വിളക്കുള്ളവർ തൊട്ടടുത്ത്

girlchild

ഇന്ന് കണ്ടു, ‘മാങ്ഗത’ (വാങ്ങുന്നവർ) എന്ന വിളിപ്പേരിൽപ്പെട്ട ‘നട്ട്’ വിഭാഗത്തിലെ നാടോടി സ്ത്രീകളെ… കൈയിൽ കുഞ്ഞുങ്ങൾ, മുലയൂട്ടുന്ന അമ്മയ്ക്ക് എണീറ്റുനിൽക്കാൻ ഊർജ്ജമില്ല. തണുപ്പത്തു കമ്പിളി പുതയ്ക്കാൻ കൊടുക്കുകയായിരുന്നു.
‘നാലഞ്ചു ഗ്രാമങ്ങളിലുള്ളവർ , നാലു മാസമേ നാട്ടിലുണ്ടാവൂ , പിന്നെ യാത്രയാണ്. കോവിഡ് സമയത്ത്‌ ഇവർക്ക് ആഹാരം എത്തിച്ചു കൊടുത്തു…പക്ഷെ ഇവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പൊതുവെ ഇല്ല.’ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലും ദാരിദ്ര്യം അനുഭവിക്കുന്ന ജനത. ഇങ്ങനെ എത്ര ഉപേക്ഷിക്കപ്പെട്ട മനുഷ്യർ. ‘മൂശഹ്ർ’ എന്ന ഒരു ജനതയുണ്ട് …’മൂഷികനെ’ ഭക്ഷിക്കുമായിരുന്നു പണ്ട് …അങ്ങനെ കിട്ടിയ പേരാണ്. സത്യങ്ങൾ എന്നും കണ്ണീരുപ്പു വീണവ തന്നെ. ‘മോസ്റ്റ് മാർജിനലൈസ്ഡ് ‘ എന്നൊക്കെ പറയില്ലേ …അവർ ഇവരാണ് .

നമ്മുടെ ‘കുടുംബശ്രീ ‘ പദ്ധതിയുടെ മറ്റൊരു പതിപ്പായ ‘പ്രേരണ’ യിൽ ഇവരുടെ സംഘങ്ങളുണ്ടാക്കി കൈപിടിച്ച് കയറ്റാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു തുടക്കം വേണമല്ലോ. ആത്മാഭിമാനം, ഒരു സ്ത്രീയ്ക്ക്, കുഞ്ഞുങ്ങൾക്ക് നൽകാനുള്ള അന്നത്തിൽ നിന്നും തുടങ്ങുന്നു. ഒരു ഗ്രൂപ്പെങ്കിലും ഉണ്ടാക്കി , അവരെ സ്വന്തം കാലിൽ നില്ക്കാൻ പഠിപ്പിച്ചാൽ, ‘ ഭിക്ഷ തേടലിൽ ‘ നിന്നും തുടങ്ങുന്ന ‘ മാങ്ത’ എന്ന അവമതിയിൽ നിന്നും ഒരു വഴി കാട്ടാം.

**
പോലീസ് സ്റ്റേഷനിൽ ഇന്സ്പെക്ഷന് ചെന്നപ്പോൾ നല്ല ചുറുചുറുക്കുള്ള പെൺകുട്ടി. കോൺസ്റ്റബിളാണ് . സഹായം അന്വേഷിച്ചു വന്ന സ്ത്രീയുടെ മൊബൈലിൽ വിളിച്ചു ‘cross check ‘ ചെയ്യവേ , ഞാൻ ‘കംപ്ലൈന്റ്റ് രജിസ്റ്റർ ‘ എങ്ങനെ ‘self -explanatory ‘ ആക്കാനാവും എന്ന് പറഞ്ഞു .
‘മാഡം , തീർച്ചയായും ഞാനതു പാലിക്കാം ,’ അവൾ പറഞ്ഞു.
അപ്പോൾ, സബ് ഇൻസ്‌പെക്ടർ ചുമച്ചു.
‘ജഡ്‌ജി പരീക്ഷ എഴുതിയിരിക്കുന്നു ഈ കുട്ടി . മിക്കവാറും കിട്ടും.’
ഞാൻ വിസ്മയത്തോടെ അവളെ നോക്കി. സിവിൽ ജഡ്ജ് പരീക്ഷ !


അഞ്ചാറു മണിക്കൂർ ദൂരെയുള്ള ജില്ലയിൽ നിന്നും വന്നതാണ്. LLB പാസ്സായി, രണ്ടു സംസ്ഥാനങ്ങളിലെ പ്രൊവിൻഷ്യൽ സിവിൽ സർവീസ് (ജുഡീഷ്യൽ ) പരീക്ഷ എഴുതിയിരിക്കുന്നു. പകൽ പോലീസിൽ കോൺസ്റ്റബിളായി ജോലി, രാത്രി പഠിത്തം.
‘ഇതാണ് ഭാരത സ്ത്രീ ‘ ഞാൻ അഭിമാനത്തോടെ അവളെ പ്രോത്സാഹിപ്പിച്ചു. അടുത്ത ജോലി കിട്ടി , പടവുകൾ താണ്ടുന്ന വരെ, കിട്ടിയ ജോലിയിൽ സന്തോഷത്തോടെ ജോലി ചെയ്തു, മാതാപിതാക്കളെ നോക്കുന്ന പെൺകുട്ടി .
അപ്പോൾ ചിരിച്ചു കൊണ്ട് , മറ്റൊരു പെൺകുട്ടി, നായിബ് തെഹ്‌സില്ദാര് (Deputy tehsildar ) പറഞ്ഞു , ‘മാഡം, എനിക്കും വേണം മാഡത്തിന്റെ നല്ല വാക്ക്. ഞാൻ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലി ജോയിൻ ചെയ്തതാണ്. രണ്ടു പ്രാവശ്യം IAS Mains എഴുതി, കിട്ടിയില്ല . ഇപ്രാവശ്യം ഞാൻ റാങ്കു നേടും.’
ഞാൻ അവളെയും സന്തോഷത്തോടെ അനുഗ്രഹിച്ചു.
‘കഠിനാദ്ധ്വാനത്തിനു പകരം ഒന്നുമില്ല. ഈ വഴിയാണ് നേർവഴി. ഉള്ള ജോലി നിറവോടെ ചെയ്തു, സ്വന്തമായി ശമ്പളം നേടി ജീവിച്ചു കൊണ്ട്, കൂടുതൽ ശ്രമിക്കുക.’

**
പായൽ എന്ന ബിഹാരി പെൺകുട്ടി, കേരളത്തിൽ റാങ്കോടെ ബി.എ . പാസ്സായി, സിവിൽ സെർവിസ്സ് ലക്‌ഷ്യം വയ്ക്കുന്നതായി മാതൃഭൂമിയിൽ വായിച്ചപ്പോൾ, എന്റെ മനസ്സിൽ ഇവരുടെ കഥകളും ഓടിയെത്തി. കഴിവും, മിടുക്കും, ഉള്ള എത്ര പേർ ! അവസരങ്ങൾ ലഭിച്ചാൽ, ഇരുട്ടിലെ വെളിച്ചമായി , സ്വന്തം ജീവിതം കൊണ്ട് നേർ വഴി കാണിക്കുന്നവരായി അവർ മാറുന്നു.
ഉയർന്ന ലക്ഷ്യങ്ങൾ കാണുന്ന ആ കണ്ണുകളാണ് , ചുറ്റും ഹുങ്കാരത്തോടെ ചുഴറ്റുന്ന അഹങ്കാരക്കാറ്റുകൾക്കിടയിൽ ഒരാശ്വാസം.
അവർ നന്മ ചെയ്യുന്നതിനായി പഠിക്കുന്നു, പരീക്ഷകൾ എഴുതുന്നു , കുടുംബങ്ങളെ പാലിക്കുന്നു, തലയുയർത്തി നാടിനും വീടിനും സംരക്ഷണം നൽകുന്നു.
ഈ പെൺകുട്ടികളെ കാണാൻ എന്റെ ആ ‘ മാങ്ത’ സമുദായത്തിലെ സ്ത്രീകൾക്കാവണം. അപ്പോൾ, അവർ
ഇരുട്ടിൽ നിന്നും കര കയറാൻ അവരുടെ കുഞ്ഞുങ്ങളെയും സ്കൂളിൽ വിടും.

അങ്ങനെ , ഒരു നല്ല ദിവസം കൂടി.

ഒരെഴുത്ത്‌

പ്രിയപ്പെട്ട എന്റെ അമ്മയ്ക്ക്,

ഇന്ന് രാവിലെ പി.ടി. കഴിഞ്ഞു, ഒരു ചായയും കുടിച്ചു കൊണ്ടാണ് ഇതെഴുതുന്നത്. കഴിഞ്ഞ രണ്ടാഴ്ചയുടെ അത്ര ബുദ്ധിമുട്ട് ഇന്ന് തോന്നിയില്ല. കുതിര സവാരിയും, ജോഗിങ്ങും ഒക്കെ പരിചയമായി കഴിഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ പ്രാതലിനു ഹാജരാവണം. അത് കഴിഞ്ഞു ക്ലാസ്സുകളാണ്. വൈകിട്ട് നാലര വരെ. പിന്നെ ധാരാളം പരിപാടികളാണ്. പാട്ടും, ഡാൻസും, നാടകവും, കലാപരിപാടികളും മറ്റും… ഞാൻ എല്ലാം പരമാവധി കാണാനും, കൂടാനും നോക്കുന്നു. പല നാടുകളിലെ ധാരാളം പ്രൊബേഷണേഴ്‌സ് ഉള്ളതിനാൽ വളരെ ഉത്സാഹമാണ്.
ഈ മാസം ശമ്പളം കിട്ടും. എന്റെ ആദ്യ ശമ്പളം.മണി ഓർഡറായി ഞാൻ അത് അയക്കും.ഒരപേക്ഷ : ഉണ്ണികൃഷ്ണന് ഒരു പാല്പായസം മതി. ധാരാളം ഊട്ടി വയറു കേടാക്കണ്ട കുസൃതിയെ!

ബാക്കി പൈസ കൊണ്ട് , എന്റെ അമ്മ ആദ്യം രാധമ്മായിയുടെ അടുക്കൽ നിന്നും ട്രെയിൻ ടിക്കറ്റിനും മറ്റും വാങ്ങിച്ച കടം കൊടുത്തു തീർക്കണം. അതിനു ശേഷവും പൈസ ഉണ്ടാവും. അത് കൊണ്ട് എന്റെ അമ്മ നല്ല കുറച്ചു ജോഡി സെറ്റും മുണ്ടും വാങ്ങിക്കണം. അടുക്കളയിലെ ചോർച്ച അടയ്ക്കാൻ മാധവൻ ചേട്ടനോട് പറയണം. ഇനി കടം പറയണ്ട. ഇപ്രാവശ്യം തുലാവർഷത്തിനു  മുറിയിൽ ബക്കറ്റ് വെയ്ക്കണ്ട കേട്ടോ.

ഫാത്തിമ ടീച്ചറോട് സ്നേഹം പറയണം. ടീച്ചറുടെ അടുക്കൽ നിന്നും വാങ്ങിച്ച പുസ്‌തകങ്ങൾ തിരിച്ചു കൊടുക്കണം. അതെന്റെ അലമാരയിലുണ്ട്. അമ്മയ്ക്ക് കണ്ടാൽ മനസ്സിലാവും. തടിയൻ പുസ്തകങ്ങളാണ്.

നമ്മുടെ ആടുകൾക്കും, കോഴികൾക്കും, റോസാപ്പൂക്കൾക്കും, കുടമുല്ലപ്പൂക്കൾക്കും എന്റെ ഇഷ്ടം പറയണം. ട്രെയിനിങ് തീർന്നു ഞാൻ വരുമ്പോൾ എല്ലാരേയും കാണാം.

ഇനി അമ്മ ഓല മിടയാൻ പോകണ്ട. ആ വേദനയും വയ്ച്ചു കുത്തിയിരിക്കണ്ട. എല്ലാ മാസവും ഞാൻ പൈസ അയക്കും. എന്റെ അമ്മയെ നോക്കാനല്ലാതെ പിന്നെ എനിക്കെന്തിനാ ഈ ജോലി? ജനത്തെ സേവിക്കുന്നതിനു മുൻപ് എനിക്കെന്റെ അമ്മയെ നോക്കണം. അതെന്റെ സ്വാർഥതയാണ് കേട്ടോ. പിണങ്ങേണ്ട.

കളക്ടറാവണം എന്ന് എട്ടിൽ വയ്ച്ചു വായനശാലയുടെ പ്രസംഗ മത്സരത്തിൽ പറഞ്ഞപ്പോൾ, മുക്കാൽ കാശിനു ഗതിയില്ലാത്തവളുടെ സ്വപ്നം കൊള്ളാം എന്ന് കളിയാക്കി എല്ലാവരും. എത്ര പേരുടെ ആട്ടും തുപ്പും കൊണ്ടാണമ്മേ എനിക്ക് പുസ്തകങ്ങൾ വാങ്ങിച്ചു തന്നത് ? കഞ്ഞി കുടിക്കാൻ ഗതിയില്ലാത്തവളെ കോളേജിൽ വിടണോ എന്ന് പറഞ്ഞു കളിയാക്കിയില്ലേ നാട്ടുകാരും വീട്ടുകാരും?

എങ്കിലും എന്റെ അമ്മേ , ഉണ്ണി കൃഷ്ണനെയും തുണ വിളിച്ചു കൊണ്ട് , രാവിലെ അഞ്ചരയോടെ ട്രാൻസ്‌പോർട് ബസ്സിൽ, നഗരത്തിലെ കോളേജിലേക്കെന്നെ വിട്ടയച്ചിട്ടുണ്ട് ! നഗരത്തിലെ പബ്ലിക് ലൈബ്രറിയും, കോളേജിലെ ലൈബ്രറിയും എനിക്ക് നമ്മുടെ വീട് പോലെ സുരക്ഷിതമായ ആലയങ്ങളായി മാറി.

അമ്മയുടെ പൊതിച്ചോറുണ്ട്, ഞാൻ കുറിച്ചെടുത്ത നോട്ടുകളാണ്, മത്സര പരീക്ഷയിലും സരസ്വതീ കടാക്ഷമായി തീർന്നത്. ആ ചോറും, ചുമന്ന ചമ്മന്തിയും, മാങ്ങാ അച്ചാറും…അതിന്റെ രുചി , മുസ്സൂറിയിലെ ഡൈനിങ്ങ് ഹാളിൽ ഇല്ല.

അയ്യോ, സമയം പോയതറിഞ്ഞില്ല. ഇനി അടുത്താഴ്ച എഴുതാം കേട്ടോ. അമ്മ എന്നെ പറ്റി വിഷമിക്കണ്ട. എന്നോടൊപ്പം, അമ്മയുടെ  നിർത്താത്ത വിളി കേട്ട് ഇരിക്കപ്പൊറുതിയില്ലാതെ ആ ഉണ്ണികൃഷ്ണൻ സ്ഥിരം കൂടിയിട്ടുണ്ട്! പിന്നെ എനിക്കെന്തു കുറവാണ് ?

ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്ന് ചിലപ്പോൾ വിചാരിച്ചു പോകാറുണ്ട്.

ഞാൻ പോകട്ടേ. ക്ലാസിനു പോകാൻ നേരമായി. എൻ്റെ അമ്മ വല്ലതും നിറച്ചു കഴിക്കണം കേട്ടോ.

ഉമ്മ,

സ്വന്തം മകൾ
വിനീത ബാല IAS

മുസ്സൂറി

23/9/90

വിഷലിപ്തമല്ലാത്ത ചിന്തകൾ

v p menon

“കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം എത്രയോ മുന്നിലാണ്…അവിടെ കുഞ്ഞുങ്ങൾക്ക് വൃത്തിയുള്ള വസ്ത്രങ്ങളും, കഴിക്കാൻ ഉച്ചഭക്ഷണവും കിട്ടുന്നു. സ്കൂൾ ലൈബ്രറിയുണ്ടാവും…പച്ചക്കറികൾ സ്കൂൾ അങ്കണത്തിൽ തന്നെ നട്ടു വളർത്തുന്നു…അധ്യാപകർ എത്രയും ആത്മാർഥതയുള്ളവർ! നിങ്ങൾ അവരെ പോലെയാകണം! കേരളത്തിൽ ആശുപത്രികളിൽ, ഡോക്ടറുമാർ സേവനത്തിന് എപ്പോഴും തയ്യാറാണ്. അവിടെ, വൃത്തിയും വെടിപ്പുമുണ്ട്. പേ വിഷബാധയ്ക്കും, പാമ്പിൻവിഷത്തിനും ഒക്കെ antivenom സ്റ്റോക്കിൽ കാണും…നമ്മൾ കേരളത്തിനെ കണ്ടു പഠിക്കണം!”

ഉത്തർപ്രദേശിലെ, എത്രയോ ഗ്രാമങ്ങളിൽ, ഞാൻ എന്റെ നാടിനെകുറിച്ച് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്…”ഞങ്ങൾ വീടുകളിൽ ശൗചാലയം ഉപയോഗിക്കുന്നു…ഞങ്ങളുടെ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരാണ്..അവർ സ്കൂളുകളിൽ പോകുന്നു…നിങ്ങളും അവരെപ്പോലെ….!!!”

ഇപ്പോൾ സാമ്യം പറഞ്ഞു പ്രേരണ നല്കാൻ ശ്രമിക്കുമ്പോൾ എന്റെ മനസ്സ് മന്ത്രിക്കുന്നു…” ഇനി എന്ത് പറയും?പ്രബുദ്ധമായ എന്റെ ജന്മ നാട്ടിൽ, ചെറിയ പെൺകുഞ്ഞുങ്ങളുടെ ജീവന് വിലയില്ല എന്നോ? അവരെ ദുഷ്ടമനുഷ്യരിൽ നിന്നും, പാമ്പുകളിൽ നിന്നും സംരക്ഷിക്കാൻ എന്റെ നാടിനു ഈയിടെയായി കഴിയാറില്ല എന്നോ?”

പേ വിഷത്തിനും, പാമ്പിൻ വിഷത്തിനും  മറുമരുന്നിനായി, ആരും, ആരോടും കെഞ്ചേണ്ട ആവശ്യമില്ല..അത് നാമോരോരുത്തരും അടയ്ക്കുന്ന നികുതിപ്പണം കൊണ്ട് വാങ്ങിച്ചു, ഇന്ത്യയിലെ എല്ലാ സർക്കാർ ആശുപത്രികളും വയ്ച്ചിട്ടുണ്ട്… വയനാടിലായാലും, ബാരാബങ്കിയിലായാലും അത് വിഷ ബാധയേറ്റ വ്യക്തിക്ക് കുത്തിവയ്ക്കാൻ, അവിടെ ജോലിയെടുക്കുന്ന ഡോക്ടറുമാർ ബാധ്യസ്ഥരാണ്.

ഒരു കുഞ്ഞിനെ സ്കൂളിൽ വിട്ടു എന്ന് വയ്ച്ചാൽ , ഇന്നത്തെ നിലവിലുള്ള നിയമങ്ങൾ പ്രകാരം, അവളുടെ ജീവന്റെ, ആരോഗ്യത്തിന്റെ ചുമതല കൂടിയാണ് മാതാപിതാക്കൾ സ്കൂളിലുള്ള അധ്യാപകരെ ഏൽപ്പിക്കുന്നത്. ജുവനൈൽ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുസരിച്ചു കേസെടുത്താൽ ക്രൂരതയ്ക്കുള്ള സെക്ഷനിൽ അദ്ധ്യാപകനും , ഡോക്ടറും ജയിലിൽ പോകേണ്ടതായി വരും…അതും ഇന്ത്യയിലെ എല്ലാ സ്ഥലത്തും ബാധകവുമാണ്.

ഹരിദ്വാറിൽ വനിതാ ജഡ്‌ജി വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിനെ ജോലിയ്ക്കു നിർത്തി, അതി ക്രൂരമായി ഉപദ്രവിച്ചതായി വാർത്ത വന്നിരുന്നു. ആ കുഞ്ഞിന് വേണ്ടി ഒരു പൊതു താല്പര്യ ഹർജി വന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, തെറ്റ് ചെയ്‌ത ജഡ്ജിക്കെതിരെ ശക്തമായ കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു ! ശക്തിയുള്ളവർക്കു വേണ്ടി പലരും പൊരുതുമല്ലോ…’പൊതു താല്പര്യം ഈ വിഷയത്തിൽ ഇല്ല’ എന്ന് വാദിച്ചവരോട് അദ്ദേഹം പറഞ്ഞത്, ഈ കേസിൽ , ക്രൂരത കാണിച്ച വ്യക്തിക്ക് അനുകൂലമായി പ്രവർത്തിച്ചാൽ അതാണ് പൊതു ജനത്തിനോട് കാണിക്കുന്ന ഏറ്റവും വലിയ തെറ്റ് എന്നാണ്. ഇന്നത്തെ വാർത്തയാണ്…

***
ഇന്ന് ട്രെയിനിങ്ങിൽ ‘Adaptive Leadership’ എന്ന വിഷയത്തിൽ ക്ലാസ്സുണ്ടായിരുന്നു. അവിടെ , ഒരു ചോദ്യം…
‘Who are you ?’ അതിന്റെ ഉത്തരം ഗഹനമായതാണ്.
ഞാൻ ആരാണ്?
ആദി ശങ്കരന്റെ ‘നിർവാണഷ്ടകം’ ഓർമ്മയിൽ വന്നു…ഞാൻ ആരാണ് എന്ന് അറിയില്ല, പക്ഷെ ഞാൻ ഇതല്ല എന്നറിയാം.
പിന്നീട് ആരോ പറയുന്നത് കേട്ടു ..’We are what we do …’ ആണോ? ആണെങ്കിൽ കാരുണ്യമില്ലാത്തവർ പഠിപ്പിക്കാൻ പോകരുത്.ചികത്സിക്കാനും.
അനുകമ്പയില്ലാത്തവൻ/അൻപില്ലാത്തവൻ വെറും ശവം എന്ന് നമ്മൾ സ്കൂളിൽ കവിത രൂപത്തിൽ പഠിച്ചതാണ്… നാരായണ ഗുരുദേവൻ്റെ അനുകമ്പാഷ്ടകത്തിൽ.
***

100 Best Letters (1847-1947) എന്നൊരു പുസ്‌തകം.

അതിൽ, മഹാരാജ ഹരി സിംഗ് ലോർഡ് മൗണ്ട്ബാറ്റൺന് എഴുതിയ എഴുത്തുണ്ട് …ആ എഴുത്താണ് ജമ്മു കാശ്മീരിനെ ഇന്ത്യയിലോട്ടു ചേർത്തത്. Instrument of Accessionനുംകൊണ്ട് ഡൽഹിക്കു പോയത് ശ്രീ.വി.പി. മേനോൻ . സർദാർ പട്ടേലിന്റെ കീഴിൽ, സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിലെ സെക്രട്ടറി  (Secretary , States Department)!

Quote Maharajah Hari Singh to Lord Mount Batten (26 October, 1947)

First line…

My Dear Lord Mountbatten,

I have to inform Your Excellency that a grave emergency has arisen in my state and request the immediate assistance of your Government…

Last paragraph…

If my state is to be saved, immediate assistance must be available at Srinagar. Mr.V.P.Menon is fully aware of the gravity of the situation and will explain it to you, if further explanation is needed.

In haste and with kindest regards,

Yours Sincerely,

Hari Singh

***

എന്റെ നാട്…എവിടെയാണ് അതിന്റെ സ്പർശം അനുഭവപ്പെടാത്തത് ? അത് എപ്പോഴും നന്മയുടേതാകണേ!

 

 

“മണ്ണിനായൂഴി കുഴിച്ച നേരം…”

viktor-frankl-book-quotes

അദ്ധ്യാത്മ രാമായണത്തിൽ, കിഷ്കിന്ധാ കാണ്ഡത്തിൽ, സൂര്യാത്മജനായ സുഗ്രീവൻ ചൊല്ലുന്നതാണ്:
“മണ്ണിനായൂഴി കുഴിച്ച നേരം നിധി തന്നെ ലഭിച്ചതുപോലെ രഘുപതേ!”
നമ്മൾ ചെയുന്ന ചെറിയ കാര്യങ്ങൾ, അവിചാരിതമായി വലിയ സന്തോഷങ്ങൾക്കു കാരണമാവുമ്പോൾ, ഈ വരിയുടെ സാരാംശം ശരിയായി വരുന്നു.

കുടുംബത്തിൽ നിന്നും ആരും സ്കൂളിൽ പോയിട്ടില്ലാത്ത “First Time Learners” എന്ന് വിളിക്കുന്ന പെൺകുട്ടികളാണ് സർക്കാർ നടത്തുന്ന കസ്തൂർബാ ബാലിക വിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഇവരിൽ മിക്കവാറും എല്ലാവരും ‘school dropouts’ ആയിരുന്നു. നാം പറയാറില്ലേ ” പാർശ്വവത്‌കൃതമായവർ ” അഥവാ “marginalized” എന്നൊക്കെ? അങ്ങനെയുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ്. ആറാം ക്ലാസ്സു മുതൽ എട്ടാം ക്ലാസ്സു വരെ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചുള്ള പഠനം. എട്ടാം ക്ലാസ്സു കഴിഞ്ഞാൽ അവർ തിരിച്ചു പോകുന്നു. പലർക്കും ദാരിദ്ര്യം കൊണ്ടും, സ്കൂളുകളുടെ അഭാവം കൊണ്ടും പിന്നെ തുടർന്ന് പഠിക്കാൻ കഴിയാറില്ല എന്നതാണ് കയ്പ്പേറിയ സത്യം.

അങ്ങനെയുള്ള നൂറോളം കുട്ടികളുമായി ഇടപഴകാൻ ഒരു അവസരം ലഭിച്ചു. അവരോട് മലാല യൂസഫാസിയെ പറ്റിയും നാദിയ മുറാദിനെ പറ്റിയും സംസാരിക്കാൻ കഴിഞ്ഞു. നല്ല ആത്മവിശ്വാസമുള്ള കുട്ടികൾ. അവരുടെ ഒരു ചെറിയ ആഗ്രഹം : ഒരു സിനിമ കാണണം.
മൊബൈലിലും,ടെലിവിഷനിലും ഒരു നിമിഷം കൊണ്ട് സിനിമ കാണുന്ന നമ്മൾ, മാളിലെ തണുപ്പത്ത്‌ , പോപ്പ്കോണും കൊറിച്ചു രസിക്കുന്ന നമ്മൾ അത് കേട്ടാൽ ഞെട്ടും. കണ്ണ് തുറപ്പിക്കുന്ന നിമിഷം.

ഇന്ന് കുട്ടികളോടൊപ്പം, ഉദ്യോഗസ്ഥരും, ചൈൽഡ് ലൈൻ പ്രവർത്തകരും, യൂണിസെഫ് ഉദ്യോഗസ്ഥരും സിനിമ കണ്ടു. സിംബയോടൊപ്പം കുട്ടികളും ചിരിക്കുകയും കരയുകയും ചെയ്തപ്പോൾ എനിക്ക് സുഗ്രീവസ്തുതി ഓർമ്മ വന്നു.

ദൈവമേ ! ചുറ്റും അടിതെറ്റിക്കുന്ന വൻ കൊടുങ്കാറ്റാണ് : ഭയവും, സ്വാർത്ഥതയും, ക്രോദ്ധവും , ക്രൂരതയും ആഞ്ഞു വീശുന്നു. ആർക്കുമാർക്കും സംതൃപ്തിയില്ല. ദുരയുടെ ഹുങ്കാരമാണ് എങ്ങും. അപ്പോൾ നീ കാൽവരിയിൽ നിന്നും , മെക്കയിൽ നിന്നും, കപിലവസ്തുവിൽ നിന്നും, അഗസ്ത്യ ഹൃദയത്തിൽ നിന്നും : അങ്ങനെ എല്ലാ പുണ്യ ഭൂവുകളിൽ നിന്നും പറഞ്ഞതു തന്ന കഥകൾ, ചിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ നിന്നും ഞങ്ങൾ മനസ്സിലാക്കുന്നു.

വിക്റ്റർ ഫ്രാങ്കെലിന്റെ ” Man’s Search For Meaning” കൂടെക്കൂടെ വായിക്കാൻ ഞങ്ങളെ ഓർമ്മിപ്പിക്കുക. മനുഷ്യ മനസ്സുകളിൽ പതിയിരിക്കുന്ന എല്ലാ നരകവും നാകവും അതിൽ കാരുണ്യത്തിന്റെ ഭാഷയിൽ വിശകലനം ചെയ്തിരിക്കുന്നു. ആ അറുപത്തിയൊൻപതു പേജുകൾ മതി ജീവിതം തന്നെ വഴി മാറ്റി നടത്തുന്ന സഹാനുഭൂതി മനസ്സിലാക്കാൻ.

വഴി തെറ്റാതെ, അറിവില്ലാത്തൊരടിയങ്ങളെ, നേർവഴി നടത്തേണമേ!
**

ആ വിളക്ക് കാട്ടൂ !

Nelson-Mandela-madiba

പഴയ കാലത്തു നാട്ടിൽ കണ്ടിരുന്ന കാഴ്ച : ഞാറ് നടുന്ന സ്ത്രീ പുരുഷന്മാർ. നോക്കെത്താത്ത ദൂരം വരെ പച്ചിച്ചു, കുളിർന്നു കിടക്കുന്ന ഭൂമി; സാധാരണക്കാരായ കർഷകർ. പല നിറത്തിലുള്ള സാരികൾ ധരിച്ച സ്ത്രീകൾ. എങ്ങാനും പാട്ടുകൾ ഉയരുന്നുണ്ടോ?ഭോജ്‌പുരിയിൽ എല്ലാത്തിനും പാട്ടുണ്ട് : നടലിനും, കൊയ്ത്തിനും, ജലസേചനത്തിനുമെല്ലാം!

ബിഹാറിനോട് അടുത്ത ദേശമാണ്; നഗരത്തിന്റെ പകിട്ടുകൾ  ചില കടകളിലെ തിളങ്ങുന്ന കോള കുപ്പികളിലും പിന്നെ ചെറുപ്പക്കാരുടെ കൈകളിലെ മൊബൈൽ ഫോണുകളിലും മാത്രം. (ഒരു നിമിഷത്തേക്ക്, മുകുന്ദന്റെ ‘കൃഷിക്കാരൻ’ എന്ന ചെറുകഥ മനസ്സിൽ വന്നു .)

അർഹിക്കുന്നവർക്ക്, സ്വന്തം കാലിൽ നിൽക്കാനുള്ള സഹായം വാഗ്ദാനം ചെയ്‌തു കൊണ്ട്, ധാരാളം പേരുണ്ട്. സ്വന്തമായി പൈസ ഉണ്ടാക്കുന്ന സ്ത്രീകൾ, അത് കള്ളു കടയിൽ നശിപ്പിക്കാറില്ല . കുഞ്ഞുങ്ങളുടെ പഠിത്തത്തിനും, കുടുംബത്തിലെ മെഡിക്കൽ എമെർജൻസികൾക്കുമായി ചിലവാക്കുന്നതായും പഠനങ്ങൾ. ആട്ടിൻകുട്ടികളെ മേടിച്ചു കൊടുക്കാനുള്ള ഒരു പ്രൊജക്റ്റ് ആണ് മനസ്സിൽ.  പക്ഷെ ഒരു കണ്ടിഷൻ : സഹായം ലഭിക്കുന്നവർ വായിക്കാനും എഴുതാനും പഠിക്കണം. കുറച്ചു കണക്കു കൂട്ടാനും! അത് വളരെ ആവശ്യവുമാണ്.
നിരന്നിരുന്ന സ്ത്രീകളോട് ഞാൻ ചോദിച്ചു : “സ്വന്തം പേര് എത്രപേർക്ക് എഴുതാനറിയാം?”
കുറച്ചു പേർ കൈയുയർത്തി.
“എന്താ, പഠിപ്പിക്കാൻ ആളുണ്ടായാൽ , നിങ്ങൾ പഠിക്കാൻ വരാമോ?”
” മാസ്റ്റർജി അടിക്കും!” പറഞ്ഞത് പത്തമ്പതു വയസ്സുള്ള സ്ത്രീ. അവരുടെ ചെറുപ്പകാല പഠനം മുടങ്ങിയ കഥ ഞാൻ ആ ഒരു വാക്യത്തിലൂടെ അറിഞ്ഞു.
ഞാൻ സരസ്വതീകടാക്ഷത്തെ പറ്റി സംസാരിച്ചു. സരസ്വതിയുടെ കൂടപ്പിറപ്പാണ് ലക്ഷ്മിയും. ഐശ്വര്യം വരണമെങ്കിൽ, സ്വന്തം പേരെഴുതാൻ ശീലിക്കണം.
അപ്പോൾ ഗ്രാമീണ ജനതയ്ക്കിടയിൽ ജോലിയെടുക്കുന്ന മൂന്ന് സ്ത്രീകൾ എണീറ്റു: അവർ മിഷണറി സിസ്റ്റേഴ്സ് ട്രെയിനിങ് നൽകിയ സാമൂഹ്യ അനിമേറ്റേഴ്‌സ് ആയിരുന്നു .
അവർ പാടാൻ തുടങ്ങി : സുന്ദരമായ ഭോജ്‌പുരിയിൽ , ഒരു പെൺകുട്ടിയുടെ വിലാപം .
അമ്മേ , പഠിക്കാനായി പേന ചോദിച്ചപ്പോൾ,
നീയെന്റെ കുഞ്ഞു കരങ്ങളിൽ വെട്ടരിവാള് വയ്ച്ചു തന്നു.
പശുക്കൾക്കു പുല്ലു ചെത്താനും , പാടത്തു ജോലി ചെയ്യാനും പറഞ്ഞു.
കളിക്കേണ്ട പ്രായത്തിൽ , നീ എന്നെ വിവാഹം ചെയ്തയച്ചു,
എൻ്റെ ശോഭയുള്ള ശരീരം മണ്ണിനോട് ചേർന്ന് പോയി.
എൻ്റെ അമ്മായിയമ്മ പൈസായുടെ കണക്കു ചോദിച്ചുകൊണ്ട്
എന്നെ അപമാനിക്കുന്നു എന്നുമെന്നും.
അമ്മേ, എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ
ആ പേന എൻ്റെ കയ്യിൽ വയ്ച്ചു തന്നിരുന്നെങ്കിൽ
ഇന്ന് എൻ്റെ ജീവിതം ഗതിമാറി ഒഴുകിയേനെ!”
കേട്ടിരുന്ന എല്ലാവരും കണ്ണുനീര് തുടയ്ക്കുന്നത് കണ്ടു. ആ പാട്ടിന്റെ ശക്തി കൊണ്ട് ഞാനും വലഞ്ഞു പോയി. അപ്പോൾ , ഒരു സ്ത്രീ ഏറ്റവും പുറകിലെ നിരയിൽ എണീറ്റ് നിന്നു.
” ഇതെന്റെ ജീവിത കഥയാണ്. എന്റെ അമ്മ കൈയിൽ അരിവാളാണ് തന്നത്. എൻ്റെ അറിവില്ലായ്മ കാരണം എൻ്റെ മകളുടെ കൈയിലും ഞാൻ അരിവാള് തന്നെ കൊടുത്തു. പക്ഷെ ഇന്ന് ഞാൻ മനസ്സിലാക്കുന്നു അക്ഷരത്തിന്റെ വില. സാറുമ്മാരേ, എനിക്ക് പഠിക്കണം. എനിക്കെന്റെ പേരെഴുതണം.”
കൊള്ളിയാൻ മിന്നുന്നതു പോലെ തോന്നി. ഇത്, കുനിഞ്ഞു കാൽപ്പാദം തൊടേണ്ടുന്ന നിമിഷം. അവർ എന്നെ പഠിപ്പിക്കുന്നു- ജീവിതത്തെ പറ്റി , ഉറങ്ങി കിടക്കുന്ന നന്മ നിറഞ്ഞ ചോദനകളെ പറ്റി , ചെയേണ്ടുന്ന കടമകളെ പറ്റി.
കലങ്ങാത്ത കണ്ണുകളില്ല ചുറ്റിലും. അപ്പോൾ സാവധാനത്തിൽ, എല്ലാ കൈകളും ഉയർന്നു. സ്ത്രീകളുടെ ചെറു സമൂഹങ്ങളായി അവർ ‘സെൽഫ്‌ ഹെല്പ് ഗ്രൂപ്സ്’ ഉണ്ടാക്കുന്നു. അതിൽ , പഠനവും തുടങ്ങാം.
**

നമ്മൾ , നമ്മുടെ ചുറ്റുപാടുകളിലൂടെ ജീവിതത്തെ വിലയിരുത്തുന്നു. രണ്ടു നില മാളിക കാണുമ്പോൾ, ശ്ശോ , എനിക്കില്ലല്ലോ എന്ന ദുഃഖം ! ‘കൂപമണ്ഡൂക ബുദ്ധി ‘ എന്നത് എല്ലാ ദേശത്തും ഒരു പോലെ ഉള്ളതാണ്.

പുസ്തകങ്ങൾ വായിക്കുന്നത് തന്നെ അത്തരം ‘limiting’ മനോരഥങ്ങളിൽ നിന്നും വിടുതൽ കിട്ടാനാണ് , അല്ലേ ? നമ്മൾ ‘taken for granted’ എന്നു കരുതുന്ന പലതും , ലോകത്തിൽ പലർക്കും നിഷിദ്ധമായതാണ്. ഇരുട്ടത്ത് പ്രകാശം തെളിയിക്കണം എന്നത്, കൈയിൽ വിളക്കുള്ള എല്ലാ വ്യക്തികളുടേയും ചുമതല കൂടിയാണ്.
അധികം ദൂരമില്ല – ഇരുട്ടത്ത് ഒരു മനുഷ്യ ജീവി: നിങ്ങളുടെ വിളക്ക് അങ്ങോട്ടൊന്നു കാണിക്കൂ , ഒരു നിമിഷം!

ഈശ്വര നാമം

 

vivekalways

‘ ദൈവമേ! ഭ്രാന്തെടുക്കുന്നു…ഇത് എന്തൊരു ലോകം! എനിക്ക് ഇതിൽ ഇടമുണ്ടോ? ‘
ഇങ്ങനെ ചിന്തിക്കാത്തവർ കുറവാകും ഇക്കാലത്ത്‌ .
( നിങ്ങൾ ഇങ്ങനെയുള്ള മനോവ്യാപാരങ്ങളിൽ ഏർപ്പെടാത്ത വ്യക്തിയാണെങ്കിൽ ഒരു സ്പെഷ്യൽ നമോവാകം!)
എന്തായാലും എനിക്കിങ്ങനെ കൂടെക്കൂടെ തോന്നാറുണ്ട്.

പണ്ട് കാലത്തായിരുന്നെങ്കിൽ, ഇത്തരം ‘angst’ വകുപ്പിൽ പെട്ട് ഉഴലുമ്പോൾ, നല്ല ഒരു പുസ്തകം വായിച്ചാൽ മതിയാകും. ഇല്ലെങ്കിൽ, അറിവുള്ള വല്ലവർക്കും കത്തെഴുതാം…കവിതാ പാരായണത്തിൽ തത്കാലം കുറച്ചു നേരം വിഷമങ്ങൾ മറക്കാം. ഇതിനും പറ്റിയില്ലെങ്കിൽ സമൂഹത്തിന് നന്മയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാവാം.ഇത് അനുഭവങ്ങളുടെ വെളിച്ചത്തു നിന്ന് പറയുന്നതാണ്.

ഇന്നിപ്പോൾ, ‘ എന്നെ കഴിഞ്ഞേ ലോകമുള്ളൂ’ എന്ന മട്ടിൽ നടക്കുന്ന മനുഷ്യരുടെ ഇടയിൽ, ‘ എൻ്റെ വീട്, എൻ്റെ വസ്ത്രം, എൻ്റെ cool quotient, എൻ്റെ ഫോട്ടോ…’ എന്ന പ്രളയത്തിൽപ്പെട്ടു വിഷമിക്കുമ്പോൾ, മനസ്സ് പറയുന്നു:

“ഇനി നീയും കൂടി കൂവണ്ട കേട്ടോ! അല്ലെങ്കിൽ തന്നെ ഭൂമിയ്ക്ക് ശബ്ദ കോലാഹലങ്ങൾ സഹിക്കാൻ വയ്യ എന്നായിട്ടുണ്ട്! എങ്ങാനും അടങ്ങിയിരുന്നു ഈശ്വരനാമം ജപിച്ചോ!’

പണ്ട് എം ടി യുടെ തിരക്കഥകളിൽ സ്ഥിരം കാണുമായിരുന്നു : ( മീനാക്ഷിയമ്മ , പ്രായം 40- 45 , കാലുംനീട്ടിയിരുന്നു അദ്ധ്യാത്മ രാമായണം/ഭാഗവതം വായിക്കുന്നു.) എൻ്റെ പ്രായം അതും കഴിഞ്ഞു ! അതിനാൽ അതൊരു ഓപ്ഷൻ തന്നെയാണ്.

***

കുഞ്ഞുങ്ങളുടെ മേലുള്ള ആക്രമണങ്ങൾ തടയുക : വിഷയത്തിൽ സംസാരിച്ചത് അഡിഷണൽ ജില്ലാ ജഡ്ജി പദവിയിലിരിക്കുന്ന ബഹുമാന്യയായ വനിത . എത്ര വിനയം, എത്ര അറിവ് . മൂന്നു വയസ്സുള്ള പെൺകുഞ്ഞിനെ മിഠായി നൽകി കൂട്ടികൊണ്ടു പോയി ഉപദ്രവിച്ച ദുഷ്ടന് ആറു മാസത്തിനുള്ളിൽ ശിക്ഷ വിധിച്ച കഥ പറഞ്ഞു . എന്നിട്ട് കേട്ടിരുന്ന സ്കൂൾ കുട്ടികളോട് പറഞ്ഞു ” മക്കളെ, എല്ലാവരേയും വിശ്വസിക്കല്ലേ ! ഒരു അപേക്ഷയാണ് !’
പതിനാലു വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തതതു   പറഞ്ഞു പ്രിൻസിപ്പൽ. പാവം കുട്ടി. അവളുടെ ഫോട്ടോ morph ചെയ്തു വൈറൽ ആക്കി ഗ്രാമത്തിലെ ഒരു ‘ദബാംഗ്’ അഥവാ ഗുണ്ട. കടുത്ത മനസ്സമ്മർദനത്തിനു വഴങ്ങി അവൾ വിഷം കഴിച്ചു. അവളുടെ അമ്മ അതിൻ്റെ ആഘാതത്തിൽ നിന്നും പുറത്തു വന്നിട്ടില്ല. അയാളെ ഇപ്പോഴും പിടികൂടിയിട്ടില്ല. പോലീസിൽ റിപ്പോർട്ട് എഴുതിക്കാൻ വളരെ കഷ്ട്ടപ്പെട്ടു .
ഇനിയെന്ത് ചെയ്യും?
അപ്പോൾ വേറൊരു കഥ കേട്ടു : ദിവസവും ചോറും കറിയും മേടിച്ചു കൊടുത്തു കൊണ്ട് പാവപ്പെട്ട , ചെറിയ പെൺകുട്ടികളെ ദേഹവ്യാപാരത്തിനു ഉപയോഗിച്ച ഒരുവൻ. പെൺകുട്ടികളുടെ കൈകൾ നിറയെ ബ്ലേഡ് കൊണ്ടുള്ള മുറിപ്പാട് ! ‘
‘മാഡം ! മയക്കു മരുന്നും മറ്റും കൊടുത്തു പലർക്കും കാഴ്ച വയ്ക്കും. പകൽ ഭിക്ഷയെടുപ്പിക്കും. വയറു നിറച്ചു ആഹാരം- അതായിരുന്നു അതുങ്ങളുടെ സ്വപ്നം!’
കേട്ടിരുന്നപ്പോൾ തോന്നി, ദൈവമേ, ചെയ്യാൻ എന്ത് മാത്രം ജോലി കിടക്കുന്നു. കണ്ണീരു ഒഴുകിയൊഴുകി തളർന്ന അമ്മമാര് ചുറ്റും. അപ്പോളാണോ നമ്മുടെ ‘angst/existential dilemma?’

നാം കാണുന്നതിനും അപ്പുറം ഒരു ലോകം. അവിടെ നമ്മുടെ ഒരു സ്നേഹ സ്പർശനം ആവശ്യപ്പെടുന്ന എത്രയോ ആളുകൾ.
സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടില്ലേ : ” ഒരു ജീവിയുടെ കണ്ണീരു തുടയ്ക്കൂ…അപ്പോൾ അനന്തമായ പ്രപഞ്ച ശക്തി നിന്നിൽ വന്നു ചേരുന്നു .”
ചിലപ്പോൾ അതാവും  ഏറ്റവും നല്ല ഈശ്വര പ്രാർത്ഥന.
***

The Healer

IMG_2634

Flooded with news of depravity and degradation of humanity, one feels utterly hopeless at times.  If you look around for succour – the ways out of that morass- there are snippets about electronic detoxification, the latest diet fads, the style of dress that would most definitely give you an edge over others, the books that are  so popular in market, the places that celebrities visit, the video games which keep you hooked, the research study which gives you in five bullet points, the way to master happiness…What if such invitations leave you cold? Then you search for meaning again…

In one such endeavour, I ended up reading about this fantastic doctor, a woman in a wheel chair, who takes care of her patients from morning eight till night eight, in a small village in my native state of Kerala.

‘ Now this ,’ said my mind, ‘is inspiration for the lost soul.’

To translate the gist of the news which appeared in my mother tongue, the good doctor, Dr.Susheela ( Meaning of name: One of good and pleasing habits) is an invalid herself. She has to be helped into her wheel chair by a nurse. Yet, she serves humanity, by looking after the patients who throng her house in a village where a bus stop has been named after her!

Asked about her inspiration, she quotes  four lines of classical Malayalam poetry, which can be understood thus:

‘With arms  long enough

To master anything through hard work,

Were human beings sent to earth

By the wise Lord above.’

A new bridge is to be named after her in the village. I feel proud, reading about a sterling, wonderful woman who started to heal others from 1977,  when she completed  her medical degree, overcoming  a debilitating disease which could have driven many others to suicidal thoughts and depression.

‘ Even the hardest iron can be melted in the furnace of the blacksmith…’ Dr.Susheela smiles,  as she explains the iron will of a human being determined not to let adversity get the better of her.

The good doctor thus shows me the way to handle another day, following her brilliant, blazing soul light.

***

For news in the original:

https://www.mathrubhumi.com/women/features/dr-susheela-1.3144933

 

 

 

 

അക്ഷര വെളിച്ചം

IMG_2583

കണ്ണ് കാണാത്ത പാവം ഒരു കുഞ്ഞു പെൺക്കുട്ടി. അവൾ അതി മനോഹരമായി പാടി: ‘ഈശ്വരാ , എന്റെ മനസ്സിനെ മന്ദിരമാക്കണേ!’ ആറേഴു വയസ്സ് കാണും. എട്ടു മാസത്തെ സ്പെഷ്യൽ ക്യാമ്പിന് വന്നതാണ്. കൊച്ചു കൈയിൽ എനിക്ക് വേണ്ടി പൂച്ചെണ്ട് ! എന്റെ കൈയിൽ ഇറുകെ പിടിച്ചു കൊണ്ട് അവൾ പാടി. സുന്ദരമായ, ആയാസരഹിതമായ ആലാപനം. ‘ ദൈവ സാന്നിധ്യത്തിൽ ഇപ്പോൾ ഞാനിരിക്കുന്നു,’ എന്ന് തോന്നി.

അടുത്ത മുറിയിൽ തിളങ്ങുന്ന കണ്ണുകളുമായി ഒരു കൂട്ടം കുഞ്ഞുങ്ങൾ. കേൾക്കാൻ വയ്യ, സംസാരിക്കാനും. അവരുടെ ക്യാമ്പും തുടങ്ങി. ഹെലൻ കെല്ലറുടെ ചരിത്രം പഠിപ്പിക്കാൻ ഞാൻ നിർദ്ദേശിച്ചു. എല്ലാ ദിവസവും, കുഞ്ഞുങ്ങൾക്ക് അതിജീവനത്തിന്റെ കഥകൾ പറഞ്ഞു കൊടുക്കുക. മനസ്സിന്റെ ശക്‌തിയാണ്‌ ഏറ്റവും വലിയ ഊർജ്ജ സ്ത്രോതസ്സ് എന്നും പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. വർദ്ധിച്ചു വരുന്ന ദുഷ്ടതകൾ കണക്കാക്കി, കുട്ടികളുടെ അമ്മമാരെ വോളന്റീർസിന്റെ രൂപത്തിൽ അവരുടെ സ്പെഷ്യൽ ക്യാമ്പിൽ ഉൾപ്പെടുത്താൻ അവസരമൊരുക്കാൻ പറഞ്ഞു. പൂക്കളെ പോലത്തെ കുഞ്ഞുങ്ങൾ. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

ഉണങ്ങി വരണ്ട ദേശത്തു നല്ല പച്ചപ്പിന്റെ തിളക്കം. പ്രളയക്കെടുതിയിൽ ജന്മ നാട് വിങ്ങുമ്പോൾ, വളർത്തമ്മയായ നാട്ടിൽ, അപ്രതീക്ഷിതമായി കിട്ടിയ മഴയുടെ പ്രവാഹത്തിൽ, സന്തോഷിക്കുന്ന കർഷകർ. കരകവിഞ്ഞൊഴുകുന്ന നദികൾ. ഇരുപത്തിയഞ്ചു ലക്ഷം മരങ്ങളാണ് നട്ടു പിടിപ്പിക്കാൻ ലക്ഷ്യം എന്ന് മിടുക്കനായ യുവ ഡോക്ടർ കൂടിയായ കളക്ടർ പറഞ്ഞു . മുപ്പതു കുട്ടികളെ സിവിൽ സെർവിസ്സ് പരീക്ഷയ്ക്കായി പഠിപ്പിക്കാൻ അദ്ദേഹം ഉൾപ്പടെ, ജില്ലയുടെ പല ഉന്നത ഉദ്യോഗസ്ഥരും സമയം കണ്ടെത്തുന്നു.

ജില്ലാ ഭക്ഷ്യ സംരക്ഷണ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ, നല്ല പൊക്കമുള്ള, സുന്ദരമായ വസ്ത്രം ധരിച്ച, ആത്മവിശ്വാസമുള്ള ലേഡി ഓഫീസർ. ബുന്ദേൽഖണ്ഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ഡിഗ്രി.
‘മാഡം, ഞാൻ ഹിന്ദി മീഡിയം സർക്കാർ സ്കൂളിലാണ് പഠിച്ചത്. സംസ്ഥാന സിവിൽ സെർവിസ്സ് പരീക്ഷയ്ക്ക് പഠിക്കുന്നുണ്ട്. എന്റെ ഗ്രാമത്തിൽ നിന്നും യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ച ആദ്യ പെൺകുട്ടിയാണ് ഞാൻ .’

അപ്പോൾ എന്റെ മുൻപിൽ മറ്റൊരു മുഖം തെളിഞ്ഞു. ‘ മനസ്സിനെ മന്ദിരമാക്കണേ,’ എന്ന് പാടിയ കുട്ടി. എല്ലാ പ്രതിസന്ധികളും തരണം ചെയ്‌തു മുന്നേറുവാൻ, നാളെ, അനേകം പേർക്ക് പ്രചോദനമാവാൻ, വിദ്യ കൊണ്ട് വിജയിക്കാൻ, ആ പൈതലിനും  കഴിയണേ, എന്ന് ഞാൻ പ്രാർത്ഥിച്ചു. മുന്നിലിരുന്ന മിടുക്കിയെ അഭിനന്ദിച്ചപ്പോൾ, പിന്നെയും എനിക്ക് തോന്നി…’ദൈവം അടുത്ത് തന്നെയുണ്ട് !’

സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ, തലക്കൽ കത്തിയുമായി ഒരു ക്ഷീണിച്ച യുവതി. ‘രണ്ടാമതും പെൺക്കുട്ടി !’ അവരുടെ അമ്മായിയമ്മ പരാതി പറഞ്ഞു.’എനിക്കും അതേ! രണ്ടു പെൺകുഞ്ഞുങ്ങൾ ! പഠിപ്പിച്ചു മിടുക്കരാക്കണ്ടേ നമുക്ക്?’ ഞാൻ ചോദിച്ചു. തളർന്ന മുഖത്ത്, സൂര്യ പ്രകാശം പോലെ ചിരി വിടർന്നു. ‘ ആരോഗ്യമൊക്കെ നോക്കി, രണ്ടു കുഞ്ഞുങ്ങളെയും നന്നായി വളർത്തണം. പ്രസവമെടുത്ത ഡോക്ടറും, സിസ്റ്ററും ഈ ഞാനുമെല്ലാം ഈ വർഗ്ഗത്തിലേതു തന്നെ. പോയ് വരട്ടെ?’ അപ്പോൾ അമ്മായിയമ്മയും ചിരിച്ചു.

ഇദം നമാമി: എല്ലാം നിനക്ക് വേണ്ടി.
കൂരിരുട്ടത്തു വലയുമ്പോൾ, ഇങ്ങനെ പല രൂപങ്ങളായി, എനിക്ക് പ്രകാശമായി, വഴി കാണിച്ചു തരാൻ എപ്പോഴും നീ ഉണ്ടാവണമേ!
**