിനെ പറ്റി പറഞ്ഞിരുന്നു: ഉന്നതമായ ഭാഷ പഠിപ്പിച്ച ഗ്രന്ഥം.)

ആരോട്, എന്ത് , എങ്ങനെ,എപ്പോൾ, പറയുന്നു? അതിൻ്റെ പ്രത്യാഘാതങ്ങൾ പലതുമാവാം. ഒരാൾ സംസാരിക്കുന്നത് റെക്കോർഡ് ചെയ്തു, മോർഫ് ചെയ്തു, ഏതു രീതിയിലും വെളിച്ചം കാണാവുന്ന ഒരു സാഹചര്യം. ചക്കിനു വയ്ച്ചത് കൊക്കിനു കൊണ്ടല്ലോ എന്ന മട്ടിൽ.

ജോലി സ്ഥലങ്ങളിൽ, കുതികാൽ വെട്ടൽ, സാധാരണ പ്രവൃത്തിയായി മാറി കഴിഞ്ഞു. പുറകിൽ നിന്നും കുത്താത്ത മനുഷ്യരെ ‘ ഇതേതു ലോകത്തിൽ നിന്നും വന്നു?’ എന്ന മട്ടിൽ കാണുന്ന ലോകം. നല്ല വാക്കും , നല്ല ചിന്തയും, നല്ല നടപ്പും കളിയാക്കുന്ന സാഹചര്യം.

‘ Be kinder than necessary’ എന്നൊരു തത്വമുണ്ട്. പലപ്പോഴും തുണയ്ക്കുന്ന ഒരു കൈവിളക്കാണ്. ദുഷ്ടരോട് കഠിന പ്രതിരോധം തന്നെ വേണം. പക്ഷെ, അല്പം കാരുണ്യം കാട്ടാൻ അവസരം ലഭിച്ചാൽ അത് വേണ്ടെന്നു വയ്ക്കരുത്.മെഷീൻ പോലെ ജീവിക്കേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളിൽ , സഹാനുഭൂതി, ഒരു നല്ല കൈത്താങ്ങാണ്.

‘വായ്ക്ക് വാതിലും പൂട്ടും വേണം’ എന്ന്  മുന്നറിയിപ്പ് നൽകുന്ന ബൈബിളിൽ, ഇങ്ങനെയും എഴുതിയിരിക്കുന്നു. “Speak up for those who cannot speak for themselves; ensure justice for those being crushed. Yes, speak up for the poor and helpless, and see that they get justice” 

ജീവിതമെന്ന ജാഗ്രതാ വൃക്ഷത്തെ ശ്രദ്ധയോടെ പരിപാലിക്കാൻ നമുക്ക് കഴിയട്ടെ.

**

ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?

medium_kevin_heath_quote

സ്വർണ്ണത്തിന് കാലാന്തരേ നിറം മാറാറില്ല. അതാണ്, എഴുത്തച്ഛൻ ശാരിക പൈതലിനെ കൊണ്ട്, സുന്ദരമായി പറയിച്ചത്.
ചില സത്യങ്ങൾക്കും സുവർണ്ണ ഛായ കാണാം. അത് ഞാനിന്നലെ കണ്ടു.

കൗശാംബിയെന്ന ചെറിയ ജില്ല. പണ്ട് അലഹബാദിന്റെ ഭാഗമായിരുന്നു. ചരിത്ര താളുകളിലും തങ്ക ലിപികളിലാണ് കൗശാംബിയുടെ സ്ഥാനം . ബുദ്ധന്റെ പുണ്യ ദർശനം ലഭിച്ച സ്ഥലം.അശോക ചക്രവർത്തിയുടെ പ്രവർത്തന മണ്ഡലം. മഹാഭാരത കഥകളിൽ തിളങ്ങുന്ന വർണ്ണനകൾ. വത്സ രാജ്യമായിരുന്നു എന്ന് ചിലർ. ജനമേജയന്റെ പിൻഗാമികൾ ഭരിച്ച സ്ഥലമെന്നും ചിലർ. ഇന്ന്, ഇന്ത്യയിലെ ഏറ്റവും പിന്നോക്ക ജില്ലകളിൽ ഉൾപ്പെട്ടത്!

വൃക്ഷ കുംഭത്തിന്റെ ഭാഗമായി, മേൽനോട്ടത്തിന് നിയോഗിക്കപ്പെട്ടാണ് ഞാനെത്തിയത്. ജില്ലയിൽ 17 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു: ഏക ദിവസം. അത്, 22 കോടി എന്ന സംസ്ഥാന ലക്ഷ്യത്തിൽ ഒരു തുള്ളി ജലം മാത്രം. എങ്കിലും, “പല തുള്ളി പെരു വെള്ളം” എന്നത് കേരളീയർക്ക് നന്നായി അറിയുന്ന പാഠമാണല്ലോ !

പച്ചിച്ചു കണ്ണ് കുളുർപ്പിച്ചു കിടക്കുന്ന മഹീ തലം. മഹുവ എന്നൊരു അതി സുന്ദര മരം കണ്ടു. കൗശാംബി ഭാഗത്തു തന്നെ വേരുള്ള ഓർഡർലി പറഞ്ഞു : ” മാഡം, ഇതിന്റെ പൂവുകൾ കൊണ്ട് നാട്ടുകാർ ദേശി ദാരു (ചാരായം) ഉണ്ടാക്കുന്നു. കായ ഉണക്കിപ്പൊടിച്ചു മാവിൽ ചേർത്ത് പൂരി ഉണ്ടാക്കുന്നു. ഈ മരത്തിന്റെ തടിയുടെ ശക്തി ഒന്ന് വേറെ തന്നെ. പത്തിരുപത്തഞ്ചു കൊല്ലം പിടിക്കും ഒന്ന് പൂർണ വളർച്ച എത്താൻ! ”

ഞാൻ എന്റെ സംശയങ്ങൾ DFOയോട് ( ജില്ലാ വനം വകുപ്പ് മേധാവി) ചോദിച്ചു.  “സോനെഭദ്രയിലെ ആദിവാസി സമുദായങ്ങളിൽപ്പെട്ടവർ കിലോകണക്കിന് മഹുവയുടെ പൂക്കൾ അരി മേടിക്കാനായി  വിൽക്കുമായിരുന്നു. ശരിക്കുള്ള വില ആയിരത്തോളം വരും . ആ സാധുക്കൾക്ക് പകരമായി 25 രൂപയുടെ ഒരു കിലോ അരി കൊടുക്കും . മഹുവ മറിച്ചു വിറ്റവർ ധനാഢ്യരായി. ഞങ്ങൾ സർക്കാർ പദ്ധതിയിലൂടെ മഹുവ പൂക്കൾ നേരിട്ട് മേടിക്കാൻ തുടങ്ങി .” അദ്ദേഹം പറഞ്ഞു.

വൈക്കോലിൽ പൊതിഞ്ഞു,  തൈകൾ കൊണ്ടു വന്നു. ഗ്രാമത്തിലെ സ്ത്രീകൾ സന്തോഷത്തോടെ അവയെ നട്ടു.

തളിർ തൈകൾ വാങ്ങിടുവാൻ വന്ന ആൾക്കൂട്ടത്തിൽ ഒരു ചെറിയ ആൺകുട്ടി . മുഷിഞ്ഞ ഷർട്ട്. പോക്കറ്റ് ആകപ്പാടെ കീറി  തൂങ്ങുന്നു. പാന്റ്സ് കീറിയതാണ് , തെറുത്തു  വച്ചിരിക്കുന്നു.

‘നീ ഇന്ന് സ്കൂളിൽ പോയില്ലേ?’  ചെറുപ്പക്കാരനായ കളക്ടർ ചോദിച്ചു.

‘ഇല്ല.’

‘എന്തേ ?’

‘ ഇട്ട തുണി  മാറ്റിയിടാൻ മറ്റൊന്ന്  ഇല്ലായിരുന്നു സാർ .’

ഞാൻ ഞെട്ടി പോയി.

‘യൂണിഫോം കിട്ടിയില്ലേ നിനക്ക്? രണ്ടു ജോഡി?’

‘ഒന്നേ കിട്ടിയുള്ളൂ. അത് കഴുകി നനച്ചു..ഇന്ന് ഉണങ്ങി കിട്ടിയില്ല.’

ഞാൻ ആ കുഞ്ഞിന്റെ മുഖത്തു നോക്കി നെടുവീർപ്പിട്ടു പോയി.  ഇതാ HDI യുടെ (ഹ്യൂമൻ ഡിവലപ്‌മെന്റൽ  ഇന്ഡിക്കേറ്റർസ്) ശരിയായ പരിച്ഛേദം.

(എന്തായാലും അവനു സ്കൂളിൽ പോകാൻ യൂണിഫോം നല്കാൻ ജില്ലാ വിദ്യാഭാസ ഓഫീസറോട് നിർദേശം കൊടുത്തു. അവൻ സ്കൂളിൽ ഇരുന്നു പഠിക്കുന്ന ഫോട്ടോയെടുത്തു അയക്കുവാനും പറഞ്ഞു ഓഫീസറോട്. )

തിരികെ വരും വഴി, കളക്ടർ എന്നോട് പറഞ്ഞു : ‘ മാഡം, ഞാനും വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്. കോളേജ് കഴിയും വരെ നന്നായി ഇംഗ്ലീഷ് പോലും അറിയില്ലായിരുന്നു.  ഒരു സഹോദരൻ  ഗ്രാമത്തിൽ  ഒരു  ചെറിയ കട നടത്തുന്നു. മൂത്ത സഹോദരൻ ശാസ്ത്രജ്ഞനാണ്. അച്ഛൻ തെഹ്‌സിലിൽ ഒരു ക്ലർക്കായിരുന്നു. ജില്ലാ കളക്ടറുമാർ വരുമ്പോൾ എന്നെ കൊണ്ട് പോയി കാണിക്കും. പിന്നെ പറയും, ‘മോനും ഒരുനാൾ ഇതുപോലെ ആകണം കേട്ടോ!’  എന്റെ അച്ഛന് വേണ്ടിയാണു ഞാൻ IAS നേടിയത്.   അച്ഛൻ ഇപ്പോഴും സാധാരണക്കാരനായി ഗ്രാമത്തിൽ  റിട്ടയേർഡ് ജീവിതം നയിക്കുന്നു.’

‘സ്വർണ്ണത്തിനു സുഗന്ധം പോലെ’ എന്നൊരു ചൊല്ലുണ്ട് ഹിന്ദിയിൽ…നല്ല വ്യക്തിത്വങ്ങൾക്ക് കൂടുതൽ ഗുണങ്ങളെ കിട്ടുമ്പോൾ ഉണ്ടാവുന്ന ആകർഷകത്വത്തിനെ പറ്റിയാണ് പരാമർശം.

സ്വന്തം വേരുകൾ മറക്കാത്ത നന്മയുള്ള ആ യുവാവിനോട് ഞാൻ പറഞ്ഞു ,’ എന്നും ഇത് പോലെ ലാളിത്യം കാത്തു  സൂക്ഷിക്കുക.’

‘ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ’ എന്നും ഓർത്തു പോയി, ഒരിക്കൽ കൂടി.

**

 

 

“മണ്ണിനായൂഴി കുഴിച്ച നേരം…”

viktor-frankl-book-quotes

അദ്ധ്യാത്മ രാമായണത്തിൽ, കിഷ്കിന്ധാ കാണ്ഡത്തിൽ, സൂര്യാത്മജനായ സുഗ്രീവൻ ചൊല്ലുന്നതാണ്:
“മണ്ണിനായൂഴി കുഴിച്ച നേരം നിധി തന്നെ ലഭിച്ചതുപോലെ രഘുപതേ!”
നമ്മൾ ചെയുന്ന ചെറിയ കാര്യങ്ങൾ, അവിചാരിതമായി വലിയ സന്തോഷങ്ങൾക്കു കാരണമാവുമ്പോൾ, ഈ വരിയുടെ സാരാംശം ശരിയായി വരുന്നു.

കുടുംബത്തിൽ നിന്നും ആരും സ്കൂളിൽ പോയിട്ടില്ലാത്ത “First Time Learners” എന്ന് വിളിക്കുന്ന പെൺകുട്ടികളാണ് സർക്കാർ നടത്തുന്ന കസ്തൂർബാ ബാലിക വിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഇവരിൽ മിക്കവാറും എല്ലാവരും ‘school dropouts’ ആയിരുന്നു. നാം പറയാറില്ലേ ” പാർശ്വവത്‌കൃതമായവർ ” അഥവാ “marginalized” എന്നൊക്കെ? അങ്ങനെയുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ്. ആറാം ക്ലാസ്സു മുതൽ എട്ടാം ക്ലാസ്സു വരെ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചുള്ള പഠനം. എട്ടാം ക്ലാസ്സു കഴിഞ്ഞാൽ അവർ തിരിച്ചു പോകുന്നു. പലർക്കും ദാരിദ്ര്യം കൊണ്ടും, സ്കൂളുകളുടെ അഭാവം കൊണ്ടും പിന്നെ തുടർന്ന് പഠിക്കാൻ കഴിയാറില്ല എന്നതാണ് കയ്പ്പേറിയ സത്യം.

അങ്ങനെയുള്ള നൂറോളം കുട്ടികളുമായി ഇടപഴകാൻ ഒരു അവസരം ലഭിച്ചു. അവരോട് മലാല യൂസഫാസിയെ പറ്റിയും നാദിയ മുറാദിനെ പറ്റിയും സംസാരിക്കാൻ കഴിഞ്ഞു. നല്ല ആത്മവിശ്വാസമുള്ള കുട്ടികൾ. അവരുടെ ഒരു ചെറിയ ആഗ്രഹം : ഒരു സിനിമ കാണണം.
മൊബൈലിലും,ടെലിവിഷനിലും ഒരു നിമിഷം കൊണ്ട് സിനിമ കാണുന്ന നമ്മൾ, മാളിലെ തണുപ്പത്ത്‌ , പോപ്പ്കോണും കൊറിച്ചു രസിക്കുന്ന നമ്മൾ അത് കേട്ടാൽ ഞെട്ടും. കണ്ണ് തുറപ്പിക്കുന്ന നിമിഷം.

ഇന്ന് കുട്ടികളോടൊപ്പം, ഉദ്യോഗസ്ഥരും, ചൈൽഡ് ലൈൻ പ്രവർത്തകരും, യൂണിസെഫ് ഉദ്യോഗസ്ഥരും സിനിമ കണ്ടു. സിംബയോടൊപ്പം കുട്ടികളും ചിരിക്കുകയും കരയുകയും ചെയ്തപ്പോൾ എനിക്ക് സുഗ്രീവസ്തുതി ഓർമ്മ വന്നു.

ദൈവമേ ! ചുറ്റും അടിതെറ്റിക്കുന്ന വൻ കൊടുങ്കാറ്റാണ് : ഭയവും, സ്വാർത്ഥതയും, ക്രോദ്ധവും , ക്രൂരതയും ആഞ്ഞു വീശുന്നു. ആർക്കുമാർക്കും സംതൃപ്തിയില്ല. ദുരയുടെ ഹുങ്കാരമാണ് എങ്ങും. അപ്പോൾ നീ കാൽവരിയിൽ നിന്നും , മെക്കയിൽ നിന്നും, കപിലവസ്തുവിൽ നിന്നും, അഗസ്ത്യ ഹൃദയത്തിൽ നിന്നും : അങ്ങനെ എല്ലാ പുണ്യ ഭൂവുകളിൽ നിന്നും പറഞ്ഞതു തന്ന കഥകൾ, ചിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ നിന്നും ഞങ്ങൾ മനസ്സിലാക്കുന്നു.

വിക്റ്റർ ഫ്രാങ്കെലിന്റെ ” Man’s Search For Meaning” കൂടെക്കൂടെ വായിക്കാൻ ഞങ്ങളെ ഓർമ്മിപ്പിക്കുക. മനുഷ്യ മനസ്സുകളിൽ പതിയിരിക്കുന്ന എല്ലാ നരകവും നാകവും അതിൽ കാരുണ്യത്തിന്റെ ഭാഷയിൽ വിശകലനം ചെയ്തിരിക്കുന്നു. ആ അറുപത്തിയൊൻപതു പേജുകൾ മതി ജീവിതം തന്നെ വഴി മാറ്റി നടത്തുന്ന സഹാനുഭൂതി മനസ്സിലാക്കാൻ.

വഴി തെറ്റാതെ, അറിവില്ലാത്തൊരടിയങ്ങളെ, നേർവഴി നടത്തേണമേ!
**

Minda Praani by Veeran Kutty (Poetry Translation from Malayalam)

 

strength-quotes-1

“Minda-Praani” , a poem by  Prof. Veeran Kutty

(  This poem won the Kerala Sahitya Academy Award recently)

***************************

Translation from Malayalam:

Dumb Beast

It is very convenient-

The assurance,

That the Dead shall not rise again.

Treat them with utmost disregard,

They will not raise a whimper.

 

That guy in the mortuary,

Who cracks open the skull

With a hammer,

He gives a damn

That it was once a man.

The lad in the stone quarry,

Will display more care and compassion.

 

Inside the gaping stomach,

Brains, liver and the ilk are dumped

Before the sewing: a sight to watch!

School kids will stitch up a torn ball

Better than that.

Anyone, can commit any atrocity,

On those bereft of refuge, right?

 

The House of the Dead

Can be identified by the tent

In the front yard.

Someone will drag an old, greying tarpaulin,

Someone else will stretch it haphazardly:

The edges and corners all awry.

The  effrontery is because

The one to take umbrage has left.

The  play tents made by kids will have more finesse.

 

It was  his last chance to lie

Decked up

That was snuffed out with two white drapes.

How resplendent he was during his wedding!

 

Never would a guest feel unwelcome in his home,

A  more generous host was hard to find.

What of it, anyway?

Those who came to see him for the last time

Were offered neither a seat

Nor a drop of water.

 

While digging the grave, why was there

No space  left for him

To turn on his side at least?

Who knows how long he has to be in there?

 

However,

The relief that he has finally departed

Shall be celebrated by serving payasam*,

During the Feast for the Dead.

 

Everyone is busy competing

In his name,

To do all that he abhorred.

No wonder then,

That the Dead never return.

***

Payasam: a special sweet gruel made of milk, jaggery or semolina, cashew nuts, raisins et al.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ചില ഉത്തമ കഥകൾ …

holy cross

സ്കൂളിൽ  പഠിച്ചു കൊണ്ടിരുന്ന സമയം.ഇടവപ്പാതി തകർത്തു പെയ്യുന്ന സന്ധ്യയിൽ, വായിക്കാൻ പുസ്‌തകം തപ്പി എത്തിച്ചേർന്നത് അച്ഛന്റെ കളക്ഷനിലാണ്. ചില പേജുകൾ തുന്നൽ വിട്ട ആ പുസ്തകത്തിൽ നിന്നും തലയുന്തി എന്നെ നോക്കി. മഴയുടെ താളത്തിനൊത്തു ചുമരും ചാരിയിരുന്ന് വായിച്ച ഒരു കഥ എന്നെ നിലവിളിയിൽ കൊണ്ടെത്തിച്ചു.

ആ കഥയിൽ ‘Amarantha’ എന്ന പേരിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്കു സഹജമായ കാരുണ്യ ബോധമുണ്ടായിരുന്നു. ഒരു ദിവസം അറിവുള്ള ഒരു പാവം ഭ്രാന്തൻ അവളുടെ ജീവിതത്തിൽ കടന്നു വന്നു. അയാൾ കവിതകളിലൂടെ അവളുടെ സൗന്ദര്യത്തെ പ്രകീർത്തിച്ചു…ബൈബിളിലെ ഉത്തമ ഗീതങ്ങളിലെ വരികൾ അവൾക്കായി, അവളുടെ ചെരുപ്പുകൾക്കായി ഉപയോഗിച്ചു…വേറെ ഏതോ കവിയുടെ വരികൾ ചൊല്ലി അവളുടെ മുടിയെ പറ്റി…പക്ഷെ ഒടുവിൽ എല്ലാവരും ചേർന്ന് അയാളെ കൊന്നു. അമരാന്തയ്ക്കു മാത്രം മനസ്സിലായ ഏതോ സത്യം അവശേഷിപ്പിച്ചു കൊണ്ട് അയാൾ പോയി…

ആ പെൺകുട്ടിയുടെ പേര്, ഭ്രാന്തൻ, കവിതകൾ, സോളമെന്റെ ഉത്തമ ഗീതങ്ങൾ, കർശനമായ, സങ്കുചിതമായ മതത്തിന്റെ കാഴ്ചപ്പാടിൽ തെറ്റെന്നു ധരിക്കപ്പെട്ട ബൈബിളിലെ സുന്ദര വരികൾ…മനസ്സിലാക്കാൻ ബുദ്ധിയില്ലാത്ത ലോകത്തിൽ ഭ്രാന്തനായ, മിടുക്കനായ ഒരു യുവാവ്… ക്രൂരമായ ഒരു കൊലപാതകം, ആ പെൺകുട്ടിയുടെ കണ്ണീർ…മനസ്സിൽ വിങ്ങൽ നിറച്ച കഥ. പക്ഷെ ഞാൻ പേര് മറന്നു, വർഷങ്ങൾ കഴിഞ്ഞതും, കഥയുടെ പല നേർമ്മയുള്ള ഇഴകളും മറന്നു പോയി. എങ്കിലും…

മനസ്സിൽ മുപ്പതു വർഷങ്ങൾ കിടന്ന ആ കഥയുടെ കാതൽ സൗന്ദര്യമായിരുന്നു,കവിതയായിരുന്നു, കാരുണ്യമില്ലാത്ത ലോകം ‘ഭ്രാന്ത്’ എന്ന് വിളിക്കുന്ന, തച്ചു കൊല്ലുന്ന ക്രൂരതയായിരുന്നു.

2013- ഇൽ, മനസ്സിലെ ഓർമ്മകൾ വയ്ച്ചു ‘ഗൂഗിൾ’ എന്ന അലാവുദീന്റെ വിളക്കിലെ ഭൂതത്തെ വിളിച്ചും കൊണ്ട് ഞാൻ ആ കഥ തപ്പിയെടുത്തു…

അച്ഛന്റെ പുസ്‌തക സഞ്ചയത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ആ ചെറു കഥയുടെ പേര് ‘ How Beautiful With Shoes’..എഴുതിയത് അമേരിക്കൻ സാഹിത്യകാരനായിരുന്ന Wilbur Daniel Steele …1932 ലാണു പ്രസിദ്ധീകരിച്ചത്.

***

സി. വി. ബാലകൃഷ്ണന്റെ “അവൻ ശരീരത്തിൽ സഹിച്ചു’ എന്ന കഥ വായിച്ചപ്പോൾ, മധുവിന്റെ കണ്ണുകൾ ഓർമ്മ വരുന്നു. കഥ ജീവിതത്തിനു മുന്നോടിയാവും എന്ന് എഴുത്തുകാരൻ തന്നെ കുറിച്ചിട്ടുമുണ്ട്. 1970 കളിൽ എഴുതിയതാണ്.

“ദൈവമേ! എന്തൊരു ദൈന്യതയാണ് ഞാനീ കാണുന്നത്!”ആ വരി എഴുതിയത് മധുവിനെ കുറിച്ചായിരുന്നോ? ഒരു പക്ഷെ, ഒരു നല്ല വ്യക്തി അവിടെ ഉണ്ടായിരുന്നെങ്കിൽ! അയാൾ ആ ദൈന്യതയിൽ ദൈവത്തെ കണ്ടിരുന്നെങ്കിൽ…രക്ഷിച്ചിരുന്നെങ്കിൽ?

Leo Tolstoy യുടെ ‘Where Love Is, God Is…’ ഇലെ Martin Avdeitch എന്ന ചെരുപ്പു കുത്തിയേയും ,
Matthew-25 :40നേയും  ഓർമ്മ വന്നു ..

“രാജാവ് മറുപടി പറയും : സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ, എനിക്ക് തന്നെയാണ് ചെയ്തു തന്നത്.”

ദീനരിലും, പതിതരിലും  ക്രിസ്തുവിനെ കാണാൻ പഠിപ്പിക്കുന്ന എല്ലാ ഉത്തമ കഥകൾക്കുമായി സമർപ്പണം .

കേൾക്കൂ…സി.വി. ബാലകൃഷ്ണന്റെ കഥ…

**

ഓരോ നിമിഷവും

wonder

ഓരോ പ്രാവശ്യവും അമ്മയെ കണ്ടിട്ട് തിരിച്ചു വരുമ്പോൾ, അമ്മ കരയും, അച്ഛൻ വിവർണ്ണമായ മുഖത്തോടെ നില്കും. ജീവിത തിരക്കുകൾ കാരണം നമ്മൾ മൊബൈൽ ഫോണിൽ ശ്രദ്ധയർപ്പിച്ചു മുന്നോട്ട് പോകും, അല്ലെങ്കിൽ പായും.
ഇപ്പോൾ, എൻ്റെ മകൾ , ” ശരി, പോയിട്ട് വരാം അമ്മേ!’ എന്ന് പറയുമ്പോൾ, അവളുടെ ചിറകുകൾക്ക് ഈശ്വരാ കൂടുതൽ ശക്തി നൽകണേ എന്ന് ഞാൻ പ്രാർത്ഥിക്കുമ്പോൾ, എനിക്ക് അമ്മയുടെ കണ്ണീരിന്റെ കാരണം മനസ്സിലാവുന്നു. അവൾക്കു പഠിക്കാനുണ്ട്, പരീക്ഷകൾ എഴുതാനുണ്ട്, ഇനിയും ധാരാളം പടികൾ കയറാനുണ്ട്…

പണ്ട് അമ്മ ബാഗ് പായ്ക്ക് ചെയ്യുമ്പോൾ ‘ എനിക്ക് വേണ്ട അതൊന്നും…ഞാൻ വെച്ചോളാം ‘ എന്ന് പറഞ്ഞിരുന്ന ഞാൻ , ഇപ്പോൾ അവളുടെ ‘ശ്ശോ , അതൊന്നും ഞാനിടില്ല അമ്മേ …ഞാൻ വെച്ചോളാം!’ പറച്ചിലുകൾ കേട്ടില്ലെന്നു നടിക്കുന്നു. സ്വാമി വിവേകാനന്ദൻ്റെ മഹത് വചനങ്ങളുടെ ചെറിയ പുസ്‌തകം ബാഗിൽ ‘നിനക്കൊപ്പം എല്ലായിടത്തും’ എന്ന് ചൊല്ലി തിരുകുന്നു. പണ്ട് അമ്മ ചെയ്തിരുന്നതാണ്. അത് ഒരിക്കലും വൃഥാവിലാവില്ല.

‘ഈ അമ്മയെ കൊണ്ട് തോറ്റു…ശരിക്കും അമ്മൂമ്മയെ പോലെ തന്നെ…’ രണ്ടു മക്കളും കളിയാക്കി ചിരിക്കുന്നു. അതിൽ പരം ഒരു പ്രശംസ കിട്ടാനില്ല എന്ന് ഞാൻ കരുതുന്നു.
**

ജീവിക്കുന്ന എല്ലാ ദിവസവും ഒരു ‘ Gratitude Journal’ എഴുതണം എന്ന് പല ആദ്ധ്യാത്മിക പുസ്തകങ്ങളിലും ആഹ്വാനമുണ്ട്.
ഇന്ന് ഞാൻ എഴുതട്ടെ:

ആരോഗ്യമുള്ള ശരീരത്തിന്, ആരോഗ്യമുള്ള മനസ്സിന്, ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക്, സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്ക്, അന്നവും, വെള്ളവും, കാറ്റും, പ്രകാശവും തരുന്ന ചുറ്റുപാടിന്, വായിക്കാൻ കാത്തിരിക്കുന്ന പുസ്തകങ്ങൾക്ക്, ചെയ്യുവാനുള്ള ജോലികൾക്ക്, കാണുന്നതെന്തും ഭഗവാനേ, നന്ദി പറയാൻ വേണ്ടി മാത്രമായി നീ തന്നതാണല്ലോ…കടന്നു വന്നതെല്ലാം ശക്തി നല്കുന്നവയായി മാറ്റാനുള്ള ഊർജ്ജം എന്നും നൽകേണമേ…ആയതിനാൽ കൂടു വിട്ട് ആകാശത്തിലോട്ടു പറക്കുന്ന എല്ലാ ജീവനേയും നീ സ്നേഹത്തോടെ സംരക്ഷിക്കും എന്ന് ഉറപ്പുണ്ട്. നന്ദി.

***
‘Books for Living’ എന്നൊരു മനോഹര പുസ്തകം. പല പുസ്തകങ്ങൾ ജീവിതത്തിൽ പ്രയോജനം ചെയ്തത് എങ്ങനെ എന്നൊരു കണ്ടെത്തൽ…Will Schwalbe ആണ് എഴുതിയത്.
അതിൽ ‘Wonder’ എന്ന പുസ്തകം തന്നെ കൂടുതൽ നല്ല വ്യക്തിയാകാൻ പ്രേരിപ്പിക്കുന്നു എന്നൊരു പരാമർശം. എഴുതിയത് R J Palacio…

Extract:

‘He cleared his throat and read from the book (‘Under the eye of the clock’ by Christopher Nolan..)..’ It was at moments such as these that Joseph recognized the face of God in human form. It glimmered in their kindness to him, it glowed in their keenness, it hinted in their caring, indeed it caressed in their gaze…’

He  paused and took off his reading glasses again.

‘ It glimmered in their kindness to him,’ he repeated, smiling. ‘ Such a simple thing, kindness. Such a simple thing..’

( Note : Book within a book within a book)

വായിച്ചതിനു ശേഷം ഞാൻ Elie Wiesel ഇന്റെ ‘Night’ നെ പറ്റി ചിന്തിച്ചു പോയി. മനുഷ്യന് ചെകുത്താന്റെ രൂപവും ഭാവവും കൈ വരുന്നത് എങ്ങനെ എന്ന് നാസി കോൺസെൻട്രേഷൻ ക്യാമ്പുകൾ വ്യക്തമാക്കിയിരുന്നല്ലോ.

‘ Never shall I forget that night, the first night in camp, that turned my life into one long night seven times sealed.

Never shall I forget that smoke.

Never shall I forget the small faces of children whose bodies I saw transformed into smoke under a silent sky.

Never shall I forget those flames that consumed my faith forever.

Never shall I forget the nocturnal silence that deprived me for all eternity of the desire to live.

Never shall I forget those moments that murdered my God and my soul and turned my dreams to ashes.

Never shall I forget those things, even were I condemned to live as long as God himself.

Never.’
ഓരോ നിമിഷവും എന്ത് ചെയ്യണം, എങ്ങനെ ചിലവാക്കണം എന്ന ‘choice’ നമ്മുടെ  കൈയിലാണ്. അതുള്ളവർ തന്നെ ലോകത്തിൽ വളരെ കുറവാണ് എന്നും കുറിക്കട്ടെ. ആ ‘gift’ നാം നന്നായി ഉപയോഗിച്ചാൽ, നിശ്ശബ്ദമായി നാം ഈശ്വരന് നന്ദി പറയുന്നു. അത് ഒരു പ്രാർത്ഥനയാവുന്നു .

***

നാകം, നരകം.

IMG_2808

മജിസ്‌ട്രേറ്റിനും പോലീസിനും കുറ്റവാളികളും കുറ്റ കൃത്യങ്ങളും പുത്തരിയല്ല. ശവശരീരങ്ങളും മറ്റും ജോലിയുടെ ഭാഗമായിട്ട് നിസ്സംഗതയോടെ നോക്കി കാണേണ്ട സ്ഥിതികൾ ഉണ്ടാവും. കല്ലേറും, അടിപിടിയും, ആൾക്കൂട്ട നിയന്ത്രണവും, വെടിവെപ്പും, അങ്ങനെയങ്ങനെ പല തരം സാഹചര്യങ്ങൾ ജോലിയിൽ നേരിടേണ്ടാതായി വന്നേയ്ക്കും. തുടർച്ചയായി അത്തരം ഫീൽഡ് പോസ്റ്റിങ്ങ് ചെയ്യുമ്പോൾ അൽപ്പം സമാധാനമുള്ള ഒരു അസ്‌സൈന്മെന്റ് കിട്ടിയെങ്കിൽ എന്ന് വരെ തോന്നുകയും ചെയ്യും.

എവിടെ ചെന്നാലും, നമ്മൾ നേരിടേണ്ടത് മനുഷ്യനെ ആണെന്നും, മനുഷ്യനോളം ക്രൂരത പ്രകൃതിയിൽ മറ്റൊരു ജീവജാലത്തിനും കാട്ടാനാവില്ല എന്നും കാലക്രമേണ മനസ്സിലാവുന്നു.
ആ ഫോട്ടോ ഒരിക്കൽ കൂടി കണ്ടു. മധുവിന്റെ നിസ്സഹായത നിറഞ്ഞ നിൽപ്പാണ് എഴുതാൻ തോന്നിച്ചത്.

നരഭോജികൾ എന്നും മറ്റും വിളിക്കേണ്ടത് മനുഷ്യനെ തന്നെയാണ്. ഒരു കടുവയും പുലിയും ആ സാധുവിനെ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു കൊലവിളിച്ചിട്ടു, ആനന്ദിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യില്ല. നമ്മൾ ചെയ്യും, മനുഷ്യരായ നമ്മൾ.

അതിക്രൂരമായി കൊല്ലപ്പെട്ട കുഞ്ഞിന്റെ ശവവും കൊണ്ട് കളക്ടറേറ്റ് പടിക്കൽ നിലവിളിച്ചെത്തിയ മാതാപിതാക്കളെ കാണേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ചതിച്ച പുരുഷന്റെ വിവാഹ നാൾ ആസിഡ് കൊണ്ട് പക വീട്ടി സായൂജ്യമടഞ്ഞ, ഇരുപതുകാരിയെ കണ്ടിട്ടുണ്ട്. പിഞ്ചുപെൺകുട്ടിയെ ഉപദ്രവിച്ചു കൊന്നിട്ട്, മെഡിക്കൽ ചെക്കപ്പിന് യാതൊരു കൂസലുമില്ലാതെ നിൽക്കുന്ന യുവാവിനെ കണ്ടിട്ടുണ്ട് . മരുമകളെകൊന്ന കേസിൽ, ‘അത് പിന്നെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു പോയതാണ്’ എന്ന് ചൊല്ലിയ അറുപതുകാരിയെ കണ്ടിട്ടുണ്ട്. ബിസിനസ്സ് പാർട്ണറെ കൊന്നതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന എംബിഎ ക്കാരിയെ കണ്ടിട്ടുണ്ട്. ജോലി നൽകിയ വലിയ പാഠം : മനുഷ്യനോളം ദുഷ്ടത ഈ ലോകത്തിൽ മറ്റൊരു ജന്തുവിനും ഇല്ല.

ജന്തുക്കൾ സ്വരക്ഷയ്ക്കും വിശപ്പിനും വഴങ്ങി ആക്രമിക്കുന്നു. ഇണയെയും കുഞ്ഞുങ്ങളേയും തൊട്ടു കളിച്ചാൽ അക്രമാസക്‌തരാവുന്നു . പക്ഷെ അവ മേൽപ്പറഞ്ഞ രീതികളിൽ കൊല്ലില്ല. ഒരിക്കലും സ്വന്തം കൃത്യങ്ങളിൽ നിഗളിക്കില്ല. പത്തു പേരുടെ കൈയടി നേടാൻ ‘ കണ്ടോ ഞാൻ കൊന്ന എന്റെ വർഗ്ഗത്തിലെ മറ്റൊരുവനെ ‘ എന്ന് വീരവാദം മുഴക്കില്ല. കൊന്നതിനു ന്യായീകരണമായി സാഹിത്യമോ, രാഷ്ട്രീയമോ, ലഹരിയോ കൂട്ടുപിടിക്കില്ല. അത് മനുഷ്യ വർഗ്ഗ സ്‌പെഷ്യലിറ്റി!

റോഡിൽ ചോരയൊലിച്ചു കിടക്കുന്ന വ്യക്തിയെ ആശുപത്രിയിൽ എത്തിക്കാൻ നാം ഭയപ്പെടുന്നു. വീഡിയോ എടുത്തു പോസ്റ്റ് ചെയ്യും. അതും മനുഷ്യനിർമ്മിതമായ ഒരു പോംവഴി!

മധുവിന്റെ പടത്തിനു മുൻപിൽ എനിക്ക് എന്നോട് പറയാൻ ഒന്നേയുള്ളൂ. ജീവനുള്ള കാലം വരെ, എന്റെ കാഴ്ചയിൽ എവിടെയെങ്കിലും നിലവിളിക്കുന്ന ഒരു ജീവിയുണ്ടെങ്കിൽ, ദൈവമേ ആ കരച്ചിലിന് എന്നാൽ ആവും വിധം സമാധാനം ചെയ്യാൻ നീ എനിക്ക് ശക്തി നൽകേണമേ. അത് ആരു തടഞ്ഞാലും, അവരെ മറികടന്നു നടക്കാനുള്ള ധൈര്യം നീ എനിക്ക് തരണമേ.

വിശന്നു കരയുന്നവനെ അടിച്ചുകൊല്ലുന്ന വർഗ്ഗത്തിൽ ജനിച്ചവർ എന്ന പേര് വേണ്ട.
വിശന്നു കരയുന്നവന് ചോറ് കൊടുക്കുന്ന വർഗ്ഗത്തിൽ പിറന്നവർ എന്ന പുണ്യം വേണം.
**